ധ്യാനചിന്ത:ശാന്തമായിരുന്നില്ല ആ ശനി..!! | ആഷേർ മാത്യു

ക്രൂശീകരണത്തിന് ശേഷമുള്ള ആ ശനിയെപ്പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??
ഒന്ന് ഭാവനയിൽ കണ്ടു നോക്കണം…

ശബ്ബത്തായിട്ടും ശാന്തമായിരുന്നില്ല ആ ശനി…
പലരുടെയും കണ്ണുനീർ തോർന്നിരുന്നില്ല.. അത്രയ്ക്ക് വേദനാജനകമായിരുന്നു ദൈവപുത്രന്റെ ആ വിടവാങ്ങൽ. ചോരവാർന്നൊഴുകി നിലവിളിച്ചുകൊണ്ട് ദയനീയമായ മരണം… പലർക്കും നിരാശയായിരുന്നു..
ഇങ്ങനെ ഒരു അന്ത്യം ആയിരുന്നില്ല അവർ പ്രതീക്ഷിച്ചിരുന്നത്.. അവർ സ്വപ്നം കണ്ട രാജ്യവും രാജാവും.. എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു..
മറ്റു ചിലരുടെ മുഖത്ത് നിസംഗതയായിരുന്നു ഭാവം..
അപവാദങ്ങളും കള്ളക്കഥകളും പറഞ്ഞുണ്ടാക്കുന്നതിൽ മറ്റൊരു കൂട്ടർ രസം പിടിച്ചിരിക്കുന്നു. അതേസമയം, അട്ടഹാസത്തിന്റെ ശബ്ദവും ആഘോഷത്തിന്റെ ആരവങ്ങളും പലയിടത്തും കേൾക്കാമായിരുന്നു.

ചുംബനത്താൽ തന്നെ ഒറ്റിക്കൊടുത്ത യൂദാ കെട്ടിഞാന്നു മരിച്ചിരിക്കുന്നത്രേ !!
അതും പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു. ദൈവപുത്രന്റെ മരണസമയത്ത് ഉണ്ടായ ഭൂമികുലുക്കം, ദേശത്തുണ്ടായ അന്ധകാരം…ചർച്ചാ വിഷയങ്ങൾക്ക് യാതൊരു കുറവും ഉണ്ടായിരുന്നില്ല.
ദൈവാലയത്തിലെ തിരശ്ശീല രണ്ടായി കീറിയത് അറിഞ്ഞ് അനേകർ ദൈവാലയത്തിൽ എത്തിയിട്ടുണ്ട്.
പലയിടത്തും കല്ലറകൾ തകർക്കപ്പെട്ടതിന്റെ പരിഭ്രാന്തിയും മറ്റൊരു വശത്ത്.

post watermark60x60

കർത്താവിന്റെ പ്രിയശിഷ്യനായ യോഹന്നാന്റെ വീട്ടിലെ അവസ്ഥ മറ്റൊന്നായിരുന്നു. യേശു മരണസമയത്ത് തന്റെ അമ്മയെ യോഹന്നാനെ ഏൽപ്പിച്ചിരുന്നതിനാൽ അന്ന് മുതൽ യേശുവിൻറെ അമ്മ യോഹന്നാൻ ഒപ്പം പുതിയ വീട്ടിലാണ്.

ശിഷ്യന്മാർ നിരാശരായിരുന്നു. കർത്താവിനെ തള്ളിപ്പറഞ്ഞതിന്റെ കുറ്റബോധവും ദുഃഖവും പത്രോസിനെ വിട്ടുമാറിയിരുന്നില്ല.
വെള്ളിയാഴ്ച രാത്രി തന്നെ അടക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്ത അരിമത്യക്കാരൻ ജോസഫ് നന്നേ ക്ഷീണിതനായിരുന്നു. യേശുവിൻറെ വസ്ത്രം ചീട്ടിട്ടു കിട്ടിയ പടയാളികൾ തങ്ങൾക്ക് കിട്ടിയ വസ്ത്രം വൃത്തിയാക്കുന്ന തിരക്കിലായിരുന്നു.

കുറേനക്കാരനായ ശീമോൻ ക്ഷീണിതനായിരുന്നു. അപ്രതീക്ഷിതമായാണ് കുരിശ് ചുമക്കേണ്ടി വന്നത്. നല്ല ഭാരമുള്ള തടി കുരിശ് !! ദേഹമാസകലം വേദനയുണ്ട്.
മറിയ, സുഗന്ധവർഗ്ഗവും പരിമള തൈലവും ഒരുക്കുന്ന തിരക്കിലായിരുന്നു.
മൂന്നാം ദിവസം സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റി മുന്നമേ പറഞ്ഞിട്ടും, എല്ലാവരും അത് മറന്നുപോയിരിക്കുന്നു.

പക്ഷേ, ലോകചരിത്രത്തെ തന്നെ കീഴ്മേൽ മറിക്കുന്ന ആ വലിയ സംഭവത്തിന് ഒരു പ്രഭാതത്തിന്റെ അകലമേയുള്ളൂ എന്ന് അവരാരും തന്നെ അറിഞ്ഞിരുന്നില്ല…!!
മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റ് വരുന്ന രക്ഷകന്റെ വരവിന് ഒരു പ്രഭാതത്തിന്റെ അകലം മാത്രം !!
ഹാ !! ധന്യം !!

-ADVERTISEMENT-

-ADVERTISEMENT-

You might also like