ലേഖനം:ആശങ്ക വേണ്ട ദൈവം ഭരണം ഏറ്റെടുക്കും | ഷാജി ആലുവിള

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിലൂടെ ശ്രീ നരേന്ദ്ര മോദി ഇന്ത്യയുടെ പതിനേഴാമത് പ്രധാന മന്ത്രി ആയി തന്റെ രണ്ടാം ഊഴത്തിലേക്ക് എത്തി. രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ 30 നു നടന്നേക്കും.
വളരെ ഏറെ ദുരൂഹതകൾ ഈ തിരഞ്ഞെടുപ്പിന് മുൻപും പിമ്പും സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ബി.ജെ.പി. നേന്ത്രത്വംകൊടുക്കുന്ന എൻ.ഡി.എ. വൻ ഭൂരിപക്ഷത്തോടെ വിജയ പഥത്തിൽ എത്തി. 303 സീറ്റുകൾ നേടിയ ഒറ്റ കക്ഷിയായി ബി.ജെ.പി. എത്തിച്ചേർന്നു. ബാലറ്റ് പേപ്പർ വഴി നടന്നിട്ടുള്ള തിരഞ്ഞെടുപ്പിനെക്കാൾ ഇലക്ട്രോണിക് യന്ത്രം വഴിയുള്ള വോട്ട് രേഖപ്പെടുത്തൽ, വിജയ പഥത്തിൽ എത്തിയ പാർട്ടിക്ക് വൻ വിജയത്തിന് കാരണമായി എന്ന ആക്ഷേപം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു. ഇതൊക്കെ കണ്ടിട്ടും യാതൊരു കൂസലും അവരിൽ പ്രകടമല്ല. നീതിയുക്തമല്ലാത്ത സംവിധാനത്തിലൂടെ ഭരണം നിലനിർത്തി എന്നു സമൂഹം ശക്തമായി പ്രതികരിക്കുമ്പോഴും സകല പ്രതിരോധത്തെയും പിന്നിൽ തള്ളി ഭരണ ഘടനയെ വണങ്ങി യാണ് പാർലമെന്റിന്റെ സെൻട്രൽ ഹോളിൽ മോദി പ്രവേശിച്ചത്. ദേശീയ ലക്ഷ്യവും പ്രാദേശിക അഭിലാഷങ്ങളും മാനിച്ചുള്ളതാകണം ഇന്ത്യയുടെ വികസനം എന്ന്‌ നിയുക്ത പ്രധാനമന്ത്രി പ്രസ്താവിച്ചു. പുതു ശക്തിയോടെ ഇൻഡ്യയെ കെട്ടിപ്പൊക്കനുള്ള യാത്ര തുടങ്ങുകയാണെന്നും വികസനത്തിനൊപ്പം സർവ്വ ജനതയുടെയും വിശ്വാസം നേടെണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.മാത്രമല്ല എപ്പോഴും ജനങ്ങളെ സഹായിക്കാൻ അണികൾ തയ്യാറായിരിക്കണം എന്നും പ്രസ്താവിച്ചു.
ഈ പറയപ്പെട്ട പ്രസ്താവനകൾ എപ്രകാരം ആയിരിക്കും പ്രാബല്യത്തിൽ കൊണ്ടുവരിക എന്ന്‌ കാത്തിരുന്ന് നാം കാണണം. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്‌ അടുത്ത നിമിഷം തന്നെ ത്രിപുരയിൽ ഗോകുലം നഗറിൽ ഒരു ബ്രദറൻ വിശ്വാസിയുടെ വീട് തല്ലിത്തകർത്തു. ആ സമയം ആരും തന്നെ അവിടെ യുണ്ടായിരുന്നില്ല. പിന്നീട് അവിടെയുള്ള വിശ്വാസികൾ മറ്റൊരു ഗ്രാമത്തിലേക്ക് പാലായനം ചെയ്തു എന്ന് പറയപ്പെടുന്നു. അവിടെ പ്രാർത്ഥന നടക്കുന്നു എന്നുപറഞ്ഞാണ് അതിക്രമം അഴിച്ചു വിട്ടത്. ക്രിസ്തീയ ന്യൂനപക്ഷങ്ങളെ തല്ലി ചതച്ചിട്ട് ആണോ ഭാരതത്തെ കെട്ടിപൊക്കാൻ ഈ സർക്കാർ തുനിയുന്നത് എന്ന് ആശങ്കപ്പെടുകയാണ്. സർവ്വജനതയുടെയും വിശ്വാസം നേടി എടുക്കണം എന്നു പറഞ്ഞ ശ്രീ മോദി ജി അങ്ങു ഞങ്ങളുടെയും കൂടി പ്രധാന മന്ത്രി ആണ്‌. ഞങ്ങൾ കൂടി ഉൾപ്പെട്ടതാണ് ഇന്ത്യ എന്ന ഈ മഹാരാജ്യം. ഞങ്ങളുടെയും വിശ്വാസവും പ്രാർത്ഥനയും നിങ്ങൾക്ക് വേണം. ഭാരത സർക്കാരിന്റെ പരിപാലനവും പരിചരണവും ഞങ്ങൾക്കും ആവശ്യമാണ്. ക്രിസ്ത്യാനികളെ മാത്രമല്ല ഒരു മത വിശ്വാസികളെയും അവരവരുടെ വിശ്വാസമോ ആചാരമോ അടിസ്ഥാനപ്പെടുത്തി പീഡിപ്പിക്കുന്ന രീതി അങ്ങു തൊട്ടു വണങ്ങിയ ഭരണഘടനയിൽ ഇല്ല. ഭരണഘടനയുടെ ആമുഖം ഇങ്ങനെ പറയുന്നു. ഭാരതത്തിലെ ജങ്ങളായ നാം ഭാരതത്തെ ഒരു “പരമാധികാര സ്ഥിതി സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാർക്കെല്ലാം , സാമൂഹികവും രാഷ്ട്രീയവും ആയ നീതിയും, ചിന്തക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠതക്കും ആരാധനയ്‌ക്കും ഉള്ള സ്വാതിന്ത്രവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും, അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും രാഷ്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തി കൊണ്ട് സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുന്നു” എന്നാണ് 1947 നവംബർ 26 ആം തീയതി നമുക്കായി സമർപ്പിക്കപ്പെട്ട ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. അങ്ങനെ എങ്കിൽ ആരും ഭയപ്പെടേണ്ട കാര്യമില്ല.
ഭീകര അന്തരീക്ഷവും മത സ്‌മൃന്ദയും ഉണ്ടാക്കി ന്യൂനപക്ഷങ്ങളെ ഗ്രാമങ്ങളിൽ നിന്നു പാലായനം ചെയ്യിപ്പിക്കുന്ന മൃഗീയത പലരെയും ഭയപ്പെടുത്തുന്നു. ഞങ്ങളും ഭാരതത്തിന്റെ പ്രാർത്ഥന ചൗക്കീധാർ മാരാണ്. നിങ്ങൾക്കായി ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കുന്ന കാവൽക്കാർ. നമ്മുടെ രാജ്യം സമാധാനം നിറഞ്ഞതാകണം. കള്ളവും, കൊലയും, ബലാൽസഘവും,വ്യാപാര വ്യവസായ മേഖലകളിൽ കപടവും, അധാർമ്മികത ലെവലേശമില്ലാത്ത നല്ലൊരു ഭാരതം. അതാണ് സകലരും വിഭാവനം ചെയ്യുന്ന ശാന്ത സുന്ദരമായ ഇന്ത്യ. ഉയരണം നമ്മുടെ ഇന്ത്യ സകല രാജ്യങ്ങളെക്കാൾ, പാറി പറക്കണം നമ്മുടെ ദേശീയ പതാക വിജയത്തിളക്കത്തോടെ. ആരുടെയും മുൻപിൽ തലകുനിക്കരുത് നമ്മുടെ രാജ്യം. രാജ്യത്തിനകത്തു ഛിദ്രിപ്പ് ഉണ്ടായാൽ നമുക്ക് തന്നെയാണ് ക്ഷീണം. അതു മതപരമോ, വർഗീയപരമോ, വിശ്വാസപരമോ, ആരാധനപരമോ ആയാലും കലാപത്തിന് വഴി വെക്കുകയുള്ളൂ. അതിനുള്ള അനുവാദം അണികൾക്ക് കൊടുക്കരുത് ഒരു നേതാവും. ആർക്കും ആരുടെയും മത ദൈവീക വിശ്വാസത്തെ പ്രചരിപ്പിക്കുവാനും പറയുവാനും ഉള്ള പൂർണസ്വാതന്ത്ര്യം ഉള്ളപ്പോൾ ആരും തമ്മിൽ തമ്മിൽ മത വൈരികൾ ആകരുത്. ഒരു മത വിശ്വാസത്തിനും ഈ പതിനേഴാമത് ഭാരതീയ സർക്കാർ എതിരായി നിൽക്കും എന്നു ഭയപ്പെടേണ്ട. കാരണം ദൈവമാണ് ഈ ഭരണധികാരികളെ നിയന്ത്രിക്കുന്നത്. എത്രവർഷം ഇവർ നമ്മെ നായിച്ചാലും ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. “രാജാക്കന്മാരുടെ ഹൃദയം ദൈവത്തിന്റെ കൈയ്യിൽ നീർത്തോടുകളെ പോലെ” എന്ന്‌ വിശുദ്ധ ബൈബിൾ പറയുന്നു. അങ്ങനെ എങ്കിൽ സകലരോടും ഒരു അപേക്ഷയുണ്ട് ശ്രീ മോദി ജി നയിക്കുന്ന ഈ പതിനേഴാം സർക്കാരിനു വേണ്ടി ഇടതടവില്ലാതെ നന്നായി പ്രാർത്ഥിക്കണം. ഇവർ നാടിനും നമുക്കും നന്മ ചെയ്യുവാൻ. മത ന്യൂനപക്ഷങ്ങളെ അടിച്ചമർത്തി ദേശത്തു നിന്നും പാലായനം ചെയ്യിപ്പിക്കാം എന്നുള്ള വ്യാമോഹം അവസാനിപ്പിച്ച് രാജ്യത്തിന്റെ പുരോഗമനം ലക്ഷ്യം വെച്ചുകൊണ്ട് സർവ്വരേയും കൂടെ നിർത്തിയാൽ പ്രധാന മന്ത്രി യുടെ തിളക്കം തനിക്ക് മാറ്റു കൂട്ടും. ഒരു മതേതര രാഷ്ട്രം എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നു എന്നു ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയിൽ പറയുന്നു.
ക്രിസ്തീയ വിശ്വാസികൾ ആശങ്ക പ്പെടേണ്ട. യേശുക്രിസ്തു തന്റെ രക്തം കൊണ്ട് വീണ്ടെടുത്ത തന്റെ സഭയെ ആരും തകർക്കില്ല. ഒരു ഭരണാധികാരി കൾക്കും അതിനെ ഇല്ലാതാക്കാൻ കഴിയില്ല. തകർക്കാൻ നോക്കിയവരെല്ലാം പരാജയം സമ്മതിച്ചിട്ടെ ഉള്ളു. പക്ഷെ നാം വിശ്വസ്തരും വിശുദ്ധരും ആയിരിക്കണം. പല്ലിനു പല്ലും, കല്ലിന് കല്ലും തല്ലിന്‌ തല്ലും പകരം കൊടുക്കുന്ന പ്രമാണം നമുക്കില്ല. അത് കൊണ്ടായിരിക്കാം വളരെ അധികം പീഡകൾ നമ്മൾ ഏറ്റുവാങ്ങേണ്ടി വന്നതും. അതു ബലഹീനത അല്ല സഹിഷ്ണതയാണ്. അനേക പ്രാർത്ഥനാലായങ്ങൾ തകർത്തിട്ടും, പാസ്റ്റോറേയും പുരോഹിതൻ മാരെയും, വിശ്വാസികളെയും പീഡിപ്പിച്ചും, കൊന്നും കള്ളക്കേസിൽ കുടുക്കിയപ്പോഴും പ്രതികരിക്കാഞ്ഞത് ക്രിസ്തുവിലുള്ള സഹനം കൈവരിച്ചതുകൊണ്ടാണ്. ഒരപേക്ഷയുണ്ട് ഈ ഭരണകാലത്ത് മത ന്യൂന പക്ഷങ്ങളെ ഉപദ്രവിക്കരുത്. ഞങ്ങൾ നിങ്ങളുടെ മിത്രങ്ങൾ ആണ് ഒപ്പം ഈ മഹാ ഭാരതത്തിലെ പൗരന്മാരും മൗലിക അവകാശികളും അത്രേ. ഇന്ത്യയുടെ. പതിനേഴാമത് പാർലമെന്റിനും, ശ്രീ നരേന്ദ്ര മോദി നയിക്കുന്ന മന്ത്രി സഭക്കും എല്ലാവിധ അനുഗ്രഹങ്ങളും ഭാവുകങ്ങളും നേരുന്നു. മുന്നിലുള്ള വെല്ലുവിളികൾ വിജയത്തിന്റെ സോപാനമായി മാറട്ടെ എന്നും ആശംസിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.