- Advertisement -

- Advertisement -

ലേഖനം:സ്വന്തം കാര്യം സിന്ദാബാദ് | ബിജു പി. സാമുവൽ,ബംഗാൾ

ദൈവം നമുക്ക് രണ്ടു കരങ്ങൾ നൽകിയത് ഒന്നിലൂടെ സ്വീകരിക്കുവാനും മറ്റേതിലൂടെ നല്കുവാനും ആണെന്ന് Dr. ബില്ലി ഗ്രഹാം പറഞ്ഞതായി വായിച്ചിട്ടുണ്ട് .

post watermark60x60

ആദിമ നൂറ്റാണ്ടിലെ വിശ്വാസികളുടെ ജീവിതം ഇതിനു തത്തുല്യമായിരുന്നു എന്ന് അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകം രണ്ടാം അദ്ധ്യായം 44 മുതൽ 47 വരെ നമ്മെ പഠിപ്പിക്കുന്നു .

വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്ന് എണ്ണി . തങ്ങളുടെ ജന്മ ഭൂമികളും വസ്തുക്കളും വിറ്റ് ഓരോരുത്തർക്കും ആവശ്യമുള്ളതു പോലെ എല്ലാവർക്കും പങ്കിട്ടു .

പുതിയ നിയമ കാലയളവിൽ പൊതു വിതരണ സമ്പ്രദായം ആരംഭിച്ചത് ദൈവസഭ തന്നെയാണ് . തനിക്കുള്ളതൊന്നും സ്വന്തം എന്ന് ആരും പറഞ്ഞില്ല . സകലവും അവർക്ക് പൊതുവായിരുന്നു .

സ്വന്തം എന്നതിന് വിരുദ്ധ ദിശയിലാണ് പൊതുവക നിൽക്കുന്നത് . ദൈവമാണ് എല്ലാറ്റിന്റെയും ഉടമ . എന്റെ കയ്യിലുള്ളതൊന്നും എന്റേതല്ല എന്നു ചിന്തിക്കുന്നവന് മാത്രമേ അതു പങ്കിടാൻ കഴിയൂ . ഓരോരുത്തൻ ആവശ്യമുള്ളത് എടുക്കുകയല്ലായിരുന്നു , പങ്കിട്ടു നൽകുകയായിരുന്നു .
പൊതുവക (Common) എന്നതിന്റെ ലാറ്റിൻ പദമാണ് കമ്മ്യൂണിസ് (Communis) .അതിൽ നിന്നാണ് കമ്മ്യൂണിസം എന്ന വാക്ക് ഉരുത്തിരിഞ്ഞത് .

അക്രമത്തിലൂടെയും ഭീഷണിയിലൂടെയും കൈക്കരുത്തിലൂടെയുമല്ല സഭ സാമൂഹ്യ നീതി നടപ്പാക്കിയത് .
സമത്വം നടപ്പാക്കുന്നതിൽ രാഷ്ട്രീയ പാർട്ടികൾ പരാജയപ്പെടുന്നു . പക്ഷെ സഭ അന്ന് അതിൽ വിജയിച്ചു . സാമ്പത്തിന്റെ വിതരണത്തിലൂടെ സമത്വം എന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കുത്തക മുദ്രാവാക്യം അല്ല .
അതും ബൈബിളിന്റെ സന്ദേശമാണ് . മനപരിവർത്തനത്തിലൂടെ മാനവികത ഉറപ്പാക്കുകയായിരുന്നു അവർ . എങ്ങും സമൃദ്ധി മാത്രം . എല്ലാം വിതരണം ചെയ്യുമ്പോൾ അവർക്ക് ലഭിച്ചിരുന്നത് ഉല്ലാസവും സമൃദ്ധമായ കൃപയുമാണ് .

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ആഹാരവും വസ്ത്രവും ദുരിതമനുഭവിക്കുന്നവർക്കു നൽകി സഹായിക്കുവാനുള്ള ആഹ്വാനവും യോഹന്നാൻ സ്നാപകൻ തന്റെ അടുത്തു വന്നവർക്ക്‌ നൽകുന്നുണ്ട് . ദൈവം നിന്നെ കൂടുതൽ അനുഗ്രഹിക്കും എന്നല്ല , മറിച്ച് നിന്റെ കയ്യിലുള്ളത് സാധുക്കൾക്കു നൽകാനാണ് താൻ ആവശ്യപ്പെട്ടത് .

ദൈവം നൽകിയ ദാനങ്ങൾ കയ്യടക്കി വയ്ക്കുവാനുള്ളതല്ല , അതു വിതരണതിനുള്ളതാണ് .
ആദിമ സഭ സമ്പത്ത് സ്വരൂപിക്കുന്ന സഭ അല്ലായിരുന്നു . അത് വിതരണം ചെയ്യുന്ന സഭ ആയിരുന്നു .

ആദിമ സഭയിലെ തബീഥ എന്ന ശിഷ്യ സമൂഹത്തോടുള്ള തന്റെ കടമകൾ നിർവഹിച്ച ബഹുമാന്യ വനിത ആയിരുന്നു . അവൾ വളരെ സൽപ്രവർത്തികളും ദാനങ്ങളും നിർവഹിച്ചിരുന്നു ( അപ്പൊ.പ്രവൃത്തി. 9:36 ) .

മനുഷ്യ സ്‌നേഹം , പരോപകാര തല്പരത ഒക്കെ കുറയുന്ന ഒരു സ്വാർത്ഥ സമൂഹത്തിലാണ് നാം ജീവിക്കുന്നത് . സ്വന്തം കാര്യം സിന്ദാബാദ് എന്ന മുദ്രാവാക്യമാണ് എങ്ങും ഉയരുന്നത് . സഹജീവികളോടുള്ള ആർദ്രത വെളിപ്പെടുത്തുന്ന തബീഥമാർ ഇന്നിന്റെ ആവശ്യമാണ്.

സഭയെ ദൈവം ആക്കി വച്ചിരിക്കുന്നത് ഈ ലോകത്തിലാണ്. സമൂഹത്തോടും സഹ ജീവികളോടും സഭക്ക് കടമകളുണ്ട് . സമൂഹത്തിന്റെ തകർച്ച സഭയുടെ ഉറക്കം നടിക്കൽ മൂലമാണ് . മദ്യപാനാസക്തി , ലഹരി ഉപയോഗം ഒക്കെ നമ്മുടെ സമൂഹത്തെ കാർന്നു തിന്നുന്നു. കുടുംബത്തകർച്ച അനുദിനം പെരുകുന്നു. സങ്കടങ്ങൾ പങ്കു വയ്ക്കുവാൻ ആളില്ലാതെ നെഞ്ച് തകർക്കുന്ന വേദനയോടെ ദിവസങ്ങൾ തള്ളി നീക്കുന്നവർ , ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്നവർ ഒക്കെ നമ്മുടെ ഈ ചുറ്റുവട്ടത്തുണ്ട് . നാം കൃത്യ സമയത്തു ഒരു ആശ്വാസ വാക്ക് പറഞ്ഞിരുന്നെങ്കിൽ പല ആത്മഹത്യകളും ഒഴിവാക്കാമായിരുന്നു .
അവർക്ക് നേരെ നീട്ടുന്ന സഹായഹസ്തം അവരുടെ ഹൃദയത്തിൽ ഒരു കൈത്തിരി പകരാൻ കാരണമാകുമായിരുന്നു .

ആദിമ സഭയെപ്പറ്റി നാം വായിക്കുന്നത് അവർ സകല ജനത്തിന്റെയും പ്രീതി അനുഭവിച്ചു എന്നാണ് . വിശ്വാസ സമൂഹത്തെ മുഴുവൻ ആളുകളും ഇഷ്ടപ്പെടാൻ തുടങ്ങി . എങ്ങനെ ഇഷ്ടപ്പെടാതിരിക്കും?. എല്ലാം എല്ലാവർക്കുമായി വീതിച്ചു നൽകുന്ന സഭ , ഉല്ലസിക്കുന്ന സഭ , ഹൃദയ പരമാർത്ഥത ഉള്ളവർ….

തങ്ങളും അവരെപ്പോലെ ആയിരുന്നെങ്കിൽ എന്നു പൊതു സമൂഹം ആഗ്രഹിച്ചു കാണും .

സമൂഹത്തിന്റെ ആവശ്യങ്ങളോട് നാം പുറം തിരിഞ്ഞു നിൽക്കരുത്. ആരാധിക്കുന്ന അധരങ്ങളും സഹായിക്കുന്ന കരങ്ങളും നമുക്ക് ഉണ്ടാകണം.
Enter to Worship and Depart to Serve എന്ന ആപ്തവാക്യം ഹൃദയത്തിൽ കരുതിക്കൊള്ളുക .

-ADVERTISEMENT-

You might also like
Comments
Loading...