ലേഖനം:എന്റെ മരണം | സൈമൺ കെ.കെ

ഒരിക്കൽ ഞാൻ ശരീരമെന്ന കൂട് വിട്ട് മറ്റൊരു ലോകത്തേക്ക് യാത്രയാവും എന്റെ ഉത്ഭവസ്ഥാനത്തേക്കുള്ള സ്വാഭാവിക മടക്കം മാത്രമായിരിക്കും അത്. അങ്ങനെയെങ്കിൽ മരണം എത്ര സുന്ദരമായിരിക്കും അല്ലേ. മടങ്ങി പോക്ക് ഏത് വിധേനയും ആയെന്നും വരാം പക്ഷേ അത് ഞാൻ എന്ന വ്യക്തിയെ ഉളവാക്കിയവന്റെ നിശ്ചിത സമയത്ത് തന്നെ ആയിരിക്കും സംഭവിക്കുന്നത് ആ സുന്ദര നിമിഷത്തേക്കുള്ള കാത്തിരിപ്പാണ് എന്റെ ജീവിതം, അതെ എന്റെ ഏറ്റവും വലിയ സ്വപ്നം.

സത്യത്തിൽ എന്റെ പുറംതോടായ ശരീരം ചേതനയറ്റതാവുന്നു എന്നല്ലാതെ എന്റെ അവസാനമൊന്നുമല്ലല്ലോ മറിച്ച് ഓരോ ദിവസവും ക്ഷയിച്ച് കൊണ്ടിരിക്കുന്ന ശരീരത്തിന്റെയുള്ളിൽ ഓരോ ദിവസവും വളരുകയും ചൈതന്യം വരികയും ചെയ്ത് കൊണ്ടിരിക്കുന്ന ആത്മാവെന്ന ഞാൻ ദ്രവത്വത്തിന്റെ തടവറയിൽ നിന്നും സ്വാതന്ത്രനാകുന്നു എന്ന് മാത്രം. ക്രിസ്തുവിലൂടെ എനിക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യം ഈ തിരിച്ചറിവാണ്. അവനെ സ്നേഹിക്കാനുള്ള എന്നിലെ അഭിനിവേശത്തിന്റെ ഉറവിടവും കാരണങ്ങളും ഇതൊക്കെ ആയിരിക്കും അല്ലേ. മിഥ്യയല്ലാത്ത ഈ യാഥാർത്ഥ്യമാണ് എന്റെ ഓരോ ദിവസങ്ങൾക്കും മിഴിവ് പകരുന്നത്. ഈ സത്യം തിരിച്ചറിയാൻ കഴിയാതിരുന്നെങ്കിൽ ഓരോ ദിവസങ്ങളും എത്രത്തോളം വിരസമാകുമായിരുന്നു.

ഹ്രസ്വജീവിത കാലയളവിലെ വിജയപരാജയങ്ങളും ലാഭനഷ്ട കണക്കുകളും സുഖദു:ഖ അനുപാതങ്ങളും ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അത്ര പ്രസക്തി അർഹിക്കുന്നില്ല. അതേ ഞാൻ ജീവിതത്തേയും അതിനേക്കാൾ ഉപരി മരണത്തെ ഇഷ്ടപ്പെടുന്നു മരവിപ്പിക്കുന്ന തണുപ്പ് എന്റെ ഉടലിന്റെ ചൂടിനെ കീഴടക്കുന്നതിന് മുൻപേ ഞാൻ അതിന് പുറത്ത് കടന്നിരിക്കും രസകരമായിരിക്കും ആദ്യമായി ശരീരത്തിന് പുറത്ത് നിന്നും ഞാൻ എന്നെതന്നെ വീക്ഷിക്കുന്ന നിമിഷം അത് വരെ എന്നോട് പറ്റിയിരുന്ന എന്നെ ആവരണം ചെയ്തിരുന്ന ശരീരം നിശ്ചലമായി അങ്ങനെ കിടക്കും.

ഒരുപക്ഷേ എന്റെ ഭാര്യയും കുഞ്ഞും നിശ്ചലമായി കിടക്കുന്ന എന്റെ പുറംതോടിനെ നോക്കി വിലപിച്ചേക്കാം വാസ്തവത്തിൽ ആ കിടക്കുന്നതല്ല ഞാനെന്ന ബോദ്ധ്യം അതിന് മുൻപേ അവർക്ക് കൊടുക്കാൻ എനിക്ക് കഴിഞ്ഞിരിക്കണം. ആരും എനിക്ക് വേണ്ടി കരയരുത് ആദരാഞ്ജലികളും അനുശോചനങ്ങളും പാടില്ല ദയവ് ചെയ്ത് ദുഃഖത്തിൽ പങ്കുചേരുന്നു എന്ന് വരുത്തി തീർക്കുവാനായി അഭിനയിക്കാൻ ശ്രമിക്കരുത് ഫ്ലക്സ് അടിക്കരുത് കറുത്ത കൊടി വേണ്ട സോഷ്യൽ മീഡിയയിൽ പ്രചാരം പാടില്ല ലൈവിട്ട് ആളുകളെ വെറുപ്പിക്കരുത് സ്വഭാവ സർട്ടിഫിക്കറ്റ് ആരും തരരുത് പറ്റുമെങ്കിൽ ഞാൻ ചെയ്ത കുറ്റങ്ങൾ ഉറക്കെ വിളിച്ച് പറയണം. മതപരമായ യാതൊരു ചടങ്ങുകളും പാടില്ല എത്രയും പെട്ടെന്ന് പറ്റുമെങ്കിൽ മറവ് ചെയ്യണം മണ്ണിൽ ലയിച്ച് ചേരാൻ വെമ്പൽ കൊള്ളുന്ന ശരീരത്തെ ആ പ്രക്രിയക്ക് എത്രയും പെട്ടെന്ന് വിട്ട് കൊടുക്കണം ആർക്കും വേണ്ടി കാത്തിരിക്കരുത് ആരും പാട്പെട്ട് യാത്ര ചെയ്ത് ജീവനില്ലാത്ത എന്റെ ഭൗതിക ശരീരത്തെ കാണാൻ വരരുത് അഥവാ വന്ന് പോയെങ്കിൽ തിരികെ പോകുമ്പോൾ കൈമടക്ക് കൊടുത്ത് ചടങ്ങ് തീർക്കരുത്.

ദുഃഖത്തിൽ ഇരിക്കുന്ന വീട്ടുകാരെ ആശ്വസിപ്പിക്കാനായി ഉപയോഗിക്കുന്ന സ്ഥിരം ക്ലീഷേ ഡയലോഗുകൾ ഒന്ന് മാറ്റുന്നത് നന്നായിരിക്കും കാരണം മറ്റൊന്നും കൊണ്ടല്ല ആത്യന്തികമായും സ്വാർത്ഥർ മാത്രമായ മനുഷ്യർ സ്വാർത്ഥർ അല്ലെന്ന് കാണിക്കുവാനും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എന്ന് വരുത്തി തീർക്കാനും ആയി ഔപചാരികതകൾ അഭിനയിച്ച് തീർക്കുന്നത് ജീവിച്ചിരിക്കുമ്പോൾ തന്നെ മടുപ്പിക്കുന്നു എങ്കിൽ മരണശേഷം പിന്നെ പറയേണ്ടതുണ്ടോ. മരണവീട്ടിൽ പോകുക എന്നത് എനിക്ക് പണ്ടേ ഇഷ്ടമില്ലാത്ത കാര്യം ആണ് മറ്റൊന്നും കൊണ്ടല്ല പൊട്ടിചിരിച്ച് പോകുമോ എന്ന ഭയം കൊണ്ടാണ് ഇത്രമാത്രം ഭാവാഭിനയങ്ങൾ അരങ്ങേറുന്ന മറ്റൊരു ചടങ്ങ് വേറെയുണ്ടോ.

എന്തായിരിക്കും എന്റെ മരണം? അദ്രവത്വത്തിൽ ഉയിർക്കാനുള്ള ദ്രവത്വത്തിലെ വിതയ്ക്കപ്പെടലാണ്,തേജസിൽ ഉയിർക്കപ്പെടാനുള്ള അപമാനത്തിലുള്ള വിതയ്ക്കപ്പെടലാണ്,ആത്മീക ശരീരത്തിൽ ഉയിർക്കാനുള്ള പ്രാകൃത ശരീരത്തിലെ വിതയ്ക്കപ്പെടലാണ്. മണ്ണിനാൽ ഉളവാക്കപ്പെട്ടവന്റെ പ്രതിമ ധരിച്ചത് പോലെ സ്വർഗ്ഗീയന്റെ പ്രതിമയും ഞാൻ ധരിക്കും. ക്ഷയമുള്ളത് അക്ഷയതയേയും ദ്രവത്വം അദ്രവത്വത്തേയും മർത്യമായത് അമർത്യതയേയും ധരിക്കുമ്പോൾ മരണം നീങ്ങി ജയം വന്നിരിക്കും ഹേ മരണമേ നിന്റെ ജയം എവിടെ ഹേ മരണമേ നിന്റെ വിഷമുള്ള് എവിടെ ?

– സൈമൺ കെ.കെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.