പുറപ്പാട് സംഭവത്തിന് ചരിത്രപരമായ തെളിവുകളുമായി പുരാവസ്തു ഗവേഷകര്‍

ജോര്‍ദാന്‍: ഈജിപ്ത്കാരുടെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ ജനതയെ മോചിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്ക് മോശ നയിച്ച പുറപ്പാട് സംഭവം യാഥാര്‍ത്ഥ്യമാണെന്ന് വ്യക്തമാക്കുന്ന തെളിവുമായി പുരാവസ്തു ഗവേഷകര്‍ രംഗത്ത്. ജോര്‍ദ്ദാന്‍ നദീ സമതലത്തിലെ പൗരാണിക അവശേഷിപ്പുകളില്‍ നിന്നും ലഭിച്ച ശിലാവശിഷ്ടങ്ങളും മണ്‍പാത്ര കഷണങ്ങളും പുരാതനകാലത്ത് ഒരു ജനത ജോര്‍ദ്ദാന്‍ നദിയുടെ സമീപത്ത് തമ്പടിച്ചിരുന്നു എന്നതിന്റെ തെളിവുകളാണെന്നാണ് ഗവേഷകരായ റാല്‍ഫ് കെ. ഹോകിന്‍സും, ഡേവിഡ് ബെന്‍-ഷ്ലോമോയും അവകാശപ്പെടുന്നത്. അവശേഷിപ്പുകള്‍ പുറപ്പാട് കാലഘട്ടത്തിലെ ഇസ്രായേല്‍ ജനതയുടേതാണോയെന്ന്‍ ഉറപ്പില്ലായെങ്കിലും അതിനുള്ള സാധ്യതകള്‍ ഏറെയാണെന്നു ഗവേഷകര്‍ വ്യക്തമാക്കുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ക്കായി ‘ഉജാ എല്‍-ഫോക്വാ’ക്ക് സമീപമുള്ള പ്രദേശത്ത് ഉദ്ഘനനം നടത്തുവാനും തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് ഗവേഷകര്‍ അറിയിച്ചു. 2013-ല്‍ ജോര്‍ദ്ദാന്‍ സമതലത്തിലെ ഖിര്‍ബെത് എല്‍-മസ്താരയില്‍ നടത്തിയ ഉദ്ഘനനത്തില്‍ ശിലാവശിഷ്ടങ്ങളും, മണ്‍പാത്രങ്ങളുടെ കഷണങ്ങളും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ബി.സി 1400-1200 ലോഹ യുഗത്തിന്റെ അവസാനത്തെയോ, ഇരുമ്പ് യുഗത്തിലെയോ (1200-1000) അവശേഷിപ്പുകളാണ് ഇവയെന്നാണ് കരുതപ്പെടുന്നത്.

അതേസമയം പുറപ്പാട് സംഭവവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന ആദ്യ തെളിവായാണ് പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലിനെ ഏവരും നിരീക്ഷിക്കുന്നത്. ചെങ്കടലിനെ രണ്ടായി പിളര്‍ത്തിക്കൊണ്ട് മോശ ഇസ്രായേല്‍ ജനതയെ തേനും പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്ക് നയിച്ച ബൈബിള്‍ സംഭവത്തിനെ കുറിച്ചു വരും ദിവസങ്ങളില്‍ കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലി ഗവേഷകര്‍.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.