മഹാപ്രളയത്തിൽ ഭൂമിയും വീടും നഷ്ടപ്പെട്ട 25 പേർക്ക് വീട് വയ്ക്കാൻ സ്വന്തം ഭൂമി നൽകി നോയൽ മാത്യു

കോഴിക്കോട്: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷൻ ആയ ഫോമയുടെ കമ്മിറ്റി അംഗവും, ഫ്ലോറിഡ മലയാളി യുവ സമൂഹത്തിൻറെ പരിച്ഛേദവുമായ നോയൽ മാത്യു.

കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക അവസ്ഥകളെ മാറ്റിമറിച്ച മഹാ പ്രളയത്തിൽ മണ്ണ് നഷ്ടപ്പെട്ട ഇരുപത്തിയഞ്ചു കുടുംബങ്ങൾക്ക് വീട് വയ്ക്കുവാനുള്ള ഭൂമി ദാനമായി നൽകുകയാണ് നോയൽ മാത്യു. അദ്ദേഹം നൽകുന്ന ഭൂമിയിൽ വീടുകൾ നിർമ്മിച്ച് നൽകി നന്മയുടെ ഒരു ഗ്രാമം പണിയുവാൻ ഫോമാ കൂടി രംഗത്തുവരുന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയിൽ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് നോയലും, ഫോമയും കൈകോർക്കുന്നത്.

കോഴിക്കോട് സ്വദേശിയായ നോയൽ ഈ ഭൂമി നൽകുന്നത് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ അതിർത്തി പങ്കിടുന്ന പ്രദേശത്തുള്ള ഭൂമിയാണ് വീടുകൾ നിർമ്മിക്കുവാനായി നൽകുന്നത്. വയനാട്ടിൽ മഹാപ്രളയം ഉണ്ടാക്കിയ നാശ നഷ്ടത്തിൽ നിരവധി ആളുകൾക്കാണ് ഭൂമിയും,വീടും വസ്തു വകകളും നഷ്ടപ്പെട്ടത്, മലപ്പുറം ജില്ലയുടെയും, കോഴിക്കോട് ജില്ലയുടെയും ചില ഭാഗങ്ങളെയും പ്രളയം വിഴുങ്ങിയിരുന്നു.ഈ മുന്ന് ജില്ലയിലെയും, പ്രളയക്കെടുതിയിൽ ഭൂമിയും വീടും നഷ്ടപ്പെട്ട മറ്റു ജില്ലകളിലെ നിർധനരായവർക്കും കൂടി ഇവിടെ വീടുകൾ നിർമ്മിക്കുവാനുള്ള രീതിയിലാണ് ഇപ്പോൾ ഫോമാ നേതൃത്വം നാഷണൽ കമ്മിറ്റിയിൽ പ്രാഥമിക തീരുമാനത്തിലെത്തിയത്. കൂടുതൽ വിവരങ്ങൾ ഫോമയുടെ നേതൃത്വം ഉടൻ അറിയിക്കും.

ഫോമയുടെ നാഷണൽ കമ്മിറ്റി കൂടിയ സമയത്ത് പ്രളയത്തിൽ വീടുകളും, ഭൂമിയും നഷ്ടപ്പെട്ടവർക്ക് എന്തുചെയ്യാം എന്ന ആശയം ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ നിർദേശം സജീവ ചർച്ചയായ സമയത്താണ് ഈ നല്ല ആവശ്യത്തിനായി സ്വന്തം ഭൂമി വിട്ടുകൊടുക്കാൻ നോയൽ മാത്യു തയ്യാറായി. മണ്ണിനെ അറിഞ്ഞു ജീവിച്ച മനുഷ്യന്റെ ഭൂമിയും, അവന്റെ വർഷങ്ങളുടെ അദ്ധ്വാനമായ വീടും, അവന്റെ എല്ലാം ഒരു മഹാപ്രളയം കവർന്നെടുത്തത്. അപ്പോൾ സഹോദരരായ അവർക്ക് കൈത്താങ്ങ് ആകുക എന്നാണ് ഈ ചെറുപ്പക്കാരൻ ചിന്തിച്ചത്. ഈ ചിന്തയ്ക്ക് ഒപ്പം കൂടാൻ നോയലിന്റെ അച്ഛനും, അമ്മയും, ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം കൂടി ആയപ്പോൾ ഈ ഭൂമിദാനം ഒരു മഹാദാനമായി മാറും.

പ്രവാസിമലയാളികളോട് ഒരു വാക്ക് …
അമേരിക്കൻ മലയാളികൾ ഉൾപ്പെടെയുള്ള പല പ്രവാസി സുഹൃത്തുക്കൾക്കും കേരളത്തിൽ പലയിടത്തും ഉപയോഗമില്ലാതെ നിരവധി ഏക്കർ ഭൂമിയുണ്ട്. അവർക്കെല്ലാം ഒരു പ്രചോദനം കൂടി നോയലിന്റെ ഭൂമിദാനവും, ഫോമയുടെ വില്ലേജ് പ്രോജക്ടും. പല പ്രവാസികളുടെയും വസ്തുവകകൾ കാലങ്ങൾ ചെല്ലുമ്പോളേക്കും അന്യാധീനപ്പെട്ടു പോകുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. പലതും കേസിലും അവസാനിക്കുന്നു.അവയൊക്കെ നമുക്ക് ഉപയോഗമാക്കിയെടുക്കുവാൻ, മണ്ണിനെ മനോഹരമായ ഭൂമിയാക്കി മാറ്റുവാൻ നോയലിന്റെ ചിന്ത ഏവർക്കും പ്രചോദനമാകട്ടെ.

നോയൽ മാത്യു നൽകിയ ഊർജം ഫോമയുടെ ചാരിറ്റി പ്രവർത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ്. ഫോമയുടെ കാൻസർ പ്രോജക്ടിന് ശേഷം കേരളത്തിന്റെ ഒരു ലാൻഡ് മാർക്ക് കൂടി ആകുന്നതരത്തിൽ ഒരു വില്ലേജ് പ്രോജക്ടിന് തുടക്കമിടാൻ നോയലിന്റെ വലിയ മനസ് കാട്ടിയ സ്നേഹത്തിനു ഫോമയുടെയും അമേരിക്കൻ മലയാളികളുടെയും അകമഴിഞ്ഞ പിന്തുണയും,ഒപ്പം അഭിനന്ദനങ്ങളും അറിയിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറർ ഷിനു ജോസഫ്, വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് മാത്യു, ജോ. സെക്രട്ടറി സാജു ജോസഫ്, ജോ. ട്രഷറർ ജെയിൻ മാത്യു എന്നിവർ അറിയിച്ചു.

ചെറിയ വാക്കുകളിലൂടെ നോയൽ നമുക്ക് നൽകുന്ന സന്ദേശം വലിയ കാര്യങ്ങൾ ആണ്.നാളെ മലയാളി യുവജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന സന്ദേശം.

കേരളം സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുൻ സെക്രട്ടറിയും മികച്ച സാമൂഹ്യ പ്രവർത്തകനും കൂടിയാണ് നോയൽ മാത്യു .2017 സെപ്റ്റംബറിൽ ഇർമ ചുഴലിക്കാറ്റ് ഫ്ളോറിഡയെ പിടിച്ചുകുലുക്കുകയും നിരവധി നാശനഷ്ടങ്ങൾ മലയാളികൾ ഉൾപ്പെടെയുള്ള നിരവധി കുടുംബങ്ങൾക്ക് ഉണ്ടായപ്പോൾ നോയലിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുകയും ,ഓരോ വീടുകളിലുമേത്തി വീടും പരിസരവും വാസ യോഗ്യമാക്കുന്നതിനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടത് ഫ്ലോറിഡയിലെ ജനങ്ങൾ മറക്കാനിടയില്ല.

സാമൂഹ്യപ്രവർത്തനത്തോടൊപ്പം തന്നെ തികഞ്ഞ ഒരു കലാകാരൻ കൂടിയാണ് നോയൽ.മികച്ച ഒരു പെർക്കഷനിസ്റ്റ് എന്ന നിലയിലും അദ്ദേഹം അറിയപ്പെടുന്നു. ഫ്ലോറിഡയിലെ ഒരു സംഗീത ബാൻഡിലെ ഒരംഗം കൂടിയാണ്നോയൽ. അറിയപ്പെടുന്ന സംഗീതഞ്ജയനായ സ്റ്റീഫൻ ദേവസിയുടെ അമേരിക്കൻ പ്രോഗ്രാമുകളിൽ ഒപ്പം കൂടുവാൻ നോയലുമുണ്ടാകും, അങ്ങനെ നല്ല കലാകാരൻ ഒരു മനുഷ്യ സ്‌നേഹി കൂടിയാണെന്നു ഒരിക്കൽ കൂടി തെളിയിക്കുന്നു.

നന്മയുള്ള മനസുകളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നവരാണ് നമ്മൾ മലയാളികൾ. എല്ലാം നഷ്ടപ്പെട്ടവരെ ഒപ്പം കൂട്ടുക, “നീ വിഷമിക്കേണ്ട നിനക്ക് ഞാനുണ്ട്” എന്ന് പറയുന്ന ഒരു കൂട്ടുകാരനാകാൻ ,ഈ പ്രളയ കാലത്തു നിരവധി ആളുകൾ നമുക്കൊപ്പം ഉണ്ടായിരുന്നു. പക്ഷെ നോയൽ അവിടെ വ്യത്യസ്തനാകുന്നത് എല്ലാം നഷ്ടപ്പെട്ടവന് തിരിച്ചുപിടിക്കാനാകാത്ത തരത്തിൽ അകന്നു പോയ മണ്ണിനെ അവരുടെ ഹൃദയത്തിന്റെ ഭാഗമാക്കാൻ ഒപ്പം നിൽക്കുമ്പോഴാണ്. ആ മനസിനും, ഒപ്പം നിൽക്കുന്ന കുടുംബത്തിനും മുൻപിൽ ക്രൈസ്തവ എഴുത്തുപുരയുടെ
ഹൃദയ വന്ദനം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.