തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷപ്പെടുത്തിയ പിതാവ് കുഴഞ്ഞു വീണു മരിച്ചു

അബുദാബി; തിരയില്‍പ്പെട്ട മക്കളെ സാഹസികമായി രക്ഷിച്ച്‌ കരയിലെത്തിച്ച പിതാവ് കുഴഞ്ഞുവീണു മരിച്ചു. പ്രവാസിയായ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തില്‍ രവീന്ദ്രന്‍പിള്ളയുടെ മകന്‍ എസ്.ആര്‍. ദിലീപ്കുമാര്‍ (38) അബുദാബി അല്‍റാഹ ബീച്ചില്‍ മരിച്ചത്. ഭാര്യയും മക്കളും നോക്കി നില്‍ക്കെയായിരുന്നു മരണം.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഭാര്യ ലക്ഷ്മിക്കും മക്കളായ ദേവിക, ആര്യന്‍ എന്നിവര്‍ക്കുമൊപ്പം ദിലീപ്കുമാര്‍ ബീച്ചില്‍ എത്തിയത്. ഒന്‍പതുകാരിയായ ദേവികയും ആറുവയസുകാരനായ ആര്യനും ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് കടലിലേക്കൊഴുകി. ദിലീപ് ഏറെ പരിശ്രമിച്ച്‌ കുട്ടികളെ രക്ഷിച്ചു. ഇരുവരെയും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപ്പിടിച്ച്‌ തീരത്ത് സുരക്ഷിതമായി എത്തിച്ചയുടന്‍ ദിലീപ് കുഴഞ്ഞുവീഴുകയായിരുന്നു.

ബീച്ചിലുണ്ടായിരുന്ന പാരാമെഡിക്കല്‍ സംഘം കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കുടുംബസുഹൃത്തായ ദീപക് ഉടന്‍ സ്ഥലത്തെത്തി അല്‍റാബ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ദുബായിലെ നിര്‍മാണ കമ്ബനിയില്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്ടി മാനേജരായ ദിലീപ്കുമാര്‍ പത്ത് വര്‍ഷമായി യു.എ.ഇയില്‍ താമസിക്കുകയാണ്. അബുദാബിയിലായിരുന്ന കുടുംബം ഒരുവര്‍ഷംമുന്‍പാണ് ദുബായിലേക്ക് മാറിയത്. ഹ്രസ്വസന്ദർശനത്തിനെത്തിയ ലക്ഷ്മിയുടെ അമ്മയെയും കൂട്ടിയാണ് ദിലീപും കുടുംബവും ബീച്ചിലെത്തിയത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like