ലേഖനം:’ആശ്വാസം കൊണ്ടുവരുന്നവര്‍ ‘‍ | പാസ്റ്റർ ജോൺ കോന്നി

”ഞങ്ങള്‍ മക്കെദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിനു ഒട്ടും സുഖമല്ല എല്ലാവിധത്തിലും കഷ്ടമത്രേ ഉണ്ടായത്; പുറത്തു യുദ്ധം, അകത്തു ഭയം. എന്കിലുംഎളിയവരെ ആശ്വസിപ്പിക്കുന്ന ദൈവംതീതൊസിന്‍റെ വരവിനാല്‍ ഞങ്ങളെ ആശ്വസിപ്പിച്ചു.”
(2 കൊരിന്ത്യർ 7:5,6)

അപ്പൊസ്തല പ്രവര്‍ത്തികളില്‍
അപ്പൊസ്തലനായ പൌലൊസ് ദൈവീക ശുശ്രൂഷകള്‍ പരിശുദ്ധാത്മനിയോഗത്തില്‍ ചെയ്തു വരുന്നതും വിശേഷാല്‍ അദ്ധ്യായം 16 -ല്‍ മക്കദോന്യവിളി പ്രാപിച്ച് അവിടേക്ക് ആത്മശക്തിയോടെ ചുവടുകള്‍ വയ്ക്കുന്നതും നാം കാണുന്നു. എന്നാല്‍ ഇവിടെ അതേ മക്കദോന്യയില്‍ തന്നേ ഭയത്തിലും കഷ്ടത്തിലും പൌലൌസും കൂടെയുള്ളവരും ആയിരിക്കുന്നത് നാം ദര്‍ശിക്കുന്നു. പൌലൊസ് പറയുന്നതിന്‍റെ തീവ്രത ശ്രദ്ധിക്കുക ”ഞങ്ങള്‍ മക്കദോന്യയില്‍ എത്തിയ ശേഷവും ഞങ്ങളുടെ ജഡത്തിനു ഒട്ടും സുഖമല്ല എല്ലാ വിധത്തിലും കഷ്ടമത്രേ ഉണ്ടായതു; പുറത്തു യുദ്ധം, അകത്തു ഭയം”. ഒരുപക്ഷേ മുന്‍പ് ആയിരുന്ന സ്ഥലത്തു നിന്നും ആശ്വാസത്തിനായി വളരെ പ്രതീക്ഷയോടെയാണ് അവര്‍ മക്കെദോന്യയില്‍ എത്തിയതെങ്കിലും പ്രതീക്ഷകള്‍ക്കു വിപരീതമായതാണ് സംഭവിച്ചത്. തനിക്ക് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന, തന്‍റെ സുവിശേഷഘോഷണത്തിന്‍റെ ഫലമായ മക്കെദോന്യ സഭകളിലും(8:1) ആശ്വാസം കണ്ടെത്താന്‍ കഴിയാതെ നിരാശയുടെ പടകുഴിയില്‍ താണുകൊണ്ടേയിരിക്കുന്ന നേരം എന്തു ചെയ്യണമെന്ന് താൻ അറിയാതെയിരിക്കുമ്പോൾ വിളിച്ച ദൈവം കൈവിടുമോ? ഒരിക്കലുമില്ല. അവന്‍ വിശ്വസ്തന്‍…

ആശ്വസിപ്പിക്കുന്ന ദൈവം

post watermark60x60

സ്ഥലങ്ങളും സഭകളും വ്യക്തികളും കൂട്ടുപ്രവര്‍ത്തകരും ആശ്വാസം നല്‍കുവാന്‍ കഴിയാതെ ഒരു ഭാഗത്തും, മറുഭാഗത്ത് മക്കെദോന്യയിൽ പോലും ‘പുറത്തു യുദ്ധം; അകത്തു ഭയം’ എന്ന അവസ്ഥയില്‍ കഷ്ടത വര്‍ദ്ധിക്കുമ്പോഴും തന്നെ വിളിച്ച ‘ആശ്വസിപ്പിക്കുന്ന ദൈവത്തെ’ പൌലൊസ് അനുഭവിച്ചറിയുന്നു.

സഭകളും മഹത് വ്യക്തികളും പരാജയപ്പെട്ട ഇടത്തേക്ക് ദൈവം ഒരുവനെ തിരെഞ്ഞെടുത്ത് ഉത്തരവാദിത്വപ്പെടുത്തുന്നു.ആ വ്യക്തി തീത്തൊസ്.

ദൈവനിയോഗവുമായി തീത്തൊസ്…

ശ്രേഷ്ഠ അപ്പൊസ്തോലനായ പൌലൊസുമായി താരതമ്യപ്പെടുത്തിയാല്‍ തീത്തൊസ് വളരെ ചെറുതായിരിക്കാം. എങ്കിലും പൌലൌസിന്‍റെ അരികിലേക്ക് പോകുവാന്‍ ദൈവം അവന്‍റെമേല്‍ ഒരു നിയോഗം കൊടുത്തപ്പോള്‍ അവന്‍ അത് മറ്റൊന്നും ചിന്തിക്കാതെ ഏറ്റെടുക്കുവാന്‍ തയ്യാറായി. അത് പൌലൊസിനും കൂടെയുള്ളവര്‍ക്കും വലിയ ആശ്വാസത്തിന് കാരണമായി ഭവിച്ചു എന്നു നാം കാണുന്നു. പൌലൊസിന്‍റെ തന്നെ വാക്കുകളില്‍ ; എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം ”തീത്തൊസിന്‍റെ വരവിനാല്‍” ഞങ്ങളെ ആശ്വസിപ്പിച്ചു. അനന്തരം പൌലൊസും കൂടെയുള്ളവരും അനേക സ്ഥലങ്ങളില്‍ യാത്രചെയ്ത് സഭകള്‍ സ്ഥാപിക്കുന്നു. തീത്തൊസിന്‍റെ വരവ് വൃഥാവായില്ല ; അത് ആത്മശക്തിയില്‍ ദൈവീക പദ്ധതികളില്‍ പിന്നെയും കുതിക്കുവാന്‍ സഹായകമായി ഭവിച്ചു.

പ്രിയമുള്ളവരെ, ദൈവത്തിന്‍റെ നിയോഗങ്ങളെ നാം തിരിച്ചറിയുന്നവരായിരിക്കേണം. വിശേഷാല്‍ ഇത് വായിക്കുന്ന ഏവരോടും വ്യക്തിപരമായി ചില അനുഭവങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കു വയ്ക്കട്ടെ… അല്‍പ്പം വര്‍ഷങ്ങളായി ഉത്തരേന്ത്യയിൽ കര്‍ത്താവിന്‍റെ പ്രേഷിതദൗത്യത്തിൽ ആയിരിക്കുവാന്‍ സര്‍വ്വശക്തന്‍ കൃപനല്കുന്നു. വീടും നാടും വിട്ടു രാജസ്ഥാനിലേക്ക് പോരുവാന്‍ ഒരു നിയോഗം ലഭിച്ചപ്പോൾ ധൈര്യത്തോടെ ചുവടുകൾ വച്ചു. എന്നാല്‍ നാളുകള്‍ പിന്നിടുന്തോറും ഏകാന്തതകള്‍ വര്‍ദ്ധിച്ചു… ഉറക്കമില്ലാത്ത രാത്രികള്‍… ഭക്ഷണം പാകം ചെയ്താലും ഭക്ഷിക്കുവാന്‍ തോന്നാഞ്ഞ എത്രയോ ദിനരാത്രങ്ങള്‍… രോഗങ്ങളും മറ്റു ക്ലേശങ്ങളും… ചിന്തിക്കുവാന്‍ പോലും ഭയാനകം. ആരുമൊന്ന് സംസാരിക്കുവാന്‍ പോലും ഇല്ലാഞ്ഞതുകൊണ്ട് മാനസികമായി തളര്‍ന്നു പോകാതിരിപ്പാന്‍ വളരെ പാടുപെട്ട സമയങ്ങള്‍… പാസ്റ്റര്‍ മാത്യു, പാസ്റ്റര്‍ ജോസഫ് ചീരന്‍, പാസ്റ്റര്‍ ജോഷി എന്നീ പ്രിയപ്പെട്ടവരും അന്യോന്യം രാവിലെയും വൈകുന്നേരങ്ങളിലും ഫോണില്‍ വിളിക്കുകയും ഒരാള്‍ മറ്റൊരാള്‍ക്ക് ആശ്വാസമായിരിക്കുകയും ചെയ്തു. തമ്മില്‍ ധൈര്യം പകരുന്ന വാക്കുകളും സന്ദര്‍ശനങ്ങളുമായിരുന്നു ഞങ്ങളെ അവിടെ പിടിച്ചു നിര്‍ത്തിയത്. തളര്‍ന്നും ക്ഷീണിച്ചും ഇരുന്ന വേളകളില്‍ ഞങ്ങള്‍ ഉള്ളു കൊണ്ട് ആഗ്രഹിച്ചിട്ടുണ്ട് ”ദൈവമേ കൂടിരുന്ന് പ്രാര്‍ത്ഥിക്കുവാനും വചനത്തില്‍ ബലപ്പെടുത്തുവാനും കുറച്ച് ദിവസത്തേക്കെങ്കിലും ആരെങ്കിലും വന്നിരുന്നെങ്കില്‍… ”

പ്രിയമുള്ളവരെ, തീത്തൊസിനെപ്പോലെ മറ്റുള്ളവരെ ആശ്വസിപ്പിക്കുവാനും ബലം പകരുവാനും ദൈവം ഒരു നിയോഗം തന്നാല്‍ എത്ര പേര്‍ അത് ഏറ്റെടുത്ത് മുമ്പോട്ട് വരും. ആ നിയോഗത്തില്‍ ചിലപ്പോള്‍ ആത്മഹത്യകള്‍, വിശ്വാസത്യാഗങ്ങള്‍, സുവിശേഷ ദര്‍ശനങ്ങളെ നഷ്ടമാക്കല്‍ എന്നിവയെ തടയുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം. മാത്രമല്ല നിങ്ങളുടെ ഒരു ഫോണ്‍ കോളോ സന്ദര്‍ശനമോ ദൈവരാജ്യത്തിന്‍റെ വിശാലതകള്‍ക്ക് കാരണമായിത്തീരും. ഒന്നോര്‍ക്കുക; ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ തളര്‍ന്നു പൊയ്ക്കൊണ്ടിരിക്കുന്ന അനേകം പൌലൊസുമാരുണ്ട്.

സര്‍വ്വശക്തന്‍ പൌലൊസുമാരെ ആശ്വസിപ്പിക്കട്ടെ… തീതൊസുമാരെ ബലപ്പെടുത്തട്ടെ…

-ADVERTISEMENT-

-ADVERTISEMENT-

You might also like