ലേഖനം:അവസാന തുള്ളി രക്തവും | മിനി എം തോമസ്

നടക്കുവാൻ തുടങ്ങിയിട്ട് കുറെ നേരമായി. “ഈ ചൂട് സഹിക്കാവുന്നതിലുമപ്പുറമാണ്. പരിചിതമല്ലാത്ത സ്ഥലം, അപരിചിതരായ ആളുകൾ. മരിക്കാറായി കിടക്കുന്ന എന്റെ കുഞ്ഞിന്റെ തേങ്ങലുകൾ കാതുകളിൽ എങ്ങും അലയടിക്കുന്നു. ഒരു വൈദ്യനെ തിരക്കിയുള്ള നടപ്പാണ്. പലരും നിരവധി വഴികൾ പറഞ്ഞു തന്നു അവസാനം ഈ വഴിയിലെത്തി. എങ്ങും കുറ്റാകൂരിരുട്ട്. എവിടെനിന്നോ ഒരു വലിയ ആരവം കേൾക്കുന്നു. ഞാൻ ആ സ്ഥലത്തേക്ക് നടന്നു. വലിയൊരു ജനസാഗരം. ഗവർണറുടെ ആസ്ഥാനസ്ഥലമാണ്. കുറെ പടയാളികളും ഗവർണറായ പീലാത്തോസും അവിടെ നിൽക്കുന്നു. അവരുടെ മുൻപിലായി തല കുനിച്ച് ഒരു മനുഷ്യനും. എന്തെങ്കിലും കഠിനമായ കുറ്റം ചെയ്യാതെ ഇത്രയും ആളുകളുടെ നടുവിൽ കുറ്റക്കാരനായി അദ്ദേഹം നിൽക്കുകയില്ല. എന്തു കൊണ്ടാണ് ഗവർണറുടെ ചോദ്യങ്ങൾക്ക് ഒരു മറുപടിയും അദ്ദേഹം പറയാതെയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ മനോഭാവം ഒരു തരം അഹങ്കാരമായി എനിക്ക് തോന്നി. കുറേപേർ അവനെ ഒന്നും ചെയ്യരുതെന്ന് കരഞ്ഞു പറയുന്നുണ്ടായിരുന്നു. പക്ഷെ ആരു കേൾക്കാൻ??

പീലാത്തോസ് ആകെ ആശയകുഴപ്പത്തിലാണല്ലോ. അയാളിൽ യാതൊരു കുറ്റവും കണ്ടുപിടിക്കുവാൻ പീലാത്തോസിന് കഴിയുന്നില്ലല്ലോ. അപ്പോഴും കുറച്ചു പേർ വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. “അവനെ ക്രൂശിക്ക ക്രൂശിക്ക”. ഭൂരിഭാഗത്തിന്റെയും അഭിപ്രായം അതാണെന്ന് തോന്നിയത് കൊണ്ട് ഞാനും ആൾക്കൂട്ടത്തിൽ നിന്ന് ഉറക്കെ വിളിച്ചു “ക്രൂശിക്ക”. പീലാത്തോസ് എഴുന്നേറ്റ് വെള്ളമെടുത്ത് എല്ലാവരും കാൺകെ കൈ കഴുകിയിട്ട് പറഞ്ഞു “ഈ നീതിമാന്റെ രക്തത്തിൽ എനിക് പങ്കില്ല “. നീതിമാൻ?? നീതിമാനെ ആരെങ്കിലും ക്രൂശിക്കുമോ? അടുത്ത് നിന്ന സ്ത്രീയോട് ഞാൻ ചോദിച്ചു.
“ആരാണീ മനുഷ്യൻ?”
“യേശു. യേശു മിശിഹാ. അത്ഭുതങ്ങളും അടയാളങ്ങളും ഉപദേശങ്ങളും കൊണ്ട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ദൈവ പുത്രനായ യേശു” അവൾ വിങ്ങിപ്പൊട്ടി പറഞ്ഞു.
എന്റെ കണ്ണുകൾ തള്ളിപ്പോയി. കാതങ്ങൾ താണ്ടി, വെയിലേറ്റ്, വിശപ്പ് സഹിച്ച്, നടന്നെത്തിയത് ഈ യേശുവിന് വേണ്ടിയായിരുന്നു. മരിച്ചവരെ ഉയർപ്പിക്കുന്ന, രോഗികളെ സൗഖ്യമാക്കുന്ന ദൈവപുത്രൻ. തന്റെ മകളെ സൗഖ്യമാക്കുവാൻ കഴിയുന്ന ഏക വൈദ്യൻ. ഭൂരിപക്ഷത്തോട് ചേർന്ന് ക്രൂശിക്ക എന്ന് ആർത്ത നിമിഷത്തെ ഞാൻ ശപിച്ചു.

യേശുവിനെ പടയാളികൾ മണ്ഡപത്തിലേക്ക് നടത്തി. ഒരു ചുവന്ന മേലങ്കി അവനെ ധരിപ്പിച്ചു. മുള്ളുകൾകൊണ്ട് നിർമ്മിച്ച ഒരു കിരീടം അവന്റെ തലയിൽ വെച്ചു. ആ മുള്ളുകൾ തലയിൽ ആഴ്ന്നിറങ്ങി രക്തം ഒഴുകുവാൻ തുടങ്ങി. കുറേപ്പേർ ചാട്ടവാർ കൊണ്ട് അവന്റെ പുറത്തു ആഞ്ഞടിച്ചു. അതിന്റെ അറ്റത്ത് ഘടിപ്പിച്ച കൊളുത്തുകൾ അവന്റെ മാംസത്തെ വലിച്ചെടുത്തു. വേദനയെല്ലാം സഹിച്ച് അപ്പോഴും യേശു നിശബ്ദനായി നിന്നു. ഒരുത്തൻ വന്ന് അവന്റെ മുഖത്ത് തുപ്പി. ചോര ഒലിക്കുന്ന ആ ശരീരത്തോട് ഒരു ദാക്ഷിണ്യവും കാണിക്കാതെ അവർ മാറി മാറി അടിച്ചുകൊണ്ടേയിരുന്നു. ഒരു വലിയ പച്ചമരക്കുരിശ്, അടികളേറ്റ ആ ചുമലിൽ ഏല്പിച്ചു. പക്ഷെ അവനത് താങ്ങുവാൻ കഴിഞ്ഞില്ല. പടയാളികൾ വീണ്ടും അവന്റെ തോളിൽ തന്നെ അത് വെച്ചുകൊടുത്തു. ആ കുരിശുമായി അവൻ നടന്നു നീങ്ങി. കുരിശിന്റെ ഭാരവും പടയാളികളുടെ പ്രഹരവും യേശുവിനെ തളർത്തി. ആ വഴിത്താരയിൽ, വീണും എഴുന്നേറ്റും ആ കുരിശുമായി അവൻ നടന്ന് നീങ്ങുകയാണ്. വഴിയിൽ കണ്ടുമുട്ടിയ ഒരു വ്യക്തിയുടെ കൈയ്യിൽ എല്ലാവരും കൂടി ആ കുരിശു ഏൽപ്പിച്ചു. അപ്പോഴും പടയാളികൾ യേശുവിനെ കളിയാക്കിയും ഉപദ്രവിച്ചും കൊണ്ട് കൂടെ നടന്നു. ഗോൽഗൊഥായിൽ എത്തി. തെറ്റുകാരെ ക്രൂശിക്കുന്ന സ്ഥലം. ആ മലമുകളിൽ നാട്ടിയിരുന്ന ക്രൂശിൽ യേശുവിനെ അവർ കിടത്തി. വലിയ ആണികൾകൊണ്ട് അവന്റെ കൈകൾ ആ മരക്കുരിശിനോട് ചേർത്തടിച്ചു. തന്റെ കാലുകൾ രണ്ടും കൂട്ടിച്ചേർത്തു, വലിയ ആണികൊണ്ട് കാൽപാദങ്ങളും തറച്ചു. ഒന്നനങ്ങുവാൻ പോലുമാവാതെ വേദനകളെ സഹിച്ച് യേശു ആ കുരിശിൽ കിടന്നു. ക്രൂശിൽ കിടന്നും താൻ വിളിച്ചു പറഞ്ഞു “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്നറിയായ്കയാൽ ഇവരോട് ക്ഷമിക്കണമേ”
ഇത്രയധികം വേദനകൾ സഹിച്ചും തന്നെ ദ്രോഹിക്കുന്നവരോട് ക്ഷമിക്കുവാൻ പ്രാർത്ഥിക്കുന്ന യേശു എന്നെ അത്ഭുതപ്പെടുത്തി. ആറാം മണി നേരം. ഉദിച്ച് നിൽക്കേണ്ട സൂര്യൻ വേഗം ഇരുണ്ടു. പ്രകൃതി പോലും കണ്ണുകൾ അടച്ചു. 3 മണിക്കൂറായി എങ്ങും ഇരുട്ട് മാത്രം. യേശുവിന്റെ ഉറക്കെയുള്ള നിലവിളി ശബ്ദം എന്റെ കാതുകളിൽ മുഴങ്ങി. എല്ലാം നിശബ്ദമായി. യേശുവിന്റെ പ്രാണൻ അവനിൽനിന്ന് പോയി എന്ന് എല്ലാവരും പറഞ്ഞു തുടങ്ങി. ഒരുത്തൻ ഒരു വലിയ കുന്തം അവന്റെ വിലാപ്പുറം ലക്ഷ്യമാക്കി തറച്ചു. പീഡനകളേറ്റ ആ ശരീരത്തിൽ ബാക്കിയായ രക്തവും വെള്ളവും പുറപ്പെട്ടു. അവസാന തുള്ളി രക്തവും ആ വിലപ്പുറത്തുകൂടി ഒലിച്ചിറങ്ങി.
തന്റെ മകളെ രക്ഷിക്കുവാൻ ഇനിയൊരിക്കലും യേശു വരില്ല എന്ന നഗ്നസത്യം മനസ്സിലാക്കി ഞാൻ നിറകണ്ണുകളോടും ഹൃദയവേദനയോടും കൂടി ആ മലയിൽ നിന്ന് ഇറങ്ങി.

ആ നഗരത്തിൽ നിന്ന് വേഗം വിട്ടുപോകാൻ എനിക്ക് തോന്നിയില്ല. കുറച്ചു ദിവസം കഴിഞ്ഞ് മടങ്ങാമെന്ന് കരുതി അവിടെ അടുത്ത് ഒരു വീട്ടിൽ പാർത്തു. മകളുടെ നിലവിളി എന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. ശബ്ബത്തിന് പള്ളിയിൽ പോയി പ്രാർത്ഥനകൾ കഴിഞ്ഞു മടങ്ങി. യേശു മരിച്ചുപോയതിന്റെ പരിഭവം പലരുടെയും വാക്കുകളിൽ നിഴലിച്ചു. ആരോ യേശുവിന്റെ ശരീരം ഒരു കല്ലറയിൽ അടക്കം ചെയ്തതായി അറിഞ്ഞു. ഭാഗ്യം.. ആ കുരിശിൽ തന്നെ കിടത്തിയില്ലല്ലോ. ശബ്ബത്തിന്റെ പിറ്റേദിവസമായി. വീട്ടിലേക്ക് പോകുന്ന മടക്കയാത്രയിൽ ഞാനൊരു വാർത്ത കേട്ടു “യേശുവിനെ കല്ലറയിൽ കാണ്മാനില്ല”. ഒരു നിമിഷം ഞാൻ ഞെട്ടി..ഇതെന്ത് മറിമായം. യേശു മൂന്ന് ദിവസം കഴിഞ്ഞ് ഉയർത്തെഴുന്നേൽക്കുമെന്ന് പറഞ്ഞിരുന്നു എന്ന് എല്ലാവരും പറയുന്നു. തെല്ലാശ്വാസത്തോടെ ഞാൻ മുന്നോട്ട് നടന്നു. എന്നെങ്കിലും യേശുവിനെ കണ്ടുമുട്ടുമായിരിക്കും എന്ന പ്രതീക്ഷയോടെ…

സ്വന്തം പ്രാണനേക്കാൾ യേശു നമ്മെ സ്നേഹിച്ചു. നമുക്ക് വേണ്ടി ക്രൂശിതനായി. ഉന്നതന്മാരുടെ കല്ലറകൾ ഇന്നും അടഞ്ഞു കിടക്കുമ്പോൾ യേശു കല്ലറകളെ ഭേദിച്ചു ഉയിർത്തെഴുന്നേറ്റു. ഇന്ന് പിതാവിന്റെ വലത്ത് ഭാഗത്തിരുന്ന് നമുക്ക് വേണ്ടി പക്ഷവാദം കഴിക്കുന്നു .“ക്രിസ്തു എന്റെ പാപങ്ങൾക്ക് വേണ്ടി മരിച്ചു” എന്ന് വിശ്വസിച്ചു താൻ കല്പിച്ചതുപോലെ ജീവിക്കുന്നവരെ ചേർക്കുവാൻ രണ്ടാമതും വരും. ആ വരവിൽ കൈവിടപ്പെട്ടുപോകാതിരിക്കുവാൻ നമ്മുടെ ജീവിതത്തെ ഒരുക്കാം. ആ സ്‍നേഹത്തിന് മുമ്പിൽ സമർപ്പിക്കുവാൻ നമ്മുടെ ജീവിതമല്ലാതെ എന്തുള്ളൂ?

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.