തള്ളിക്കളഞ്ഞവർക്ക് തണൽ ആകുക

ബിജു പി ശാമുവേൽ (വെസ്റ്റ് ബംഗാൾ)

യിശ്ശായി എന്ന മനുഷ്യന്റെ വീട്ടിലാണ് സംഭവം നടക്കുന്നത്.
ശമുവേൽ പ്രവാചകൻ അവിടെ എത്തി. ആ വീട്ടിലെ ഒരു അംഗത്തെ യിസ്രായേലിന്റെ അടുത്ത രാജാവായി നിയോഗിക്കുകയാണ് ലക്ഷ്യം. യിശ്ശായിക്ക്‌ 7 പുത്രൻമാരാണ് ഉള്ളത്. അവരിൽ ചിലരൊക്കെ പട്ടാളക്കാരാണ്.
ശമുവേലിന്റെ നിർദേശം അനുസരിച്ച് യിശ്ശായി മക്കളെ മുഴുവൻ ശമുവേലിന്റെ മുൻപിൽ അണിനിരത്തി. കഴിവും പ്രാപ്തിയും ഉള്ളവർ. മുൻപിൽ വന്ന ഓരോരുത്തരോടും ശമുവേൽ നോ( No ) പറഞ്ഞു.
അവസാനം ശമുവേൽ യിശ്ശായിയോട്‌ ഒരു ചോദ്യം.
“നിന്റെ മക്കൾ എല്ലാവരും ആയോ?”
യിശ്ശായിയുടെ മറുപടിയിൽ ഒരു നിസാരത്വം ഉള്ളതുപോലെ.
“ഇനി ഉള്ളതിൽ ഇളയവൻ ആടുകളെ മേയിക്കുകയാണ്”.
അവസാനം ദാവീദ് എന്ന ആ ആട്ടിടയനെ വരുത്തി രാജാവായി ശമുവേൽ അഭിഷേകം ചെയ്തു.
ഒരു ചെറിയ നൊമ്പരം മനസ്സിൽ നിറയുന്നില്ലേ? മറ്റു മക്കളെ ആരെയുമല്ല രാജാവാക്കുന്നതെങ്കിൽ ഇനി ഒരാൾ കൂടി ബാക്കി ഉണ്ടെന്ന് യിശ്ശായി തന്നേ പറയേണ്ടതല്ലേ?
പക്ഷെ യിശ്ശായി പറഞ്ഞില്ല. മനപ്പൂർവ്വമായോ അതോ മറവിയോ? അറിയില്ല…

സങ്കീർത്തനം 27-ൽ ദാവീദ് അതിനെക്കുറിച്ചായിരിക്കാം ഇങ്ങനെ ഓർക്കുന്നത്, “എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു, എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും”.

അതിന്റെ വേദന ദാവീദിന്റെ മനസ്സിൽ നീറിക്കൊണ്ടിരുന്നു കാണും.
കാലങ്ങൾ പലതു കഴിഞ്ഞു. യിസ്രായേൽ രാജ്യത്തിന്റെ ആഭ്യന്തര കലഹം മൂലം സിംഹാസനത്തിൽ നിന്നും ദാവീദിന് മാറി നിൽക്കേണ്ടി വന്നു.
കൊട്ടാരം വിട്ട് ഓടുന്ന ദാവീദിനൊപ്പം തന്റെ സഹോദരങ്ങളും മറ്റു ചിലരും കൂടി.
ദാവീദിന്റെ മനസ്സിൽ ഒരു ആധി. മാതാപിതാക്കളെ എവിടെ താമസിപ്പിക്കും?.
ദാവീദ് മോവാബ് രാജാവിന്റെ അടുത്ത് ചെന്ന് തന്റെ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ക്രമീകരണത്തിനായി അപേക്ഷിച്ചു .രാജാവ് സമ്മതിച്ചു. ദാവീദ് വനത്തിലും ദുർഗങ്ങളിലും താമസിച്ച കാലം മുഴുവൻ അപ്പനും അമ്മയും മോവാബ് രാജാവിന്റെ കൊട്ടാരത്തിൽ താമസിച്ചു.
ഒരിക്കൽ ദാവീദിനെ ഉപേക്ഷിച്ച അപ്പന്റെയും അമ്മയുടെയും സംരക്ഷകരായി ദാവീദ് മാറി, ഒരു വെറുപ്പും ഇല്ലാതെ. അവരെ സൂക്ഷി ക്കാനുള്ള ക്രമീകരണം ദാവീദ് തന്നേ ചെയ്തു.
സമയം മുൻപോട്ടാണ് പോകുന്നത്.
ഒരിക്കൽ നമ്മെ ഉപേക്ഷിച്ചവർക്ക്‌ തണൽ ആയി മാറുന്നത് ഒരു മധുരമുള്ള അനുഭവമല്ലേ? കാത്തിരിക്കുക.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like