ലേഖനം:തെറ്റിപ്പോകുന്ന തലമുറകൾ | ജെ പി വെണ്ണിക്കുളം

ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളാണ് നാം കേൾക്കുന്നത്. കൗമാരക്കാരുടെ ഇടയിൽ പോലും ലൈംഗീക അതിക്രമങ്ങളും കൊലപാതകങ്ങളും സാധാരണമാകുന്നു!ഇന്നത്തെ തലമുറകളുടെ അപഥസഞ്ചാരത്തിൽ മനം നൊന്തു പിടയുന്ന ധാരാളം മാതാപിതാക്കളുണ്ട്. മക്കളെ നേർവഴിക്കു നടത്തേണ്ട സമയത്തു അതു ചെയ്യാതെ പിന്നീട് ദുഃഖിക്കുന്നതിൽ അർഥമില്ല. ഇന്ന് കുഞ്ഞുങ്ങളെ ധാർമ്മിക ബോധമുള്ളവരായി വളർത്താൻ കഴിയാതെ അവരുടെ ഇഷ്ടത്തിന് വിടുന്നു. സണ്ഡേസ്കൂളിന് പോലും പോകാൻ സമയമില്ലാതെ പഠനത്തിന് പിന്നാലെയാണ്. അതിനു മുൻകൈ എടുക്കുന്നത് മാതാപിതാക്കളും. പിന്നീട് കുട്ടികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ സഭാ ശുശ്രുഷകനെയും സഭയെയും പോലും കുറ്റപ്പെടുത്താൻ മടിയില്ലാത്ത മാതാപിതാക്കൾ! നിങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചില്ല എന്നു പറഞ്ഞു തങ്ങൾ ‘നിരപരാധികൾ’ എന്നു തെളിയിക്കാൻ ശ്രമിക്കും.
കുടുംബാന്തരീക്ഷത്തിൽ തന്നെ കുട്ടികൾക്ക് വാത്സല്യവും സ്നേഹവും ലഭിക്കണം. അതിനു പകരം എന്തിനും ഏതിനും ശകാരിക്കുകയാണെങ്കിൽ അവർ നിങ്ങളെ വെറുത്താൽ അത്ഭുതപ്പെടാനില്ല. സ്നേഹം നല്കേണ്ടിടത്തു സ്നേഹം നൽകണം. ശാസനയും ശിക്ഷയും നല്ലതു തന്നെ പക്ഷെ അവരെ തളർത്താനാകരുത്. കുടുംബ പ്രാർത്ഥനകൾ നിർബന്ധമാക്കണം. വ്യക്തിപരമായി പ്രാർത്ഥിക്കാനും അവരെ ശീലിപ്പിക്കണം. ഇന്നല്ലെങ്കിൽ നാളെ അവർ നല്ല കുട്ടികൾ ആകും അതിൽ സംശയം വേണ്ട. അവരെ ഓർത്തു ദിവസവും പ്രാർത്ഥിക്കണം. കഴിയുമെങ്കിൽ കരം വച്ചു അനുഗ്രഹിച്ചു പ്രാർത്ഥിക്കണം. വചനം അവരെ നന്നായി പഠിപ്പിക്കണം. ദൈവീക വിഷയങ്ങൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാൻ അവരെ പരിശീലിപ്പിക്കണം. മറ്റു കുഞ്ഞുങ്ങളെ വച്ചു നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്യരുത്. അവർ നിങ്ങൾക്ക് പ്രിയമുള്ളവർ തന്നെ എങ്കിലും അവരുടെ അഭിരുചികളെ പ്രോത്സാഹിപ്പിക്കണം. അവരെ നിങ്ങളോടു ചേർത്തു നിർത്തണം. വഷളത്വം നിറഞ്ഞ ലോകത്തിൽ ദൈവത്തിനു കൊള്ളാവുന്നവരായി വളർത്തണം. അവർ നിങ്ങൾക്ക് ഒരു ശാപമല്ല, അനുഗ്രഹം തന്നെ ആയിരിക്കും. അവരെ ശപിക്കരുത്.
സോഷ്യൽ മീഡിയയുടെ കടന്നു കയറ്റം ഇന്ന് സ്വകാര്യതയെ പോലും നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ തെറ്റും ശരിയും അവരെ പറഞ്ഞു മനസിലാക്കണം. അരുതാത്ത ഒരു നോട്ടം പോലും തിരിച്ചറിയാൻ അവർക്ക് കഴിയും വിധം ബോധനം നൽകണം. അവർ ഭാവി വാഗ്ദാനങ്ങൾ ആണെന്ന കാര്യം നാം മറക്കരുത്. കഴിവും താലന്തും ഉള്ളവർക്ക് വളർന്നു വരാൻ ഇന്ന് ധാരാളം സാധ്യതകൾ ഉള്ളപ്പോൾ അതു പ്രയോജനപ്പെടുത്തുവാൻ അവരെ ഉപദേശിക്കണം. ആദ്യമൊക്കെ പലതും ഉൾക്കൊള്ളാൻ അവർക്ക് പ്രയാസം തോന്നിയാലും അവരുടെ ഗുണത്തിനാണെന്ന വിചാരം വന്നു കഴിയുമ്പോൾ കാര്യം എളുപ്പമാകും. പഠിക്കുവാനും വിനോദത്തിനായുമുള്ള സമയം അവർക്ക് ലഭിക്കണം. അവരുടെ സുഹൃത്തുക്കൾ എങ്ങനെയുള്ളവർ എന്നു അന്വേഷിക്കുന്നതിൽ തെറ്റില്ല. നിങ്ങളുടെ ശ്രദ്ധ അവരുടെ മേൽ ഉണ്ടെന്നു വന്നാൽ അവർ തെറ്റിപ്പോകാനുള്ള സാധ്യത കുറവാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.