ലേഖനം:ആത്മീയ ജീവിതത്തിലെ ആത്മവിശ്വാസം!! | പാസ്റ്റർ ഷാജി ആലുവിള

ഏത് മനുഷ്യന്റെയും ജീവിത മുന്നേറ്റത്തിനും വിജയനുഭവത്തിനും ആത്മ ധൈര്യം അനിവാര്യമാണ്. ജീവിത വിജയത്തിന് ഒരാളുടെ പെരുമാറ്റം പ്രവർത്തി എന്നിവ തന്റെ വ്യക്തിത്വത്തിലൂടെ ആണ് പ്രകടമാകുന്നത്. സംസാരശൈലി, മുഖത്തെ ഭാവപ്രകടനം, ശാരീരിക ചലനങ്ങൾ, ഏറ്റെടുത്തിരിക്കുന്ന പ്രവർത്തിയുടെ രീതികൾ എല്ലാം ആത്മ വിശ്വാസത്തെ(self confidence) എടുത്തറിയിക്കുന്ന ഘടകങ്ങളാണ്.
ആത്മീയ ജീവിതത്തിലുള്ള (spiritual life) ആത്മധൈര്യമാണ് ഒരു വിശ്വാസിയെ ലോകമനുഷ്യനിൽ നിന്നും വ്യത്യസ്തനാക്കുന്നത്. ആത്മ വിശ്വാസമുള്ള വ്യക്തി യാഥാർഥ്യ ബോധത്തോടെ വസ്തുതകളെയും സ്വന്തം കഴിവുകളെയും വിലയിരുത്തി ലക്ഷ്യത്തിൽ എത്തും. ദൈവത്തിലുള്ള ആഴമായ വിശ്വാസവും ഉറപ്പും ആത്മവിശ്വാസത്തോടുകൂടി കാത്തു സൂക്ഷിക്കുമ്പോൾ വിജയം ഉറപ്പാണ്. ഒരു ലക്ഷ്യം മുന്നിൽ കാണുകയും വ്യക്തമായ പദ്ധതിയിലൂടെ അത് വിജയത്തിൽ എത്തിക്കയും ചെയ്യുമ്പോൾ ആണ് ഒരാളിൽ ആത്മവിശ്വാസം ഉണ്ടന്ന് പറയപ്പെടുന്നത്.
ആരെയും അംഗീകരിക്കാത്ത ചില ആത്മീയ പ്രകടനക്കാർ മുമ്പും പിമ്പും നോക്കാതെ മർക്കടമുഷ്ടിയോടെ പെരുമാറുന്നതിനെ ആത്മീയതയിലെ ആത്മ വിശ്വാസമായി കാണുന്നവരുണ്ട്. അതുപോലെ തന്നെ മറ്റുള്ളവരെ മാനിക്കാതെ പെരുമാറുകയും ഉച്ചത്തിൽ ബഹളം വെക്കുകയും ചെയ്യുന്നത് ആത്മ വീര്യം ഉള്ള ആത്മീയന്റെ ലക്ഷണം അല്ല

ആത്മ വിശ്വാസം പോലെ തന്നെ, ഒരാൾക്ക് മറ്റുള്ളവരിലുള്ള വിശ്വാസത്തിനും ഗണ്യമായുള്ള പങ്കുണ്ട്. ആത്മീയജീവിതത്തിന്റെ അടിസ്ഥാനം തന്നെ ദൈവത്തിലുള്ള വിശ്വാസം ആണല്ലോ. ആരെയും കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റാത്ത ഈ കാലഘട്ടത്തിൽ ദൈവത്തിൽ മാത്രം ആശ്രയിക്കയും ദൈവമക്കളിൽ ഏറെക്കുറെ ഏവരെയും വിശ്വസിക്കുകയും ചെയ്യാം. ചിലപ്പോൾ ആത്മ വിശ്വാസത്തെ തകിടം മറിക്കുന്ന വിധത്തിൽ ചിരിച്ചുകൊണ്ട് കൂടെ നിന്നു ആരാച്ചർ ആകുന്നവരും നമ്മുടെ ഇടയിൽ ഉണ്ട്. ആത്‍മവിശ്വാസമുള്ളവർക്ക് ഒരു ചിരി മതി മറ്റുള്ളവരെ സ്വാധീനിച്ചു വിശ്വാസം ഉളവാക്കുവാൻ. ഉള്ളിൽ പൊള്ളത്തരം ഉള്ള ആളിന് അതൊട്ടു സാധിക്കത്തുമില്ല.

ആത്മ വിശ്വാസം ക്ഷണനേരം കൊണ്ട് ഉളവാകുന്നതോ ഉടനടി നശിക്കുന്നതോ അല്ല. അനാത്മീകതയുടെ അതിപ്രസരം മറ്റുള്ളവരിൽ നിന്നുമുള്ള ആത്മ വിശ്വാസത്തിനു കോട്ടം സംഭവിപ്പിക്കും. സ്വയസിദ്ധത നേടിയാൽ ഏതുവ്യക്തിക്കും ആത്മ ധൈര്യം വളർത്തിയെടുക്കുവാൻ സാധിക്കും. ജീവിതത്തിൽ അഭിമുകീകരിക്കുന്ന വിഷയങ്ങളെ ചെറുതായി കാണുകയും ദൈവത്താൽ അതിന്റെ മേൽ ജയം പ്രാപിക്കയും ചെയ്യുമെന്ന തീവ്രമായുള്ള വിശ്വാസം ആണ് ആത്മവിശ്വാസത്തെ വിശ്വസിയിൽ വർധിപ്പിക്കുന്നത്. പലപ്പോഴും സാഹചര്യം ആത്മവിശ്വാസത്തെ കൂട്ടുകയും കുറക്കുകയും ചെയ്യും. ഒരുവന് മറ്റൊരുവനോട് ഉള്ള മാനസികമായ അകൽച്ച അവർ തമ്മിലുള്ള ആത്മാവിശ്വാസത്തിനു കോട്ടം വരുത്തും. ഒരു പരിധി വിട്ടുള്ള അടുപ്പവും സ്നേഹവും ഒരു പക്ഷെ ഗുണത്തെക്കാൾ ദോഷം ചെയ്തു എന്ന് വരാം. വിരുദ്ധ നിലപാടുകൾ വ്യക്തി ബന്ധങ്ങളിൽ വിള്ളൽ വരുത്തുന്നതാണ് ഇതിനു കാരണം. വ്യക്തി ബന്ധങ്ങളിലുള്ള ശരിയായ അറിവാണ് ആത്മ വിശ്വാസം വർധിപ്പിക്കാൻ ഏക മാർഗ്ഗം. പക്വതയുള്ള ബന്ധങ്ങൾ വളർത്തിയെടുക്കുവാൻ ശ്രമിക്കണം. നല്ലതിനെ അംഗീകരിക്കാൻ അലംഭാവം കാണിക്കുന്നവരുമായുള്ള ആത്മ ബന്ധം ഒരിക്കലും ശ്വാശ്വതം ആകില്ല, അവിടെ ആത്മ ബന്ധവും നഷ്ടപ്പെടുന്നു. നാം അനുഭവിക്കുന്ന വ്യഥകളാൽ ഒഴുക്കുന്ന കണ്ണുനീർ എന്നും നില നിലനിൽക്കുന്നില്ല എന്നുള്ള ഉറച്ച വിശ്വാസം ആണ് ആത്മവിശ്വാസം വർധിപ്പിക്കാൻ ഇടയായി തീരുന്നത്. ഋതു ഭേതം പോലെ ജീവിതനുഭവങ്ങളും മാറി മറിഞ്ഞു വരും. സുഖ ദുഃഖ സമ്മിശ്രിതമായ ജീവിതം എന്നും ഒരു പോലെ ആയിരിക്കില്ല. പ്രോത്സാഹന വാക്കിലൂടെയും സഹകരണത്തിലൂടെയും മറ്റൊരാളിൽ ആത്മ വിശ്വാസം വർധിപ്പിക്കുവാൻ ഇടയാകും.

യഥാർത്ഥ ആത്മീയതക്കു അനിവാര്യമായ ശക്തി സ്രോതസുകളാണ് ദൈവീക വിശ്വാസം. പ്രാർഥനയും ഉപവാസവും യാഥാവിധം പാലിക്കുന്ന ഒരു വ്യക്തിക്ക് ആത്മീയ ഉന്നതിക്കൊപ്പം ആത്മവിശ്വാസവും വർധിക്കുന്നു. മോശ, നേഹമ്യാവ്, ദാവീദ്, ഡാനിയേൽ എന്നിവരുൾപ്പെടെ മറ്റനേക വിശുദ്ധൻമാർ ആത്മധൈര്യം പ്രാപിച്ചത് ദൈവത്തിലുള്ള ആത്മീയ വിശ്വാസത്താൽ ആണ്. യഥാർത്ഥ ആത്മീയർ സജ്ജീവം ആയിരിക്കും എപ്പോഴും ആത്മീയ മേഖലകളിൽ. ആത്മാവിന്റെ ഫലത്താൽ അത്രേ ഒരു ആത്മീയനെ തിരിച്ചറിയുവാൻ ഇടയാകുന്നത്. സാഹചര്യം അനുസരിച്ച്‌ എന്തിനും വിധേയപ്പെടുന്ന, എങ്ങനെയും ജീവിക്കുന്ന സ്വഭാവം ആത്മീയർക്കു യോഗ്യവും അല്ല. സ്വാർത്ഥ താല്പര്യങ്ങൾക്കും ദൈവഹിതമല്ലാത്ത ഒത്തുതീർപ്പുകൾക്കും ആത്മീയ മൂല്യങ്ങൾ ബലികഴിക്കരുത്. ആത്മീയ മൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ധാർമ്മികതയിൽ അടിസ്ഥാനപ്പെട്ട നിലപാടും ദർശനവും സമീപനവും സംരക്ഷിക്കുവാൻ എല്ല സാഹചര്യത്തിലും യഥാർഥ ആത്മീയനു സാധിക്കുമ്പോൾ ആണ് “ആത്മീയ ജീവിതത്തിലെ ആത്മ വിശ്വാസം വർധിക്കുവാൻ “ഇടയാക്കുന്നത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.