റ്റിപിഎം ചെന്നൈ സാർവ്വദേശീയ കൺവൻഷൻ

 

ചെന്നൈ: ഏഷ്യയിലെ ഏറ്റവും വലിയ പെന്തെക്കൊസ്ത് കൺവൻഷനും റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമവുമായ ചെന്നൈ സാർവ്വദേശീയ കണ്‍വൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും മാർച്ച്‌ 6 മുതൽ 10 വരെ ചെന്നൈ താമ്പരത്തിനു സമീപം ഇരുമ്പുലിയൂർ ദി പെന്തെക്കൊസ്ത് മിഷൻ സഭ ആസ്ഥാനത്തു നടക്കും.
കൺവൻഷന് മുന്നോടിയായി സഭ ആസ്ഥാനത്ത് നിന്നും ശുഭ്രവസ്ത്രധാരികളായ പതിനായിരക്കണക്കിന് വിശ്വാസികളും ശുശ്രൂഷകരും പങ്കെടുക്കുന്ന സുവിശേഷ വിളംബര റാലി നടക്കും.
ബുധനാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 6 ന് സുവിശേഷ പ്രസംഗവും
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച രാവിലെ വരെ 4 ന് സ്തോത്ര പ്രാർത്ഥന, 7 ന് വിശ്വാസികൾക്കും ശുശ്രൂഷകർക്കും പ്രത്യേക ബൈബിൾ ക്ലാസ്, 9:30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും യുവജന മീറ്റിങ്ങും കാത്തിരിപ്പ് യോഗവും ഉണ്ടായിരിക്കും. കുട്ടികൾക്കായി ചിൽഡ്രൻസ് ഷെഡിൽ വിവിധ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഞായറാഴ്ച സ്നാന ശുശ്രൂഷയും രാവിലെ 9 ന് സംയുക്ത വിശുദ്ധ സഭായോഗവും തുടർന്ന് ശിശു പ്രതിഷ്ഠ ശുശ്രൂഷയും വൈകിട്ട് 6 ന് പ്രത്യേക ദൈവീക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
കൺവൻഷനിൽ സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും. ചീഫ് പാസ്റ്റർമ്മാരും സെന്റർ പാസ്റ്റർമ്മാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. പ്രസംഗം തത്സമയം ഇംഗ്ലീഷ്, തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി, പഞ്ചാബി, സിംഹള, നേപ്പാളി, നാഗാമിസ് തുടങ്ങിയ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തും.
മാർച്ച്‌ 5 ചൊവ്വാഴ്‌ച രാവിലെ മുതൽ 6 ബുധനാഴ്ച ഉച്ച വരെ ശുശ്രൂഷക സമ്മേളനവും മാർച്ച്‌ 11 തിങ്കളാഴ്‌ച രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും സഭയുടെ വാർഷിക ജനറൽബോഡി യോഗവും നടക്കും.
കണ്‍വൻഷന്റെയും രോഗശാന്തി ശുശ്രൂഷയുടെയും അനുഗ്രഹത്തിനായി മുഴു ലോകത്തിലും ഉള്ള റ്റിപിഎം സഭകളിൽ ഉപവാസ പ്രാർത്ഥനയും ചെന്നൈയിലെ സഭ ആസ്ഥനത്ത് ‘ഗ്രേസ് ഹാളില്‍’ കണ്‍വൻഷന്റെ ആരംഭ ദിവസം മുതൽ സമാപന ദിവസം വരെ 24 മണിക്കൂര്‍ പ്രയർ ചെയിനും ഉപവാസ പ്രാർത്ഥനയും നടക്കും.
വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവരും മറ്റു പ്രധാന ശുശ്രൂഷകരും കൺവൻഷനു നേതൃത്വം നൽകും.
ഭക്ഷണം, താമസം സൗജനൃമായി ഒരുക്കിയിട്ടുണ്ട്. താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈ എയർപോർട്ടിൽ നിന്നും പ്രത്യേക ബസ്‌ സർവീസുകൾ തമിഴ്നാട്‌ സർക്കാര്‍ ക്രമീകരിച്ചു. ബസ്‌, എയർ ടിക്കറ്റ്‌ എടുക്കുവാൻ ഉള്ള ക്രമീകരണങ്ങളും റെയിൽവേയുടെ പ്രത്യേക കൗണ്ടറും സഭ ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. കൺവൻഷന്റെ എൻക്വയറി കൗണ്ടറുകൾ താമ്പരം, ചെന്നൈ റെയിൽവേ സ്റ്റേഷനിലും ചെന്നൈ എയർപോർട്ടിലും കൺവൻഷൻ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. ആയിരത്തോളം വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും.
സഭക്ക് നാലു സാർവ്വദേശീയ കൺവൻഷനുകളാണുള്ളത്. സഭ ആസ്ഥാനമായ ചെന്നൈ ഇരുമ്പുലിയൂരിലും കേരളത്തിൽ കൊട്ടാരക്കരയിലും അമേരിക്കയിൽ പെൻസിൽവാനിയയിലും ശ്രീലങ്കയിൽ കോക്കാവിളയിലുമാണ് സാർവ്വദേശീയ കൺവൻഷനുകൾ നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading