കോളനിയിലെ ശുദ്ധജല ക്ഷാമം: ലിവിങ്ങ് വാട്ടർ വിഷന്റെ കുടിവെള്ള വിതരണം 2 മാസം പിന്നിട്ടു

 

എടത്വാ: എടത്വാ മുപ്പത്തിമൂന്നിൽചിറ കോളനിയിലെ ജനങ്ങൾ അനുഭവിക്കുന്ന ശുദ്ധജല ക്ഷാമത്തിന് പരിഹാരമെന്ന നിലയിൽ ലിവിങ്ങ് വാട്ടർ വിഷന്റെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണം 2 മാസം പിന്നിട്ടു. കോളനിയിലെ ദീർഘ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപെട്ട് സമർപ്പിച്ച ഹർജിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും ചെയ്തു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ചെയർമാൻ എം. ജയമോഹൻ, ലിവിംങ്ങ് വാട്ടർ വിഷൻ കോർഡിനേറ്റർ എൻ.ജെ സജീവ് എന്നിവർ ചേർന്ന് നല്കിയ ഹർജി ഫയലിൽ സ്വീകരിച്ചാണ് എതിർകക്ഷികളായ ജില്ലാ കളക്ടർ , കുട്ടനാട് തഹസിൽദാർ , എടത്വാ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, വാട്ടർ അതോറിറ്റി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻഞ്ചിനിയർ എന്നിവർ രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ ആവശ്യപെട്ടിരിക്കുന്നത്. കോളനിയിലെ ശുദ്ധജല ക്ഷാമത്തെ പറ്റി വിവിധ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് ഉൾപ്പെടെ ഹർജിയിൽ ഉൾപെടുത്തിയിരുന്നു.
ദീർഘ വർഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന ഈ കോളനിയിൽ 4 ലക്ഷം രൂപ ചെലവഴിച്ച് എടത്വാ ഗ്രാമ പഞ്ചായത്ത് പൈപ്പ് ലൈൻ വലിച്ചെങ്കിലും അതിലൂടെ തുള്ളി വെള്ളം പോലും എത്തിയിട്ടില്ല. പ്രധാന പൈപ്പിൽ നിന്നും ഒരിടയിലേറെ ഉയരത്തിൽ ആണ് കോളനിയിലേക്ക് പൈപ്പ് ഇട്ടിരിക്കുന്നതിനാൽ വെള്ളം കയറി വരില്ല. കുടിവെള്ളത്തിനായി അവർ മഴയെ ആണ് ആശ്രയിക്കുന്നത്.
വെള്ളപൊക്കത്തിന് ശേഷം ലോറികളിൽ സമാന്തര കുടിവെള്ള വിതരണം ചെയ്യുന്നുണ്ടെങ്കിലും കോളനിയിലേക്കുള്ള റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ എത്താറില്ല. ഇവിടെ ആകെ ഉണ്ടായിരുന്ന 2 കിണറുകൾ പ്രളയം മൂലം ഉപയോഗ ശൂന്യമായി. കുടിവെള്ളം ഇല്ലാത്തതിനാൽ ഒന്നര കിലോമീറ്റർ ദൂരത്തിൽ പോയി കന്നാസിൽ വെള്ളം ശേഖരിക്കുകയായിരുന്നു പതിവ്.

ലിവിംങ്ങ് വാട്ടർ വിഷൻ സ്ഥാപക ഡയറക്ടർ ഡോ.ജോൺസൺ വി. ഇടിക്കളയുടെ നേതൃത്വത്തിൽ പ്രളയത്തിന് ശേഷം കോളനിയിൽ സർവ്വേ നടത്തിയതിന് ശേഷം ഒക്ടോബർ 15 മുതൽ കോളനിയിൽ ആഴ്ചയിൽ നിശ്ചിത ദിവസം കുടിവെള്ളം സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെങ്കിലും ശുദ്ധജല ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സമീപത്തെ തോട്ടിൽ നിന്നും ആണ് പ്രാഥമിക ആവശ്യങ്ങൾക്ക് വെള്ളം ഉപയോഗിച്ചിരുന്നത്. അത് മലിനമാകുകയും കറുകൽ വളർന്ന് മൂടിയതോടെ അതും ഉപയോഗിക്കാൻ പറ്റാത്ത സാഹചര്യം നേരിട്ടതിനാൽ മനുഷ്യാവകാശ ദിനമായ കഴിഞ്ഞ ഡിസംബർ 10 ന് കോളനി നിവാസികൾ എടത്വാ ചമ്പക്കുളം റോഡിൽ കുത്തിയിരുന്ന് സമരം നടത്തിയിരുന്നു.

ലിവിംങ്ങ് വാട്ടർ വിഷന്റെ നേതൃത്വത്തിൽ കോളനിയിൽ ആറോ പ്ലാന്റ് നിർമ്മിച്ച് കൊടുക്കാൻ നടപടികൾക്ക് തുടക്കമായി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.