ലേഖനം:കുട്ടികൾക്ക് മൊബൈലും, ബൈക്കും വാങ്ങികൊടുക്കണോ? | ഡഗ്ളസ് ജോസഫ്

കഴിഞ്ഞ ദിവസം കൊല്ലത്ത്, മുപ്പത്തിയയ്യായിരം രൂപയുടെ വിലകൂടിയ മൊബൈൽ ഫോൺ വാങ്ങിക്കൊടുക്കാൻ തയാറാവാതിരുന്നതിനെത്തുടർന്നു, മകന്റെ ധിക്കാരപൂർവമായ പെരുമാറ്റത്തിൽ മനം മടുത്തു വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവം നമ്മെ ഞെട്ടിക്കുന്നതാണ്. ഈയിടെ പുറത്തു വന്ന പത്താം ക്ലാസ് പരീക്ഷയിൽ പാസ്സായതിന്റെ സമ്മാനമായിട്ടാണ് മകൻ മൊബൈൽ ഫോൺ വാങ്ങി നല്കാൻ ആവശ്യപ്പെട്ടത്. ‘അമ്മ അവന്റെ ആവശ്യം നിരസിച്ചതിനെത്തുടർന്ന് കുപിതനായ മകൻ അടുക്കളയിൽ മീൻ വെട്ടികൊണ്ടു നിന്ന അമ്മയുടെ അടുത്തെത്തി പാത്രങ്ങൾ വലിച്ചെറിഞ്ഞു. മകന്റെ മോശമായ പെരുമാറ്റത്തിൽ മനംനൊന്ത് ട്രെയിനിനു മുൻപിൽ ചാടിയാണ് ആ ‘അമ്മ ജീവനൊടുക്കിയത്.
മുകളിൽ പറഞ്ഞ സംഭവം ഒറ്റപെട്ടതല്ല , മുൻപും മാധ്യമ വാർത്തകൾ വന്നിട്ടുള്ളതാണ് . ഇന്ത്യൻ എക്സ് പ്രസ്സ് പത്രത്തിൽ വന്ന വാർത്തയിൽ ഗോവയിൽ ഒരു പതിനേഴുകാരി പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോൺ വാങ്ങികൊടുക്കാത്തതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത് . വേറൊരു സംഭവത്തിൽ മധുരയിൽ പത്തൊൻപതുകാരനായ കോളേജ് വിദ്യാർഥി, ബൈക്ക് വാങ്ങി നല്കാൻ മാതാപിതാക്കൾ തയ്യാറാകാത്തതിനെത്തുടർന്നു ജീവനൊടുക്കി. കുട്ടികളുടെ ഇത്തരം നിർബന്ധങ്ങൾ അപകടകരമായ നിലയിലേക്ക് മാറിയിരിക്കുന്നു സാമ്പത്തികമായി സാധാരണ കുടുംബമാകട്ടെ, മിഡിൽ ക്ലാസ് ആകട്ടെ, അല്ലെങ്കിൽ ഉയർന്ന സാമ്പത്തികമുള്ളവരാകെട്ടെ കുട്ടികളുടെ ഇത്തരം നിർബന്ധങ്ങളും , വാശികളും വലിയ തലവേദനയാകാറുണ്ട്.
കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ നിർബന്ധം പിടിക്കാറുണ്ട്. അല്പം പ്രായം കൂടിയ കുട്ടികൾ ഗെയിം കളിക്കാൻ പ്ലേ സ്റ്റേഷനോ, ക്രിക്കറ്റ് ബാറ്റോ, ഫുട്ബോൾ ബുട്ടോ ഒക്കെ വേണമെന്ന് പറയാറുണ്ട്. ഇതെല്ലാം പഴയ കാലം. ഇന്ന് കൊച്ചു കുട്ടികൾ വരെ ഐ പാഡോ, ഐ ഫോണോ, കൗമാരക്കാരായ കുട്ടികൾ ലക്ഷങ്ങൾ വില വരുന്ന ബൈക്കോ ഒക്കെ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കന്മാരെ സമ്മർദ്ദത്തിലാക്കാറുണ്ട്.
ചില മാതാപിതാക്കളുണ്ട് മക്കൾ എന്ത് ചോദിച്ചാലും കടം വാങ്ങിച്ചായാലും, വസ്തു വിറ്റിട്ടായാലും സാധിച്ചു കൊടുക്കും. മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തും. ഗൾഫിൽ ജോലി ചെയ്യുന്ന ചില ഗൃഹനാഥന്മാർ ഇത്തരക്കാരാണ്. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്ന ഇവർ , ചുരുങ്ങിയ അവധിക്കാലത്തു മക്കളെ പരമാവധി സന്തോഷിക്കാൻ അവർക്ക് എല്ലാം വാങ്ങിക്കൊടുക്കും. മാതാവ് തനിച്ചു കുടുംബം നടത്തുന്ന, പിതാവ് വിദേശത്തായ അവസ്ഥയിൽ കുട്ടികളും അമ്മയും കൂടി അയച്ചുതരുന്ന പണമെല്ലാം ധുർത്തടിക്കാറുണ്ട്.

വീട്ടിൽ നിന്നു അടിച്ചുപൊളിക്കാനും, ചെത്തിനടക്കാൻ ബൈക്ക് വാങ്ങാനും, സ്മാർട്ട് ഫോൺ വാങ്ങാനും ഒക്കെ പണം കിട്ടാതെ വരുമ്പോൾ , കഞ്ചാവ് വിൽക്കാനും, മോഷ്ടിക്കാനും , ഗുണ്ടാ പണിക്കും ഒക്കെ തയ്യാറാവുന്ന കൗമാരക്കാരുണ്ട്. ഇത് അപകടകരമായ പ്രവണതയാണ്.

എങ്ങനെ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളെ സമീപിക്കണം? കുടുംബങ്ങളിൽ സംഘർഷങ്ങൾ എങ്ങനെ ഒഴിവാക്കാം? ഇതിനുത്തരം തേടുന്നതിനുമുമ്പ് കുട്ടികൾ എന്തുകൊണ്ട് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നു എന്ന് ചിന്തിക്കണം. പലപ്പോഴും നാം കുട്ടികൾ സഹപാഠികളിൽ നിന്നോ, സമപ്രായക്കാരിൽ നിന്നോ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ( Peer Pressure ) മനസിലാക്കുന്നില്ല. കൂടെ പഠിക്കുന്ന കുട്ടികൾക്കെല്ലാം സ്മാർട്ട് ഫോണുള്ളപ്പോൾ, ഫോണില്ലാത്തതോ അല്ലെങ്കിൽ വെറും ഓർഡിനറി ബ്രാൻഡ് ഫോൺ മാത്രമുള്ളതോ കുട്ടികളെ പലപ്പോഴും പരിഹാസപാത്രമാക്കാറുണ്ട്. ഇത്തരം സംഭവങ്ങൾക്ക് ഈ ലേഖകൻറെ അധ്യാപകജീവിതത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൂടെയുള്ള കുട്ടികൾ ഐ പാഡോ, ഐ ഫോണോ ഉപയോഗിക്കുമ്പോൾ, അതില്ലാത്ത കുട്ടികൾക്ക് ഒരു തരം അപകർഷതയൂണ്ടാകാറുണ്ട്.

രണ്ടാമത് പുതിയ കാലഘട്ടത്തെ മനസിലാക്കാൻ മാതാപിതാക്കൾ പരാജയപ്പെടുന്നു. പല മാതാപിതാക്കന്മാരും ഇപ്പോഴും പഴയ കാലഘട്ടത്തിന്റെ തടവറയിലാണ്. ‘ഞങ്ങളുടെ കുട്ടിക്കാലത്തു രണ്ടു നേരം വയറു നിറച്ചു ഭക്ഷണം കിട്ടിയാൽ തന്നെ ഭാഗ്യം’. ‘ഇന്നത്തെ പിള്ളാരുടെ അഹങ്കാരം നോക്കണേ’ എന്നൊക്കെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.

കുട്ടികളുടെ സമീപനത്തിലും വലിയ പ്രശ്നങ്ങളുണ്ട്. വീട്ടിലെ സാമ്പത്തിക നില നോക്കാതെ മാതാപിതാക്കളെ വിഷമത്തിലാക്കുന്ന കുട്ടികളുണ്ട്. കൂടെ പഠിക്കുന്ന ഡോക്ടരുടെയോ , ബിസിനസുകാരുടെയോ മക്കൾ ബുള്ളറ്റോ, ഐ ഫോണോ ഉപയോഗിക്കുന്നു എന്ന് കരുതി കുറഞ്ഞ വരുമാനക്കാരായ മാതാപിതാക്കളെ ഇതെല്ലാം വാങ്ങി നല്കാൻ പ്രേരിപ്പികുന്ന കുട്ടികൾ കുടുംബത്തെ സാഹചര്യങ്ങളെപ്പറ്റി അറിയാത്തവരാണ്.

മാതാപിതാക്കൾ ചെറുപ്പത്തിലേ കുട്ടികളെ വീട്ടിലെ അവസ്ഥകൾ അറിയിച്ചു വളർത്തണം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള കാര്യങ്ങളിൽ അവരെ ഭാഗഭാക്കണം. ഒരു സാമ്പത്തിക സാക്ഷരതഉള്ളവരാക്കി ( Economic Literacy ) കുട്ടികളെ വളർത്തികൊണ്ടുവരണം.വീട്ടിലെ വരുമാനം, ചിലവുകൾ ഇവ കുട്ടികളെ അറിയിക്കണം,

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല്. ചെറുപ്പത്തിലേ കുട്ടികളുടെ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങികൊടുത്താൽ പിൻകാലത്തു അവർ പിടിവാശിക്കാരാവും. അതിനാൽ കുട്ടികളുടെ ആവശ്യങ്ങൾ വേണ്ടത്, വേണ്ടാത്തത് എന്നിങ്ങനെ അവരെ ബോധ്യപ്പെടുത്തണം.

വീട്ടിൽ നിന്നുമല്ലാത്ത പണം, മൊബൈൽ ഫോൺ, മറ്റു സാധനങ്ങൾ ഇവ കുട്ടികളുടെ പക്കൽ കണ്ടാൽ അപകടം കാണണം. ഗൾഫിലുള്ള ഗൃഹനാഥന്മാർ തങ്ങളുടെ യഥാർത്ഥ വരുമാനം മറച്ചുവച്ചു, പൊങ്ങച്ചം കാട്ടാൻ കടം വാങ്ങിയും, ഓവർ ടൈം ചെയ്തും കിട്ടുന്ന പണം മുഴുവൻ നാട്ടിലേക്ക് അയച്ചുകൊടുക്കരുത്. അത്യാവശ്യ ചിലവിന് കാശു കൊടുത്താൽ മതിയാവും.
സാമ്പത്തിക അച്ചടക്കം, ധുർത്ത് ഒഴിവാക്കൽ, ആവശ്യങ്ങൾ (Necessities) അനാവശ്യങ്ങൾ ( Luxuries) ഇവ വേർതിരിക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങൾ സിലബസിന്റ്റെ ഭാഗമാക്കണം. സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരത പഠനവിഷയമാക്കണം.
പണ്ടൊക്കെ കുട്ടികളിലെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ബാങ്കുമായും, പോസ്റ്റ് ഓഫീസുമായും ഒക്കെ സഹകരിച്ചു സേവിങ് അക്കൗണ്ടുകൾ തുറക്കുമായിരുന്നു. പണത്തിന്റെ മൂല്യം അറിഞ്ഞു വളരാനും, സമ്പാദ്യത്തിന്റെ ഗുണങ്ങൾ മനസിലാക്കാനും ഇതു സഹായകരമായിരുന്നു. ഇത്തരം കാര്യങ്ങൾക്ക് സ്കൂളുകൾ പ്രധാന്യം കൊടുക്കണം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.