ലേഖനം:ജാതീയ വ്യവസ്‌ഥയിലോ ദൈവരാജ്യം പണിയുന്നത്?? | പാസ്റ്റർ ഷാജി ആലുവിള

ദൈവം മനുഷ്യനെ സ്രഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സ്രഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളെ മാത്രമല്ല ജാതി മത വ്യവസ്ഥകളെയും നിർമ്മിച്ചു. ദൈവത്തിന് ജാതിയോ മതമോ ഇല്ല എന്ന് അറിഞ്ഞിരിക്കെ അരിക്ഷതവും അപൂർണ്ണവും ആയ മനുഷ്യാവസ്ഥയിൽ നിന്നുള്ള മോചന മാർഗ്ഗമെന്ന നിലക്കാണ്‌ മതത്തിന്റെ ആവിർഭാവം സംഭവിച്ചത്. ജീവിതത്തിന്റെ അപകടകരമായ ഊരാക്കുടുക്കിൽനിനും മരണത്തിൽ നിന്നും രക്ഷാസരണിയെന്ന നിലയിലാണ് മതത്തെ മനുഷ്യർ കണ്ടിരുന്നത്. ആത്മസാക്ഷാത്ക്കാരത്തിനുള്ള അവസരമെന്ന നിലയിൽ ജീവിതത്തെ നോക്കി കാണുവാനാണ് എല്ലാ മതങ്ങളും ആവശ്യപ്പെടുന്നതും. മതത്തിന്റെയും ജാതിയുടെയും പേരിൽ വളരെയേറെ വിവേചനം ആളുകൾ ഇന്നും അനുഭവിക്കുന്നുണ്ട്. ഏകസംസ്കാരാധിഷ്ഠതമായ ഒരു ലോകം ഭാവിയിൽ ഉരുത്തിരിഞ്ഞു വരുമെനുള്ള പ്രത്യാശ പലരും പ്രകടിപ്പിച്ചിരുന്നു. ആത്മീയതയിൽ അടിയുറച്ച സഹവർത്ഥിത്വമാണ് സമൂഹത്തിന്റെ ആത്യന്തിക ലക്ഷ്യം.എന്നാൽ ആത്മീയ കാഴ്ചപ്പാടുകൾ അതിൽ നിന്നും അകലുകയാണോ എന്നു തോന്നിപ്പോകുന്നു. മാർത്തോമ്മാ സഭയുടെ കാലം ചെയ്ത യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പോലീത്ത സഭയോട് ശക്തമായ ഭാഷയിൽ ജാതി വ്യവസ്ഥയിലുള്ള വേർകൃത്യങ്ങൾക്കെതിരായി പ്രതികരിച്ചിട്ടുണ്ട്.
നമുക്ക് വേണ്ടത് ജാതിവ്യവസ്ഥയിലെ ആരാധനായലയം അല്ല-ദൈവാലയത്തിലെ സമത്വ നിലവാരമാണ്. അതിനകത്ത് നിറംകൊണ്ടും കുലംകൊണ്ടും പാരമ്പര്യം കൊണ്ടും പണം കൊണ്ടും വേർകൃത്യം ഉണ്ടാകരുത്. സെമിത്തേരിയിലും സ്വർഗ്ഗരാജ്യത്തും വേർകൃത്യങ്ങൾ മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഉണ്ടാകില്ല. കാരണം സെമിത്തേരിയിൽ കിടക്കുന്നവർക്ക് ജീവനില്ലല്ലോ. സ്വർഗത്തിലേക്ക് ഇതുവരെ ആരും ചെന്നിട്ടും ഇല്ല.
സർവ്വമത സ്വാതന്ത്ര്യമുള്ള ഭാരതത്തിൽ മതത്തിന്റെയും ജാതിയുടെയും എണ്ണം കുറവല്ല. അതനുസരിച്ച് ആദർശങ്ങളും ആചാരങ്ങളും അനുഷ്ടാനങ്ങളും ഇഷ്ടാനുസരണം ഉണ്ട് താനും. അതൊക്കെ സ്വീകരിക്കാനും അതനുസരിച്ചു ജീവിക്കാനുമുള്ള നിയമ സ്വാതന്ത്ര്യം ഇവിടെ ഏത് പൗരനും ഉണ്ട്. പുരാതന ചരിത്രം നോക്കിയാൽ ആര്യ, ദ്രാവിഢ സംസ്കാരമായിരുന്നു ഇന്ത്യയിൽ ഉണ്ടായിരുന്നത് എന്ന് മനസിലാകും. ഭാരതത്തിലേക്കുള്ള ക്രിസ്തീയ മിഷണറിമാരുടെ ആഗമനം സുവിശേഷം കൊണ്ട് ചരിത്രങ്ങളിൽ മാറ്റങ്ങൾ വരുത്തി. സുവിശേഷം സർവ്വ ജനത്തിനും സ്വാതന്ത്ര്യം കല്പിക്കുന്നതായും ക്രിസ്തുവിലുള്ള സ്നേഹം ഏകസാഹോദര്യ ബന്ധമാണെന്നും പ്രചരിക്കുവാൻ തുടങ്ങി. ജാതീയ വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങൾ തമ്പ്രാൻ എന്നും അടിമയെന്നും വേർതിരിച്ചു കണ്ടിരുന്നു. തൊഴിൽ പോലും നൽകപ്പെട്ടിരുന്നത് ജാതിയും നിറവും നോക്കി ആയിരുന്നു. ആ രീതികൾക്ക് മാറ്റം വരുത്തുവാൻ സുവിശേഷത്തിനു സാധിച്ചത് വലിയ സംഭാവനകൾ തന്നെയാണ് ഇവിടെ നൽകിയത്. കേരളത്തിൽ ക്രൈസ്തവ മിഷണറിമാർ സുവിശേഷ പ്രവർത്തനത്തിലൂടെ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും വിളംബരം ചെയ്തു. കാണുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് ദൈവത്തെ സ്നേഹിക്കാൻ കഴിയില്ലെന്ന് ബൈബിൾ പറയുന്നു.(1 യോഹ: 4: 20’21). അതനുസരിച്ച് അവർ പഠിപ്പിച്ചു.
എങ്കിലും ക്രിസ്തീയ വിശ്വാസത്തിലേക്കു വന്ന ദളിത് വിശ്വാസികളോടും ആ കാലഘട്ടത്തിൽ വേർകൃത്യങ്ങൾ കാണിക്കുന്ന രീതികൾ നിലനിന്നിരുന്നു. കുർബ്ബാനയിലും ആരാധനയിൽ പോലും അവരെ അടുത്തു നിർത്തുകയോ അപ്പ വീഞ്ഞുകൾ വേണ്ടും വിധം കൊടുക്കുവാനും പുരോഹിതന്മാർ മടിച്ചിരുന്നു. വേർപെട്ട ദൈവ സഭകളും അതിനു പിറകിൽ അല്ലായിരുന്നു. പാനപാത്രത്തിൽ നിന്ന് സവർണ്ണ ക്രിസ്ത്യാനി കുടിച്ചിരിന്നപോലെ അവർണ്ണ ക്രിസ്ത്യാനിക്ക് അനുവാദം ഇല്ലായിരുന്നു. അപ്പം കൈയ്യിലേക്ക് ഏറിഞ്ഞുകൊടുക്കയും വീഞ്ഞ് തവിയിൽ കോരി കൈയ്യിൽ ഒഴിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഈ ജാതി വിവേചനത്താൽ മനം നൊന്ത് എത്രയോ വിശ്വാസികളും വേലക്കാരും, പൊയ്കയിൽ യോഹന്നാനെ പ്പോലെ മുറിപ്പാടോടെ പെന്തകോസ്ത് വിട്ടുപോയി. അതിനൊക്കെ കുറ്റക്കാർ ആരാണ് എന്ന് നാം തിരിഞ്ഞ് ചിന്തിക്കണം. ഇരവിപേരൂരിൽ ഹിന്ദുവും ക്രിസ്ത്യാനിയും അല്ലാത്ത മറ്റൊരു ഈശ്വര വിശ്വാസത്തിന്റെ ഈറ്റില്ലമാകാൻ പൊയ്കയിൽ യോഹന്നാനെ പ്രേരിപ്പിച്ച ഘടകവും അതുതന്നെയല്ലേ? സുറിയാനി നാട്ടിൽ നിന്നും ഇറക്കുമതി ചെയ്തതല്ല ഇവിടുത്തെ ഒരു കൂട്ടം വിശ്വാസികളെ. ഈ മണ്ണിന്റെ ഗന്ധവും ബന്ധവും ഉള്ള യഥാർത്ത മനുഷ്യരിൽ നിന്നുമാണ് നാം എല്ലാം, ദൈവമക്കളും, ഒരപ്പത്തിനും പാനപാത്രത്തിനും ഒരേ ദൈവരാജ്യത്തിനും അവകാശികൾ ആയതെന്ന് നാം പരസ്പരം കണ്ടുകൊണ്ടും ഓർത്തു കൊണ്ടുമായിരിക്കണം മുന്നേറേണ്ടത്.
അന്യായവും ക്രിമിനൽ കുറ്റവും ആണ് ജാതി പ്പേരിൽ പരസ്യപ്രസ്താവന നടത്തുന്നതും ആക്ഷേപിക്കുന്നതും. അത് അപഹാസ്യവും നിന്ദയുമാണ്. അതെല്ലാം അറിഞ്ഞിരിക്കെ സഭാവിശ്വാസികളെ അപ്പേരിൽ സംബോധന ചെയ്യുന്നത് ദൈവ സഭകളിലെ ശുശ്രൂഷർക്ക് യോഗ്യമാണോ? സ്ഥലം മാറ്റം വരുംമ്പോൾ സ്വന്തം നിറത്തിലുള്ള സഭകിട്ടിയില്ലങ്കിൽ അതിന്റെ പേരിൽ പോകാതെ നിൽക്കുന്നവർ ഏത് ദൈവരാജ്യമാണ് പ്രസംഗിക്കുന്നത്? പല സഭാ പ്രസ്ഥാനങ്ങളിലും ഈ വർണ്ണ വിവേചനം കേൾക്കുന്നു എന്നത് ലജ്ജാകരം അത്രേ. ഏത് സ്വർഗ്ഗം ആണ് അവർ കാംഷിക്കുന്നത്? ഏത് സുവിശേഷമാണ് അവർ പ്രസംഗിക്കുന്നത്? ഏത് ആത്മാവിനെയാണ് അവർ പ്രാപിച്ചിരിക്കുന്നത്? അമേരിക്കയിലോ, യൂറോപ്പ്യൻ രാജ്യത്തോ കറുത്തസായിപ്പിന്റെ മുഴുത്തതോ, ഉണക്കലോ ആയ സഭ കിട്ടിയാൽ വെളുത്ത ഡോളർ വാങ്ങാൻ ഉത്സാഹം കുറയുമോ? കൂടുമോ? എന്നു ഒന്നു ചിന്തിക്കാൻ മറക്കരുത്. എല്ലാ ദൈവമക്കളും കാലാകാലങ്ങളിൽ തന്ന ഭൗതീകനന്മയുടെയും കൈത്താങ്ങലിന്റെയും കരുതലിന്റെയും ഫലം ആണ് ദൈവസഭ ഇന്ന് വളരുകയും സമ്പാദ്യങ്ങൾ ഉണ്ടാക്കുവാൻ ഇടയായതും എന്ന്‌ ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഒന്നു ഓർക്കുക. വെളുപ്പിന് കറുപ്പിനോടും, കറുപ്പിന് വെളുപ്പിനോടും ഉള്ള ശീതയുദ്ധം അവസാനിപ്പിച്ചു മുന്നേറുവാൻ ഇനി വൈകരുത്.
ജാതി വ്യവസ്ഥകളുടെ മതിൽക്കെട്ടുകളും, ഇടുങ്ങിയ ചിന്തകളും, പുച്ഛമനോഭാവവും എടുത്തു മാറ്റിയില്ലെങ്കിൽ വർഗ്ഗീയ വിഷം പിന്നെയും വരും തലമുറകളിലേക്ക് കുത്തിവെക്കുന്ന അയിത്തക്കാരായി ഇക്കൂട്ടർ മാറില്ലേ എന്ന്‌ സകല സഭാ നേന്ത്രത്വങ്ങളും മനസിലാക്കുന്നത് നന്നായിരിക്കും. നവോത്ഥാ നത്തിന്റെ അടിസ്ഥാനമായ യേശുക്രിസ്തു ജാതിവ്യവസ്ഥയുടെ നടുച്ചുവരുകളെ ഇടിച്ചുമാറ്റി സകല മനുഷ്യർക്കും ഒരുപോലെ നിത്യജീവൻ ഒരുക്കി. ആ യേശുവിന്റെ ശിഷ്യന്മാർ അപ്രകാരം ആയിരുന്നു എന്നും നമ്മൾ ഓർക്കണം. എങ്കിൽ മാത്രമേ ഏകസാഹോദര്യ ബന്ധത്തിൽ ദൈവസഭ വളരുകയും ആത്മാക്കളെ നേടുവാനും പറ്റുകയുള്ളു എന്നു മനസിലാക്കാൻ ഇനി വൈകരുത്. പെന്തകോസ്തുകാർ ദുരുപദേശത്തിൽ നിന്നു മാത്രമല്ല വർണ്ണ വിവേചനത്തിൽ നിന്നും വേർപെട്ടവരാണ്. പ്രത്യക്ഷത്തിൽ ഇപ്പോഴും ആ വേർകൃത്യം ഉണ്ടങ്കിൽ ഹൃദയത്തിൽ അതിന്റെ നടുച്ചുവർ എത്രയോ വലുതായിരിക്കും. സ്നേഹിക്കാം നാം നമ്മെ മറന്നു സാക്ഷാൽ ദൈവത്തെ ഓർത്ത് അന്യോന്യം, ജാതീയ തൃഷ്ണ ഇല്ലാതെ. ഒന്നു കൂടി നമുക്ക് താഴം. ഒരു പടി കൂടി ഇറങ്ങി വിനയത്തോടും ബഹുമാനത്തോടും ഏക സാഹോദര്യ ബന്ധത്തോടും മറ്റുള്ളവരെ നമ്മെക്കാൾ ശ്രേഷ്ഠർ എന്നു കണ്ട്‌ കർത്തൃവേലയിൽ വർധിച്ചു വരാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.