PCNAK പെന്തക്കോസ്ത് സമ്മേളനത്തിന് ഇന്ന് ബോസ്റ്റണിൽ തുടക്കമാകും

റവ. ബഥേൽ ജോൺസൻ ഉത്ഘാടനം നിർവ്വഹിക്കും

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ബോസ്റ്റൺ: നോർത്ത് അമേരിക്കയിൽ നടക്കുന്ന സൗത്ത് ഏഷ്യൻ കമ്യുണിറ്റിയിലെ ഏറ്റവും വലിയ പെന്തക്കോസ്ത് മഹാസമ്മേളനമായ പി.സി.എൻ.എ.കെ 36മത് കോൺഫ്രൻസിന് ഇന്ന് (5 വ്യാഴാഴ്ച ) തുടക്കമാകും. അമേരിക്കൻ സമയം വൈകിട്ട് 6ന് പാസ്റ്റർ പി. വി. മാമ്മന്റെ സങ്കീർത്തനം വായനയോടെ ആരംഭിക്കുന്ന ആത്മീയ മഹാ സമ്മേളനം നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോർജ് പി. ചാക്കോ അദ്ധ്യക്ഷത വഹിക്കും. ലോക്കൽ കൺവീനർ പാസ്റ്റർ ജോൺസൻ സാമുവേൽ സ്വാഗതം ആശംസിക്കും. അമേരിക്കയിലെ മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ സുവിശേഷ സമ്മേളനമാണ് പി.സി.എൻ.എ.കെ പ്രാരംഭ ദിനത്തിൽ ആരാധന ശുശ്രൂഷ നയിക്കുവാൻ എത്തുന്നത് പ്രമുഖ വർഷിപ്പ് ബാൻഡായ യേശുവ സംഗീത ഗ്രൂപ്പാണ്. ഡോ. ബ്ലെസൻ മേമനയുടെ നേത്യത്വത്തിലുള്ള നാഷണൽ മ്യൂസിക് ക്വയർ എല്ലാ ദിവസവും ആത്മീയ ഗാന ശുശ്രൂഷകൾ നിർവ്വഹിക്കും.

കോൺഫ്രൻസിൽ വന്ന് പങ്കെടുക്കുന്ന വിശ്വാസികൾ ആത്മീയ ഉന്നതി പ്രാപിക്കുകയും, കൂട്ടായ്മകളും സൗഹൃദങ്ങളും ബലപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആയിരങ്ങൾ പങ്കെടുക്കുന്ന കോൺഫ്രൻസിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി. മലങ്കരയുടെ മണ്ണിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറി പാർത്ത പിതാക്കന്മാർ ത്യാഗമനോഭാവത്തോടെ നട്ടുവളർത്തിയ പി.സി.എൻ.എ.കെ എന്ന കൂട്ടായ്മ മൂന്നര പതിറ്റാണ്ടു പിന്നിട്ടിരിക്കുന്നു.

അയ്യായിരത്തിലേറെ വിശ്വാസികളും ശുശ്രൂഷകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കോൺഫ്രൻസിൽ എത്തിച്ചേരുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു..
സത്യ ദൈവത്തെ ആരാധിക്കുവാനും ബദ്ധങ്ങൾ പുതുക്കുവാനും കൂട്ടായ്മ ആചരിക്കുവാനും അപ്പം നുറുക്കുവാനും ഈ അവസരങ്ങൾ വിശ്വാസ സമൂഹം പരമാവധി പ്രയോജനപെടുത്തുന്നു.

“അങ്ങയുടെ രാജ്യം വരേണമേ” എന്നതാണ് കോൺഫ്രൻസിന്റെ ഈ വർഷത്തെ ചിന്താവിഷയം. അസമധാനം നിറഞ്ഞ ഈ ലോകത്ത് ദൈവരാജ്യത്തിന്റെ സന്തോഷ പരിപൂർണ്ണതയും, നീതിയും സമാധാനവും നിറഞ്ഞ ഒരു സ്വർഗ്ഗീയ അനുഭവവും ഓരോ ഹൃദയങ്ങളിലും പകരപ്പെടണം എന്നുള്ള ചിന്തയോടെ കുടിയാണ് ചിന്താവിഷയം തിരഞ്ഞെടുത്തത്.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള റവ. ഡോ. സാമുവേൽ റോഡ്ട്രിഗർസ് , ദക്ഷിണേന്ത്യയിൽ ഏറെ സ്വാധീനമുള്ള സുവിശേഷ പ്രവർത്തകൻ മോഹൻ സി. ലാസറസ്സ് എന്നിവർ ആദ്യ ദിനത്തിൽ മുഖ്യ പ്രഭാഷണം നടത്തും.

അമേരിക്കൻ ഭൂപ്രകൃതിയുടെ വശ്യസൗന്ദര്യത്തിന്റെ അനന്തമായ കാഴ്ചകളെ പ്രതിഫലിപ്പിക്കുന്ന ബോസ്റ്റൺ പട്ടണത്തിൽ വെച്ചാണ് 36-മത് കോൺഫ്രൻസ് നടത്തുന്നത്. അമേരിക്കൻ ചരിത്രത്തോടൊപ്പം ക്രൈസ്തവ ചരിത്രത്തിലും ഏറെ പ്രാധാന്യമുള്ള പുരാതന പട്ടണങ്ങളിൽ ഒന്നാണ് ബോസ്റ്റൺ പട്ടണം. ന്യുയോർക്കിൽ നിന്നും മൂന്ന് മണിക്കൂർ യാത്ര ചെയ്താൽ സമ്മേളന സ്ഥലമായ സ്പ്രിങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിൽ എത്താം. ലോകോത്തര നിലവാരമുള്ള കോൺഫ്രൻസ് സെന്ററും വിശാലമായ കാർപാർക്കിംഗ് സൗകര്യവുമാണ് ഇവിടെ ഉള്ളത്.

കുഞ്ഞുമനസുകളിൽ ആഴത്തിൽ ദൈവസ്നേഹം വിതറുന്നതിന് പ്രഗത്ഭരായ ദൈവദാസന്മാരുടെ നേതൃത്വത്തിൽ ചിൽഡ്രൻസ്പ്രോ ഗ്രാമുകളും, സിമ്പോസിയം, കൗൺസലിംഗ്, മിഷൻ ചലഞ്ച്, സംഗീത ശുശ്രൂഷ, ബൈബിൾ ക്ലാസുകൾ, ഹിന്ദി സർവ്വീസ്, അഡൽറ്റ്, യൂത്ത് , ലേഡീസ് തുടങ്ങി ഓരോ വിഭാഗങ്ങൾക്കും പ്രത്യേക സെക്ഷനുകളും , റ്റേഴ്സ് ഫോറം സെമിനാറും തുടങ്ങി ഒട്ടനവധി പരിപാടികളാണ് ചതുർദിനങ്ങളിൽ നടത്തപ്പെടുക. സംഘടനാ വിത്യാസം കൂടാതെ ക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ട ദൈവമക്കൾ ഒന്നാണെന്ന് വിളിച്ചോതുന്ന സംയുക്ത ആരാധനയോടും ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി 8 ന് ഞായറാഴ്ച സമ്മേളനം സമാപിക്കും.

ഏൽപ്പിച്ച ദൗത്യം പൂർണ്ണ ഉത്തരവാദിത്വത്തോടെ ചെയ്തു തീർക്കുവാനായി നാഷണൽ കൺവീനർ റവ. ബഥേൽ ജോൺസൺ, നാഷണൽ സെക്രട്ടറി ബ്രദർ വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, നാഷണൽ യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, നാഷണൽ വുമൺസ് കോർഡിനേറ്റർ ആശ ഡാനിയേൽ, കോൺഫ്രൻസ് കോർഡിനേറ്റർ പാസ്റ്റർ ഡോ. തോമസ് ഇടിക്കുള, മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം
തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള നാഷണൽ – ലോക്കൽ കമ്മറ്റികൾ പ്രാർത്ഥനയോടെ കോൺഫ്രൻസിന്റെ വിജയത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.