ലേഖനം:ബംഗാളിൽ നിന്നും ഒരു നിലവിളി | ബിജു പി .സാമുവൽ

ബംഗാളിലാണ് ഞാൻ സുവിശേഷ പ്രവർത്തനം നടത്തുന്നത് .ഒരിക്കൽ
ഒരു ഗ്രാമത്തിൽ ചെന്നു. ഗ്രാമത്തിന്റെ പേര് അറിയാമായിരുന്നെങ്കിലും ഒരാളിനെ പരിചയപ്പെടണമെന്ന കണക്കുകൂട്ടലിൽ അടുത്തു കണ്ട രണ്ടു പേരോട്ഗ്രാമത്തിന്റെ പേര് ചോദിച്ചു. ഒരാൾ മറുപടി പറഞ്ഞു . “ഹാഥി നഗർ”.

എന്റെ സംസാര ശൈലി മനസ്സിലാക്കിയ അയാൾ എന്നോട് തിരിച്ചു ചോദിച്ചു. “എവിടുത്തുകാരനാണ്”?

ചിരിച്ചുകൊണ്ട് ഞാൻ മറുപടി നൽകി. “കേരളത്തിൽ നിന്നാണ്”.

കേരളം എന്ന് കേട്ട ഉടനെ തന്നെ അയാൾ നിന്ന നിൽപ്പിൽ എന്നെ സല്യൂട്ട് ചെയ്തു . എന്നിട്ട് തന്റെ കൂടെ നിന്നവനോട് കേരളത്തെപ്പറ്റി വാതോരാതെ സംസാരിച്ചു . കേരളത്തിലെ ആളുകളുടെ വിദ്യാഭ്യാസം , സംസ്കാരം , നിയമപാലനം , വൃത്തി , എല്ലാം…അതിലയാൾ പരാമർശിച്ചു .
എന്റെ കേരള നാടിനെപ്പറ്റി ഞാൻ അഭിമാനത്തോടെ എല്ലാം കേട്ട് നിന്നു.

അയാൾ കേരളത്തിൽ നിന്ന് അവധിക്ക് തിരികെ എത്തിയ ഒരു ബംഗാളി തൊഴിലാളിയാണ് . കേരളത്തോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ചതാണ് ആ സല്യൂട്ടിലൂടെ.

കഴിഞ്ഞ ദിവസം ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഒരു ബംഗാളിയെ പരിചയപ്പെട്ടു . എട്ടു വർഷമായി അയാൾ തൃശൂരിലാണ് ജോലി ചെയ്യുന്നത് . ഞാൻ മലയാളിയാണെന്ന് അറിഞ്ഞ അവൻ തനി മലയാളത്തിൽ തൃശ്ശൂരിലെ നീട്ടും കുറുക്കും ചേർത്ത് സംസാരം ആരംഭിച്ചു .

അവരുടെ തൊഴിൽ ദാതാവ് എന്ന നിലയിൽ കേരളത്തോടും മലയാളികളോടും അവർക്ക് പ്രത്യേക മമതയാണുള്ളത് .

മലയാളികളെപ്പോലെ ബംഗാളികളും ചോറും മീനും പ്രീയപ്പെടുന്നവരാണ് . പിന്നെ രാഷ്ട്രീയ അന്തിച്ചർച്ചകളും . കേരളത്തിലെ മദ്യഷാപ്പുകൾക്ക് മുൻപിലുള്ള നീണ്ട ക്യൂവിനെപ്പറ്റി പറയുമ്പോഴാണ് അവർ കൂടുതൽ ചിരിക്കുന്നതും നാം ലജ്ജിക്കുന്നതും .

അനൗദ്യോഗിക കണക്കുകൾ അനുസരിച്ച് 50 ലക്ഷത്തോളം ബംഗാളികളാണ് കേരളത്തിൽ തൊഴിൽ തേടി എത്തിയിട്ടുള്ളത് . ഞാൻ പ്രവർത്തിക്കുന്ന മൂർഷിദാബാദ് ജില്ലയിലെ മിക്ക ഗ്രാമങ്ങളിൽ നിന്നും കേരളത്തിലേക്ക് ബംഗാളി തൊഴിലാളികളുടെ ഒഴുക്കാണ് .

കേരളത്തിൽ തൊഴിൽ ചെയ്യുന്ന ഈ ബംഗാളികൾക്ക് സുവിശേഷം എത്തിക്കാൻ ചെറുതല്ലാത്ത പങ്കു വഹിക്കാൻ വിശ്വാസി സമൂഹത്തിന്
കഴിയും .

കേരളത്തിൽ ജോലി ചെയ്യുന്ന ബംഗാളികളോട് പൊതുവെ ഒരു അവമതിപ്പ് മലയാളിക്കുണ്ട് . അവർ വേലക്കള്ളന്മാർ ആണെന്നും ബുദ്ധിഹീനർ ആണെന്നും ഒക്കെ ഉള്ള ഒരു അവജ്ഞ .

കേരളത്തിലെ നമ്മുടെ സ്വന്തം സഹോദരങ്ങൾ വിദേശരാജ്യങ്ങളിൽ പോയി കഷ്ടപ്പെടുന്നില്ലേ? അതുപോലെ സ്വന്തം ഭവനത്തിനു വേണ്ടി കരുതാൻ കേരളത്തിൽ എത്തിയവരാണ് ആ ബംഗാളി സഹോദരങ്ങൾ എന്ന് നമ്മൾ മനസ്സിലാക്കുക.

വിശ്വാസികളായ നിങ്ങളുടെ വീട്ടിൽ പണിക്ക് വരുന്ന ബംഗാളികളോട് നിങ്ങൾ കരുണയോടും മനുഷ്യത്വത്തോടും കൂടി ഇടപെടുക . നിങ്ങൾ അവർക്ക് നൽകുന്ന കരുതൽ മലയാളികളോടുള്ള അവരുടെ സ്നേഹം വർദ്ധിപ്പിക്കും . ബംഗാളി ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഞങ്ങളെപ്പോലുള്ള സുവിശേഷകർക്ക് അവരുടെ ഭവനങ്ങളിൽ പ്രവേശനം അത് സാധ്യമാക്കും .

നിങ്ങളുടെ ഭവനങ്ങളിൽ അൻപതോ നൂറോ ബംഗാളി ലഘുലേഖകൾ സൂക്ഷിക്കുക . ജോലിക്ക് വരുന്നവർക്ക് അത് നൽകാമല്ലോ . ( ബംഗാളി
ലഘുലേഖകൾ വളരെ അത്യാവശ്യമുള്ളവർ 08016306857 എന്ന നമ്പറിൽ ബന്ധപ്പെടുക).

നിങ്ങളുടെ കുടുംബ പ്രാർത്ഥനകളിലും
സഭകളിലെ ഉപവാസ പ്രാർത്ഥനകളിലും
ബംഗാളിനു വേണ്ടി പ്രാർത്ഥിക്കുക .

പ്ലസ് ടു-വോ ഡിഗ്രി പഠനമോ ഒക്കെ പൂർത്തീകരിച്ച് തുടർ പഠനത്തിന് പോകും മുമ്പ് നിങ്ങളുടെ കുഞ്ഞുങ്ങളെയോ, നിങ്ങളുടെ സഭയിലുള്ള വിദ്യാർത്ഥികളെയോ ചില മാസത്തേക്കോ ഒരു വർഷത്തേക്കോ ബംഗാളിലേക്ക് അയക്കുക. മരണം കൊണ്ട് ഉപയോഗം തീരുന്ന കുറെ സർട്ടിഫിക്കറ്റ് നേടുന്നതോടൊപ്പം നിത്യതയിൽ പ്രയോജനപ്പെടുന്ന കുറെ ദൈവിക കാര്യങ്ങൾ കർത്താവിനായി ചെയ്യുവാൻ അവരെ ഉത്സാഹിക്കുക .

മലയാളം മാത്രം അറിയാവുന്നവർ ആണെങ്കിലും സുവിശേഷ വേല ചെയ്യാൻ സമർപ്പണമുള്ളവർ ഉണ്ടെങ്കിൽ ബംഗാളിലേക്ക് വരുവാൻ പ്രാർത്ഥനയോടെ അവരെ പറഞ്ഞയക്കുക. ഗ്രാമങ്ങളിൽ ചെന്ന് ഒരു ലഘുലേഖയോ ഒരു പുതിയ നിയമമോ കൊടുക്കുവാൻ ,
സുവിശേഷം ഇതു വരെ ചെന്നിട്ടില്ലാത്ത ഒരു ഗ്രാമത്തിൽ അൽപ സമയം നടന്നു പ്രാർത്ഥിക്കാൻ ഒന്നും
ഭാഷ ഒരു തടസ്സമാകുന്നില്ലല്ലോ.

ഇന്ന് സുവിശേഷീകരണത്തിന് ഏറ്റവുമധികം സ്വാതന്ത്ര്യം ഉള്ള ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്നാണ് പശ്ചിമബംഗാൾ . അത് പരമാവധി പ്രയോജനപ്പെടുത്തുക . ബംഗാളിന്റെ നിറവും മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് സത്യം . സുവിശേഷത്തിന്റെ വാതിൽ അടയും മുൻപെ ബംഗാളിൽ പ്രവർത്തിക്കുന്ന സുവിശേഷകരോടൊപ്പം നിൽക്കാൻ ലഭിക്കുന്ന അവസരം തള്ളിക്കളയരുത്.

പരസ്യ യോഗത്തിനോ, ലഘുലേഖാ വിതരണത്തിനോ, ക്രിസ്തീയ ഫിലിം പ്രദർശനത്തിനോ ഇന്ന് ഇവിടെ കാര്യമായ വിലക്കുകളില്ല . പൂജാരികളോടോ വിഗ്രഹ നിർമ്മാതാക്കളോടോ ഒന്നും സുവിശേഷം പങ്കുവയ്ക്കുന്നതിന് ഇന്നിവിടെ ഒരു തടസ്സമില്ല .
750 രൂപ ഉണ്ടെങ്കിൽ 250 അക്രൈസ്തവർ കൂടുന്ന മനോഹരമായ ഒരു
മിനി- കൺവൻഷൻ സംഘടിപ്പിക്കാം.
കൊയ്ത്ത് വളരെയാണ് ; പക്ഷേ വേലക്കാരില്ല.

ഒരു പ്രാവശ്യം പോലും യേശുവിനെപ്പറ്റി കേൾക്കാത്ത ജനകോടികൾ ഇവിടെയുള്ളപ്പോൾ ഭൗതികനേട്ടങ്ങൾ വെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം നമ്മുടെ ആയുസ്സ് മാറ്റിവെക്കുന്നത് വിഡ്ഢിത്തമല്ലേ?

ചിലർ ചിന്തിക്കുന്നത് സുവിശേഷ വേലയ്ക്ക് ആവശ്യമായ പണം നൽകിയാൽ എല്ലാം ആയെന്നാണ് . എന്നാൽ പണമല്ല സുവിശേഷകരെയാണ്
അത്യാവശ്യം . രോഗിയായ കുഞ്ഞിനെ ചികിത്സിക്കാൻ ലക്ഷക്കണക്കിന് രൂപ കൈവശമുണ്ടെങ്കിലും ചികിത്സിക്കാൻ അറിയാവുന്ന ഒരു ഡോക്ടർ പോലും ഇല്ലെങ്കിൽ കയ്യിലുള്ള കാശ് കൊണ്ട് എന്താണ് പ്രയോജനം ?
സുവിശേഷം പങ്കുവയ്ക്കുവാൻ സുവിശേഷകർ ഇല്ലാതെ കുറെ ഫണ്ട് കിട്ടിയിട്ട് എന്തുപ്രയോജനം? സമ്പത്ത് നിങ്ങളുടെ കൈവശം ഇരിക്കട്ടെ . ആളുകളെ ഇവിടേക്ക് അയയ്ക്കുക .

ഇന്നും സുവിശേഷം എത്തിച്ചേരാത്ത ഒരു സംസ്ഥാനമാണ് ബംഗാൾ . 9 കോടിയിലധികം ജനങ്ങളുള്ള ബംഗാളിൽ 0.6 ശതമാനം മാത്രമേ ക്രിസ്ത്യാനികൾ ഉള്ളൂ . ഉള്ളവരിൽ വലിയൊരു വിഭാഗം ഇന്നും വിഗ്രഹാരാധനയും മദ്യപാനവും തുടരുന്നവരും .

ആയിരക്കണക്കിന് സുവിശേഷകർ ഇവിടെ എത്തിയാലും കുമ്പനാടോ റാന്നിയോ പോലെ ഒരിക്കലും അവർ തമ്മിൽ കൂട്ടിമുട്ടാൻ ഇടയില്ലാത്ത സ്ഥലമാണിത് .

കേരളത്തിൽ ആസ്ഥാനമുള്ള ഒരു പെന്തക്കോസ്ത് സഭകൾക്കും ഒരു സുവിശേഷകനോ സുവിശേഷ പ്രവർത്തനമോ ഇല്ലാത്ത ജില്ലകൾ ഈ ബംഗാളിലുണ്ട് എന്ന യാഥാർത്ഥ്യം നമ്മുടെ കണ്ണ് തുറപ്പിക്കുമോ?.

സഭാ നേതൃത്വത്തിലുള്ളവർ ഇത് വായിക്കുന്നെങ്കിൽ അവരോടും ഒരു അപേക്ഷ . ബൈബിൾ സ്കൂളുകളിൽ നിന്നും പഠിച്ചിറങ്ങുന്ന ദൈവദാസന്മാരെ ഒരു മാസത്തേക്കെങ്കിലും ഒരു റൂറൽ പോസ്റ്റിംഗ് പോലെ ബംഗാളിലേക്ക് അയയ്ക്കുക.
സുവിശേഷ വേലയിലെ പച്ചയായ യാഥാർത്ഥ്യങ്ങൾ അവർ മനസ്സിലാക്കട്ടെ .

ഇതു ഫണ്ടിനു വേണ്ടിയുള്ള ഒരു അപേക്ഷയല്ല ; വന്നു സഹായിപ്പിൻ എന്ന നിലവിളിയാണ് .

ഏതെങ്കിലുമൊരു വില്ലേജ് ഏറ്റെടുത്ത് പ്രവർത്തിക്കാൻ ആരെങ്കിലുമൊക്കെ എത്തിയിരുന്നെങ്കിൽ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.