കുറ്റവാളിയെ രൂപാന്തരപ്പെടുത്തിയ സുവിശേഷം

പണ്ട് ‘ഒരു കുപ്രസിദ്ധ പയ്യനാ’യിരുന്നു അശോകൻ എസ്. നായർ. ചങ്ങനാശ്ശേരിയെ കിടുകിടാ വിറപ്പിച്ച ഗുണ്ട. കൊല്ലാനും ചാവാനും പേടിയില്ലാത്ത ക്വട്ടേഷൻ സംഘാംഗം. ഇന്ന് ഇയാൾ, ദുബായ് മുഹൈസിനയിലെ ഒരു ലേബർ ക്യാംപിൽ പാചകക്കാരനാണ്. മറ്റുള്ളവർക്ക് നന്മ മാത്രം പറഞ്ഞുകൊടുക്കുകയും സ്വാദുള്ള വിഭവങ്ങൾ തൊഴിലാളികൾക്ക് പാചകം ചെയ്തുകൊടുക്കുകയും ചെയ്യുന്ന ഒരു പാവം മലയാളി.‌

കൊലപാതകത്തിന് 22 വർഷം തടവ് ശിക്ഷ അനുഭവിച്ച ശേഷം സുവിശേഷ പ്രസംഗകനും തുടർന്ന് പ്രവാസിയുമായ ഇദ്ദേഹത്തിന് ഇന്ന് ഒരേയൊരാഗ്രഹമേ ഉള്ളൂ– താൻ കാരണം ജീവൻ നഷ്ടപ്പെട്ട പൊലീസുകാരന്റെ കുടുംബത്തോട് നേരിൽ ചെന്ന് മാപ്പ് ഇരക്കണം. തന്റെ ആക്രമണത്തിൽ പരുക്കേറ്റ പൊലീസുകാരനോട് എല്ലാ തെറ്റുകളും പൊറുത്തു തരാൻ അപേക്ഷിക്കണം.
ആലപ്പുഴ ചേർത്തല പെരുമ്പളം ദ്വീപിലായിരുന്നു രമേശ് എസ്. നായരുടെ വീട്. ദാരിദ്ര്യം മാത്രം വിളയാടിയിരുന്ന തുരുത്തായിരുന്നു അത്. അങ്ങനെയാണ് മാതാപിതാക്കളായ ശ്രീധരൻ പിള്ളയും ഭാഗീരഥി അമ്മയും ഉപജീവന മാർഗം തേടി കോട്ടയം ചങ്ങനാശ്ശേരിയിലെത്തിയത്. നഗരത്തിൽ അവർ ഒരു ചായക്കട തുടങ്ങി. ആദ്യം നല്ല നിലയിൽ നടന്നുപോയെങ്കിലും അച്ഛൻ മദ്യത്തിനും ലഹരിമരുന്നിനും അടിമയായതോടെ എല്ലാം താളംതെറ്റിയതായി രമേശൻ പറയുന്നു. അന്ന് ചങ്ങനാശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു അദ്ദേഹം. കടയോട് ചേർന്ന് തന്നെയായിരുന്നു വീടും. ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ രമേശനെ വരവേറ്റത് അടഞ്ഞുകിടക്കുന്ന കടയും വീടുമാണ്. അച്ഛനും അമ്മയും എവിടെ പോയെന്ന് അയൽപക്കത്തുള്ളവരോടൊക്കെ അന്വേഷിച്ചെങ്കിലും എല്ലാവരും കൈ മലർത്തി. അന്ന് വിശപ്പ് സഹിച്ച് രമേശൻ കട‌ത്തിണ്ണയിൽ കിടന്നുറങ്ങി. പിറ്റേന്ന് എണീറ്റ് കുളിക്കാതെയും പ്രാതൽ കഴിക്കാതെയും സ്കൂളിലേയ്ക്ക് പോയി. തിരിച്ചുവരുമ്പോൾ അച്ഛനുമമ്മയും വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയോടെ. പക്ഷേ, വീടും കടയും അടഞ്ഞുതന്നെ കിടന്നു.

അശോകൻ എസ്. നായരുമായുള്ള വീഡിയോ അഭിമുഖത്തിന്റെ പൂർണ്ണ രൂപം CBM LIVE TV യും ക്രൈസ്തവ എഴുത്തുപുരയുമായി ചേർന്ന് തയാറാക്കിയത് സോഷ്യൽ മീഡിയയിൽ കൂടി ഉടൻ ലഭ്യമാകുന്നതാണ്.

ഇരുവരേയും അന്വേഷിച്ച് കരഞ്ഞു തളർന്ന അശോകൻ ചുറ്റുവട്ടത്തെ പരിചയക്കാരോടും ഹോട്ടലുകാരോടും കടക്കാരോടുമൊക്കെ കഴിക്കാൻ എന്തെങ്കിലും തരണേ എന്ന് പറഞ്ഞു കെഞ്ചി. ആരും ഒരു നേരത്തെ ഭക്ഷണം പോലും നൽകിയില്ല. എന്റെ അച്ഛനെയുമമ്മയേയും കണ്ടോ എന്ന് ആരാഞ്ഞപ്പോൾ, കടം കയറി അവർ നാടുവിട്ടു എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീടാണ് അശോകൻ എന്ന ബാലന്റെ ജീവിതത്തിലെ വഴിത്തിരിവായ സംഭവം അരങ്ങേറിയത്.

ചങ്ങനാശ്ശേരി നഗരത്തിലെ ഒരു പഴക്കടയിൽ കയറി അശോകൻ ഒരു പഴം മോഷ്ടിച്ചു. കടക്കാരൻ കയ്യോടെ പിടികൂടി, ക്രൂരമർദനം. തുടർന്ന് പൊലീസിലുമേൽപിച്ചു. വിശന്ന് വലഞ്ഞ ബാലന്റെ ചെറിയ ഒരു പിഴവായി കണ്ട് മാപ്പു നൽകാനോ ഉപദേശിച്ച് തിരിച്ചയക്കാനോ തയ്യാറായില്ല. പകരം പൊലീസുകാർ അശോകനെ ക്രൂരമായി മർദിച്ചു. തള്ളവിരലിൽ മൊട്ടുസൂചി പോലും കയറ്റിയെന്ന് അശോകൻ പറയുന്നു. കോടതിയിൽ ഹാജരാക്കിയ അശോകനെ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അവിടനിന്ന് ജുവൈനൽ കേന്ദ്രത്തിലേയ്ക്ക്.

അവിടെ മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റക‍ൃത്യങ്ങളിൽ ഉൾപ്പെട്ട് തടവുശിക്ഷ അനുഭവിക്കുന്ന ഒട്ടേറെ തെരുവു കുട്ടികളെ അശോകൻ കണ്ടു. അവരിൽ നിന്ന് മോഷണത്തിന്റെ പുതിയ പാഠങ്ങൾ പഠിച്ചു. ശിക്ഷ അനുഭവിച്ചു തീർന്ന അശോകനെ പിന്നീട് വിട്ടയച്ചു. വീണ്ടും തെരുവിലെത്തിയ ഇയാൾ പുതിയ ജീവിതത്തിലേയ്ക്ക് കടന്നു–മോഷണവും പിടിച്ചുപറിയും അക്രമവും. മദ്യവും ലഹരിമരുന്നും കൂട്ടായി. നാളുകൾ കഴിയവേ, അശോകന്റെ ക്രൂരകൃത്യങ്ങൾ മറ്റു തലങ്ങളിലേയ്ക്ക് കൂടി വ്യാപിച്ചു– കൂലിത്തല്ല്. നഗരത്തിലെ ക്വട്ടേഷൻ സംഘത്തെ പരിചയപ്പെട്ട അശോകൻ അവരിലൊരാളായി. മദ്യവും പണവും നിർലോഭം ഒഴുകിയെത്തിയപ്പോൾ ഇൗ യുവാവ് മറ്റൊന്നു ആലോചിക്കാതെ അതിൽ മുഴുകി. ലോകത്തെ എല്ലാ സുഖങ്ങളും സ്വന്തമാക്കണമെന്ന ആഗ്രഹം. കൂട്ടിന് പുതിയ മുഖങ്ങളെത്തി.
അംബി എന്നയാളായിരുന്നു സംഘത്തലവൻ. സംഘാംഗം കാറൽ സാബുവിനെ 1995ൽ ചങ്ങനാശ്ശേരി നഗരത്തിൽ ശത്രുക്കൾ വെട്ടിക്കൊന്നു. 2001ൽ അംബിയെ കോടതിയിൽ ഹാജരാക്കുന്നതിനിടെയും എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. ആ സമയം ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് അശോകൻ ജയിലിലായിരുന്നു. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വീണ്ടും കുറ്റകൃത്യത്തിലേയ്ക്ക്. പൊലീസിന്റെ കേ‍ഡി പട്ടികയിൽ ഉൾപ്പെട്ട അശോകൻ അറിയപ്പെടുന്ന ഗുണ്ടയായി മാറി.
1994 ഒാഗസ്റ്റിലായിരുന്നു ജീവിതത്തെ മാറ്റിമറിച്ച സംഭവം അരങ്ങേറുന്നത്. ചങ്ങനാശ്ശേരി നഗരത്തിൽ നിൽക്കവേ, രണ്ടു പൊലീസുകാരെത്തി അശോകനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് തങ്ങളുടെ കൂടെ വരാൻ ആവശ്യപ്പെട്ടു. പുതുതായി ചാർജെടുത്ത പൊലീസുദ്യോഗസ്ഥന് കേഡി പട്ടികയിലുള്ളവരെ നേരിട്ട് കാണാനായിരുന്നു അത്. എന്നാൽ പന്തികേട് തോന്നി അതിന് തയ്യാറായില്ല. തുടർന്ന് വാക്കുതർക്കമായി. മദ്യ ലഹരി കൂടി ഉണ്ടായിരുന്നതിനാൽ പിടിവലിയായി. അശോകൻ സ്വയം രക്ഷയ്ക്കായി കരുതാറുള്ള കത്തിയെടുത്ത് പൊലീസുകാരെ കുത്തി. ഒരാളുടെ നെഞ്ചിലും രണ്ടാമന്റെ കാൽവണ്ണയ്ക്കുമാണ് കുത്തേറ്റത്. എന്നിട്ട് മുന്നും പിന്നും നോക്കാതെ ഒാടി. അശോകനെ പിന്തുടർന്ന, കാൽവണ്ണയ്ക്ക് കുത്തേറ്റ പൊലീസുകാരൻ രക്തം വാർന്ന് പിന്നീട് മരിച്ചു. ഇക്കാര്യം അശോകൻ അറിയുന്നത് എറണാകുളം പൂത്തോട്ട എന്ന സ്ഥലത്ത് എത്തിയപ്പോഴാണ്. അവിടെനിന്ന് ബസിൽ ചങ്ങനാശ്ശേരി എത്തിയപ്പോൾ അറസ്റ്റ് ചെയ്യാൻ സാധാരണ വസ്ത്രം ധരിച്ച് പൊലീസ് കാത്തിരിക്കുന്നുണ്ടായിരുന്നു. തന്നെ ആക്രമിക്കാനെത്തിയ ഗുണ്ടകളാണ് പൊലീസെന്ന് പറഞ്ഞു ആളുകളെ കുറേ നേരത്തേയ്ക്ക് തെറ്റിദ്ധരിപ്പിക്കാൻ സാധിച്ചു. പക്ഷേ, പൊലീസ് വിടാൻ തയ്യാറായില്ല. അറസ്റ്റ് വഴങ്ങുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ.

അന്ന് നാടിനും നാട്ടുകാർക്കും പേടി സ്വപ്നമായ അശോകൻ ജെയിലിൽ വെച്ച് കേട്ട സുവിശേഷത്തിൽ ആകൃഷ്ടനാകുകയും ജീവിതം ആത്മീതയിലേക്ക് മാറ്റപ്പെടുകയും ചെയ്തു. വിവിധ വേദികളിൽ സുവിശേഷം പ്രഭാഷണം നടത്തിയ അശോകൻ ഇന്ന് അനേകരെ തന്നെ രക്ഷിച്ച സുവിശേഷത്തിന്റെ നൽവഴി കാണിക്കുകയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.