“നാം ക്രിസ്തുവിനെ അറിയിക്കുന്നവർ ആകണം” എന്ന സന്ദേശത്തോടെ പതിനാറാമത് ഐ.പി.സി. ഫാമിലി കോൺഫ്രൻസിനു ഡാളസിൽ സമാപനമായി

ഡാളസ്: സുവിശേഷ ശക്തികളെ അടിച്ചമർത്താൻ അധികാരത്തിന്റെ അന്ധകാരശക്തികൾ വിഫലശ്രമം നടത്തുമ്പോൾ സുവിശേഷത്തിനു ബന്ധനമില്ലെന്ന സത്യം ദൈവജനം വിസ്മരിക്കരുതെന്ന് പാസ്റ്റർ തോമസ് ഫിലിപ്പ് ഉദ്ബോധിപ്പിച്ചു. പതിനാറാമത് നോർത്ത് അമേരിക്കൻ ഐ.പി.സി. ഫാമിലി കോൺഫ്രൻസിൽ സമാപന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനെ അറിഞ്ഞവർ അവനെ അറിയിക്കുന്നവർ ആയിരിക്കണമെന്നും, ലോകം നൽകിയ മുൾമുടി ധരിച്ചല്ല ദൈവപുത്രൻ ഇനിയും വേഗത്തിൽ മേഘത്തിൽ പ്രത്യക്ഷനാകുന്നതെന്നും സന്ദേശത്തിൽ ഇദ്ദേഹം ഓർപ്പിച്ചു.

വടക്കേ അമേരിക്കയിലെ ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭാംഗങ്ങളുടെ കൂട്ടായ്മവേദിയായ ഫാമിലി കോൺഫ്രൻസിന്റെ പതിനാറാമത് സമ്മേളനത്തിന് നാഷണൽ ചെയർമാൻ പാസ്റ്റർ ബേബി വർഗ്ഗീസിന്റെ പ്രാർത്ഥനയോടെ ജൂലൈ 19 നു തുടക്കം കുറിച്ചു. ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ അമേരിക്കൻ ഐക്യനാടുകളിലെ എളിയ ആരംഭത്തെ കുറിച്ചും, തുടർന്നുള്ള വളർച്ചയെ കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ഇദ്ദേഹം ഓർമ്മപ്പെടുത്തി. 1973-ൽ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്ക് അമേരിക്കൻ ഐക്യനാടുകളിൽ ന്യൂയോർക്കിൽ ആദ്യസഭ ഉടലെടുക്കുകയും, അതേ തുടർന്ന് ഇന്ന് സഭയ്ക്ക് 5 റീജിയണുകളായി സഭാപ്രവർത്തനങ്ങൾ വ്യാപിക്കുകയും ചെയ്തു. 1998-ൽ ആദ്യകുടുംബ സംഗമം ന്യൂയോർക്കിൽ വെച്ച് നടക്കുകയും കഴിഞ്ഞ കാലങ്ങളിൽ തളരാതെ വിശ്വസ്തതയോടെ നില നിർത്തിയത് ലജ്ജിപ്പി ക്കാത്ത ദൈവമാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഐ.പി.സി ഈസ്റ്റൺ റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പ്രാരംഭ രാത്രിയിൽ പാസ്റ്റർ ഫിലിപ്പ് പി. തോമസ്, കെ.എ. ജോൺ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ലോക്കൽ കൺവീനർ ജോൺസൻ വർക്കി സ്വാഗത പ്രസംഗവും, ലോക്കൽ കൺവീനർ പാസ്റ്റർ കെ.വി. തോമസ് സങ്കീർത്തനവും വായിച്ചു.

വെള്ളി, ശനി ദിവസങ്ങളിൽ നടത്തപ്പെട്ട പ്രഭാത തിരുവചന പഠന ക്ലാസുകളിൽ പാസ്റ്റർ ജോയി എബ്രഹാം ഫ്ലോറിഡ, പാസ്റ്റർ കെ.എ. ജോൺ, സുവിശേഷകൻ സാജു മാത്യു എന്നിവർ ക്ലാസുകൾ നയിച്ചു. വിവിധ ദിവസങ്ങളിൽ നടന്ന സെമിനാറിൽ ഡോക്ടർ തോമസ് ഇടിക്കുള, പാസ്റ്റർ തോമസ് കുര്യൻ, പാസ്റ്റർ മോനിസ് ജോർജ്, പാസ്റ്റർ കെ. സി. ചാക്കോ, പാസ്റ്റർ വി.എ. വർഗീസ്, പാസ്റ്റർ സാമുവേൽ ജോൺ, ഡോ. സാബു വർഗ്ഗീസ്, പാസ്റ്റർ റോയി വാകത്താനം, പാസ്റ്റർ വി. പി. ജോസ്, പാസ്റ്റർ റോയി ആന്റണി, പാസ്റ്റർ ഷാജി ഡാനിയേൽ, ഡോ. വിൽസൺ വർക്കി, കേരളാ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലിൽ എന്നിവർ ചിന്താവിഷയത്തെ അധികരിച്ച് സംസാരിച്ചു. അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി എന്നതായിരുന്നു കോൺഫ്രൻസ് ചിന്താ വിഷയം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഐ.പി.സി ഗ്ലോബൽ മീഡിയ മീറ്റ് നടന്നു. ഗ്ലോബൽ മീഡിയ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റ്‌ പാസ്റ്റർ സാംകുട്ടി ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ വടക്കേ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അസോസിയേഷൻ ചെയർമാൻ സി.വി. മാത്യു നിർവ്വഹിച്ചു. മാധ്യമരംഗത്തും, ക്രൈസ്തവ സാഹിത്യ രംഗത്തും ഇൻഡ്യാ പെന്തക്കോസ്ത്‌ ദൈവ സഭാംഗങ്ങളുടെ സജീവ സാന്നിദ്ധ്യവും, ഇടപെടലും മനസ്സിലാക്കിയതുമൂലമാണു ഇക്കൂട്ടരെ കൂട്ടി ഒരു ഏകോപന സമിതി ഉണ്ടാകേണ്ടുന്ന ആശയം ഉടലെടുത്തതെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പ്രസ്താവിച്ചു. സഭാവളർച്ചയിൽ എഴുത്തുകാരും, മാധ്യമ പ്രവർത്തകരും ചെയ്യുന്ന പ്രവർത്തനങ്ങളുടെ ആകത്തുക മനസ്സിലാക്കുകയും, അവരുടെ കഴിവുകളെ സഭാവളർച്ചയ്ക്ക്‌ ഉതകത്തക്ക രീതിയിൽ തികഞ്ഞ ലക്ഷ്യബോധ്യത്തോടെ നിലകൊള്ളുന്ന ഒരു സംഘടനയാണിതെന്നും സി.വി. മാത്യു സദസ്സിനെ ഓർപ്പിച്ചു. പാസ്റ്റർ ജേക്കബ്ബ് ജോൺ, പാസ്റ്റർ ഷിബു നെടുവേലിൽ, പാസ്റ്റർ ഫിലിപ്പ് പി. തോമസ് എന്നിവർ ആത്മീകതയും, അതോടൊപ്പം പരസ്പര സ്നേഹവും, ബഹുമാനവും കൈവിടാതെ എഴുത്തുകാർ ദൈവം തന്ന താലന്തുകൾ വിനിയോഗിക്കണമെന്ന സന്ദേശവാക്കുകൾ അറിയിച്ചു. വളർത്താനും, തളർത്താനും കഴിവുള്ള എഴുത്തിന്റെ ശക്തിയെപറ്റി ഇവർ സദസ്സിനെ ഓർമ്മപ്പെടുത്തി.

പ്രവാസലോകത്തിൽ മലയാള ഭാഷയുടെ പ്രചരണത്തിനും, വളർച്ചയ്ക്കും, അതേ അവസരത്തിൽ സുവിശേഷ വ്യാപ്തിക്കായി 26 വർഷങ്ങൾക്ക്‌ മുൻപ്‌ ആരംഭിച്ച മലയാള വാർത്താ വാരികയുടെ ചീഫ്‌ എഡിറ്റർ കെ.എം. ഈപ്പനെ ഗ്ലോബൽ മീഡിയ അസോസിയേഷന്റെ സമ്മേളനത്തിന്റെ ഭാഗമായി പ്രശസ്തി പത്രം നല്കി ആദരിച്ചു. പാസ്റ്റർ അച്ചൻകുഞ്ഞ്‌ ഇലന്തൂർ പ്രശസ്തി പത്രത്തിന്റെ ഉള്ളടക്കം സദസ്യരെ വായിച്ചു കേൾപ്പിച്ചു. പുതിയതായി രൂപീകൃതമായ അമേരിക്കൻ റീജിയൺ പ്രവർത്തനങ്ങളേയും, അവാർഡിനു അർഹനായ കെ.എം. ഈപ്പനേയും വിവിധ മാധ്യമപ്രവർത്തകരും, വിശിഷ്ട വ്യക്തികളും ആശംസ അർപ്പിച്ചു.

വെള്ളിയാഴ്ച നടന്ന ബിസിനസ്സ് മീറ്റിംഗിൽ ന്യൂജേഴ്സിയിൽ വെച്ച് നടന്ന 15-ാം മത് കോൺഫ്രൻസിന്റെ സംക്ഷിപ്ത വിവരണവും, വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. 2019-ൽ ഒർലാൻഡോയിൽ വെച്ചു നടക്കുന്ന 17-ാം മത് സമ്മേളനത്തിന്റെ നാഷണൽ കമ്മിറ്റി അംഗങ്ങളെ ബിസിനസ് മീറ്റിംഗിൽ വെച്ച് പ്രഖ്യാപിച്ചു. 2020-ലെ കോൺഫ്രൻസ് വേദിയായി ഒക്കലഹോമയും, കൺവീനർ ആയി പാസ്റ്റർ പി.സി. ജേക്കബ്ബ്, സെക്രട്ടറിയായി ജോർജ്ജ് തോമസ് (ഹ്യൂസ്റ്റൺ), ട്രഷറാറായി തോമസ് വർഗ്ഗീസ് (ഒക്കലഹോമ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

വൈകിട്ട് 5 മുതൽ അനുഗ്രഹീത ഗായകൻ ആയ ഷെൽഡൻ ബംഗാര നയിച്ച പ്രത്യേക ഗാനശുശ്രൂഷയും ഉണ്ടായിരുന്നു. പ്രാരംഭ ദിനത്തിനുശേഷം വൈകുന്നേരം നടന്ന പൊതുയോഗങ്ങളിൽ സുവിശേഷകൻ സാജു മാത്യു, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ദേശീയ അധ്യക്ഷൻ ജേക്കബ് ജോൺ, ദേശീയ ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് എന്നിവർ മുഖ്യ പ്രസംഗകർ ആയിരുന്നു.
പ്രാരംഭദിനത്തേയും, സമാപനദിനത്തെയും കൂടാതെ, പാസ്റ്റർമാരായ തോമസ് മുല്ലക്കൽ, ആൽവിൻ ഡേവിഡ്, കെ. സി. ജോൺ (ഫ്ലോറിഡ), വർഗ്ഗീസ് ജോൺ, ജോൺ തോമസ്, ഡോ. ഏബ്രഹാം കെ. ചാക്കോ, ആന്റണി റോക്കി എന്നിവർ വിവിധ സമ്മേളനങ്ങൾക്ക് അദ്ധ്യക്ഷത വഹിച്ചു.

യുവജനസമ്മേളനങ്ങളിൽ പാസ്റ്റർമാരായ ജെയ്സൺ ഫ്രൻ, ലിബിൻ ഏബ്രഹാം എന്നിവർ മുഖ്യ പ്രഭാഷകരായിരുന്നു. വിവിധ വർഷിപ്പ് സെഷനുകൾ, സെമിനാറുകൾ, കായിക മത്സരങ്ങൾ, എന്നിവ യുവജനസമ്മേളനങ്ങളുടെ ഭാഗമായി നടന്നു. മൂന്നു വയസ്സുമുതൽ – പന്ത്രണ്ട് വയസ്സു വരെയുള്ള കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബൈബിൾ പഠന കളരി ഒരുക്കിയിരുന്നു. 120-ൽ അധികം കുട്ടികൾ റെജിസ്റ്റർ ചെയ്ത് പങ്കെടുത്തു.

സഹോദരി സമാജ സമ്മേളനങ്ങൾ വെള്ളിയാഴ്ച ഉച്ചയ്ക്കും, ശനിയാഴ്ച വൈകിട്ടും സംഘടിക്കപ്പെട്ടു. ജെസി സാജു മാത്യു, സ്റ്റാർല ലൂക്ക്, എൽസി കൊടുന്തറ, സെലിൻ ചാക്കോ എന്നിവർ തിരുവചനത്തിൽ നിന്നും സംസാരിച്ചു. അനുഭവസാക്ഷ്യങ്ങൾ, പ്രത്യേക ഗാന ശുശ്രൂഷകൾ എന്നിവയും സഹോദരി സമ്മേളനത്തിന്റെ ഭാഗമായി നടത്തപ്പെട്ടു.

ഞായറാഴ്ച നടന്ന ആരാധനാ സമ്മേളനത്തിൽ പാസ്റ്റർ തോമസ് കോശി അദ്ധ്യക്ഷത വഹിച്ചു. ഭക്തി നിർഭരമായ കർതൃമേശയ്ക്ക് നാഷണൽ ചെയർമാൻ ഡോ. ബേബി വർഗ്ഗീസ് നേതൃത്വം കൊടുത്തു. പാസ്റ്റർ ഡാനിയേൽ ശാമുവേൽ തിരുവത്താഴ ശുശ്രൂഷയുടെ പ്രാധാന്യതയേയും, വിശ്വാസികൾ അനുഷ്ഠിക്കേണ്ടുന്ന ചുമതലകളെ പറ്റിയും സംസാരിച്ചു.

തുടർന്ന് നടന്ന വചനശുശ്രൂഷയിൽ സഭയുടെ ദേശീയ ഉപാദ്ധ്യക്ഷൻ പാസ്റ്റർ വിൽസൺ ജോസഫ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ ജെയ്സൺ ഫ്രൻ എന്നിവർ സമാപന സന്ദേശം നൽകി. പാസ്റ്റർ ജേക്കബ്ബ് മാത്യു (ഒർലാൻഡോ) സങ്കീർത്തനം വായനയും, കോൺഫ്രൻസ് നാഷണൽ സെക്രട്ടറി അലക്സാണ്ടർ ജോർജ്ജ് കൃതഞ്ജതയും നിർവ്വഹിച്ചു.

വിവിധ റീജിയണുകളിലെ അംഗങ്ങളെ ഏകോപിച്ചു രൂപീകരിച്ച നാഷണൽ കോൺഫ്രൻസ് ക്വയർ, ചാർളി സാം ബാബുവിന്റെ നേതൃത്വത്തിൽ സമ്മേളനങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. ക്രൈസ്തവ എഴുത്തുപുര മീഡിയ വൈസ് പ്രസിഡന്റ് ജെറ്റ്സൻ സണ്ണി ക്വയറിന് നേതൃത്വം നൽകി.
ഡോ. ബേബി വർഗ്ഗീസ് (നാഷണൽ ചെയർമാൻ), അലക്സാണ്ടർ ജോർജ്ജ് (നാഷണൽ സെക്രട്ടറി), ജെയിംസ് മുളവന (നാഷണൽ ട്രഷറർ), ജെറി കല്ലൂർ രാജൻ (നാഷണൽ യൂത്ത് കോർഡിനേറ്റർ), സിസ്റ്റർ നാൻസി ഏബ്രഹം (നാഷണൽ ലേഡീസ് കോർഡിനേറ്റർ) എന്നിവർ അടങ്ങുന്നതായിരുന്നു ദേശീയ നിർവ്വാഹക സമിതി.
നീണ്ട നാളത്തെ പ്രാർത്ഥനയുടേയും, ദേശീയ-പ്രാദേശിക സംഘാടകസമിതിയുടെ ഐക്യമായ കൂട്ടായ്മപ്രവർത്തനത്തിന്റെ പിൻബലത്തോടെ ജൂലൈ 19 നു ആരംഭിച്ച സമ്മേളനത്തിനു വിശ്വാസികളുടെ സജീവ സാന്നിദ്ധ്യം ദൃശ്യമായിരുന്നു. ആത്മീക ചൈതന്യവും, സംഘാടക മികവുകൊണ്ടും അനുസ്മരണീയമായ ഒരു സമ്മേളനം ജൂലൈ 22 നു സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.