ലേഖനം:പ്രാപിപ്പാൻ തക്കവണ്ണം ഓടുവിൻ | ദീന ജെയിംസ്, ആഗ്ര

ക്രിസ്തീയജീവിതം ഒരു ഓട്ടക്കളം ആണ്. ഓടുന്നവർ അനേകരും… ഓട്ടമോടി പൂർത്തീകരിച്ചു കിരീടം പ്രാപിക്കുക എന്നതാണ് ഓരോ ക്രിസ്തീയ ഭക്തന്റെയും ലക്‌ഷ്യം. വലിയ പ്രതീക്ഷകളോടെ, പ്രത്യാശ യോടെ, ഓട്ടമോടി പൂർത്തീകരിച്ചവരും, പകുതി വഴിയിൽ ഓട്ടം നിർത്തിയവരും, ഓടിത്തളർന്നവരും ആയി വലിയൊരു സമൂഹം നമുക്ക് ചുറ്റും നില്ക്കുന്നു. അവരുടെ നടുവിൽ നമ്മുടെ ക്രിസ്തീയജീവിതമാകുന്ന ഓട്ടക്കളത്തിൽ നാം എപ്രകാരം ഓടുന്നു എന്ന് സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു. എല്ലാവരും ഓടുന്നു, എന്നാൽ വിരുത് പ്രാപിക്കുന്നത് ഒരുവൻ മാത്രമാണ്. ആയതുകൊണ്ട് പ്രാപിക്കുവാൻ തക്കവണ്ണം ഓടുവീൻ എന്ന് പൗലോസ്‌ അപ്പോസ്തലൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. (1കൊരി :9:24) ക്രിസ്തീയജീവിതമാകുന്ന ഓട്ടക്കളം പലപ്പോഴും സുഖകരമായ അനുഭവം പ്രദാനം ചെയ്യാറില്ല. കാറ്റും, കോളും, തിരമാലകളും, ആഞ്ഞടിച്ചേക്കാം, ഓടുന്ന പാതയിൽ ശത്രു പതിയിരുന്നേക്കാം, നമ്മെ ലക്ഷ്യത്തിൽ നിന്നും അകറ്റുവാൻ പല പ്രലോഭനങ്ങളും കൊണ്ടുവന്നേക്കാം, ജഡമോഹം, കൺമോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ പലതും. അതിലൊന്നും പതറിപോകാതെ ഓട്ടം പൂർത്തീകരിക്കുന്നതാണ് യഥാർത്ഥ ഭക്തന്റെ വിജയം. അവരാണ് കിരീടം പ്രാപിക്കുന്നത്. ഇന്ന് പലരും ഓടുന്നു, എന്നാൽ കിരീടം പ്രാപിക്കേണം എന്ന ലക്‌ഷ്യം മറന്നുപോകുന്നു. ഓടുന്ന പാതയിൽ കാണുന്ന പലതും അവരെ മാടിവിളിക്കുമ്പോൾ അതിലേക്കു ശ്രദ്ധതിരിച്ചു ഓടിയതിന്റെ ലക്‌ഷ്യം മറന്നുപോകുന്നു. ചിലർ മറ്റുള്ളവരെ നോക്കി ഓടുന്നു, അതുകൊണ്ട് പലപ്പോഴും ഓട്ടം പൂർത്തീകരിക്കുവാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് എബ്രായലേഖന കർത്താവു പറയുന്നത് :വിശ്വാസത്തിന്റെ നായകനും പൂർത്തിവരുത്തുന്നവനും ആയ യേശുവിനെ നോക്കുവിൻ (എബ്രായർ 12:2, 3)നമ്മുടെ ഓട്ടം പൂർത്തീകരിച്ചു കിരീടം പ്രാപിക്കണമെങ്കിൽ യേശുവിനെ മാത്രം നോക്കി ഓടണം.

ലോകത്തെയോ, ലോകത്തിലുള്ളതിനെയോ നോക്കിയാൽ കിരീടം പ്രാപിക്കുവാൻ സാധിക്കുകയില്ല. അനേക ഉദാഹരണങ്ങൾ ദൈവ വചനത്തിൽ നമുക്ക് കഴിയും. മോശ: യിസ്രായേൽ ജനതയുടെ വിടുതലിനു വേണ്ടി ദൈവം തിരഞ്ഞെടുത്ത നായകൻ, നല്ല നേതാവ്, എന്നാൽ ലക്‌ഷ്യം വച്ച കനാനിൽ പ്രവേശിക്കുവാൻ സാധിച്ചില്ല, ശിംശോൻ :ആത്മാവിന്റെ ശക്തിയാൽ വീര്യപ്രവർത്തികൾ ചെയ്തു. എന്നാൽ അവസാനം ശത്രുവിന്റെ മുന്നിൽ തമാശയായി മാറി. എന്നാൽ ഓട്ടമോടി പൂർത്തീകരിച്ച പൗലോസ്‌ ധൈര്യത്തോടെ പറയുന്നു :ഞാൻ നല്ല പോർ പൊരുതി, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം എനിക്കായി വച്ചിരിക്കുന്നു (2തിമൊ 4:7, 8)പ്രിയമുള്ളവരേ, നമ്മുടെ ക്രിസ്തീയജീവിതമാകുന്ന ഓട്ടത്തിന്റെ ഒടുവിൽ നമുക്കും പൗലോസിനെ പോലെ പറയുവാൻ കഴിയുമോ ??ആത്മാവ് കൊണ്ട് ആരംഭിച്ചു ജഡം കൊണ്ട് പലരും അവസാനിക്കുന്നു, കിരീടം നഷ്ടമാകുന്നു. എന്നാൽ നമുക്ക് പ്രാപിക്കുവാൻ തക്കവണ്ണം ഓടാം… നമ്മുടെ കർത്താവു വരുവാൻ അടുത്തിരിക്കുന്നു !!!

-ADVERTISEMENT-

-ADVERTISEMENT-

You might also like