ആസിയാ ബീബി കേസ്: പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് പാക്ക് പ്രധാനമന്ത്രി

ലാഹോര്‍: ആസിയാ ബീബി കേസിലെ സുപ്രീംകോടതി വിധിക്ക് എതിരെ നടത്തുന്ന പ്രക്ഷോഭം ശക്തമായി നേരിടുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആസിയായെ മതനിന്ദാക്കേസില്‍ കുറ്റവിമുക്തയാക്കിയ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു ടിവിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാഷ്ട്രീയ ലക്ഷ്യം വച്ച് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കാന്‍ ആരെങ്കിലും തുനിഞ്ഞാല്‍ രാഷ്ട്രത്തിന്റെ എല്ലാ ശക്തിയുമുപയോഗിച്ച് നേരിടുമെന്നും ഖാന്‍ താക്കീതു നല്‍കി. വോട്ടിനുവേണ്ടി രാജ്യത്തിന് ഉപദ്രവം വരുത്തരുതെന്നും ഖാന്‍ പറഞ്ഞു.

വധശിക്ഷ ചോദ്യംചെയ്ത് ആസിയ ബീബി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്നലെ സുപ്രധാന വിധിയെത്തിയത്. ആസിയയുടെ ഹര്‍ജി ശരിവെക്കുന്നുവെന്നും അവരെ കുറ്റവിമുക്തയാക്കുകയാണെന്നുംചീഫ് ജസ്റ്റിസ് സക്വിബ് നിസറാം അധ്യക്ഷനായ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. തുടര്‍ന്നു വ്യാപകമായ ആക്രമണങ്ങള്‍ക്കാണ് പാക്കിസ്ഥാന്‍ വേദിയായത്. പാക് പതാകകളും ബാനറുകളും മുദ്രാവാക്യം വിളികളുമൊക്കെയായി തെരുവിലിങ്ങിയ പ്രക്ഷോഭകര്‍, റോഡില്‍ ടയറുകള്‍ കത്തിച്ചും വാഹനങ്ങള്‍ തടഞ്ഞും കലാപ അന്തരീക്ഷമാണ് തീര്‍ത്തത്.

കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ക്രൈസ്തവ ന്യൂനപക്ഷം ഏറെ ആശങ്കയിലാണ്. രാജ്യത്തെ മിക്ക ക്രൈസ്തവ വിദ്യാലയങ്ങളും അടച്ചുപൂട്ടി. അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂള്‍ പ്രവര്‍ത്തിക്കില്ലായെന്നാണ് മാനേജ്മെന്‍റുകള്‍ അറിയിച്ചിരിക്കുന്നത്. മിക്ക മേഖലകളിലും പോലീസ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ആസിയയെ കുറ്റവിമുക്തയാക്കിയ ജഡ്ജി ഇസ്ലാം മത വിശ്വാസിയാണെങ്കിലും അദ്ദേഹത്തെ വധിക്കാനും തീവ്ര മുസ്ലിം സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത ഭീതിയിലാണ് പാക്ക് ക്രൈസ്തവര്‍.

-ADVERTISEMENT-

-ADVERTISEMENT-

You might also like