ലേഖനം:വിഷം ചീറ്റുന്ന വിശുദ്ധന്മാർ | ബിജു പി. സാമുവൽ, ബംഗാൾ

ഇന്ത്യ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടു കൊണ്ടിരിക്കുകയാണ് . ഏതു വിധേനയും അധികാരം നിലനിർത്താനും നഷ്ടമായത് തിരിച്ച് പിടിക്കാനും പാർട്ടികൾ കിണഞ്ഞു ശ്രമിക്കുന്നു . സത്യം , ധർമ്മം , നീതി എന്നിവയെല്ലാം കാറ്റിൽ പറത്തി തന്ത്രങ്ങളും കുതന്ത്രങ്ങളും ആരോപണ പ്രത്യാരോപണങ്ങളുമായി പാർട്ടിക്കാർ കളം നിറഞ്ഞു നിൽക്കുന്നു .

ഒട്ടും കുറയാത്ത ചൂടിൽ ചില സഭകളുടെ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കുന്നു . ആത്മീയ മുന്നേറ്റത്തിനും ദൈവിക പാരമ്പര്യം നിലനിർത്താനും വേണ്ടിയുള്ള പോരാട്ടമാണെന്ന് കൊട്ടി ഘോഷിക്കുന്നുണ്ടെങ്കിലും ആത്മീയതയുടെ ഒരു ലക്ഷണവും ഇതിൽ ഇല്ലെന്നതാണ് സത്യം.

മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിച്ച് എതിർ സ്ഥാനാർഥിയെ വ്യക്തിഹത്യ നടത്തുന്ന നുണ പ്രചാരണങ്ങൾ . പഴയകാല ജീവിതം ചികഞ്ഞെടുത്ത് (ചീഞ്ഞത് എടുത്ത് എന്നു പറയുന്നതാവും ഉചിതം) മുഖ പുസ്തകത്തിൽ പ്രചരിപ്പിക്കുന്നവർ . സ്വന്തം കയ്യിൽ അല്പം ചെളി പുരണ്ടാലും സാരമില്ല, എതിരാളിയെ എങ്ങനെയും ചെളിയിൽ കുളിപ്പിച്ചു നിർത്താൻ ശ്രമിക്കുന്നവർ .

post watermark60x60

“വരുവിൻ നാം അവനെ നാവു കൊണ്ട് കൊന്നു കളക” എന്ന് യിരെമ്യാവിനെതിരെ പദ്ധതി ഇട്ടവരുടെ പിന്മുറക്കാർ
(യിരെമ്യാവ് 18:18) .

വാക്കുകൾക്ക് വാളുകളെക്കാൾ ശക്തിയുണ്ടെന്ന് പറയുന്നത് സത്യമാണ് . വാളു കൊണ്ട് കൊല്ലുന്നതിനേക്കാൾ നിഷ്ഠൂരമായി വാക്കുകൊണ്ട് കൊല്ലുന്നവർ .

ഒരു ദൈവ വചനം പോലും അയക്കാത്ത ദൈവദാസന്മാർ തുടർച്ചയായി അയയ്ക്കുന്നത് അവരുടെ തന്നെ ഫോട്ടോയും ക്രമനമ്പരും ഉള്ള ചിത്രങ്ങളാണ് .
സെക്കുലർ ലോകത്തെ വെല്ലുന്ന കുതന്ത്രങ്ങളുമായി എങ്ങനെയും അധികാരം പിടിക്കാൻ ശ്രമിക്കുന്ന അതിശ്രേഷ്ഠ അപ്പോസ്തലർ . പെന്തക്കോസ്തിന്റെ യഥാർത്ഥ മുഖം ഇങ്ങനെ വികൃതം ആണെന്ന് ചിന്തിക്കുന്ന പുറംലോകം . അടുത്ത തലമുറയിൽ സഭയെ ഇതിലും മികച്ച രീതിയിൽ നയിക്കാൻ ഇതൊന്നും വള്ളിപുള്ളി വിടാതെ പകർത്തുന്ന പുതുതലമുറ യൂത്തന്മാർ . ഇതെല്ലാം കണ്ട് ജീവിതം പകച്ചുപോയ പ്രാർത്ഥിക്കുന്ന കുറെ അമ്മച്ചിമാർ .

അബ്രഹാമിന്റെയും ലോത്തിന്റെയും ഇടയന്മാർ തമ്മിൽ പിണക്കം ഉണ്ടായി .
അന്യ ജാതിക്കാരായ കനാന്യരുടെയും പെരിസ്യരുടെയും മധ്യേ തങ്ങളുടെ പ്രശ്നങ്ങൾ പരസ്യമാകരുതെന്ന് അബ്രഹാമിന് നിർബന്ധമുണ്ടായിരുന്നു . ലോത്തിന്റെ മുമ്പിൽ പരിഹാര നിർദ്ദേശവുമായി എത്തിയ അബ്രഹാമിന്റെ ഒരു വാക്ക് വളരെ ചിന്തനീയമാണ് .
“നാം സഹോദരന്മാരല്ലോ”
(ഉല്പ. 13:8).

സഹോദരങ്ങളുടെ ഇടയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പുറം ലോകം അറിയരുത് എന്ന് നൂറു തവണ പ്രസംഗിക്കുന്ന നാം തന്നെ സഭാ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ഫേസ്ബുക്കിലും മറ്റും പരസ്യമാക്കി അക്രൈസ്തവരുടെ അസഭ്യ വാക്കുകൾക്ക് പാത്രമായി തീരുന്നു .

പ്രസംഗവും ജീവിതവും തമ്മിൽ യാതൊരു ബന്ധവും ഇല്ലാത്തതു കൊണ്ടുള്ള സ്വാഭാവിക പ്രതികരണമാണ് അക്രൈസ്തവരുടെ ഈ അശ്ളീല വിളി. എന്നാൽ അതിന് അടുത്തു വരെ എത്തുന്ന വളരെ നിന്ദ്യമായ ഭാഷ ഉപയോഗിക്കുന്ന എതിർ പാനലുകാരും കുറവല്ല .

ആർക്കെങ്കിലും എതിരെ ദൂഷണം ഉച്ചരിക്കാൻ കഴിയുമെങ്കിൽ അത് സാത്താനെതിരെ ആയിരിക്കണം . കാരണം സാത്താൻ ദൂഷകൻ ആണല്ലോ . എന്നിട്ടും മോശയുടെ ശരീരത്തെക്കുറിച്ച് പിശാചിനോട് തർക്കിച്ച് വാദിക്കുമ്പോൾ മീഖായേൽ പിശാചിനെതിരെ ഒരു മോശം വാക്കും , ദൂഷണ വിധിയും ഉച്ചരിച്ചില്ല
(യൂദാ :വാക്യം 9 ). സാത്താനോടുള്ള പേടി കൊണ്ടല്ല മീഖായേൽ മൗനമായിരുന്നത് . മിഖായേൽ ദൈവത്തിന്റെ പ്രധാനദൂതനാണ് . തന്റെ യോഗ്യതയ്ക്ക് ചേർന്ന വാക്കേ മീഖായേൽ ഉപയോഗിക്കൂ.

ദൂഷണം പറയരുത് ; അത് സാത്താനെതിരെ ആയാൽ പോലും . കർത്താവ് നിന്നെ ഭത്സിക്കട്ടെ എന്ന് പറഞ്ഞ് ആ വിഷയം ദൈവത്തെ ഏൽപിക്കുകയാണ് ഉണ്ടായത് .

പൗലോസും ബർന്നബാസും തമ്മിൽ ഉഗ്ര വാദം ഉണ്ടായതായി ബൈബിൾ നമ്മെ പഠിപ്പിക്കുന്നു
(പ്രവൃത്തി 15:37-38) . പക്ഷേ ഒരു അനാത്മീകമായ വാക്കു പോലും പറയാതെ അവർ പിന്നീടും സൗഹൃദം നിലനിർത്തി .

തർക്കങ്ങളും വാദങ്ങളും ഉണ്ടായാൽ പോലും ദുരാരോപണങ്ങൾ ഉന്നയിക്കുകയോ അപകീർത്തികരമായ വസ്തുതകൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഭൂഷണമല്ല .

സഭയിൽ പ്രധാനിയാകുവാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് സ്നേഹത്തിന്റെ അപ്പോസ്തോലനായ യോഹന്നാന് എതിരെ പോലും ദൂഷണ വാക്ക് (ശകാരവും) പറയുന്നവനും ആരെയും കൂട്ടാക്കാത്തവനുമാണ് . പക്ഷെ സഭയിൽ നിന്ന് ചിലരെ പുറത്താക്കാൻ അധികാരം ഉള്ള പ്രമുഖനുമാണ് താൻ . ഗായൊസിനെ ഇത് ഓർപ്പിച്ച ശേഷം യോഹന്നാൻ തുടർന്ന് എഴുതുന്നത് ശ്രദ്ധിക്കുക: പ്രിയനേ, തിന്മ അനുകരിക്കരുത്; തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടുപോലുമില്ല.
( 3 യോഹ. വാക്യം 10-11) .
ദൈവത്തെ കണ്ടിട്ടില്ലാത്തവരായി നമ്മുടെ സഭാ നേതൃത്വങ്ങൾ മാറുകയാണോ?

സഹോദരന് വിരോധമായി സംസാരിച്ചിട്ടും ശുശ്രൂഷയിൽ ഇന്നും തുടരാൻ കഴിയുന്നത് ദൈവം മൗനം ആയിരിക്കുന്നതിനാലാണ്(സങ്കീർ: 50:20-21) . ദൈവത്തിന്റെ മൗനം നമ്മുടെ എല്ലാ ചെയ്തികൾക്കും ഉള്ള അനുമതി ആണെന്ന് ചിന്തിക്കുന്നത് എത്ര മൗഢ്യം ആണ്.

കയീൻ ഹാബേലിനെ വയലിൽ കൊണ്ടുപോയി കൊന്നു. എന്നാൽ അതിനു ശേഷവും
കയീനോട് ദൈവം ഉയർത്തിയ ചോദ്യത്തിന്റെ പ്രസക്തി ഇന്നും നഷ്ടമായിട്ടില്ല .
നിന്റെ അനുജൻ എവിടെ?

വെള്ളത്തിൽ മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ എല്ലാവരും ചെയ്യുന്നതു പോലെയുള്ള സ്വാഭാവിക പ്രതികരണം ആയി “രക്ഷിക്കണേ” എന്ന് നിലവിളിച്ച ശിഷ്യരെ യേശു അ(ല്പ)വിശ്വാസിക്കൂട്ടം എന്ന് വിളിച്ചെങ്കിൽ ( മത്തായി 8:24-26 ) അസ്വാഭാവികവും അനാത്മീയവുമായി പ്രതികരിക്കുന്ന നമ്മെ എന്തായിരിക്കും കർത്താവ് വിളിക്കുന്നത്?

നന്ന് നല്ലവനും വിശ്വസ്തനുമായ ദാസനേ; എന്ന വിളിക്ക് വേണ്ടിയുള്ള നമ്മുടെ കാത്തിരിപ്പ് വ്യർത്ഥമാകുമോ?

-ADVERTISEMENT-

-ADVERTISEMENT-

You might also like