“പരാജയത്തെ വിജയമാക്കുവാന്‍ ദൈവത്തിന് സാധിക്കും”: ഒളിമ്പിക്സ് ജേതാവ് ഡേവിഡ് വൈസ്

കാലിഫോര്‍ണിയ: പരാജയത്തിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ കഴിയുമെന്നും തോല്‍വിയെ വിജയമാക്കുവാന്‍ ദൈവത്തിനു സാധിക്കുമെന്നും ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് ഡേവിഡ് വൈസിന്റെ തുറന്നുപറച്ചില്‍. എന്‍‌പി‌ആര്‍ന്റെ റേഡിയോ പാനല്‍ ഷോ ആയ ‘വെയിറ്റ് വെയിറ്റ് ഡോണ്ട് ടെല്‍ മി’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശൈത്യകാല ഒളിമ്പിക്സിലെ സ്കീയിംഗില്‍ രണ്ട് സ്വര്‍ണ്ണം അടക്കം നിരവധി മെഡലുകള്‍ നേടിയിട്ടുള്ള ഡേവിഡ്, ജീവിതത്തിലെ നല്ലതും മോശവുമായ നിമിഷങ്ങളേയും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയുമെന്നും കൂട്ടിച്ചേര്‍ത്തു.

post watermark60x60

എനിക്കുള്ളതെല്ലാം ദൈവത്തില്‍ നിന്നുള്ള സമ്മാനങ്ങളാണ്, ദൈവം ആഗ്രഹിക്കുമ്പോള്‍ അത് തിരിച്ചെടുക്കുവാന്‍ അവിടുത്തേക്കു സാധിക്കും. ഒളിമ്പിക്സ് മത്സരങ്ങളില്‍ തന്നെ സംഭ്രമിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരാജയത്തിലും ദൈവത്തെ മഹത്വപ്പെടുത്താനാകുമെന്നു താന്‍ മനസ്സിലാക്കിയത് പ്യോങ്ങ്ചാങ്ങ് ഗെയിംസിലെ സ്കീയിംഗ് മത്സരത്തിനിടയിലാണ്. മത്സരത്തിനിടയില്‍ ‘ഹാഫ്‌ പൈപ്പ്’ എന്നറിയപ്പെടുന്ന ബുദ്ധിമുട്ടേറിയ ഭാഗത്ത് വെച്ച് തന്റെ സ്കീ തെന്നി. രണ്ടാമത്തെ ശ്രമത്തിലും പരാജയപ്പെട്ടപ്പോഴാണ് താന്‍ ദൈവത്തെക്കുറിച്ച് ചിന്തിച്ചത്.

വിജയത്തേപ്പോലെ തന്നെ പരാജയത്തിലൂടെയും ദൈവത്തെ മഹത്വപ്പെടുത്തുവാനും, അതുവഴി മറ്റുള്ളവരുടെ ജീവിതങ്ങളില്‍ വെളിച്ചം വീശുവാനും തനിക്ക് കഴിയുമെന്ന് മനസ്സിലാക്കിയത് അപ്പോഴാണ്. തന്റെ മൂന്നാമത്തെ ശ്രമം ആ ദിവസത്തെ ഏറ്റവും വലിയ സ്കോറോടുകൂടി (97.20) സ്വര്‍ണ്ണമെഡലിലാണ് കലാശിച്ചത്. പരാജയത്തെ വിജയമാക്കുവാന്‍ ദൈവത്തിന് സാധിക്കുമെന്നും എക്സ് ഗെയിംസില്‍ നാല് സ്വര്‍ണ്ണമെഡലുകള്‍ നേടിയിട്ടുള്ള താരം കൂടിയായ ഡേവിഡ് വീണ്ടും സാക്ഷ്യപ്പെടുത്തി.

Download Our Android App | iOS App

എല്ലാ പ്രശസ്തിയേക്കാളും ഉപരി തന്റെ കുടുംബമാണ് വലുതെന്നും ഡേവിഡ് റേഡിയോ ഷോയില്‍ എടുത്തുപറഞ്ഞു. അമേരിക്കയിലെ നെവാഡ സ്വദേശിയായ വൈസ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ഇതിനു മുന്‍പും തന്റെ ദൈവ വിശ്വാസം അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. ഒളിമ്പിക്സ് അടക്കമുള്ള മത്സരങ്ങള്‍ താത്ക്കാലികമാണെന്നും ദൈവ വിശ്വാസവും കുടുംബവുമാണ് എപ്പോഴും അടിസ്ഥാനമുള്ളതെന്നും അദ്ദേഹം നേരത്തെ സാക്ഷ്യപ്പെടുത്തിയിരിന്നു.

-ADVERTISEMENT-

You might also like