ലേഖനം:അടി കൊള്ളുമ്പോൾ ചിരിക്കുന്നവർ | ബിജു പി. സാമുവൽ,ബംഗാൾ

കമ്മ്യൂണിസ്റ്റ് തടവറയിൽ 44 വർഷം കിടന്ന റഷ്യൻ ഓർത്തഡോക്സ് പുരോഹിതനായിരുന്നു മിഖായേൽ ഏർഷോവ്.
വിശപ്പും അതിദാരുണമായ പീഡനവും തനിക്ക് സഹിക്കേണ്ടി വന്നു. ഏകാന്ത തടവിൽ ആയിരുന്നതിനാൽ കേൾക്കുവാൻ ഒരു ശബ്ദം പോലുമില്ല. വായിക്കുവാൻ പുസ്തകങ്ങളില്ല. 44 വർഷം കൊണ്ട് നീല, പച്ച, വയലറ്റ് എന്നിങ്ങനെ വിവിധ വർണ്ണങ്ങൾ പോലും താൻ മറന്നുപോയി. അദ്ദേഹത്തിന്റെ തന്നെ പ്രത്യാശയുള്ള വാക്കുകൾ ഇങ്ങനെ : “തടവറയിൽ ഞങ്ങൾ പ്രശ്നങ്ങളോടു കൂടിയല്ല ജീവിച്ചത്. അവർ ഞങ്ങളെ പീഡിപ്പിക്കുകയോ നിന്ദിക്കുകയോ പട്ടിണിക്കിടുകയോ ചെയ്യട്ടെ . പക്ഷേ ദൈവ വചനത്തിന്റെ മർമ്മങ്ങളിൽ സന്തോഷിക്കുവാനുള്ള സ്വാതന്ത്ര്യം ഞങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നു”.

“ഉരുളക്കിഴങ്ങിന്റെ തൊലി ഉരിക്കുന്നവർക്ക് ഉണ്ടാകുന്ന വികാരമായിരുന്നു സോവിയറ്റ് യൂണിയനിൽ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്നവർക്ക് ഉണ്ടായിരുന്നതെന്ന് റിച്ചാർഡ് വുംബ്രാൻഡ്” പറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കുക.
അൽപ്പം പോലും കാരുണ്യമില്ലാതെ ആയിരുന്നു പീഢകർ ക്രിസ്ത്യാനികളോട് പെരുമാറിയിരുന്നത്. എന്നിട്ടും പീഢനങ്ങളിലും ക്രിസ്ത്യാനികൾ സന്തോഷിച്ചു .

എത്ര ശ്രേഷ്ഠകരമായ പ്രത്യാശയാണിത്. മാനുഷിക നിലയിൽ സന്തോഷിക്കാനുള്ള ഒരു സാഹചര്യവുമില്ല . എങ്കിലും കർത്താവിൽ സന്തോഷിക്കുന്നവർ.
ഇന്ന് നമുക്ക് നഷ്ടമായിരിക്കുന്നത് ഈ ആനന്ദമാണ് .
യേശു തന്റെ ശിഷ്യരെ പഠിപ്പിച്ചതും പീഢിപ്പിക്കപ്പെടുമ്പോൾ സന്തോഷിച്ച് ഉല്ലസിക്കുവിൻ എന്നാണ്
(മത്തായി 5:11-12).

ആദിമ നൂറ്റാണ്ടിൽ അപ്പോസ്തലർക്ക് പീഡനങ്ങൾ നേരിടേണ്ടി വന്നപ്പോൾ സന്തോഷത്തോടെയാണ് അവർ അത് ഏറ്റെടുത്തത് .

യേശുവിനെ പ്രസംഗിച്ച അപ്പൊസ്തലൻമാരെ ന്യായാധിപ സംഘത്തിൽ വരുത്തി അടിപ്പിച്ചു (പ്രവൃത്തി 5:40-41).

‘അടിപ്പിച്ചു’ എന്ന വാക്ക് വായിച്ചു വിടാൻ എളുപ്പമാണ് . പക്ഷേ ആ വാക്കിന്റെ അർത്ഥം മനസ്സിലാക്കുമ്പോഴാണ് അവരുടെ സന്തോഷത്തിന്റെ ആഴം ഗ്രഹിക്കാൻ കഴിയുന്നത് .

അടിക്കുക (beat) എന്നതിന്റെ യവനായ പദമാണ് dero . അതിന്റെ
മൂലപദം ആയ der എന്ന വാക്കിന് ത്വക്ക് , തൊലി (skin) എന്നാണർത്ഥം . Dermatology എന്ന ഇംഗ്ലീഷ് വാക്ക് നോക്കുക.

എന്താണ് അടി (beat ) എന്ന വാക്കും ത്വക്ക് (derm)
എന്ന വാക്കും തമ്മിലിവിടെ ബന്ധം ?
അകം തൊലി വരെ ( under layer of the skin) പൊളിഞ്ഞ് , മാംസം പറിഞ്ഞു പോകുന്ന ചാട്ടവാറടി ആണ്
അപ്പൊസ്തലർക്ക്
ലഭിച്ചത്.

അപ്പോഴും യേശുവിനു വേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെടുകയാൽ ആനന്ദിക്കുന്ന അപ്പോസ്തലർ നമുക്ക് വലിയ സന്ദേശമാണ് കൈമാറുന്നത് . നഷ്ടങ്ങളും പീഡനങ്ങളും ഉള്ളപ്പോഴും സന്തോഷിക്കാൻ ഒരു ക്രിസ്തു ഭക്തന് മാത്രമേ കഴിയൂ .

ഈ അടി കിട്ടിയവരിൽ ഒരാളായ പത്രോസ് അപ്പോസ്തലൻ തന്റെ ലേഖനത്തിൽ എഴുതുന്നത് ശ്രദ്ധിക്കുക: നാനാ പരീക്ഷകളാൽ ദുഃഖം ഉണ്ടെങ്കിലും ആനന്ദിക്കുന്നു
(1പത്രോ. 1:6) .

ഇന്നത്തെ സുവിശേഷകർക്ക് സഹനം എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്തവരായി മാറിയിരിക്കുന്നു.
പുതു മേച്ചൽപ്പുറങ്ങൾ തേടി ഓടുമ്പോൾ യേശുവിനായി കഷ്ടം സഹിക്കുവാൻ ആർക്കാണ് താൽപര്യം .

ഇന്ന് കഷ്ടം , പീഡനങ്ങൾ നേരിടുന്നവർ പോലും അത് വിറ്റ് കാശുണ്ടാക്കാനും സഹതാപത്തിലൂടെ പ്രശസ്തി നേടാനും ആണ് ശ്രമിക്കുന്നത് . ചെറിയ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പോലും അത് പർവതീകരിച്ച് കാണിച്ച് തങ്ങൾ വലിയ ത്യാഗമാണ് സഹിക്കുന്നത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവരും കുറവല്ല.

പീഡകർക്കെതിരെയും ഭരണ
കർത്താക്കൾക്കെതിരെയും വൈകാരികമായി പ്രതികരിക്കുന്ന വെറും സംഘം അല്ലായിരുന്നു ആദിമസഭ . അവർ ദൈവാത്മാവിൽ നിറഞ്ഞ് പീഡിപ്പിക്കുന്നവർക്കായി പ്രാർത്ഥിച്ചു .
എന്തായിരുന്നു പരിണിതഫലം ?
നേരത്തെ അനുകൂലമല്ലാതിരുന്ന പുരോഹിതന്മാരിലും വലിയൊരു കൂട്ടം വിശ്വാസത്തിന് അധീനരായിത്തീർന്നു
(പ്രവൃത്തി 6:7).

പീഡനങ്ങളോടുള്ള നമ്മുടെ സമീപനത്തിൽ മാറ്റം വരേണ്ടിയിരിക്കുന്നു . പീഡകരെ ശത്രുക്കളായി കാണാതെ , അവർക്കെതിരെ പ്രതികാരാഗ്നി ഉയർത്താതെ , അവർക്കായി പ്രാർത്ഥിക്കുവാൻ നമുക്ക് കഴിയണം . ചില പീഢകരെങ്കിലും ക്രിസ്തു സാക്ഷികളായി മാറാതിരിക്കില്ല . പ്രാർത്ഥനയോടെ കാത്തിരിക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.