ലേഖനം:ജീവിതത്തിലെ എല്ലാ ദുഃഖ വെള്ളിക്കും ഒരു ഉയർപ്പിൻ പൊൻപുലരിയുണ്ട്!!! | പാസ്റ്റർ ഷാജി ആലുവിള

ക്രിസ്ത്യാനിത്വത്തെ മൊത്തത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നത് യേശുക്രിസ്തുവിന്റെ പുനരുദ്ധാനത്തിൽ ആണ്. യേശുവിന്റെ ഉയർത്തെഴുനേൽപ്പ് സംശയാതീതമായി വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. ഇത് വിശ്വസിക്കുന്നത് തന്നെയാണ് യുക്തിയും. കാരണം, ക്രൂശീകരണത്തിനു മുമ്പ് യേശു ശിഷ്യന്മാരോട് ഇത്‌ പ്രവചിച്ചിരുന്നു.(മാർക്കോ:8:31; 9:31). പക്ഷെ ഉയർത്തെഴുനേല്പിന് മുൻപ് ഒരു ക്രൂശീകരണ പീഡയുണ്ടായിരുന്നു എന്നുള്ളതാണ് പാപികൾക്ക് ഏകുന്ന അഭിനിവേശം.
മനുഷ്യത്വ രഹിതമായ ശിക്ഷാനടപടിയിലൂടെ ക്രൂശിക്കുവാൻ ഒരു സംഘം യേശു വിരുദ്ധ വാദികൾ ഒത്തു കൂടി. യേശുവിന്റെ ദൈവത്വവും, സാമൂഹിക അധാർമികക്കെതിരെയുള്ള യേശുവിന്റെ ആക്രോശവും അവരുടെ കലി ഇളക്കുവാൻ കാരണമായി. യേശു ദൈവമെന്ന് യേശുപറഞ്ഞില്ല പക്ഷെ കുരി ശിൻചുവട്ടിലെ ജനം പറഞ്ഞു ഇവൻ സാക്ഷാൽ ദൈവപുത്രൻ. ന്യായവിസ്താരകോടതിക്കുമുൻപിൽ യേശുവിനു വേണ്ടി വാദിക്കുവാനോ നിരപരാധി എന്നു തെളിയിക്കുവാനോ ആരും തന്നെ ഇല്ലായിരുന്നു. കുറ്റാരോപണങ്ങൾ ഒന്നൊന്നായി സന്നിധ്രി സംഘം നിരത്തുമ്പോഴും പ്രതികരണശേഷി പ്രകടിപ്പിക്കാതെ പാപികൾക്കുവേണ്ടി നമ്ര ശിരസ്സനായി നിന്നു. ഒടുവിൽ ജനം ആക്രോശിച്ചു “അവനെ ക്രൂശിക്ക…അവനെ ക്രൂശിക്ക”. ആ ശബ്ദത്തിൽ മറ്റൊരുവാൻ വിടുവിക്കപ്പെട്ടു…ബറബ്ബസ്… ബറാബ്ബസിനെ വിട്ടു തരിക ബറാബ്ബാസിനെ വിട്ടു തരിക….ജനം ആർത്തിരമ്പി. യേശു ശിക്ഷിക്കപ്പെടുവാൻ വിധി മുഴങ്ങിയപ്പോൾ തന്നെ ബറബ്ബസ് എന്ന കൊടും കുറ്റവാളി വിമുക്തനായി. യേശുവിന്റെ ക്രൂശികരണത്തോട് അനുബന്ധിച്ച് ആദ്യം മോചിതനായ പാപി എന്ന ലേബൽ ബറാബാസിനും രണ്ടാം ഊഴം കുരിശിൽ കിടന്ന ഒരു കള്ളനും കിട്ടി.
ശിക്ഷയുടെ ക്രൂശും തോളിൽ ഏറ്റു വാങ്ങി വീണും ഏഴുനെറ്റും തലയോടിടം എന്ന ഗോൽഗോത്തയിലേക്ക് റോമൻ പട്ടാളക്കാരുടെ ക്രൂരവിനോദത്തിന് ഇരയായി യേശു നടന്നു നീങ്ങി. മണിക്കൂറുകൾ കഴിഞ്ഞു. മൂന്നാം മാണി നേരമായപ്പോൾ ഗോൽഗോത്താ മലയിൽ നിന്നും ഒരു വിലാപത്തിൻ മാറ്റൊലി കേട്ടു. ആ ശബ്ദത്തിങ്കൽ ഭൂമി പിളർന്നു, ദൈവാലയത്തിലെ തിരശ്ഛീല രണ്ടായി കീറി, കൂരിരുൾ എവിടെയും നിറഞ്ഞു. പ്രകൃതി പോലും കോപിച്ചു….ശാന്തമായി യേശു പ്രാണനെ വിട്ടു. ലോകം കണ്ടതിൽ വെച്ചു മൃഗീയ പീഡനം ഏറ്റു വാങ്ങിയ , കുറ്റവാളി എന്നു മുദ്ര ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ ശാന്തമായ മരണം, യേശുക്രിസ്തുവിനല്ലാതെ മറ്റാർക്കും ഉണ്ടായിട്ടില്ല. ആർക്കു വേണ്ടി? എന്തിനു വേണ്ടി?
പാപികളായ ലോകജനതക്കുവേണ്ടി. പാപമോചനത്തിനുവേണ്ടി ക്രിസ്തു ക്രൂശിതനായി മരിച്ചു, കല്ലറയിൽ സംസ്‌കരിച്ചു. യേശുവിനെ എടുത്തു മാറ്റത്തിരിക്കാൻ തക്കവണ്ണം കല്ലറ പൂട്ടി പടയാളികൾ കാവലും നിന്നു. മൂന്നാം നാൾ കല്ലറ തുറന്നു യേശു പുറത്തു വന്നു എന്നുള്ളതാണ് വെള്ളിയുടെ ദുഃഖത്തെ ആകമാനം തുടച്ചു മാറ്റിയ ആശ്വാസത്തിൻ അടിസ്ഥാനം. ഉയർപ്പിനെതിരായ അനേക സിദ്ധാന്തങ്ങൾ രൂപീകരിച്ചു പ്രചരിപ്പിച്ചിട്ടുണ്ട്. അറിയപ്പെടാത്ത കല്ലറ, വിഭ്രാന്തി സിദ്ധാന്തം, ശരീരപകരണം എന്നീ നുണ പ്രചാരണങ്ങൾ എതിരാളികൾ തൊടുത്തു വിട്ടു. അതെല്ലാം കള്ളമെന്നു തെളിയിച്ചുകൊണ്ട്‌ യേശുക്രിസ്തു അവരുടെ ഇടയിൽ പ്രത്യക്ഷമായി പലപ്രാവശ്യം. ക്രോധം കൊണ്ട് കലിയിളകിയ സംഘങ്ങൾക് യേശുവിനെ പിടിക്കുവാൻ ഉയർപ്പിന് ശേഷം സാധിച്ചില്ല. കാരണം മൺമയമായ ശരീരം തേജസ്കരിക്കപ്പെട്ടാണല്ലോ ഉയർത്തെഴുനേറ്റത് അതുതന്നെ ആണ് അതിനുള്ള കാരണവും. യേശുവിന്റെ ശക്തിയിൽ ഉയർത്തപ്പെടുന്ന ഏത് വ്യക്തിയും ഉയർപ്പിൻ ശക്തി ആർജിച്ചു മുന്നേറിയാൽ പാപക്കരത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കും.
കുരുത്തോലയുടെ ഓശാനായും, പുറപ്പാടിന്റെ പെസഹയും, കഴിഞ്ഞു ക്രൂശീകരണ വെള്ളിയിൽ തകർക്കപ്പെട്ട ക്രിസ്തുവിന്റെ ക്രൂശിന്റെ ചുവട്ടിൽ ഓശാനപാടിയവരും, പെസഹ ആചരിച്ചവരും, ഗത്സമനയിൽ ഉണ്ടായിരുന്നവരും ഇല്ലായിരുന്നു. ഓശാന പാടിയവർ ബറബ്ബസ്സിനായി മുറവിളികൂട്ടി. നമ്മുടെ കൂടെ നിന്ന പലരും ജീവിതത്തിലെ പല വേദനയിലും കൂടെ കണ്ടു എന്നു വരില്ല. കൂടെയുള്ള ഉദ്ധിതനായ ക്രിസ്തുവിന്റെ പുനരുദ്ധാരണ ശക്തി മതി നമ്മെ ദുഃഖ അനുഭവങ്ങളുടെ കല്ലറയിൽ നിന്നും ജയോത്സവമായി പുറത്തുകൊണ്ടുവരുവാൻ. ആണ്ട് തോറുമുള്ള പാപ പരിഹാരബലിപ്പേരുനാൾ യേശുവിന്റെ മരണ ഉദ്ധാരണ ത്തോടുകൂടി അവസാനിച്ചിരിക്കെ അനുതാപത്തോടെ ഏത് നിമിഷവും ദൈവത്തിങ്കലെക്ക് അടുത്തു ചെല്ലുവാൻ നമുക്ക് അനുവാദവും ലഭിച്ചു. അതിനാൽ ജീവിതത്തിലെ ഏത് കഷ്ടതകളുടെ ദുഃഖവെള്ളിയും മാറ്റി ഉയർച്ചയുടെ പൊൻപുലരി ദൈവം തരും. വെറും ആഘോഷവും ആചാരങ്ങളും ആയി യേശുവിന്റെ പീഡാനുഭവത്തെ കാണാതെ ജീവിതാനുഭവങ്ങളാക്കി തീർത്തുകൊണ്ട് പുനരുദ്ധാരണത്തിന്റെ ശക്തി ആർജിച്ച്‌ ജയത്തോടെ നമുക്ക് മുന്നേറാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like