ലേഖനം: പിറവി മുതൽ സൗഖ്യം വരെ | ഡോ. അജു തോമസ്

ക്ഷണഭംഗുരമായ ഈ ലോക ജീവിത യാത്രയിൽ ഒരു ക്രിസ്തു ഭക്തന് പല വിധമായ പ്രതിസന്ധികളെ നേരിടേണ്ടതായി വരും എന്നുള്ളത് അവിതർക്കിതമായ ഒരു വസ്തുതയാണ്. ഒരു ഗാനത്തിൽ ആരോഹണവും അവരോഹണവും ഉള്ളത് പോലെ തന്നെ ജീവിത യാത്ര രേഖയിലും ഇവ രണ്ടുമുണ്ടാകുക തന്നെ ചെയ്യും. എന്നാൽ കഷ്ടത്തിന്റെയും അതുമൂലം ഉണ്ടാകുന്ന ദുഖത്തിന്റെയും നാളുകളിൽ ഒരു ക്രിസ്തുഭക്തന് ആശ്വസിക്കുവാനും ബലം ഏറ്റെടുക്കുവാനും ജീവിതത്തിൽ അലയടിക്കുന്ന കഷ്ടത്തിന്റെ മർമ്മം എന്തെന്ന് ആഴത്തിൽ മനസ്സിലാക്കുവാനുമുള്ള ഉപാധിയായി ദൈവവചനം ഉണ്ട് എന്നുള്ളത് വിസ്മരിച്ചുകൂടാ.

രോഗങ്ങൾ , കഷ്ടതകൾ , പ്രതിസന്ധികൾ തുടങ്ങിയവ ജീവിതത്തിൽ കടന്നു വരുമ്പോൾ ഇവയിൽ നിന്നൊക്കെ ഒരു മോചനമില്ലേ എന്നുള്ള ചിന്തയിൽ ഭാരത്തോടെ കരയുന്ന അവസ്ഥകൾ ജീവിതത്തിൽ കടന്നു വന്നേക്കാം. ഇനി ഒരു പ്രത്യാശയ്‌ക്കു വകയുണ്ടോ എന്ന് ചിന്തിച്ചു , സകല ആശകളും വിട്ടൊഴിഞ്ഞു , ഉള്ളിലേക്ക് തന്നെ വലിഞ്ഞു ,ദുഖത്താൽ മനസ്സ് കീഴടക്കപ്പെട്ട അവസ്ഥയിൽ പലപ്പോഴും ജീവിതം ആയിത്തീർന്നേക്കാം. എന്നാൽ ഒരിക്കൽ കരം തന്നു നമ്മെ രക്ഷിച്ച ക്രിസ്തുനാഥൻ ആ കരം പിൻവലിക്കുകയില്ല എന്ന യാഥാർഥ്യം നാം തിരിച്ചറിയണം. പിൻവലിക്കാൻ വേണ്ടി കരം തരുന്ന ഒരു നാഥൻ അല്ല നമുക്ക് വേണ്ടി അവസാന തുള്ളി രക്തം വരെയും ചീന്തിതന്ന യേശുനാഥൻ .

യേശുവിന്റെ ശുശ്രൂഷ കാലയളവിൽ അനേകം ദൃഷ്ടാന്തങ്ങൾ ഭാവി തലമുറയ്ക്ക് വേണ്ടി താൻ നൽകിയിട്ടുണ്ട്. ഒരേ സമയം, തന്നെ സമീപിക്കുന്നവർക്കും താൻ സമീപിക്കുന്നവർക്കും ആശ്വാസവും വിടുതലും നൽകുമ്പോൾ തന്നെ ആ വിടുതലിന്റെ പുറകിൽ ഉള്ള ആത്മിക മർമ്മകൾ കൂടി വരും തലമുറയ്ക്ക് അടയാളമായും പ്രത്യാശയ്‌ക്കു കാരണങ്ങൾ ആയും നൽകുന്ന ഒരു രീതി കൂടി തിരുവചനത്തിൽ നമുക്ക് കാണാൻ കഴിയുന്നുണ്ട്. വളരെ ആഴത്തിലുള്ള ആത്മിക മർമ്മങ്ങൾ വരും തലമുറയ്ക്ക് പ്രദാനം ചെയ്യുന്ന ഒരു രംഗമാണ് പിറവിയിലെ കുരുടനായ വ്യക്തിയെ യേശു സൗഖ്യമാക്കുന്ന രംഗം. യോഹന്നാന്റെ സുവിശേഷം ഒൻപതാം അധ്യായം വളരെ മനോഹരമായി ആ രംഗം വരച്ചു കാട്ടുന്നുണ്ട്.

പിറവിയിലെ കുരുടനായ മനുഷ്യനെ യേശു കണ്ടപ്പോൾ വളരെ പ്രസക്തമായ ഒരു ചോദ്യം തന്റെ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചത് ഒൻപതാം അധ്യായത്തിന്റെ ആരംഭത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് . “അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു. അവന്റെ ശിഷ്യന്മാർ അവനോടു: റബ്ബീ, ഇവൻ കുരുടനായി പിറക്കത്തക്കവണ്ണം ആർ പാപം ചെയ്തു? ഇവനോ ഇവന്റെ അമ്മയപ്പന്മാരോ എന്നു ചോദിച്ചു.”( യോഹന്നാൻ 9 :1 ,2 ). വളരെ ആഴത്തിലുള്ള , ഇന്നും എന്നും പ്രസക്തമായിട്ടുള്ള ഒരു ആത്മിക മർമ്മമാണ് ആ ചോദ്യത്തിന് ഉത്തരമായി യേശു നൽകിയത്.”അതിന്നു യേശു: “അവൻ എങ്കിലും അവന്റെ അമ്മയപ്പന്മാരെങ്കിലും പാപം ചെയ്തിട്ടല്ല, ദൈവപ്രവൃത്തി അവങ്കൽ വെളിവാകേണ്ടതിന്നത്രേ.” (യോഹന്നാൻ 9 :3 ). പ്രിയ ദൈവമക്കളെ, ഇന്ന് നാം ഒരു പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എങ്കിൽ പലവിധമായ ചിന്തകൾ നമ്മെ അലട്ടിയേക്കാം. ദൈവമേ എനിക്ക് മാത്രം എന്താണ് ഇങ്ങനെ , ഞാൻ മാത്രം എന്തുകൊണ്ട് ഈ കഷ്ടകളിലൂടെ കടന്നു പോകുന്നു , നിന്ദയും പരിഹാസവും ഏറ്റുവാങ്ങുവാനുള്ള ജീവിതമാണോ എന്റേത് എന്നൊക്കെ നാം ചിന്തിച്ചേക്കാം.എന്നാൽ പിറവിയിലെ കുരുടനായ വ്യക്തിയുടെ രോഗം ഒരിക്കലും ആ വ്യക്തിയുമായോ വ്യക്തിയുടെ മാതാപിതാക്കളുമായോ അവരുടെ പാപങ്ങളുമായോ ബന്ധപ്പെടാത്തതു പോലെ നമ്മുടെ പല രോഗങ്ങളും ദുഖങ്ങളും നാം കാരണമുള്ളവയല്ല എന്ന് തിരിച്ചറിഞ്ഞു ക്രിസ്തുവിൽ ശക്തപ്പെടേണ്ട നാളുകൾ ആണ് ഇത് എന്ന് മനസ്സിലാക്കണം. നമ്മിൽ വെളിപ്പെടാൻ പോകുന്ന ദൈവപ്രവർത്തിയെ കുറിച്ച് ആനന്ദത്തോടെ ഘോഷിക്കുവാൻ ശക്തമായി ഉപയോഗിക്കാൻ പോകുന്ന ഇണങ്ങിയ ആയുധമാണ് നാം എന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ അവിടെ നമ്മുടെ വിജയം ആരംഭിക്കും.

പിറവിയിലെ കുരുടനായ വ്യക്തിയെ സംബന്ധിച്ച പരാമർശങ്ങൾ പലപ്പോഴും നാം കേൾക്കാറുള്ളതാണെങ്കിലും മറഞ്ഞു കിടക്കുന്ന ചില ആത്മിക മർമ്മങ്ങൾ കൂടി അത് വെളിവാക്കുന്നുണ്ട്.സൗഖ്യം ലഭിച്ച ശേഷം പരീശന്മാർ ആ വ്യക്തിയുടെ അമ്മയപ്പന്മാരെ വിളിച്ചു എങ്ങനെ തങ്ങളുടെ മകന് സൗഖ്യം ലഭിച്ചു എന്ന് ചോദിച്ചപ്പോൾ അവനോടു തന്നെ ചോദിക്കുവാനും അവനു പ്രായം ഉണ്ടല്ലോ എന്നും അവർ മറുപടി പറയുന്നു. വ്യക്തമായി പ്രതികരിക്കുവാൻ കഴിയത്തക്കവണ്ണം പ്രായം ആ വ്യക്തിക്ക് ഉണ്ടായിരുന്നു എന്ന് മാതാപിതാക്കളുടെ പ്രതികരണത്തിൽ നിന്നും നിസ്സംശയം മനസ്സിലാക്കാൻ സാധിക്കും.
സൗഖ്യം ലഭിച്ച വ്യക്തിയെ സംബന്ധിച്ച് പിറവി മുതൽ പ്രതികരിക്കാൻ പ്രായമാകുന്ന അവസ്ഥ വരെ വർഷങ്ങൾ ധാരാളം കടന്നു പോയിരുന്നു.പ്രിയരേ സൗഖ്യം ലഭിക്കുന്നതിന് മുൻപ് വരെ ആ വ്യക്തിയുടെ അവസ്ഥ എന്തായിരുന്നു ? മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനായി , പലപ്പോഴും അവഗണനകൾ നേരിട്ട് , പാതാളത്തോളം താഴ്ത്തപ്പെട്ടവനായി മാനസികമായി തകർന്നു വർഷങ്ങൾ തള്ളി നീക്കേണ്ടി വന്ന വ്യക്തിത്വം. മറ്റുള്ളവരോട് ഭിക്ഷ യാചിച്ചു ജീവിതം നയിക്കേണ്ടി വന്ന ഹതഭാഗ്യൻ. തനിക്കു മാത്രം എന്തെ ഇങ്ങനെ എന്ന് ചിന്തിച്ചു ഒരു ആശ്വാസ വാക്കിന് വേണ്ടി ആ വ്യക്തി ആഗ്രഹിച്ചിരിക്കാം.. അതീവ ഭാരത്തോടു കൂടി താൻ ഇരുന്നപ്പോൾ പ്രത്യാശയുടെ ഒരു വാക്കിനായി താൻ ആഗ്രഹിച്ചിരിക്കാം..എങ്കിലും ചുറ്റും നിശബ്ദത മാത്രമായിരുന്നു…ഒരു ഭാഗത്തു നിന്നും ആശ്വാസത്തിന്റെയോ പ്രത്യാശയുടെയോ ശബ്ദങ്ങൾ തനിക്കു കേൾക്കുവാൻ സാധിച്ചിട്ടുണ്ടാവില്ല..എന്നാൽ തന്നെ യേശു കണ്ട ദിവസം തന്റെ സ്ഥിതി മാറിയ ദിവസമായിരുന്നു…പാതാളത്തോളം താഴ്ത്തപ്പെട്ട നിലയിൽ നിന്ന് ആകാശത്തോളം ഉയർത്തപ്പെട്ട അവസ്ഥ നേരിട്ട് അനുഭവിച്ചറിഞ്ഞ ദിവസമായിരുന്നു ആ ദിനം..ദൈവപ്രവർത്തി വെളിപ്പെടേണ്ടതിനു ദൈവത്തിന്റെ കരങ്ങളിൽ ഭദ്രമായി കരുതപ്പെട്ടിരുന്ന ഒരു മൺപാത്രമായിരുന്നു ആ വ്യക്തി .

ഒരു പക്ഷെ , ഈ ചിന്ത വായിക്കുന്ന പലരും ഇതേ അവസ്ഥയിൽ കൂടി വർഷങ്ങൾ വ്യത്യസ്ത കാരണങ്ങൾ കൊണ്ട് കടന്നു പോകുകയായിരിക്കാം.എന്നാൽ ചില വർഷങ്ങൾ കൂരിരുൾ താഴ്വരയിൽ കൂടി കടന്നു പോകേണ്ടി വന്നാലും ദൈവ പ്രവർത്തി വെളിപ്പെടേണ്ടതിനു ഭദ്രമായി ദൈവകരങ്ങളിൽ സൂക്ഷിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണ് തങ്ങൾ എന്ന മനസ്സിലാക്കാൻ പിറവയിലെ കുരുടനായ വ്യക്തിയുടെ ദൃഷ്ടാന്തം സഹായിക്കുകതന്നെ ചെയ്യും. അനുഭവിക്കുന്ന കഷ്ടങ്ങൾക്കു വർഷങ്ങളുടെ പഴക്കം ഉണ്ടാകാം. വർഷങ്ങളുടെ പഴക്കം മാനുഷിക ദൃഷ്ടിയിൽ പ്രത്യാശ നൽകുന്നതല്ല ..എന്നാൽ വർഷങ്ങൾ എത്ര കടന്നു പോയാലും നമ്മിൽ വെളിപ്പെടേണ്ടുന്ന ദൈവ പ്രവർത്തി വെളിപ്പെടുകതന്നെ ചെയ്യും..

ജീവിത ഭാരങ്ങൾ ഏറുമ്പോൾ , കഷ്ടതയുടെ നാളുകൾ ദീർഘമാകുമ്പോൾ കുരുടനായ വ്യക്തിയെ യേശു കണ്ടത് പോലെ നമ്മെയും കാണുന്ന ഒരു ദിവസമുണ്ട് എന്ന് വിസ്മരിച്ചുകൂടാ.മറ്റാരും അനുഭവിക്കാത്ത കഷ്ടതകളിലൂടെയും പ്രയാസങ്ങളിലൂടെയും നാം കടന്നു പോയാൽ മറ്റാർക്കും ലഭിക്കാത്ത സന്തോഷവും ആശ്വാസവും വിടുതലും ദൈവം നമുക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട് എന്ന് മറക്കരുത്.. കേവലം മൺപാത്രമായി പ്രയാസഘട്ടങ്ങളെ താണ്ടുമ്പോൾ , കണ്ണുനീർ തുള്ളികൾ ഇറ്റിറ്റു വീഴുമ്പോൾ , ആരാലും പരിഗണിക്കപ്പെടാത്തവരായി കഴിയുമ്പോൾ ലോകം നമ്മെ തള്ളിക്കളഞ്ഞേക്കാം.എന്നാൽ ദൈവപ്രവർത്തി വെളിപ്പെട്ടു കഴിയുമ്പോൾ ആർക്കും വേണ്ടാതിരുന്ന മൺപാത്രമാകുന്ന നാം പൊൻപാത്രമായി മാറ്റപ്പെടും. ആയതിനാൽ കഷ്ടതയുടെ തീച്ചൂളയിൽ കൂടി കടന്നു പോകുന്ന ഓരോരുത്തരും ദൈവത്തിന്റെ കയ്യിൽ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന, ദൈവ പ്രവർത്തി വെളിപ്പെടുവാൻ വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന പാത്രങ്ങൾ ആണെന്ന് മനസ്സിലാക്കി ദൈവത്തെ സ്തുതിക്കുവാൻ ഇടയായിത്തീരട്ടെ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.