ലേഖനം:മനസ്സുകൾ നന്മയുടെ വിളനിലമാവട്ടെ | സോബി ജോർജ്, ഡെറാഡൂൺ

ധാർമികത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ക്രിസ്തുവിനെ ക്രൂശിച്ചതും ധാർമികത നഷ്ടപെട്ട ജനത്തിന് നിത്യജീവന്റെ (നന്മയുടെ )വചനം നല്കിയതുകൊണ്ടാണ്. വേദനയിൽ കിടന്നവർക്കു സൗഖ്യത്തെ നൽകി, നിരാശയിൽ ആയിരുന്നവർക്കു ആശ്വാസം പകർന്നു, അപമാനത്തിന്റെ വക്കിൽ നിന്നവരെ അഭിമാനത്തിലേക്ക് കൈപിടിച്ചുയർത്തി. അങ്ങനെ ജീവൻ കാൽവരി ക്രൂശിൽ പോകുന്ന നിമിഷം പോലും നന്മയുടെ പാഠങ്ങൾ നമ്മെ ക്രിസ്തു പഠിപ്പിച്ചു. “ഇന്ന് നീ എന്നോട് കൂടെ പറുദീസയിൽ ഇരിക്കും “എന്ന് പറയുന്നതിലൂടെ സ്വയം വേദനിക്കുമ്പോഴും മറ്റുള്ളവർക്ക് നന്മ പകരുന്ന ക്രിസ്തുവിനെ നമ്മുക്ക് കാണുവാൻ കഴിയും. ക്രിസ്തു അനുഭവിച്ച കഷ്ടനുഭവത്തെ കൂടുതലായി അനുസ്മരിക്കുന്ന ഒരു കാലയളവുകളിലേക്കു നാം എത്തുകയാണ്. ക്രിസ്തുവിന്റെ ക്രൂശീകരണത്തെ വിശ്വാസത്തിന്റെ കണ്ണുകളിലൂടെ കണ്ടു വിശ്വസിച്ചു അവന്റെ ശിഷ്യരാകുവാൻ നമ്മുക്ക് കഴിയുന്നുവോ? ഇങ്ങനെ ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ സാക്ഷികൾ ആയ നമുക്ക് ക്രൂശിന്റെ ഈ നന്മ ജീവിതത്തോട് ചേർത്തു നിർത്തുവാൻ കഴിയുമോ?

കരുണയോടെ നമ്മെ നോക്കുന്നവരെ അനുകമ്പയോടെ ചേർത്തുനിർത്തുവാൻ നമുക്ക് കഴിയണം. നന്മ പ്രവർത്തിക്കുവാൻ വൃദ്ധസദനങ്ങളോ…,അനാഥാലയങ്ങളോ തേടി പോകേണ്ട ആവശ്യമില്ല. നമ്മുടെ ചുറ്റുപാടുകളിൽ ആവശ്യങ്ങളിരിക്കുന്നവരെ നമുക്ക് കണ്ടെത്തുവാൻ സാധിക്കും. അവരുടെ ആവശ്യങ്ങളിലേക്കു ഇറങ്ങിച്ചെല്ലുവാൻ നമുക്ക് കഴിയുമ്പോൾ നന്മയുടെ വിത്തുകൾ നമുക്ക് വിതയ്ക്കപ്പെടുവാൻ കഴിയും. ഒരിക്കൽ ഡെറാഡൂണിൽ നിന്നും കേരളത്തിലേക്കുള്ള ഒരു യാത്രയിൽ സമീപത്തിരിന്നു യാത്ര ചെയ്ത ഒരു വൃദ്ധ ദമ്പതികളോട് സംസാരിക്കാൻ അവസരം ലഭിച്ചു. യാത്ര തുടരവെ അവരുടെ ജീവിതത്തെപ്പറ്റി ശ്രവിക്കുവാൻ ദൈവം അവസരം നൽകി. മൂന്നു മക്കൾ ഉള്ള അവർ ഭവനത്തിൽ തനിച്ചാണ് ഏകാന്തത ഓരോ ദിവസവും കൂടിവന്നു. വിദേശരാജ്യങ്ങളിൽ മൂന്നു മക്കളും കുടുംബമായി സ്ഥിരതാമസമാണ്. എട്ട് വർഷമായി അവരെ കാണുവാൻ പോലും ആരും വരുന്നില്ലായിരുന്നു. മക്കൾ അയച്ചുകൊടുത്ത പണം കൊണ്ടു ഗോവയിൽ ഉള്ള ഏതോ വൃദ്ധസദനത്തിലേക്കു അവർ യാത്ര ചെയ്യുകയാണ്. ഞാനുമായി സംസാരിച്ചിരുന്നപ്പോൾ ഞാൻ അവർക്കുവേണ്ടി ഒന്നു പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു അവരോടു അനുവാദം ചോദിച്ചു. അവരുടെ അനുവാദ പ്രകാരം പ്രാർത്ഥിച്ചു. ഏറെ നേരം കഴിഞ്ഞ് യാത്രക്കിടയിൽ അവരുടെ ഒരു മകൾ ഫോണിൽ ഞാനുമായി സംസാരിക്കുവാനായി അവസരം ലഭിച്ചു. പിന്നീടുള്ള സംസാരത്തിൽ ദൈവം അവരുടെ മനസ്സിൽ വലിയ ഒരു മാറ്റം നൽകി, മകൾ എന്നോട് പറഞ്ഞു മാതാപിതാക്കളെ ഞങ്ങൾ കൊണ്ടുപോകുവാൻ തീരുമാനിച്ചു. അതെ പ്രാർത്ഥനയോടൊപ്പം നാം മനസ്സുകളിൽ വിത്തുകൾ വിതയ്ക്കണം.

മനുഷ്യൻ ആഗ്രഹിക്കുന്നത് തികച്ചും ഭൗതീകമായ ഉയർച്ചകൾ മാത്രമല്ല മനസ്സുകളിലെ വിടുതൽ കൂടിയാണ്. ദൈവരാജ്യ പ്രവർത്തനം ആരംഭിക്കേണ്ടത് മനസ്സുകളിൽ നിന്നുമാണ്. ക്രിസ്തുവിനെ അനുഗമിക്കുന്ന നാം ക്രൈസ്തവ ദർശനത്തിനായി നിലനിൽക്കണമെങ്കിൽ ആദ്യം നമ്മുടെ തന്നെ മനസുകളിൽ നന്മയുടെ (സുവിശഷത്തിന്റെ )വിളനിലമായി മാറണം അങ്ങനെയുള്ള മനസ്സുകളിൽ നിന്നാണ് നന്മയുടെ വിത്തുകൾ അനേകരിൽ വിതക്കുവാൻ സാധിക്കു.
ഓരോ ക്രൈസ്തവനും നന്മയിൽ ജീവിക്കുമ്പോൾ അനേകർ ഈ നന്മ അറിയാതെ, അനുഭവിക്കാതെ ദൈവത്തിൽ നിന്നും അകന്നു പോകുന്നു എന്ന യാഥാർഥ്യം നാം ഇനിയും മറന്നുപോകരുത്. അതിരുകളില്ലാത്ത സ്നേഹം നമ്മുടെ കർത്താവ് നമ്മുക്ക് നുകർന്നു നൽകി. എല്ലാ കാര്യങ്ങൾക്കും അതിരുകൾ കൽപ്പിക്കുന്ന ഈ ലോകത്തിൽ, ഏവർക്കും വേണ്ടി തുറന്നിടപെട്ട നന്മയുടെ ലോകം ക്രിസ്തു നമ്മുടെ മനസ്സുകളിൽ (ജീവിതത്തിൽ )പകർന്നു നൽകി. അനേകരെ കർത്താവിന്റെ അതിരുകൾ ഇല്ലാത്ത നന്മയുടെ ലോകത്തിലേക്ക് കൈപിടിച്ച് കൊണ്ടുവരുവാൻ ഈ നാളുകൾ നമ്മുടെ “മനസ്സുകൾ നന്മയുടെ വിളനിലങ്ങൾ “ആയി മാറട്ടെ…….

സോബി ജോർജ്, ഡെറാഡൂൺ
(C S I മിഷനറി, ഉത്തരാഖണ്ട് മിഷൻ )

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.