ബൈബിൾ: ഫിലിപ്പീന്‍സ് ജനത ഏറ്റവും അധികം വായിക്കുന്ന പുസ്തകം

മനില: കത്തോലിക്ക രാഷ്ട്രമായ ഫിലിപ്പീൻസിൽ ഏറ്റവുമധികം വായിക്കുന്ന പുസ്തകമായി ബൈബിൾ തിരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാരിന്റെ നാഷ്ണൽ ബുക്ക് ഡെവലപ്മെൻറ് ബോർഡ് നടത്തിയ റീഡർഷിപ്പ് സർവ്വേയിലാണ് എഴുപത്തിരണ്ട് ശതമാനം ജനങ്ങളും കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വായിച്ച പുസ്തകമാണ് ബൈബിളെന്ന് സാക്ഷ്യപ്പെടുത്തിയത്. 2012 ൽ നടന്ന സർവ്വേയിലും അമ്പത്തിയെട്ട് ശതമാനം ജനങ്ങളും വിശുദ്ധ ഗ്രന്ഥത്തെ ഏറ്റവും കൂടുതൽ വായിച്ച പുസ്തകമായി അംഗീകരിച്ചിരുന്നു. സർവ്വേയിൽ പങ്കെടുത്തവർ പ്രായഭേദമെന്യേ മികച്ച ഗ്രന്ഥമായി ബൈബിളിനെ ചൂണ്ടിക്കാണിച്ചുവെന്നതും ശ്രദ്ധേയമാണ്.

ബൈബിളിന് ലഭിച്ച സ്വീകാര്യതയിൽ സോർസോഗൺ രൂപതയുടെ മെത്രാനും ബൈബിൾ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പൽ കമ്മീഷൻ അദ്ധ്യക്ഷനുമായ ബിഷപ്പ് ആർതുറോ ബസ്റ്റസ് സന്തോഷം പങ്കുവെച്ചു. വിശുദ്ധ ഗ്രന്ഥ വായനയെ പ്രോത്സാഹിപ്പിക്കുന്ന മിനിസ്ട്രിയിലെ അംഗമെന്ന നിലയിൽ എല്ലാവരുടേയും കൂട്ടായ പരിശ്രമം ഫലം കണ്ടുവെന്നു അദ്ദേഹം പറഞ്ഞു. ബൈബിൾ അപ്പസ്തോലേറ്റ് എപ്പിസ്കോപ്പൽ കമ്മീഷൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു യുഎസ് ഡോളറിന് ഫിലിപ്പൈൻ ഭാഷകളിൽ ബൈബിൾ നല്കുന്ന ബൈബിൾ സൊസൈറ്റിയുടെ പദ്ധതി അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ പത്ത് ദശലക്ഷം ബൈബിൾ കോപ്പികളാണ് ഫിലിപ്പീന്‍സ് കുടുംബങ്ങൾക്ക് സൊസൈറ്റി വിതരണം ചെയ്തത്. ബൈബിൾ വായനയിലൂടെ മികച്ച ക്രൈസ്തവ രാഷ്ട്രമായി ഫിലിപ്പീൻസ് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫിലിപ്പീന്‍സ് കൗൺസിൽ ഓഫ് ഇവാഞ്ചലിക്കൽ ചർച്ചസ് അദ്ധ്യക്ഷൻ നോയൽ പന്തോജയും സർവ്വേ ഫലത്തെ സ്വാഗതം ചെയ്തു. ദൈവത്തെ അറിയാനും ലോകം മുഴുവൻ അറിയിക്കാനും ഫിലിപ്പീന്‍ ജനതയുടെ ആഗ്രഹമാണ് ഇതെന്നും ദൈവത്തെ സ്നേഹിക്കുന്ന ജനതയാണ് ഫിലിപ്പീൻസിലേതെന്നും അദ്ദേഹം പറഞ്ഞു.

post watermark60x60

ജനുവരി മാസം ദേശീയ ബൈബിള്‍ മാസമായി ആചരിക്കാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ട് നേരത്തെ ഉത്തരവിട്ടിരിന്നു. പിന്നീട് വിശ്വാസത്തെ പരിഹസിച്ച് പല തവണ അദ്ദേഹം പ്രസ്താവന നടത്തിയെങ്കിലും ബൈബിളിനെ മുറുകെ പിടിച്ച് മുന്നോട്ട് നീങ്ങുകയാണ് ഫിലിപ്പീന്‍സ് സമൂഹം.

-ADVERTISEMENT-

-ADVERTISEMENT-

You might also like