ലേഖനം:ഉണർവ് ദൈവിക ജീവനിലേക്കുള്ള മടക്കം | ബിജു പി. സാമുവൽ,ബംഗാൾ

ഉണർവ് എന്ന് കേട്ടാൽ ചിലരുടെയെങ്കിലും മനസ്സിൽ വരുന്നത് ആൾക്കൂട്ടത്തിന്റെ കൈയടിയും ബഹളവും ആണ് . സംഗീത ഉപകരണങ്ങളുടെ കാതടപ്പിക്കുന്ന (അലോസര ) ശബ്ദവും (ആഭാസ) നൃത്തം ചെയ്യുന്ന ജനക്കൂട്ടവും കണ്ട് അവിടെ ഭയങ്കര ഉണർവായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട് .

ഉണർവ് എന്താണെന്ന് പ്രവർത്തികളുടെ പുസ്തകം 3:19 വ്യക്തമാക്കുന്നുണ്ട് . ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞു കിട്ടേണ്ടതിന് മാനസാന്തരപ്പെട്ട് തിരിഞ്ഞു കൊൾവിൻ. എന്നാൽ കർത്താവിൻ്റെ സമ്മുഖത്തുനിന്ന് ആശ്വാസ കാലങ്ങൾ വരും ( times of refreshing ) . റിഫ്രെഷ് എന്ന വാക്കിന് ചൈതന്യം വരുത്തുക, ഉന്മേഷവും കുളിർമയും പ്രദാനം ചെയ്യുക എന്നൊക്കെയാണ് അർത്ഥം . ഉയിർ അല്ലെങ്കിൽ ജീവൻ വീണ്ടെടുക്കുക എന്ന ആഴമായ അർത്ഥമാണ് യവനായ ഭാഷയിലുള്ളത് .

ജീവൻ വീണ്ടെടുക്കുക എന്ന പദം സൂചിപ്പിക്കുന്നത് ജീവൻ നഷ്ടമായിരുന്നു എന്നാണ് . അത് കൃത്യമായി മനസ്സിലാക്കാൻ മനുഷ്യസൃഷ്ടിപ്പിലേക്ക് പോകണം . യഹോവയായ ദൈവം നിലത്തെ പൊടി കൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ട് അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു (ഉൽപത്തി 2:7). ഇവിടെ ദൈവം മനുഷ്യന്റെ മൂക്കിൽ ഊതിയത് ഓക്സിജൻ മാത്രമല്ലായിരുന്നു; ജീവനും കൂടിയാണ്.
പ്രവർത്തികളുടെ പുസ്തകം 17:25 അത് കുറെക്കൂടെ വ്യക്തമാക്കുന്നു . “ദൈവം എല്ലാവർക്കും ജീവനും ശ്വാസവും കൊടുക്കുന്നവനാണ്” . ദൈവവുമായി ബന്ധപ്പെടാൻ ഉള്ളതാണ് ആ ജീവൻ.

ഏദെൻതോട്ടത്തിൽ ആക്കിയശേഷം യഹോവയായ ദൈവം അവനോട് അരുളിച്ചെയ്തത്: നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്. തിന്നുന്ന നാളിൽ നീ മരിക്കും എന്നാണ് . എന്നാൽ വൃക്ഷഫലം നിന്ന അവർ പിന്നെയും ജീവിച്ചു.
അവർക്ക് ശ്വാസം നഷ്ടമായില്ല . പക്ഷേ ജീവൻ അവർക്ക് നഷ്ടമായി . അതുകൊണ്ടാണ് ദൈവത്തിന്റെ മുമ്പിൽ നിന്ന് ഒളിക്കാൻ ആദം-ഹവ്വമാർ ശ്രമം നടത്തിയത്. വൃക്ഷങ്ങളുടെ ഇടയിൽ ഒളിച്ചാൽ തങ്ങളെ കണ്ടുപിടിക്കാൻ കഴിയാത്ത ഒരാളായി സർവ്വവ്യാപിയായ ദൈവത്തെ അവർ ഇകഴ്ത്തിക്കളഞ്ഞു . സർവവ്യാപിയായ
ദൈവത്തിന്റെ മുൻപിൽ നിന്നും ഒളിക്കാൻ ആർക്കും കഴിയില്ലല്ലോ. ദൈവത്തെ മനസ്സിലാക്കാനുള്ള ജീവൻ നഷ്ടമായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

എഫേസ്യർ 4: 19 വായിച്ചാൽ ഇത് കുറേക്കൂടി മനസിലാകും. അവർ ദൈവത്തിന്റെ ജീവനിൽ നിന്ന് അകന്നുപോയി. ശ്വസിക്കുന്നുണ്ടെങ്കിലും മരിച്ച സ്ഥിതി . അതാണ് അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ച അവസ്ഥ(എഫേസ്യർ 2:1).
ശാരീരികമായി ജീവനുള്ള നാം എല്ലാം മരിച്ചവർ ആയിരുന്നു. അവിടെ നിന്നും കർത്താവ് നമ്മെ ഉയർപ്പിച്ചു, ജീവിപ്പിച്ചു
(എഫേസ്യർ 2:1, 5,
കൊലൊസ്യർ 2:12-13) .

ഏദനിൽ മനുഷ്യന് നഷ്ടമായ ജീവൻ യേശുവിലൂടെ അവന് തിരികെ കിട്ടുന്നു . ദൈവവുമായുള്ള കൂട്ടായ്മയിലേക്ക് അവൻ മടങ്ങിവരുന്നു . നഷ്ടമായ ജീവൻ വീണ്ടെടുക്കുന്നതാണ് ഉണർവ് . ദൈവിക ജീവനിലേക്കുള്ള മടക്കം ആണത് (Recovery of breath).

മാനസാന്തരപ്പെട്ട് ദൈവത്തിങ്കലേക്ക് തിരിയുമ്പോഴാണ് ഈ ആശ്വാസ കാലങ്ങൾ ആരംഭിക്കുന്നത് എന്ന്‌ പത്രോസ് അപ്പോസ്തലൻ വ്യക്തമാക്കുന്നുന്നു. (പ്രവർത്തി 3 :19) .
ഉണർവ് എപ്പോഴും പാപക്ഷമ, മാനസാന്തരം , മടങ്ങിവരവ് എന്നിവയുമായി ബന്ധപ്പെട്ടു കിടക്കുന്നു . പാപങ്ങൾ ഏറ്റുപറഞ്ഞ് ദൈവസന്നിധിയിൽ ജനം ആത്മസമർപ്പണം നടത്തുമ്പോഴാണ് ഉണർവിന്റെ പ്രവാഹം ഉണ്ടാകുന്നത് .

അപ്പനിൽനിന്ന് അകന്ന് സമ്പത്തെല്ലാം ധൂർത്തടിച്ച ശേഷം മടങ്ങിവന്ന ഇളയ മകനെ കുറിച്ച് പിതാവ് പറഞ്ഞത് ശ്രദ്ധേയമാണ്:
ഈ എന്റെ മകൻ മരിച്ചവൻ ആയിരുന്നു; വീണ്ടും ജീവിച്ചു (ലൂക്കോസ് 15: 24 ,32) . അവൻ വീണ്ടും ജീവിച്ചത് പിതാവിലേക്ക് മടങ്ങിവന്നപ്പോഴാണ് . ഉണർവിന് കുറുക്കുവഴികളില്ല . പിതാവിലേക്ക് അനുതാപത്തോടെ മടങ്ങുമ്പോഴാണ് ഉണർവ് ഉദ്ഭവിക്കുന്നത്.

ഇന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഉണർവുകളിൽ അനുതാപത്തിനും കണ്ണീരിനും പകരം ചിരിയരങ്ങുകളാണ് നടക്കുന്നത് . അവർ അതിന് വിശുദ്ധിയുടെ നിറം പൂശുകയും ചെയ്യുന്നു . പാപബോധം ഉളവാക്കാത്ത, ക്രൂശിന്റെ ദർശനം പകരാത്ത ഈ ഉണർവ് മേളകൾ ആളുകളെ നരകത്തിലേക്ക് തള്ളിയിടാനെ ഉപകരിക്കൂ .

നമ്മുടെ സഭകളിൽ നടക്കുന്ന ഉണർവ് ദൈവവചനവും ആയി താരതമ്യപ്പെടുത്തി നോക്കുക . മീറ്റിങ്ങുകളിൽ വിശ്വാസികൾ തമ്മിലുള്ള ബന്ധത്തിന് ദൃഢത വരുന്നില്ലെങ്കിൽ അത് ചില മണിക്കൂറുകൾ മാത്രം നീണ്ടുനിന്ന ഇളക്കപ്പെരുക്കം മാത്രം ആയിരുന്നു .

സംഗീതോപകരണം വായിക്കുന്നവന്റെ വിരൽത്തുമ്പിൽ നിന്നല്ല, കർത്താവിന്റെ സമ്മുഖത്ത് നിന്നാണ് ഉണർവ് ഉത്ഭവിക്കുന്നത്.

എങ്ങനെയാണ് ഈ ഉണർവ് നിലനിർത്തുന്നത്? മുന്തിരി വള്ളിയിലൂടെയാണ് കൊമ്പിന് ആവശ്യമുള്ള വിഭവങ്ങളെല്ലാം എത്തുന്നത് . മുന്തിരിവള്ളിയോട് ചേർന്ന് നിൽക്കാത്ത കൊമ്പ് ഉണങ്ങി നിർജീവമായി പോകും (യോഹ.15: 4-6) .
ജീവന്റെ ഉറവയായ കർത്താവിനോട് ചേർന്നു നിൽക്കുക .
അവങ്കൽ നിന്നു നമ്മിലേക്ക് നവജീവനും ചൈതന്യവും ഉണർവും പ്രവഹിച്ചു കൊണ്ടേയിരിക്കും .

വിനയവും ഹൃദയത്തകർച്ചയും ഇല്ലാത്തിടത്ത് ഉണർവ് അന്യം നിന്നു പോകും .
ഉണർവിന്റെ ശത്രു ഹൃദയകാഠിന്യം ആണ് . മനസ്സിൽ ചൂടു വെച്ച് അനുഭവമാണത് .ഹൃദയം കല്ലായി മാറുന്ന സ്ഥിതി . താഴ്മ ഉള്ളവരുടെ മനസ്സിനും മനസ്താപം ഉള്ളവരുടെ ഹൃദയത്തിനും ആണ് ദൈവം ചൈതന്യം വരുത്തുന്നത് (യെശയ്യാവ് 57:15 ).

വെളിപ്പാട് പുസ്തകത്തിൽ സർദ്ദീസ് സഭയിലൂടെ കർത്താവ് നമ്മുടെ ജീവിതത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്നുണ്ട് . ജീവനുള്ളവൻ എന്ന് നിനക്ക് പേരുണ്ടെങ്കിലും നീ മരിച്ചവനാകുന്നു . അതുകൊണ്ട് ഉണർന്നു കൊള്ളുക
(വെളിപ്പാട് 3:1-2) .

ദൈവത്തിങ്കലേക്കും ദൈവവചനത്തിലേക്കും നമുക്ക് മടങ്ങിവരാം . ചെയ്ത പാപങ്ങൾ, വന്നുപോയ തെറ്റുകൾ പശ്ചാത്താപത്തോടെ നമുക്ക് ഏറ്റു പറയാം. ജീവനായകനായ കർത്താവിങ്കലേക്ക് മനോ നുറുക്കത്തോടും ആത്മാർപ്പണം കൂടെ നമുക്ക് തിരിച്ചു ചെല്ലാം .

വിലാപത്തോടെ നമുക്ക് തിരുസന്നിധിയിൽ പ്രാർത്ഥിക്കാം : നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിന് നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? (സങ്കീർത്തനം 85 :6) .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.