ലേഖനം: “സ്വാതന്ത്ര്യത്തിനായി ക്രിസ്തു നമ്മെ സ്വതന്ത്രർ ആക്കി” | പാസ്റ്റർ ഷാജി ആലുവിള

ശാരീരികവും മാനസികവും ആത്മീയവുമായ അടിമത്വത്തിൽ നിന്നുള്ള മോചനമാണ് സ്വാതന്ത്ര്യം.ബദ്ധന്മാരെയും അടിമകളെയും ദാസ്യത്തിൽ നിന്നും ബന്ധനത്തിൽ നിന്നും വിടുവിക്കുന്നതിനോടുള്ള ബന്ധത്തിൽ ബന്ധപെടുത്തിയാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്.

ഭാരതത്തിന്റെ 71 മത്തെ സ്വാതന്ത്ര്യ ദിനം ആണല്ലോ നാം ആഘോഷിക്കുന്നത്. ഒപ്പം ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി തീർന്നതിന്റെ ആനന്ദവും. നമ്മളിൽ പലരും ആദ്യ സ്വാതത്ര്യ ദിനമായ 1947 ആഗസ്റ്റ് 15 കണ്ടിരിക്കയില്ല. എങ്കിലും ഇന്ന് നാം വളരെ ആഹ്ലാദമായി ഈ ദിനത്തെ ആഘോഷിക്കുന്നു. ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലുള്ള ഇന്ത്യ ഗേറ്റിൽ ഭാരത സ്വാതന്ത്രത്തിനായി അടരാടി വീര മ്രുത്യു വരിച്ച ധീരജവാന്മാർക്ക് ആദരാഞ്ജലികൾ ആർപ്പിച്ചുകൊണ്ട് വർണപകിട്ടാർന്ന പരേഡുകളും കലാ പരിപാടികളും ജനുവരി 26 ന് നടക്കും. ഒപ്പം എല്ലാ സംസ്ഥാനങ്ങളുടെയും ആസ്ഥാനത്തും. ഡൽഹിയിലുള്ള ചെങ്കോട്ട (ലാൽഖില) യിൽ വെച്ച് ആഗസ്റ്റ് 15 ന് സ്വാതത്ര്യദിന ആഘോഷവും വളരെ ഭംഗിയായി സൈനീക മേൽനോട്ടത്തിൽ പ്രതി വർഷം നടത്തപ്പെടുന്നു. സമരത്തിന്റെ തീച്ചൂളയിലൂടെ കടന്നു പോയവർ നമുക്കീ സ്വാതന്ത്ര്യം നേടി തന്നു.അവരുടെ പേരുകൾ ഇന്ത്യ ഗേറ്റിൽ ലിഖിതം ചെയ്തിരിക്കുന്നതും വളരെ ശ്രേദ്ധേയമാണ്.

1757 ൽ പ്ലാസി യുദ്ധം സ്വാതന്ത്രിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. നൂറു വർഷങ്ങളുടെ അടിമത്ത്വം ഉണ്ടാക്കിയ വേദനകളുടെ ആവേശത്തോടെ 1857 ലും സ്വാതന്ത്ര്യ ശ്രമങ്ങൾ തുടർന്നു. പക്ഷെ വിദേശ ആയുധങ്ങളുടെ മുൻപിൽ നമ്മൾ നിസ്സഹായകരായിരുന്നു. അങ്ങനെ നിരായുധരായി നിന്നുകൊണ്ട് തന്നെ ഗാന്ധിജി ബ്രിട്ടിഷുകാർക്ക് അന്ത്യ ശാസന നൽകി “ക്വിറ്റ് ഇന്ത്യ”. ഇന്ത്യൻ ജനതക്ക് വീര്യം പകർന്നുകൊണ്ട് ആ ധീര പുരുഷൻ ആഹ്വാനം നൽകി, ‘പ്രവർത്തിക്കുക അല്ലങ്കിൽ മരിക്കുക’… എന്നു വെച്ചാൽ, മരിക്കും വരെ നല്ല യോദ്ധാവായി അടരാടുക. ഗാന്ധിജിയുടെ ശബ്ദത്തിനു മുൻപിൽ ഇന്ത്യൻ ജനത സടകുടഞ്ഞ് എഴുന്നേറ്റു. ഇന്ത്യയുടെ സഹന സമരത്തിനും അക്രമരാഹിത്യത്തിനും മുൻപിൽ ബ്രിട്ടഷുകാർ വിരണ്ടു. അങ്ങനെ നമ്മൾ സ്വതന്ത്ര്യം നേടി എടുത്തു. അങ്ങനെ അനേക ഭാരതീയരുടെ ജീവനും രക്തവും കൊടുത്തു നേടിയെടുത്തതാണ് നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. ഇതിനെ കണ്ണിന്റെ കൃഷ്ണമണി പോലെ പരിരക്ഷിക്കണം. അതു ഓരോ ഭാരതീയന്റെയും കടമയാണ്.

post watermark60x60

അടിയും ഇടിയും കൊണ്ട് നിണവും ജീവനും കൊടുത്തു വീണ്ടെടുത്ത ഭാരതീയ സ്വാതന്ത്ര്യം ഇവിടുത്തെ എല്ലാ വിഭാഗക്കാർക്കും ഉണ്ടോ?? ഇന്നും അടിമയെന്നും ഉടമയെന്നും, അല്ല, ഉച്ചനീചത്വങ്ങൾ നിലനിർത്തി മനുഷ്യന് അയിത്തം കല്പിച്ചു അകറ്റി നിർത്തുന്നില്ലേ, പീഡിപ്പിക്കുന്നില്ലേ, തല്ലി കൊല്ലുന്നില്ലേ. ഇതാണോ സകലർക്കുമുള്ള ഭാരതീയ സ്വാതന്തര്യം. ഭാരതീയ സംസ്കാരവും സാമ്പത്തിക നിലവാരവും വളരെ മെച്ചപെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ ധാർമിക നിലവാരം അടിക്കടി അധഃപതിച്ചുകൊണ്ടിരിക്കയാണ്. ഒപ്പം അഴിമതിയും. വികാരങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയാത്ത കാപാലികന്മാർ ഏത് കുൽസിത പ്രവർത്തികൾ ചെയ്യുവാനും പ്രേരിതരാകുന്നു. ഓടുന്ന വാഹനത്തിലും കുമ്പസാരത്തിന്റെ മറവിലും ക്ഷേത്രങ്ങളുടെയും പള്ളികളുടെയും നിഴലിലും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കും വിധത്തിൽ കൂട്ട മാനഭംഗത്തിനും ക്രൂര കൊലപാതകത്തിനും എത്രയോ പേർ ഇരകളായി തീർന്നു കൊണ്ടിരിക്കുന്നു. സ്വന്തം വീട്ടിനുള്ളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതർ അല്ല എന്നുള്ള വസ്തുതകൾ നാം ഓർക്കണം.

ഇന്ത്യ നേടി എടുത്തതും ദൈവം കനിഞ്ഞു നല്കിയതുമായ സ്വാതന്ത്ര്യം ധാർമികത നഷ്ടപ്പെടുത്തുന്ന അനാശാസ്യ പ്രവർത്തികൾക്കോ ഭീകരത ഉളവാക്കുന്ന കുലപാതകങ്ങൾക്കോ ഒരു മതത്തിന്റെയും സ്വാതിന്ത്ര്യത്തിന് കൂച്ചു വിലങ്ങു ഇടുവാനോ അല്ല. ധാർമിക മൂല്യം ഉയർത്തിക്കാണിക്കുന്ന ഒരു പുതിയ യുഗം എത്രയും പെട്ടന്ന് ഇവിടെ ഉണ്ടാകേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും ആവശ്യമാണ്. ബ്രിട്ടഷുകാർ ചെയ്ത ക്രൂരതകളെക്കാൾ ഇപ്പോൾ ഇവിടെ നടക്കുന്ന ക്രൂരതകളും ബലാത്സംഗങ്ങളും കുലപാതകങ്ങളും വളരെ മോശവും നീചവും അല്ലെ?? ധാർമികത ഇന്ന് ഇത്ര അധഃപതിക്കാൻ കാരണം ഉണ്ട്. ഭാരതീയ സംസ്കാരം കാത്തു സൂക്ഷിച്ച ഈശ്വര ഭക്തിയുടെയും ഭയത്തിന്റെയും മൂല്യ ച്യുതിയാണ് അത്.

മാനവരുടെ പാപ യാഗത്തിനായി നരനായി ഭൂമിയിൽ വരികയും ദൈവത്തെയും മനുഷ്യനെയും സ്നേഹിച്ചുകൊണ്ട് ലളിതവും, നിസ്വാർഥവും,നിസീമ വും, കാപട്യം ഇല്ലാത്തതും, സ്വതന്ത്രവും ആയ ഒരു ജീവിതരീതിക്കുവേണ്ടി യേശുക്രിസ്തു നിലകൊണ്ടു. യേശു പറഞ്ഞു നിങ്ങൾ സത്യം അറിയുക ആ സത്യം നിങ്ങളെ സ്വാതന്ത്രരാക്കുകയും ചെയ്യും എന്ന് (യോഹ:8:32) ഓരോ ഇന്ത്യക്കാരനും സ്വാതന്ത്രത്തിനു മുൻപ് ഒരു സത്യം മനസിലാക്കി ഇനിയും അധിക നാൾ ബ്രിട്ടഷുകാർ ഇവിടെ നിന്നാൽ ഞങ്ങൾ അവരുടെ അടിമകൾ ആകും. ഈ ചിന്താ മൂല്യമാണ് സ്വാതന്ത്ര്യ മൂല്യത്തിലേക്ക് നയിച്ചത്. ഇതുപോലെ പാപം ജനത്തിന്റെ മേൽ കർതൃത്വം നടത്തിയ കാലഘട്ടത്തിൽ യേശുവിന്റെ ഉദ്ബോധനങ്ങൾ വ്യവസ്ഥാപിത പുരോഹിതന്മാർക്കു സഹിക്കുവാൻ പറ്റാതെ യേശുക്രിസ്തുവിനെ ക്രൂശിച്ചു.

പാപത്തിന്റെ അടിമത്വത്തിൽ നിന്നു ക്രിസ്തു നമ്മെ സ്വാതന്ത്രരാക്കി. അടിമ നുകത്തിൽ പിന്നെയും നാം കുടുങ്ങി പോകരുത്. മനുഷ്യ ജീവിതം ദുരൂഹത നിറഞ്ഞ ഒരു സമസ്യ ആണ്. സനാതനമായ ചില നിയമങ്ങൾ അതിനുണ്ട്. ഈ നിയമങ്ങൾ അനുസരിക്കുന്നവർക്കു മാത്രമേ ജീവിതത്തിൽ സ്വാതന്ത്ര്യത്തോടെ ജയിച്ചു മുന്നേറുവാൻ പറ്റുകയുള്ളു. എന്നിരുന്നാലും നാം നിയമത്തിൻ അതിരുകൾ ലംഘിക്കാറുണ്ട്. അതിന്റെ പരിണിത ഫലങ്ങളാണ് ജീവിത പരാജയങ്ങൾ.സ്വാതന്ത്ര്യം ദുരുപയോഗം ചെയ്താൽ പരാജയം ഉറപ്പാണ്. യഥാ സ്ഥാനത്തെ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു സ്ഥാനഭ്രഷ്ടരായ എത്രയോ പേർ നമ്മുടെ ചുറ്റിലും ഉണ്ട്.അവർ ഇന്ന് ആരുമല്ലാത്ത അവസ്ഥയാണ്. ഓരോ ചുവടുവയ്പിലും നമ്മെ വഴി നടത്തുന്ന സത്യത്തിൽ ആശ്രയിച്ചുകൊണ്ട് മുൻപോട്ടു പോയാൽ നമ്മൾ സത്യത്തിന്റെ മാധ്യമങ്ങൾ ആയിത്തീരും. ജീവിതത്തിലെ തെറ്റുകളെ ചവിട്ടിതാഴ്ത്തി കൊണ്ട് വിജയത്തിന്റെ സോപാനത്തിലേക്കു സ്വാതന്ത്ര്യത്തോടെ ഉയരുകയും ചെയ്യാം. നാം സ്വാതന്ത്ര്യത്തിനായി വിളിക്കപ്പെട്ടിരിക്കുന്നു. ഈ സ്വാതന്ത്ര്യം ജഡത്തിന് അവസരം ഒരുക്കി അടിമനുകത്തിൽ പിന്നെയും കുടുങ്ങാതെ നമ്മെ തന്നെ സൂക്ഷിച്ചും യഥാർത്ഥ സ്വാതന്ത്ര്യം സർവ്വ ഭാരതീയർക്കും വിളനിലമായി തീരണ്ടതിനും നമുക്ക് യത്നിക്കാം… സ്വാതന്ത്ര്യത്തിനായി തിളക്കട്ടെ ചോര നമ്മുടെ ഞരമ്പുകളിൽ. യേശുവിനായി തീരട്ടെ നമ്മുടെ ജീവനും…

“സ്വാതന്ത്ര്യ സേനാനികൾക്കു ഒരു ബിഗ് സല്യൂട്”

– പാസ്റ്റർ ഷാജി ആലുവിള

-ADVERTISEMENT-

-ADVERTISEMENT-

You might also like