ലേഖനം:കവർച്ചക്കാരന്റെ കരുതൽ പ്രസംഗം | ബിജു പി. സാമുവൽ

20 വർഷം മുൻപ് കേരളത്തിലെ ഒരു കൺവെൻഷനിൽ പങ്കെടുത്തു . ഇന്നത്തെപോലെ രാഷ്ട്രീയക്കാരുടെ അതിപ്രസരം കൺവെൻഷനുകളിൽ ഇല്ലെങ്കിലും അവിടെയുംഅന്ന് ഒരു ലോക്കൽ എം.എൽ.എ. എത്തി . സംഘാടകർ അദ്ദേഹത്തിന് ആശംസക്ക് അവസരം നൽകി . അദ്ദേഹം ഉദ്ധരിച്ച ബൈബിൾ വാക്യം വളരെ ശ്രദ്ധേയമായിരുന്നു . “നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലയോ?” .കൺവെൻഷനിൽ പങ്കെടുത്ത സ്ത്രീസമൂഹത്തിന്റെ ഇടയിൽ , നമ്മുടെ ഭാഷയിൽ പറഞ്ഞാൽ, ആത്മാവിന്റെ വലിയ ഒരു തിരത്തള്ളലാണ് അത് ഉണ്ടാക്കിയത് . അതിനുശേഷം പ്രസംഗിച്ച പ്രധാന പ്രസംഗകന് ജനങ്ങളുടെ ഇടയിൽ അത്ര വലിയ “ഒരു ചലനം” ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം .
കാരണം ഒരിക്കലും യേശുവിന്റെ നാമത്തെ ഉയർത്താത്ത ഒരു അക്രൈസ്തവ എം.എൽ.എ. ദൈവനാമത്തെ ഉയർത്തിയപ്പോൾ നമുക്ക് അദ്ദേഹം മഹാനായി മാറി .

ഇലക്ഷൻ സമയങ്ങളിൽ സ്ഥാനാർത്ഥികൾ നമ്മുടെ സഭയിൽ വന്ന് പാസ്റ്റർമാരോട് തങ്ങൾക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു . നമ്മുടെ പാസ്റ്റർമാർ അത് തങ്ങൾക്കു ലഭിക്കുന്ന വലിയ അംഗീകാരമായും കണക്കാക്കുന്നു . എന്നാൽ നമ്മുടെ സഭയിലെ പ്രാർത്ഥനയ്ക്കുശേഷം ഇറങ്ങുന്ന സ്ഥാനാർത്ഥികൾ നേരെ പോകുന്നത് തൊട്ടടുത്തുള്ള ക്ഷേത്ര പൂജാരിയുടെ അനുഗ്രഹം വാങ്ങുന്നതിന് ആണെന്നുള്ളത് നാം മനസ്സാ മറന്നുകളയുന്നു .

രാഷ്ട്രീയക്കാർക്ക് തങ്ങൾ നിൽക്കുന്ന സ്റ്റേജിന് അനുസരിച്ച് ഭാവം മാറ്റാനും പ്രസംഗം നടത്താനും കഴിയും .
( ഓന്ത് ഇരിക്കുന്ന പ്രതലത്തിന് അനുസരിച്ച് വരുത്തുന്ന മാറ്റത്തിന് വർണ്ണ പരിവർത്തനം (Metachrosis) എന്നാണ് പറയുക ). നാല് വോട്ടിനു വേണ്ടി രാഷ്ട്രീയക്കാർ അതിലും അപ്പുറം ചെയ്യും .

post watermark60x60

പെന്തക്കോസ്തുകാരുടെ സഭയിലെ യേശുവാണ് യഥാർത്ഥ യേശു എന്ന് കഴിഞ്ഞദിവസം ഒരു രാഷ്ട്രീയക്കാരൻ ഒരു കൺവെൻഷനിൽ ഘോഷിച്ചപ്പോൾ ചിലരൊക്കെ ആനന്ദനിർവൃതിയിൽ ആറാടി .

ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ച് രാഷ്ട്രീയക്കാർ പ്രസംഗിക്കുന്നത് കാണുമ്പോൾ നാം അവരെ ആത്മീയതയുടെ കൊടുമുടിയിൽ നിൽക്കുന്നവരായും ക്രിസ്ത്യാനികളുടെ സംരക്ഷകരായും പ്രതിഷ്ഠിക്കുന്നു .
മോഷ്ടിക്കാനും അറുപ്പാനും മുടിപ്പാനും വിദഗ്ധനായ സാത്താൻ ദൈവത്തിന്റെ കരുതലിനെക്കുറിച്ച് യേശുവിനോട് തന്നേ പ്രസംഗിച്ചത് ലൂക്കോസ് 4: 9 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ ശ്രദ്ധിക്കുക . അതുകൊണ്ട് പ്രസംഗത്തിന്റെ മേന്മകൊണ്ട് ഒരാൾ നന്മയുള്ളവൻ ആണെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് .

കൺവെൻഷൻ സംഘാടകനായ പാസ്റ്റർ മുഖേന യേശു തന്റെ ജീവിതത്തിലെ മുഴുവൻ കാര്യങ്ങളും വെളിപ്പെടുത്തി എന്നും അതുകൊണ്ട് യേശുവാണ് ദൈവം എന്നും രാഷ്ട്രീയ- സിനിമാക്കാരൻ ഒരു കൺവെൻഷനിൽ
വെളിപ്പെടുത്തിയപ്പോൾ സംഘാടകൻ ആനന്ദാശ്രു പൊഴിച്ചു .എന്നാൽ യേശു ദൈവമാണെന്ന് ഘോഷിച്ച ഈ രാഷ്ട്രീയ- സിനിമാക്കാരന്റെ ജീവിതത്തിൽ ദൈവത്തിലേക്കുള്ള എന്ത് മാറ്റമാണ് പിന്നീടുണ്ടായിട്ടുള്ളത്‌ ?.

ഇങ്ങനെയുള്ളവരുടെ സാക്ഷ്യം വേണമോ യേശുവിൻ നാമം മഹത്വപ്പെടാൻ ?

യേശു കഫർന്നഹൂമിൽ പള്ളിയിൽ ചെന്നപ്പോൾ അവിടെ ഉണ്ടായിരുന്ന അശുദ്ധാത്മാവ് ബാധിച്ച ഒരുത്തൻ “യേശു ദൈവത്തിന്റെ പരിശുദ്ധൻ തന്നേ” എന്ന് ഉറക്കെ നിലവിളിച്ചതായി മർക്കോസ് 1:24-ൽ വായിക്കുന്നു . എന്നാൽ അതിനെ ശാസിച്ചിട്ട് യേശു പറഞ്ഞ ഒരു വാക്ക് ശ്രദ്ധേയമാണ് , “മിണ്ടരുത്”.

യേശു ദൈവത്തിന്റെ പരിശുദ്ധൻ തന്നെയാണെന്നുള്ള സാക്ഷ്യം സത്യമാണെങ്കിലും , അത് അശുദ്ധാത്മാവ് ബാധിച്ചവന്റെ അധരത്തിൽനിന്ന് കേൾക്കാൻ കർത്താവ് ആഗ്രഹിക്കുന്നില്ല . അതുകൊണ്ടാണ് അവനോട് മിണ്ടരുതെന്ന് യേശു കൽപ്പിച്ചത് .

അത്യുന്നത ദൈവത്തിന്റെ പരിശുദ്ധൻ എന്ന് യേശുവിനെ ഉയർത്തിയവന്റെ പ്രശംസാ വാക്കിനു മുമ്പിൽ യേശു മയങ്ങി വീണില്ല . യേശു അവനെ ശാസിച്ചു , മിണ്ടാതാക്കി . പക്ഷേ ഇന്നുള്ള ശിഷ്യന്മാർ ഇങ്ങനെയുള്ള അശുദ്ധാത്മാവ് ബാധിച്ചവരെയും ധാർമികതയോ നാക്കിന് നിയന്ത്രണണമോ
ലവലേശം പോലും
ഇല്ലാത്തവനെയും ചേർത്തു നിർത്തി അവർക്ക് ഓശാന പാടുന്നു . അവരെ സ്റ്റേജിൽ കയറ്റി യേശുവിന് മഹിമ വർധിപ്പിക്കാൻ വെമ്പൽകൊള്ളുന്നു .

അശുദ്ധാത്മാവ് ബാധിച്ചവന്റെ സാക്ഷ്യം മൂലമല്ല യേശു ദൈവമാണെന്ന് ലോകം അറിയേണ്ടത് . യേശുവാണ് ദൈവമെന്ന് ഘോഷിക്കേണ്ടത് ദൈവത്തെ അറിയാത്ത ഒരു രാഷ്ട്രീയക്കാരനുമല്ല . നീതിയിലും വിശുദ്ധിയിലും ജീവിക്കുന്ന ഒരു ദൈവ ഭക്തനാണത് ചെയ്യേണ്ടത്‌ .

അശുദ്ധിയുളളവന്റെ നാവിൽ നിന്നു വീഴുന്ന ആരാധനാ ശബ്ദം യേശുവിന് അറപ്പാണെന്ന് ഇനി എന്നാണ് നാം പഠിക്കുക . വിശുദ്ധിയോടെ ഹൃദയാന്തർഭാഗത്ത് നിന്നും ഉയർത്തുന്ന സ്തുതിയാണ് ദൈവത്തിന് പ്രസാദം.

കൺവെൻഷൻ പന്തലിന്റെ കാൽ നാട്ടാൻ പോലും അവിശ്വാസിയും ജഡികനെയും അനുവദിക്കാതിരുന്ന പഴയകാല ദൈവ ഭൃത്യന്മാർ നമുക്ക് ഉണ്ടായിരുന്നു . ഇന്ന് അവരുടെ പിൻഗാമികൾ യേശുവുമായി വ്യക്തിപരമായ ഒരു ബന്ധവുമില്ലാത്ത രാഷ്ട്രീയക്കാർക്കായി നമ്മുടെ കൺവെൻഷൻ സ്റ്റേജുകൾ പങ്കിടുവാൻ മത്സരിക്കുന്നത് കാണുമ്പോൾ നമ്മുടെ നിലവാരത്തകർച്ച എത്ര വലുതാണെന്ന് മനസ്സിലാക്കുക .

പതിനായിരങ്ങൾ പങ്കെടുത്ത ഒരു കൺവെൻഷനിൽ ആശംസ പറയാനെത്തിയ രാഷ്ട്രീയനേതാവ് അമൃതാനന്ദമയിയെ യേശുവിനോടൊപ്പം ചേർത്തുനിർത്തിയതും നാം മറക്കരുത് .

രാഷ്ട്രീയ നേതാക്കളുടെ 56 ഇഞ്ച് നെഞ്ചളവിന്റെ മഹിമ കേൾക്കാനല്ല വിശ്വാസികൾ കൺവെൻഷനിൽ എത്തുന്നത് . അവിടെ അവർ കർത്താവിന്റെ സ്നേഹത്തിന്റെ വീതിയും നീളവും ആഴവും ഉയരവും ഗ്രഹിക്കട്ടെ .

അവിടെ നമുക്ക് യേശുവിനെയും അവന്റെ ക്രൂശിന്റെ മാഹാത്മ്യത്തെയും മാത്രം ഉയർത്താം

-ADVERTISEMENT-

-ADVERTISEMENT-

You might also like