ഭാവന:ആ ജോർജ് കുട്ടി അല്ല ഇത് | Dr.അജു തോമസ്,സലാല

അടുത്ത ആഴ്ച്ച ജനറൽ കൺവെൻഷൻ ആണെല്ലോ എന്നോർത്ത് ജോസ് സന്തോഷിച്ചിരിക്കുമ്പോൾ ആണ് അവറാച്ചൻ ഉപദേശി കയറി വരുന്നത്….”എന്താ ജോസേ, രാവിലെ ഇത്ര സന്തോഷം ? “…..ആഹാ ഉപദേശി ആയിരുന്നോ, കുറെ നാളയെല്ലോ കണ്ടിട്ട്…. ഓ എന്നാ പറയാനാ, അടുത്ത ആഴ്ചയാ നമ്മുടെ ജനറൽ കൺവെൻഷൻ…. അതിനു പോകാമെല്ലോ എന്നോർത്ത് സന്തോഷിച്ചതാ “..കൺവെൻഷന് പ്രസംഗിക്കാൻ വരുന്ന വിദേശ -സ്വദേശ പ്രസംഗകരെ കുറിച്ചൊക്കെ ജോസ് വാചാലനായി ….

വയസ്സായതു കൊണ്ട് കൺവെൻഷന് ഒന്നും പോകാതിരിക്കുന്ന അവറാച്ചൻ ഉപദേശിക്കും ജോസിന്റെ വിശദീകരണങ്ങൾ കേട്ട് കൺവെൻഷന് പോകാൻ ആഗ്രഹം തോന്നി.. മോനെ ജോസേ, ഞാനും നിന്റെ കൂടെ കൺവെൻഷന് വരുന്നുണ്ട് ഇപ്രാവശ്യം എന്ന് ഉപദേശി പറഞ്ഞപ്പോൾ തന്റെ നാവിനു ആളുകളെ ഒറ്റ വാക്കിൽ തന്നെ പറഞ്ഞു വീഴ്ത്തുവാൻ കഴിവ് ഉണ്ടെന്നു മനസ്സിലാക്കി ജോസിന്റെ ഹൃദയം ആനന്ദത്താൽ നിറഞ്ഞു.

അടുത്ത ആഴ്ച്ച
………………………….
വൈകിട്ട് അഞ്ചര…. കൃത്യ സമയം തന്നേ ജോസും അവറാച്ചൻ ഉപദേശിയും കൺവെൻഷൻ പന്തലിൽ എത്തി… വർഷങ്ങൾക്കു ശേഷം കൺവെൻഷന് വന്ന അവറാച്ചൻ ഉപദേശി പന്തലിൽ വന്ന മാറ്റങ്ങൾ ഒറ്റ നോട്ടത്തിൽ തന്നേ ശ്രദ്ധിച്ചു… നിരവധി സ്റ്റാളുകൾ ഇരുവശത്തും…. അനവധി വണ്ടികൾ വന്നും പോയീം ഇരിക്കുന്നു.. വെള്ള വസ്ത്രധാരികളുടെ ഒരു സഞ്ചയം തന്നെ…. തമ്മിൽ പരിചയം ഇല്ലാത്തവർ പോലും പരസ്പരം ചിരിക്കുന്നു.. മറ്റൊരു വശത്തു വിവാഹ ആലോചനകൾ… അങ്ങനെ ഒരേ പന്തലിൽ വൈവിധ്യമാർന്ന പരിപാടികൾ… ഇതിനിടയിൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാരും അവിടുത്തുകാരായ ചില വിശ്വാസികളും താമസ സൗകര്യത്തെ കുറിച്ച് അന്വേഷിക്കുന്നതും കണ്ടു.

കൺവെൻഷൻ ആരംഭിച്ചു … പുതിയ പുതിയ പാട്ടുകൾ ഗായക സംഘം ആലപിക്കുന്നു.. ഇതിനിടയിൽ ആണ് വേദിയിലേക്ക് അവറാച്ചൻ ഉപദേശി നോക്കിയത്… ഒരു നിമിഷം വേദി ആണോ സദസ്സ് എന്ന് തോന്നി പോകത്തക്കവണ്ണം വെള്ളവസ്ത്ര ധാരികളായ ദൈവദാസന്മാരുടെ ബാഹുല്യം സ്റ്റേജിൽ അവറാച്ചൻ ഉപദേശി കണ്ടു… അതിനിടയിൽ ആണ് ചുവപ്പും നീലയും ഷർട്ടുകൾ ധരിച്ചു നാലഞ്ച് പേരെ സ്റ്റേജിന്റെ മുൻനിരയിൽ അവറാച്ചൻ ഉപദേശി കണ്ടത്…. ഇവർ ആരാ എന്ന് ഉപദേശി ചിന്തിച്ചു എങ്കിലും തൊട്ടു അടുത്ത കസേരയിൽ ഇരിക്കുവാൻ വന്ന ആളിലേക്കു തന്റെ ശ്രദ്ധ പോയി..

സഭാ അധ്യക്ഷന്റെ ഊഴം വന്നു.. കഴിഞ്ഞ ഒരു വർഷം നല്ല നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു എന്ന് ചാരിതാർഥ്യത്തോടെ അദ്ദേഹം സംസാരിച്ചാരംഭിച്ചു… തുടർന്ന് വേദിയിൽ ഇരിക്കുന്ന ചിലർക്ക് ഇന്ന് പതിനഞ്ചു മിനിട്ടു വീതം സംസാരിക്കാൻ സമയം വേർതിരിക്കുന്നു എന്ന് പറഞ്ഞു അവർക്കായി താൻ മാറിക്കൊടുത്തു… അവർ സംസാരിക്കുന്നതിനു മുൻപ് ഗായക സംഘം ഒരു പാട്ടു പാടും എന്നും അദ്ദേഹം പറഞ്ഞു………. സംസാരിക്കാൻ പോകുന്ന ആ ചിലർ ആരാണ് എന്ന് അറിയാൻ ഉള്ള ആകാംക്ഷ വർധിച്ചു വന്നത് കൊണ്ട് ആരായിരിക്കും അവർ എന്ന് അടുത്തിരുന്ന ജോസിനോട് അവറാച്ചൻ ഉപദേശി ചോദിച്ചു… മാത്രമല്ല ഒരാൾ 15 മിനിട്ടു വച്ച് സംസാരിച്ചാൽ എല്ലാവരും കൂടി ഒരു മണിക്കൂറിൽ അധികം സമയം എടുക്കുമെല്ലോ എന്നും ഉപദേശി ചിന്തിക്കാതിരുന്നില്ല..

“ഉപദേശി, സ്റ്റേജിൽ നീല ഷർട്ടും ചുവന്ന ഷർട്ടും പച്ച ഷർട്ടും ക്രീം ഷർട്ടും ഒക്കെ ധരിച്ചു ഇരിക്കുന്നവരെ കണ്ടോ? അവരാണ് സംസാരിക്കാൻ പോകുന്നത്.”

“ഇത്ര വ്യക്തമായി ആരാ സംസാരിക്കാൻ പോകുന്നത് എന്ന് ജോസേ നിനക്കെങ്ങനെ അറിയാം, നിന്നോട് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോ?”

“ഹഹ, ഉപദേശി, അത് അറിയാൻ ആണോ പ്രയാസം.. എല്ലാ വർഷവും ഇങ്ങനെ ചിലർ സംസാരിക്കാറുണ്ട്..ഈ വർഷവും അങ്ങനെ തന്നെ.”

ആഹാ, സ്റ്റേജിൽ മുൻനിരയിൽ ഇരിക്കുന്ന നീല ഷർട്ട് ഇട്ട ആളിന്റെ പേരെന്താ ജോസേ.?

“ജോർജ് കുട്ടിച്ചായൻ…”

ഓക്കേ, ജോസേ, ചുവന്ന ഷർട്ട് ഇട്ട ആളിന്റെ പേരോ???? ജോർജ് കുട്ടിച്ചായൻ….. പച്ച ഷർട്ട് ഇട്ട ആളിന്റെ പേരോ? ജോർജുകുട്ടിച്ചായൻ എന്ന് ജോസ് മറുപടി പറഞ്ഞു… തുടർന്ന് മറ്റു രണ്ടു പേരുടെ പേരുകൾ ചോദിക്കുന്നതിനു മുൻപ് തന്നെ അവരുടെ പേരുകളും ജോർജുകുട്ടി എന്നാണ് എന്ന് ജോസ് കയറി പറഞ്ഞു..

“ഇതെന്താ ജോസേ, ഒരേ പേര് ഉള്ളവരെ തിരഞ്ഞെടുത്തു അവസരം കൊടുക്കുവാണോ സംസാരിക്കാൻ?? അങ്ങനെ ആണെങ്കിൽ മുൻപ് കണ്ട, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാരിൽ ഒരാളുടെ പേര് ജോർജുകുട്ടി എന്നാണ്.. അദ്ദേഹത്തിന്റെ പേര് കൂടി പതിനഞ്ചു മിനിട്ടു വീതം സംസാരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപെടുത്താൻ പറഞ്ഞുകൂടേ, ഇന്നത്തെ അധ്യക്ഷൻ നമ്മുടെ സെന്റർ പാസ്റ്റർ അല്ലെ, ജോസ് പറഞ്ഞാൽ കേൾക്കും.”

“എന്റെ ഉപദേശി, ഈ ജോർജുകുട്ടി അല്ല സ്റ്റേജിൽ ഇരിക്കുന്ന ജോർജികുട്ടിമാർ..”

“എന്നതാ കുഞ്ഞേ വ്യത്യാസം എന്ന് അവറാച്ചൻ ഉപദേശി ചോദിച്ചു….”

“ഉപദേശി, സ്റ്റേജിൽ ഇരിക്കുന്ന ജോർജ് കുട്ടിമാർക്കു വേറെ പേരുകൾ ഉണ്ട്…… ദിനാർ അച്ചായൻ, റിയാൽ അച്ചായൻ, ഡോളർ അച്ചായൻ, പൗണ്ട് അച്ചായൻ എന്നൊക്കെ ആണ് അവരുടെ പേരുകൾ…. എന്നാൽ ഉപദേശി പറഞ്ഞ, ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ജോർജ് കുട്ടിക്ക് ഇങ്ങനെ ഒരു പേരില്ല… ദിനാറും, റിയാലും, ഡോളറും പൗണ്ടും നേരിട്ട് ഇടപെട്ടാണ് സ്റ്റേജിൽ ഇരിക്കുന്നവർക്ക് പതിനഞ്ചു മിനിട്ടു വീതം സംസാരിക്കാൻ അവസരം കൊടുത്തത്….”

ജോസ് എന്താണ് ഈ പറയുന്നത് എന്ന് അവറാച്ചൻ ഉപദേശിക്കു മനസ്സിലായില്ല… വെള്ളം കുടിക്കാൻ വേണ്ടി താൻ പന്തലിന്റെ പുറത്തു ഇറങ്ങിയപ്പോൾ, താമസ സൗകര്യം അന്വേഷിച്ചു കൊണ്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജോർജുകുട്ടി ഉൾപ്പെടെ ഉള്ള ദൈവദാസന്മാർ ഇപ്പോഴും നിൽക്കുന്നത് കണ്ടതും സ്റ്റേജിൽ ഇരിക്കുന്ന, പതിനഞ്ചു മിനിട്ടു വീതം സംസാരിക്കാൻ അവസരം ലഭിച്ച അഞ്ചു ജോർജ് കുട്ടിമാർക്കും സഭ തന്നെ ഹോട്ടലിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട് എന്ന് മൈക്കിൽ കൂടി കേട്ടതും ഒരുമിച്ചായിരുന്നു…
സമയം 9.45…. കൺവെൻഷൻ കഴിഞ്ഞു….. എന്തുകൊണ്ട് ഒരു ജോർജ് കുട്ടിക്ക് മാത്രം സ്റ്റേജിൽ കയറാനോ ഒരു അഞ്ചു മിനിറ്റ് എങ്കിലും സംസാരിക്കാനോ അവസരം കിട്ടിയില്ല എന്ന് മനസ്സിലാവാതെ അവറാച്ചൻ ഉപദേശി ജോസിന്റെ കൂടെ മടങ്ങി പോരുന്നു… ബസിൽ യാത്ര ചെയ്യുമ്പോൾ “മണി ഈസ് പവർ ” എന്ന് എഴുതിയിരിക്കുന്ന ഒരു ബോർഡ് മങ്ങിയ വെളിച്ചത്തിലും പ്രകാശിച്ചു നിന്നതു ജോസ് ഉപദേശിയെ വെറുതെ കാണിച്ചു കൊടുത്തു ഊറി ചിരിച്ചു കൊണ്ടിരുന്നു…

വാൽക്കഷ്ണം: എന്തുകൊണ്ട് ചിലർക്ക് മാത്രം വേദിയിൽ ഇരിക്കാൻ അവസരം കിട്ടുന്നു??? എന്തുകൊണ്ട് ചിലർക്ക് മാത്രം സംസാരിക്കാൻ അവസരം ലഭിക്കുന്നു? എന്ത് കൊണ്ട് ചോര നീരാക്കി വിവിധ ഇടങ്ങളിൽ പ്രവർത്തിക്കുന്ന ദൈവദാസന്മാരിൽ ചിലർക്കെങ്കിലും അവരുടെ പ്രവർത്തന സ്ഥലത്തെ കുറിച്ച് സംസാരിക്കുവാൻ അവസരം ലഭിക്കുന്നില്ല ????????? ഇനിയും നമ്മുടെ ജനറൽ കൺവെൻഷനുകൾക്കു രണ്ടു മാസങ്ങൾ… ചിന്തിക്കാൻ സമയം ധാരാളം… ഒരു മാറ്റത്തിന് സമയം ധാരാളം…

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.