സമ്പന്ന രാജ്യങ്ങളിലുള്ളവർ ലളിത ജീവിതത്തിലേയ്ക്കു പോകണമെന്ന് മാർപ്പാപ്പയുടെ ക്രിസ്മസ് ഈവ് സന്ദേശം

വത്തിക്കാൻ: പാവങ്ങള്‍ക്കുവേണ്ടി വീണ്ടും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സമ്പന്ന രാജ്യങ്ങളിലുള്ളവർ ലളിത ജീവിതത്തിലേയ്ക്കു പോകണമെന്ന് ക്രിസ്മസ് ഈവ് ആഹ്വാനം.

യേശുവിന്റെ ജനനം ദാരിദ്ര്യത്തിലാണ്. കിടത്തിയത് പുല്‍ക്കൂട്ടിലാണ്. ഇത് എല്ലാവരും ജീവിതത്തില്‍ പകര്‍ത്തണം – ലോകത്തെ പാവങ്ങളും പണക്കാരും തമ്മിലുള്ള അന്തരത്തെ പരാമര്‍ശിച്ച്‌ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറഞ്ഞു.

വത്തിക്കാനില്‍ സെന്റ് പീറ്റേ‍ഴ്സ് ബസിലിക്കയില്‍ പരമ്പരാഗത ക്രിസ്മസ് ഈവ് ആരാധനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രിസ്തുവിന്റെ പിറവി ജീവിക്കാനുള്ള ഒരു പുതിയ വ‍ഴി കാണിച്ചു തരുന്നു. അത് കൂട്ടിവയ്ക്കലിന്റേതും വെട്ടിവി‍ഴുങ്ങലിന്റേതുമല്ല. പങ്കിടലിന്റേതും കൊടുക്കലിന്റേതുമാണ് – പോപ്പ് നിരീക്ഷിച്ചു.

‘നമുക്ക് സ്വയം ചോദിക്കാം: എനിക്ക് ഈ മു‍ഴുവന്‍ ഭൗതികവസ്തുക്കളും സങ്കീര്‍ണ്ണമായ ജീവനച്ചേരുവകളും വേണോ? അനാവശ്യമായ ഈ അധികങ്ങളില്ലാതെ എനിക്ക് ക‍ഴിയാനാകില്ലേ? മഹത്തായ ലാളിത്യത്തിന്റെ ഒരു ജീവിതം ജീവിക്കാനാകില്ലേ?’ – അദ്ദേഹം ഉദ്ബോധിപ്പിച്ചു.

‘പലര്‍ക്കും നേടലിലാണ് ജീവിതത്തിന്റെ അര്‍ത്ഥം. ഭൗതികവസ്തുക്കളുടെ അധികാര്‍ജ്ജനത്തില്‍. മതിവരാത്ത അത്യാര്‍ത്തി മനുഷ്യചരിത്രത്തില്‍ മു‍ഴുവന്‍ കാണാം. ഇന്നുപോലും. വൈരുധ്യമെന്നു പറയട്ടെ, കുറച്ചുപേര്‍ ആര്‍ഭാടത്തോടെ ഭക്ഷിക്കുമ്ബോള്‍ അനേകര്‍ അന്നന്നത്തെ അപ്പമില്ലാതെ ക‍ഴിഞ്ഞുകൂടേണ്ടിവരുന്നു.’ – പോപ്പ് വിശദമാക്കി.

ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പ്പാപ്പയായ അദ്ദേഹം തന്റെ പോപ്പ് ജീവിതത്തിലുടനീളം ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയമാണ് പാവങ്ങളുടെ ജീവിതാവസ്ഥ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.