ലേഖനം:നീ എന്തായിതീരും?? | മിനി എം തോമസ്

പത്താം ക്ലാസ്സിൽ ഫുൾ A+ നേടിയ വിദ്യാർത്ഥിയെ നോക്കി എല്ലാവരും അഭിമാനത്തോടെ പറഞ്ഞു: “ഇവൻ ഭാവിയിൽ സ്വപനങ്ങളെ നെടിയെടുക്കും.”

പന്ത്രണ്ടാം ക്ലാസ്സിൽ പരാജിതനായ കുട്ടിയെ നോക്കി എല്ലാവരും ചോദിച്ചു: “ഇവൻ ഇനി എന്താകും?”.

രോഗിയായി കിടക്കുന്ന യൗവനക്കാരനെ നോക്കി മാതാപിതാക്കൾ നെടുവീർപ്പിട്ടു: “നമ്മുടെ മകന്റെ ഭാവി എന്ത്?”.

മെഡിക്കൽ എൻട്രൻസിന് റാങ്ക് കിട്ടിയ കുട്ടിയെ നോക്കി എല്ലാവരും പറയുന്നു: “ഇവൻ നാളെ ഒരു ഡോക്ടറായി തീരും..സംശയമില്ല”.

ഭാവി എന്താകുമെന്നറിയാൻ വ്യഗ്രത ഉള്ളവരാണ് ഒട്ടുമിക്ക മനുഷ്യരും. മനുഷ്യന്റെ ഈ മാനസികാവസ്ഥ അറിയാവുന്നത്കൊണ്ട് തന്നെ കൈനോട്ടക്കാരും കള്ള പ്രവാചകരും അത് മുതലെടുക്കുന്നുണ്ട് താനും. ജീവിതത്തിന്റെ ഓരോ തലങ്ങൾ പിന്നിടുമ്പോൾ നമ്മെക്കാൾ ചുറ്റുമുള്ളവർ നമ്മുടെ ഭാവിയെ പറ്റി ആശങ്കപെട്ടെക്കാം. ഞാൻ എന്താകും എന്ന് ചിന്തിക്കുന്നതിനെക്കാൾ കൂടുതൽ മറ്റുള്ളവർ എന്താകും എന്ന് ചിന്തിക്കാൻ ആണ് നമുക്കിഷ്ടം..

യോഹന്നാൻ സ്നാപകന്റെ ജനനവും സംസാരിക്കാൻ കഴിയാതിരുന്ന സെഖര്യാവിന്റെ നാവു തുറന്നതും കണ്ടപ്പോൾ അവിടെ ചുറ്റുമുള്ള എല്ലാവരും ഭ്രമിച്ചു..അവർ തമ്മിൽ പറഞ്ഞു “ഈ പൈതൽ എന്താകും?”. ജീവിതത്തിന്റെ ഓരോ പടവുകൾ പിന്നിടുമ്പോൾ നമ്മെ നോക്കി, തലമുറകളെ നോക്കി,കുടുംബത്തെ നോക്കി മറ്റുള്ളവരും പറയും “ഇവർ എന്താകും?”. ജീവിതത്തിന്റെ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളിൽ നീ വലിയൊരാളായിതീരും എന്ന് അഭിമാനത്തോടെ തോളിൽ തട്ടി പറയുന്നവർ, നീ തകർന്നടിയുന്ന അവസരങ്ങളിൽ “നീ എന്തെങ്കിലും ആകുമോ?” എന്നു വേവലാതിപ്പെട്ടേക്കാം, നിന്നെ നിരാശയിൽ ആഴ്ത്തിയേക്കാം.

മാനുഷിക കരുതലിന്റെ പരിധികൾ അവസാനിക്കപ്പെട്ടു, ദാഹത്തോടെ നിലവിളിച്ച യിശ്മായേലിനെ കണ്ട ഹാഗാരും അവൻ മരിച്ചുപോകും എന്നു കരുതി. വീട് വിട്ടിറങ്ങിയപ്പോൾ യാത്ര ആക്കിയവർ പലരും മനസിൽ പറഞ്ഞു “യിശ്മായേലെ, നീ എന്താകും?”. മനുഷ്യരുടെ മുൻപിൽ ബലഹീനമായതിനെ ബലമുള്ളതാക്കി തീർക്കാൻ കഴിയുന്ന ദൈവം മരുഭൂമിയിൽ നീരുറവ തുറന്നു, യിശ്മായേലിന്റെ ദാഹം അകറ്റി. “നിനക്കു ഒന്നുമാകാൻ കഴിയില്ല” എന്നു മറ്റുള്ളവർ വിധി എഴുതിയ യിശ്മായേൽ വലിയൊരു ജാതി ആയി മാറി.

നമ്മുടെ കാൽ ഒന്ന് പതറുമ്പോൾ,”വീണുപോയി ഇനി എഴുന്നേൽകുകയില്ല” എന്നു അടക്കം പറയുന്നവർ..

പരാജയത്തിന്റെ നാളുകളിൽ ജീവിതത്തിൽ ഇനി ഉയരില്ല എന്നു വിധി എഴുതുന്നവർ…

നീ ഒന്നും ആകില്ല എന്നു മുദ്ര കുത്തുന്നവർ …

വാക്ക് കൊണ്ട് നിന്നെ അടിച്ചമർത്താൻ ശ്രമിക്കുന്നവരുടെ മുൻപിൽ നിന്റെ ഭാവി എഴുതിയ ദൈവം വാതിലുകൾ തുറക്കും. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിന് മുൻപേ നമ്മെ കണ്ട നമ്മുടെ ദൈവം,നാം എന്താകണമെന്ന് നിർണയിച്ചിട്ടുണ്ട്. ആ ദൈവത്തിന്റെ കരങ്ങളിലെ ഇണങ്ങിയ ആയുധമായി നാം മാറുമ്പോൾ ദൈവത്തിന്റെ പദ്ധതി നമുക്കു മുൻപിൽ വെളിപ്പെടും. ദൈവത്തിന്റെ ഹിതം തിരിച്ചറിയാൻ നമുക്ക് സാധിക്കും.

മനുഷ്യന്റെ വ്യർത്ഥ വാക്കുകൾക്കു മുൻപിൽ ചെവികൾ അടച്ചു ദൈവിക ശബ്ദത്തിനായി കാതോർക്കാം…
അപ്പോൾ ദൈവം പറയും “നീ എന്താകുമെന്ന്”, “നീ എന്താകണമെന്ന്”…

“താൻ വാഴ്കയാൽ ആകുലമില്ല
നാളെയെന്ന ഭീതിയില്ല
ഭാവിയെല്ലാം തൻ കയ്യിലെന്നോർത്താൽ
ഹാ എത്ര ധന്യമേയീ ലോകജീവിതം”

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.