ലേഖനം:വിഗതകുമാരന്റെ മടങ്ങിവരവ് | ബിജു പി. സാമുവൽ,ബംഗാൾ

D.L.മൂഡിയ്ക്ക് 4 വയസുള്ളപ്പോഴാണ് തന്റെ പിതാവ് മരിച്ചത് . പിതാവിന്റെ ബിസിനസ്സ് തകർന്ന് വലിയ കടക്കെണിയിൽ ആയിരുന്നു ആ കുടുംബം . കടക്കാർ വന്ന് എല്ലാം എടുത്തു കൊണ്ട് പോകുകയും ചെയ്തിരുന്നു . 15 വയസിനു താഴെ പ്രായമുള്ള 9 മക്കളെ പുലർത്തേണ്ട ചുമതല മാതാവിനായി . അവരിൽ മൂത്ത മകനിൽ ആയിരുന്നു അമ്മയുടെ പ്രതീക്ഷ മുഴുവൻ . കുടുംബത്തിന് തണലായി അവനെയാണ് ആ മാതാവ് കണ്ടത് . എന്നാൽ ഒരു നാടോടിയെപ്പോലെ അവൻ ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി .

ഒന്നിന് പിന്നാലെ ഒന്നായി ആഞ്ഞടിക്കുന്ന ദുരിതങ്ങൾ . പിതാവിന്റെ വേർപാടും നഷ്ടമായ മകനെക്കുറിച്ചുള്ള ഓർമ്മകളും ആ കുടുംബത്തെ കണ്ണീരിലാഴ്ത്തി .
മകനെപ്പറ്റിയുള്ള വിവരങ്ങൾക്കായി ആ കുടുംബം പ്രാർത്ഥനയോടെ കാത്തിരുന്നു .
തന്റെ മരണത്തിനു മുമ്പെങ്കിലും അവൻ മടങ്ങി വന്നിരുന്നെങ്കിൽ എന്ന ആഗ്രഹത്തോടെ ആ അമ്മ ഹൃദയം നുറുങ്ങി പ്രാർത്ഥിച്ചു കൊണ്ടിരുന്നു . വർഷങ്ങൾ അങ്ങനെ പലതു കഴിഞ്ഞു .

ഒരിക്കൽ ആ മാതാവ് വീട്ടുവാതിൽക്കൽ ഇരിക്കുമ്പോൾ ഒരു അപരിചിതൻ കയറി വരുന്നു . നെഞ്ചൊപ്പം വളർന്ന താടിമീശയുമായി നിൽക്കുന്ന ആ മനുഷ്യനെ മാതാവിന് ആദ്യം മനസിലായില്ല . കൂപ്പു കൈകളുമായി നിറകണ്ണുകളോടെ നിന്ന ആ മനുഷ്യൻ തന്റെ മകനാണെന്ന യാഥാർഥ്യം അൽപ സമയത്തിനു ശേഷമാണ്‌ മാതാവ് മനസിലാക്കിയത് .

post watermark60x60

“ഓ… ഇതെന്റെ നഷ്ടമായിരുന്ന മകനാണല്ലോ …”.
സന്തോഷക്കണ്ണീരോടെ അവൾ മകനെ വീട്ടിലേക്കു ക്ഷണിച്ചു .

എന്നാൽ അവൻ വാതിൽക്കൽ തന്നെ നിന്നു ഇങ്ങനെ പറഞ്ഞു .

“ഇല്ല അമ്മേ , എന്നോട് ക്ഷമിച്ചു എന്നൊരു വാക്ക് അമ്മയിൽ നിന്നും കേൾക്കാതെ ഞാൻ അകത്തു പ്രവേശിക്കില്ല”.

ആ മാതാവ് വീടിന്റെ പ്രവേശന കവാടത്തിലേക്കു ഓടി . തന്റെ കൈകൾ കൂട്ടി മകനെ ചേർത്തു പിടിച്ചു . അവൾ നിശ്വസിച്ചത് പോലും ക്ഷമ ആയിരുന്നു .

D.L.മൂഡി തന്നെ അതിനെപ്പറ്റി പറഞ്ഞതു ഇങ്ങനെയാണ് : “ദീർഘ നാളായി നഷ്ടമായിരുന്ന എന്റെ സഹോദരൻ മടങ്ങി വന്നപ്പോൾ എനിക്കുണ്ടായ സന്തോഷം അവർണ്ണനീയമായിരുന്നു”.

( Moody’s Child Stories എന്ന പുസ്തകത്തിൽ നിന്നും)

മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വർഗത്തിൽ വലിയ സന്തോഷമാണ് ഉണ്ടാകുന്നത് . മനുഷ്യൻ ദൈവത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ദൈവത്തിന്റെ ഹൃദയത്തിലും സന്തോഷം ഉണ്ടാകുന്നത് .

ദൈവം തന്റെ കരം കൊണ്ട് നിർമിച്ച മനുഷ്യൻ പാപം ചെയ്തു ദൈവത്തിൽ നിന്നും അകന്നു പോയി . ദൈവത്തോടൊപ്പം വസിക്കുവാൻ സൃഷ്ടിക്കപ്പെട്ട മനുഷ്യൻ ദൈവത്തോട് പുറംതിരിഞ്ഞു ലോകത്തിലേക്ക്‌ നടന്നു . ആ ദൈവത്തിലേക്കുള്ള മടക്കമാണ് മാനസാന്തരം .

യോഹന്നാൻ സ്നാപകന്റെയും യേശുക്രിസ്തുവിന്റെയും അപ്പോസ്തോലന്മാരുടെയും സന്ദേശങ്ങളിൽ മാനസാന്തരപ്പെടുക എന്ന ആഹ്വാനം മുഴങ്ങി നിന്നിരുന്നു .

പ്രവർത്തികളുടെ പുസ്തകം 2:38 -ൽ അപ്പോസ്തോലനായ പത്രോസ് ജനത്തോട് ആഹ്വാനം ചെയ്യുന്നതും മാനസാന്തരപ്പെടുവിൻ എന്നാണ് .

കൂടുതൽ മാന്യതയോടെ ഇടപെടുന്നതോ സ്വഭാവ സംസ്ക്കരണമോ അല്ല മാനസാന്തരം .
ഉടുപ്പിലും നടപ്പിലും വരുത്തുന്ന വ്യതിയാനവുമല്ലത് .

ചെയ്തു പോയ തെറ്റിനെക്കുറിച്ചു ഓർത്ത് വിലപിച്ചു പാപക്ഷമയ്ക്കായി ദൈവത്തിലേക്ക് ഹൃദയപരിവർത്തനത്തോടെ മടങ്ങി വരുന്നതാണ് മാനസാന്തരം . പ്രവർത്തികളുടെ പുസ്തകം 20:21 ലും 26: 20 ലും അപ്പോസ്തോലനായ പൗലോസ് അത് വ്യക്തമാക്കുന്നുണ്ട്. ദൈവത്തിങ്കലേക്കുള്ള മാനസാന്തരം ആണത് .

ഹോശേയ പ്രവചനം 7:16- ൽ കേൾക്കാൻ കഴിയുന്നത് ദൈവത്തിന്റെ നിലവിളിയുടെ ശബ്ദമാണ് . അവർ തിരിയുന്നു , മേലോട്ടു അല്ലതാനും( They return, but not to the Most High ).
മാനസാന്തരത്തിൽ ഒരു തിരിച്ചിൽ ഉണ്ടാകണം . അതു ദൈവത്തിലേക്ക് ആകുകയും വേണം .

അന്യമായിരുന്ന ദൈവിക സന്തോഷത്തിലേക്കുള്ള മടക്കമാണത് . തകർന്നു പോയ സ്വർഗീയ ബന്ധമാണവിടെ പുന:സ്ഥാപിക്കപ്പെടുന്നത് .

കണ്ണീരോടെ ദൈവത്തിങ്കലേക്കു നമുക്ക് മടങ്ങി വരാം . സ്നേഹ നിധിയായ സ്വർഗീയ പിതാവ് നമുക്കായി കാത്തു നിൽക്കുന്നു .

-ADVERTISEMENT-

-ADVERTISEMENT-

You might also like