ലേഖനം:” ഒരു ഭരണി എണ്ണ മാത്രം” | മിനി എം തോമസ്

ശവസംസ്‌കാര ചടങ്ങുകൾ ഏറെക്കുറെ അവസാനിച്ചു..

യാത്ര പറഞ്ഞ് ഓരോരുത്തരായി വിട വാങ്ങി..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൾ മുറിയ്ക്കുള്ളിൽ കയറി..
കരഞ്ഞും വിശന്നും തളർന്നുറങ്ങുന്ന തന്റെ മക്കളെ ചേർത്ത് പിടിച്ചു അവൾ കിടന്നു.

ഇന്നലെ വരെ ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഇന്ന് ഓർമ മാത്രമായി. കണ്ണുനീർ കൊണ്ട് കുഴിഞ്ഞ കണ്ണുകളും ഒട്ടിയ വയറും മാത്രമായിരുന്നു അവരുടെ സമ്പാദ്യം. തീരാത്ത പ്രശ്നങ്ങളും പരാധീനതകളുമായി ജീവിതത്തോണി തുഴയുമ്പോൾ ഭർത്താവിന്റെ സാന്നിധ്യം അവൾക്കെന്നും ഒരാശ്വാസമായിരുന്നു. “നമ്മുടെ ബുദ്ധിമുട്ടുകളൊക്കെ തീരുമെടി” എന്ന് പറയുമ്പോൾ അവളത് കണ്ണുമടച്ചു വിശ്വസിച്ചിരുന്നു.. ആ പ്രതീക്ഷയോടും വിശ്വാസത്തോടും ഇന്നലെ രാത്രി മയങ്ങിയപ്പോഴും അവൾ അറിഞ്ഞില്ല അടുത്ത പ്രഭാതം അവൾക്കായി കരുതിയത് വൈധവ്യം ആണെന്ന്. പരാധീനതകളില്ലാത്ത ഒരു ലോകത്തേക്ക്, താൻ പ്രീയം വെച്ച സ്വർഗനാട്ടിലേക്ക് ഭർത്താവ് യാത്രയായി..ചിന്തകളുടെ തെരിലേറി അവൾ എപ്പോഴോ ഉറങ്ങി പോയി.

വാതിലിൽ മുട്ട് കേട്ടാണ് അവൾ ഉണർന്നത് ..ഓടിച്ചെന്ന് വാതിൽ തുറന്ന അവളൊന്നു ഞെട്ടി..കടക്കാർ..പട്ടിണിയുടെ മൂർധന്യതയില്‍ മറ്റൊരു നിവൃത്തിയും ഇല്ലാതെയിരുന്നപ്പോൾ കടം വാങ്ങിയതാണ്..ഓരോ പ്രാവശ്യവും കടക്കാർ പടി കയറുമ്പോൾ അവധി ചോദിക്കാറാണ് പതിവ്..പക്ഷെ ഇനി അത് നടക്കില്ല..
“ഇന്നാണ് നിങ്ങൾ പറഞ്ഞ അവസാന തീയതി.
കടം വാങ്ങിയ കാശു തിരികെ തന്നില്ലെങ്കിൽ മക്കളെ രണ്ടുപേരെയും ഞങ്ങൾ കൊണ്ടുപോവുകയാണ്”.അവരുടെ ശബ്ദം ഉയർന്നു.

കണ്ണുനീർ പൊഴിയുന്നു..
പേടിച്ചരണ്ട കണ്ണുകളുമായി മക്കൾ അവളെ നോക്കി..
അവളുടെ വാക്കുകൾ മുറിഞ്ഞു..ഗദ്ഗദം മാത്രം.

അവൾ പുറത്തേക്കിറങ്ങി ഓടി..അതൊരു ഒളിച്ചോട്ടമാണോ എന്തെങ്കിലും കടുംകൈ ചെയ്യാനുള്ള പുറപ്പാടാണോ എന്നു കടക്കാർ ഭയന്നു. പക്ഷെ അവരുടെ വിളിയൊന്നും അവൾ കൈകൊണ്ടില്ല. അവൾ ഓടിയെത്തിയത് ഒരു ചെറിയ വീടിന്റെ മുന്പിലായിരുന്നു..അവളുടെ നിർത്താതെയുള്ള വിളി കേട്ടിട്ടാവാം ആ വാതിൽ വേഗം തുറക്കപ്പെട്ടു. മധ്യവയസ്കനായ ഒരു മനുഷ്യൻ പുറത്തേക്കിറങ്ങി വന്നു: “എന്താണ് സഹോദരി എന്ത് പറ്റി??”

” നിന്റെ ദാസനായ എന്റെ ഭർത്താവു മരിച്ചുപോയി; നിന്റെ ദാസൻ യഹോവാഭക്തനായിരുന്നു എന്നു നിനക്കറിയാമല്ലോ; ഇപ്പോൾ കടക്കാരൻ എന്റെ രണ്ടു മക്കളെ പിടിച്ചു അടിമകളാക്കുവാൻ വന്നിരിക്കുന്നു.”
അവളുടെ കണ്ണുനീരിന് മുൻപിൽ എലീശാ പ്രവാചകന് അവളെ വെറുതെ വിടാൻ കഴിയുമായിരുന്നില്ല.
അല്പനേരം തേങ്ങലിന്റെ ശബ്ദം അവിടെ അലയടിച്ചു നിന്നു. നിശബ്ദതയ്ക്കൊടുവിൽ അദ്ദേഹം തുടർന്നു:
“ഞാൻ നിനക്കു വേണ്ടി എന്തു ചെയ്യേണം? വീട്ടിൽ നിനക്കു എന്തുള്ളു”

“ഒരു ഭരണി എണ്ണ”. വിശപ്പ് തളം കെട്ടുന്ന വീട്ടിലെ ആകെ സമ്പാദ്യം അവൾ അറിയിച്ചു.

വ്യതസ്തമായ ഒരുപദേശം പ്രവാചകൻ അവൾക് നൽകി:
“നീ ചെന്നു നിന്റെ അയൽക്കാരോടൊക്കെയും പാത്രങ്ങൾ വായ്പ വാങ്ങി നീയും നിന്റെ മക്കളും അകത്തു കയറി വാതിൽ അടച്ചു പാത്രങ്ങളിലൊക്കെയും എണ്ണ പകർന്നു, നിറഞ്ഞതു നിറഞ്ഞതു ഒരു ഭാഗത്തുമാറ്റിവെക്കുക”

മറുചോദ്യങ്ങളില്ലാതെ പ്രവാചകനോട് നന്ദി പറഞ്ഞ് അവൾ അവിടെ നിന്ന് വീട്ടിലേക്കോടി. പോകുന്ന വഴിയിൽ അവൾ മറ്റുവീടുകളിൽ കയറി പാത്രങ്ങൾ വാങ്ങി.വീട്ടിലെത്തിയപോഴേക്കും കടക്കാർ അവിടെ നിന്ന് പോയിരുന്നു. പാത്രങ്ങളുമായി ഓടി വരുന്ന അമ്മയോട് മക്കൾ കാര്യം തിരക്കുന്നുണ്ടായിരുന്നു..അവൾ ഒന്നും പറയാതെ അവരെയും കൂട്ടി അകത്തു കയറി വാതിലടച്ചു.

അവൾ തന്റെ ഭരണിയിലെ എണ്ണ ചെറിയൊരു പാത്രത്തിലേക്ക് പകർന്നു..ആ പാത്രം നിറയാറായെങ്കിലും എണ്ണ തീരുന്നില്ലായിരുന്നു. മകൻ അടുത്ത പാത്രമെടുത്ത് കൊടുത്തു. അതും നിറഞ്ഞു. മക്കൾ നിരത്തിയ പത്രങ്ങളിലെല്ലാം അമ്മ എണ്ണ പകർന്നുകൊണ്ടേയിരുന്നു.
നിറയ്ക്കുവാൻ ഇനി ആ വീട്ടിൽ പാത്രങ്ങൾ ഇല്ല..ഭരണിയിലേക്കു നോക്കിയ അവൾ ഒന്ന് പുഞ്ചിരിച്ചു. ഭരണിയിലെ എണ്ണയും തീർന്നു.

അവൾ വീട്ടിൽനിന്ന് ഇറങ്ങിയോടി.. പാത്രങ്ങൾക്കല്ല, നിലവിളിയോടെയല്ല..
സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകളുമായി.. പ്രവാചകന്റെ മുന്പിലെത്തി നന്ദിയോടെ അവൾ കൈകൾ കൂപ്പി.
കടം തീർക്കാനുള്ള വക ആഗ്രഹിച്ച്‌ എത്തിയവൾക് കടം തീർത്തിന് ശേഷം സുഭിക്ഷമായി ജീവിക്കാനുള്ളതും ദൈവം കരുതി.

ജീവിതം തകർന്നു, ഇനി ഒരു ഉയർത്തെഴുന്നേല്പില്ല എന്ന് ചിന്തിച്ച്‌ കരയുന്നുവോ? ഒരു ചോദ്യം മാത്രം: “ഞാൻ നിനക്കു എന്ത് ചെയ്ത് തരണം? നിന്റെ പക്കൽ എന്തുള്ളു”.
പറയുവാൻ നന്ദി മാത്രവും കൊടുക്കുവാൻ സ്നേഹം മാത്രവും സമർപ്പിക്കുവാൻ നിന്റെ ജീവിതം മാത്രവുമേ ഉള്ളുവെങ്കിലും അത് ആത്മാർത്ഥമായി സമർപ്പിക്കു..
കുശവൻ പണിയുന്നത് നല്ല പാത്രമാകാനാണ്. അത് വരെ നിങ്ങൾ പണിപ്പുരയിലാണ്.
പ്രശ്നങ്ങളിൽ സങ്കടപെടേണ്ട. നീ നാളത്തെ നല്ല പാത്രമാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.