മധ്യപൂര്‍വ്വേഷ്യന്‍ ക്രൈസ്തവരെ സഹായിക്കുവാന്‍ ക്നൈറ്റ്സ് ഓഫ് കൊളംബസും അമേരിക്കയും തമ്മില്‍ ധാരണയായി

വാഷിംഗ്‌ടണ്‍ ഡി.സി: മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ കീഴില്‍ കൂട്ടക്കൊലക്കും, മതപീഡനത്തിനും ഇരയായ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ സഹായിക്കുവാന്‍ ക്രൈസ്തവ സംഘടനയായ ക്നൈറ്റ്സ് ഓഫ് കൊളംബസ്സും, യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷ്ണല്‍ ഡെവലപ്മെന്റും (USAID) തമ്മില്‍ പരസ്പരധാരണയായി. ഒക്ടോബര്‍ 12-നാണ് ഇരു സംഘടനകളുടെയും പ്രതിനിധികള്‍ ഇതുസംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചത്. കരാറിനെ സ്വാഗതം ചെയ്തുകൊണ്ട് ക്നൈറ്റ്സ് ഓഫ് കൊളംബസിന്റെ തലവനായ കാള്‍ ആന്‍ഡേഴ്സന്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച പ്രസ്താവന പുറത്തിറക്കിയിരുന്നു.

യു.എസ് എയിഡുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്നും, ക്രിസ്ത്യാനികളും, യസീദികളുമടങ്ങുന്ന മതന്യൂനപക്ഷങ്ങളുടെ പുനരേകീകരണത്തില്‍ പുരോഗതിയുണ്ടാക്കുവാന്‍ തങ്ങളുടെ സംയുക്തമായ ശ്രമങ്ങള്‍ വഴി കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ആന്‍ഡേഴ്സന്റെ പ്രസ്താവനയില്‍ പറയുന്നു. പരസ്പരധാരണ പ്രകാരം സഹായങ്ങള്‍ ഇറാഖില്‍ നിന്നും ആരംഭിച്ച് ക്രമേണ മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് കരാറില്‍ ധാരണയായിരിക്കുന്നത്. ഏറ്റവും ആവശ്യമുള്ള വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും സഹായം നേരിട്ട് ലഭ്യമാക്കുമെന്ന് കരാറില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

മറ്റ് മത തീവ്രവാദികളാല്‍ പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യാനികള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള കരാറെന്ന നിലയില്‍ ഉടമ്പടി വളരെയേറെ പ്രധാനപ്പെട്ടതാണെന്നു ക്നൈറ്റ്സ് ഓഫ് കൊളംബസ്സിന്റെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ വൈസ് പ്രസിഡന്റ് ആന്‍ഡ്ര്യൂ വാള്‍തര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ക്നൈറ്റ്സ് ഓഫ് കൊളംബസിനുള്ള പരിചയ സമ്പത്തും വിശ്വസ്തതയും, ബന്ധങ്ങളും യു.എസ് എയിഡ് കരാറില്‍ അംഗീകരിക്കുന്നുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക് പെന്‍സ് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച പദ്ധതിയുടെ ഒരു പ്രധാന ഭാഗമാണിതെന്നും കരാറില്‍ പറയുന്നു.

വടക്കന്‍ ഇറാഖില്‍ മാത്രം 19 കോടിയിലധികം ഡോളര്‍ ചിലവഴിക്കുവാനാണ് യു.എസ് എയിഡ് പദ്ധതിയിടുന്നത്. 1960ല്‍ സ്ഥാപിതമായത് മുതല്‍ വിവിധ സംഘടനകളുമായി സഹകരിച്ച് സഹായങ്ങള്‍ നല്‍കിവരികയാണ് യുഎസ് എയിഡ്. ക്നൈറ്റ്സ് ഓഫ് കൊളംബസ് 2014 മുതല്‍ 2 കോടിയിലധികം ഡോളര്‍ സഹായമായി വിതരണം ചെയ്തു കഴിഞ്ഞു. അടുത്ത ആറു മാസങ്ങള്‍ക്കുള്ളില്‍ 50 ലക്ഷം ഡോളറിന്റെ സഹായം എത്തിക്കുവാന്‍ സംഘടന പദ്ധതി തയാറാക്കിയിരിന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.