ലേഖനം:ദൈവഹിതം ഇല്ലാത്ത ബന്ധങ്ങൾ | ജെ പി വെണ്ണിക്കുളം

അടുത്തയിടെ ‘ദൈവത്തിന്റെ സ്വന്തം നാട്ടിൽ’, തിരുവല്ലയിൽ, നടന്ന കൊലപാതകത്തിൽ കവിത എന്ന പെണ്കുട്ടി കൊല്ലപ്പെട്ടത് നാം നടുക്കത്തോടെയാണ് വാർത്താ-ദൃശ്യ മാധ്യമങ്ങളിലൂടെ ശ്രദ്ധിച്ചത്. ഒരിക്കലും സംഭവിക്കരുതെ എന്നു ആഗ്രഹിച്ചു പോകുന്ന ഇത്തരം കൊലപാതകങ്ങൾ മനസാക്ഷിയുള്ള മനുഷ്യന് താങ്ങാവുന്നതല്ല. പ്രേമം നടിച്ചു പെണ്കുട്ടികളെ വലയിലാക്കുന്ന ധാരാളം യുവാക്കൾ ഇന്ന് നമുക്ക് ചുറ്റുമുണ്ട്. ഒരു നോട്ടം കൊണ്ടോ ഭാവം കൊണ്ടോ യുവാക്കളെ വശത്താക്കുന്ന പെണ്കുട്ടികളുമുണ്ട്. ഇഷ്ട വ്യക്തിയെ വിവാഹം കഴിക്കാൻ പറ്റില്ല എന്നറിയുമ്പോൾ അവർ തകർന്നു പോകുന്നു. ചിലർ ജീവനൊടുക്കുന്നു. കൗമാര പ്രായത്തിൽ മൊട്ടിട്ടിരുന്ന പ്രണയം ഇപ്പോൾ സ്‌കൂൾ തലം മുതൽ തഴച്ചു വളർന്നു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ള കാലത്തു ആ വ്യക്തിയെ തന്നെ വിവാഹം കഴിക്കുകയും പിന്നീട് വിവാഹ മോചനത്തിൽ കലാശിക്കുകയും ചെയ്യുന്ന ചിത്രം ദിനംപ്രതി നാം കാണുകയും കേൾക്കുകയും ചെയ്യുന്നു. ‘പ്രണയത്തിന് കണ്ണില്ല’ എന്നു പറയുന്നപോലെ വൈകാരികമായി തോന്നുന്ന അടുപ്പം പിന്നീട് വെറുതെ ആയിരുന്നു എന്ന് അറിയുമ്പോഴേക്കും എല്ലാം കൈവിട്ടു പോയിരിക്കും. സോഷ്യൽ മീഡിയയുടെ ശക്തമായ കടന്നുവരവ് ഇന്നത്തെ തലമുറയെ വഴിതെറ്റിക്കുന്നുണ്ട് എന്നു പറയാതിരിക്കാൻ വയ്യാ. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വ്യക്തിയുമായി അടുക്കുകയും പിന്നീട് ചതിക്കപ്പെടുകയും ചെയ്യുന്നു. സ്നേഹം നടിച്ചു പണവും മാനവും കവരുന്ന നരാധമന്മാർ ഇന്നും സ്വതന്ത്രമായി വിഹരിക്കുമ്പോൾ നമ്മൾ ഇപ്പോഴും ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നത് ഭൂഷണമല്ല. എന്റെ കുഞ്ഞിന് കുഴപ്പമൊന്നും ഇല്ലല്ലൊ എന്നു സ്വയം അശ്വസിക്കുന്ന മാതാപിതാക്കൾക്കും തെറ്റു പറ്റുന്നുണ്ട് എന്നു കാലം തെളിയിക്കുന്നു. തങ്ങൾ ചിന്തിക്കുന്നതാണ് ശരി എന്ന് പറയുന്ന മാതാപിതാക്കളിൽ എത്രപേർ സ്വന്തം കുഞ്ഞുങ്ങളെ അടുത്തറിയാൻ ശ്രമിക്കാറുണ്ട്. അവരുടെ താത്പര്യങ്ങളെ മനസിലാക്കാതെ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേല്പിക്കുമ്പോൾ വേദനിക്കുന്ന അവരുടെ ഹൃദയം നിങ്ങൾ കാണാതെപോകുന്നു. പലതും തുറന്നു സംസാരിക്കൻ പോലും അവർ ഭയക്കുന്നു. ഇവിടെയാണ് മനസു തുറന്നു സംസാരിക്കാൻ ഒരു വ്യക്തിയെ അവർ തേടിപ്പോകുന്നത്. ഇവിടെ പിഴവ് ആരുടേതാണ്? കുഞ്ഞുങ്ങളെ എപ്പോഴും ശകാരിക്കുകയും ബുദ്ധി ഉപദേശിക്കാതിരിക്കുകയും ചെയ്യുന്നത് നന്നല്ല. ചെറുപ്രായം മുതൽ അവരെ നിങ്ങളുടെ നെഞ്ചോടു ചേർത്തുപിടിക്കണം. അവരുടെ മനസു നിങ്ങളുടെ മുന്നിൽ ഒരു തുറന്ന പുസ്തകം ആയിരിക്കട്ടെ. നിങ്ങളിൽ നിന്നും അവർ ചിലതു മറച്ചു പിടിച്ചാൽ പോലും തിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം. അരുതാത്ത കൂട്ടുകെട്ടുകൾ പ്രോത്സാഹിപ്പിക്കരുത്. തെറ്റും ശരിയും പറഞ്ഞു മനസ്സിലാക്കി കൊടുക്കണം. അതിലുപരി ദൈവഭയത്തിൽ അവരെ വളർത്തണം. അവർ നിങ്ങൾക്ക് പ്രിയമുള്ളവർ തന്നെ എന്നാലും അവരെ അവഗണിക്കരുത്. അവരുടെ നല്ല താലന്തുകളേയും അഭിരുചികളെയും പ്രോത്സാഹിപ്പിക്കണം. നരാധമന്മാരുടെ നീരാളിപ്പിടുത്തത്തിൽ അമർന്നു പോകാതെ അവരെ സൂക്ഷിക്കണം. ഒപ്പം സ്വയം സൂക്ഷിക്കാൻ അവരെ പരിശീലിപ്പിക്കണം. ‘നടക്കേണ്ടുന്ന വഴിയിൽ’ അവരെ അഭ്യസിപ്പിച്ചാൽ തെറ്റിൽ നിന്നും അവർ ഒഴിഞ്ഞു നിൽക്കും. പ്രേമാഭ്യർത്ഥനയുമായി വരുന്ന ഒരാളെപ്പോലും മനസിലാക്കാൻ അവർക്ക് കഴിയും തീർച്ച. പിന്നീട് ദുഖിക്കുന്നതിനെക്കാൾ നല്ലതല്ലേ മുന്നമേ തന്നെ സ്വയം പ്രതിരോധിക്കുന്നതും സൂക്ഷിക്കുന്നതും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.