ലേഖനം:അവനു തുല്യൻ ആർ ??? | ദീന ജെയിംസ്, ആഗ്ര

അഖിലാണ്ഡ സൃഷ്ടാവും സർവ്വചരാചരങ്ങളുടെ ഉടയവനും ആദിയും അന്തവുമായ നാം സേവിക്കുന്ന ദൈവത്തിനു തുല്യനായി ആരുള്ളു ??അവനെപ്പോലെ വലിയ ദൈവം ആരുണ്ട് ??അവന്റെ പ്രവർത്തികൾ ആദിയോടന്തം ചിന്തിച്ചുനോക്കിയാൽ അവനു സമനായി ആരെയും കണ്ടെത്തുവാൻ സാധിക്കുകയില്ല. ഏദൻതോട്ടം തുടങ്ങി പത്മൊസ് ദ്വീപ്‌ വരെയുള്ള അവന്റെ മഹത്വമുളള പ്രവർത്തികൾ അഗോചരമത്രെ!!!അവന്റെ ബുദ്ധി അപ്രമേയമത്രെ എന്ന് തിരുവചനം പറയുന്നു (യെശ :40:28)സൃഷ്ടിയുടെ ആരംഭത്തിലേക്കു ഒരു തിരിഞ്ഞുനോട്ടം നടത്തിയാൽ നമ്മുടെ ദൈവത്തിന്റെ ശ്രേഷ്ഠ പ്രവർത്തികൾ കാണുവാൻ കഴിയും, ഇന്നുവരെ ആരും ചെയ്തിട്ടില്ലാത്ത, ചെയ്‍വാൻ കഴിയാത്ത പ്രവർത്തികൾ !!!!! അവനു തുല്യനായി ആരെയും ഇന്നുവരെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല സങ്കീർത്തനക്കാരൻ പറയുന്നു :സ്വർഗത്തിൽ യഹോവയോട്‌ സദൃശ്യനായവൻ ആർ ??ദേവപുത്രന്മാരിൽ യഹോവയ്‌ക്കു തുല്യനായവൻ ആർ ??(സങ്കി :89:6)യഥാർത്ഥമായി അവനെ അനുഭവിച്ച ഭക്തന്മാർ അവനു തുല്യനായി ആരുമില്ലെന്നു പാടിയിട്ടുണ്ട്. യിസ്രായേൽ ജനത്തിന് വേണ്ടി അത്ഭുതം പ്രവർത്തിച്ച ദൈവത്തിനു തുല്യനായി ആരുമില്ലെന്ന് മോശയും കൂട്ടരും പാടി(പുറ:15;11)വനാന്തരത്തിൽ നിന്നും രാജപദവിയിൽ എത്തുവാൻ കാരണമായ ദൈവത്തിനു തുല്യനായി ആരുമില്ലെന്ന് ദാവീദ് പാടി (സങ്കി 35:10) നാം സ്വയം നമ്മുടെ ജീവിതം ഒന്നു ചിന്തിച്ചു നോക്കു, അമ്മയുടെ ഗർഭത്തിൽ ഉരുവായതു മുതൽ ഇന്നുവരെയുള്ള നമ്മുടെ ജീവിതത്തിൽ അവന്റെ വീര്യപ്രവർത്തികൾ ചിന്തിച്ചു നോക്കിയാൽ അവനു തുല്യനായി ആരുണ്ട് ??പലപ്പോഴും ആ നഗ്നസത്യം നാം മറന്നുപോകുന്നു. അതെ, നാം സേവിക്കുന്ന ദൈവം എത്ര ശ്രേഷ്ഠൻ !!!!അവനെ പോലെയും, അവനാണെന്നും പറഞ്ഞു പലരും എഴുന്നേറ്റു… അവരൊക്കെ മോശയുടെ വടിയുടെ മുന്നിൽ മന്ത്രവാദികളുടെ വടി പോലെയായി… അവരെല്ലാം അവന്റെ സൃഷ്ടികൾ മാത്രം… സൃഷ്ടി സൃഷ്ടാവിനു സമനാകുമോ ???ഒരിയ്ക്കലുമില്ല. എല്ലാ നാമത്തിനും മേലായ നാമം അവന്റെ നാമം മാത്രം (ഫിലി:2:9)എല്ലാമുട്ടും അവന്റെ നാമത്തിൽ മടങ്ങും എല്ലാ നാവും യേശു കർത്താവെന്നു ഏറ്റുപറയും.. ഈ ദൈവം പോൽ വേറെ ദൈവം ഉണ്ടോ ??നാം എത്ര ഭാഗ്യശാലികൾ !!തുല്യംചൊല്ലാൻ വേറൊരു നാമമില്ലാത്ത, അത്ഭുതവാനും അതിശയവാനുമായ ദൈവത്തിന്റെ സ്വന്തമക്കളായിതീരുവാൻ ഭാഗ്യം ലഭിച്ചവർ !!!അതുമാത്രമോ, അവൻ നമുക്ക് ശ്രേഷ്ഠകരമായ പദവിയും തന്നു (1പത്രോസ് 2:9)നാം പലപ്പോഴും അവന്റെ സത്ഗുണങ്ങളെ ഘോഷിക്കുന്നതിൽ മടികാണിക്കുന്നു നാം ആയിരിക്കുന്ന സമൂഹത്തിൽ, ജോലിയിൽ, വിദ്യാഭ്യാസമേഖലയിൽ, ഭവനത്തിൽ, നമ്മുടെ സ്വയം ജീവിതത്തിൽ കൂടി തുല്യംചൊല്ലാനില്ലാത്ത, പകരംവയ്ക്കാനില്ലാത്ത, ആ ക്രിസ്തുവിനെ പ്രഘോ ഷിക്കുന്നവർ ആയിത്തീരണം. ശൂനേംകാരിത്തിയെപ്പോലെ എന്റെ പ്രിയൻ വെണ്മയും ചുമപ്പുമുള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ എന്ന് നിശ്ചയദാർഢ്യത്തോടെ ലോകത്തോട്‌ വിളിച്ചു പറയുവാൻ കഴിയണം. ഈ അന്ത്യകാലത്തിൽ വന്നെത്തിയിരിക്കുമ്പോൾ ലഭിക്കുന്ന നിമിഷങ്ങൾ തുല്യംവയ്ക്കുവാനില്ലാത്ത ആ നല്ല നാഥനെ അനേകർക്ക് കാട്ടികൊടുക്കാം… നമ്മുടെ ഓരോരുത്തരുടെയും ദൌത്യമാണ് അത്… അതിനായി നമുക്ക് യത്‌നി ക്കാം.. നമ്മുടെ കർത്താവു വരുവാൻ അടുത്തിരിക്കുന്നു…..

-ADVERTISEMENT-

-ADVERTISEMENT-

You might also like