ലേഖനം:യേശു നമ്മുടെ “കർത്താവ്” തന്നെയോ? | ഈപ്പൻ ജോസഫ്‌ (റോയി), മസ്കറ്റ്

ക്രൈസ്തവ സഭാ ചരിത്രത്തിൽ ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്ത വിധം ഇന്ന് നമുക്ക് ബൈബിൾ പഠന ക്ളാസുകളും, ആരാധനകളും, മാധ്യമങ്ങൾ മുഖേനയുള്ള പ്രഭാഷണ പരമ്പരകളും, സുലഭം ആണ്. എന്റെ വിശ്വാസ ജീവിതത്തിന്റെ ആദിനാളുകളിൽ ഒരു പ്രസംഗം കേൾക്കുവാൻ കൊതിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് ഏത് തരത്തിലുള്ള പഠന ക്ളാസുകൾക്കും ഇന്റർനെറ്റ് സേർച്ച് ചെയ്താൽ മാത്രം മതി. അപ്പോസ്തോലനായ പൗലോസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള ആയിരത്തിൽപരം പഠന പുസ്തകങ്ങൾ ഇന്ന് വിവിധ ഭാഷകളിൽ ലഭ്യമാണ്. ഈടുറ്റ പഠന ബൈബിൾ ഗ്രന്ഥങ്ങളും ഇന്ന് സുലഭമാണ്.

പരമാർത്ഥമായി നാം ചിന്തിച്ചാൽ ഇതുകൊണ്ട് ഒക്കെ നമുക്ക് എന്ത് പ്രയോചനമാണ് ഉള്ളത് ? അപ്പോസ്തോലന്മാരുടെ ജീവിതത്തെപറ്റി പഠിക്കുന്നതിനും ധാരാളം അവസരങ്ങൾ ഉണ്ടെങ്കിലും “പൗലോസിനെ” പോലുള്ളവർ എവിടെ ?. കർത്താവിന്റെ ദർശനം പ്രാപിച്ചപ്പോൾ അപ്പോസ്തോലന്മാരെപ്പോലെ കഷ്ടതകൾ, നഷ്ടങ്ങൾ സഹിക്കുവാൻ സമർപ്പണമുള്ളവർ എത്രപേർ ഇന്ന് നമുക്കുണ്ട് ?. “സ്റ്റേജിലെ” പ്രോഗ്രാമുകളിൽ നിറഞ് നിൽക്കുവാൻ, ജനാകർഷകമായ, കർണ്ണ രാസമാറു വചന ഘോഷണങ്ങൾക്ക് നമുക്ക് കഴിയും. എന്നാൽ ഈ തലമുറയിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് യേശുവിനെ “കർത്താവേ” എന്ന് വിളിക്കുവാൻ നമുക്ക് കഴിയുമോ ?.

റോമാ സാമ്രാജ്യം കൈസറുടെ ആധിപത്യത്തിൽ ആയിരുന്ന നാളുകളിൽ അദ്ദേഹത്തിന്റെ ആഘോഷ വേളകളിൽ ക്രിസ്തീയവിശ്വാസികളെ എണ്ണയിൽ മുക്കിയ തുണിയിൽ പൊതിഞ്ഞു ജീവനോടെ കത്തിക്കുന്നത് ആഘോഷങ്ങളിലെ പ്രധാന വിനോദമായിരുന്നു. റോമാക്കാരുടെ ഉല്ലാസ കേന്ദ്രങ്ങളിൽ  വന്യമൃഗങ്ങൾ ക്രിസ്തുവിശ്വാസികളെ ജീവനോടെ പിച്ചിച്ചീന്തുന്നതായിരുന്നു മറ്റൊരിനം.

റോമൻ പട്ടാളത്തിന്റെ തീരാത്ത പീഢനത്തിനും, വാളിനും, കുന്തത്തിനും അന്നത്തെ ക്രിസ്ത്യാനികൾ ഇരയായി തീർന്നു. മരണ ഭീതിയുടെയും, കഷ്ടതയുടെയും, ഭീഷണിയുടെയും നടുവിലും ആ കാലഘട്ടത്തിലെ ക്രിസ്തുശിഷ്യന്മാർ വിളിച്ചു പറഞ്ഞു “ക്രിസ്തു തന്നെ കർത്താവ്”. ഇന്ന് നാം കർത്താവേ, കർത്താവേ എന്ന് യേശുവിനെ എത്ര വിളിച്ചാലും നാം ഒരു വിലയും കൊടുക്കേണ്ടതില്ലല്ലോ. ശീതീകരിച്ച ഭവനത്തിൽ നിന്നും നേരെ ശീതീകൃത വാഹനത്തിൽ യാത്ര ചെയ്തു ശീതീകൃത ഹാളിൽ മാത്രം സഭായോഗങ്ങളിൽ സംബന്ധിക്കുന്ന നവതലമുറക്ക് ഇത് ഉൾകൊള്ളാൻ പോലും പ്രയാസമാണ്. എന്നാൽ ആദിമ നൂറ്റാണ്ടിൽ ഭക്തരായ ക്രിസ്തുവിശ്വാസികൾ യേശുവിനെ കർത്താവ് എന്ന് വിളിയ്ക്കാൻ കൊടുത്ത വില അവരുടെ “ജീവനാ”യിരുന്നു.

ഈ കാലഘട്ടത്തിൽ പൊതുസമൂഹത്തോടു ബന്ധപ്പെട്ട്‌ “കർത്താവ്” എന്ന പ്രയോഗം നിലവിലില്ല എന്നു കാണാം. എന്നാൽ ഒന്നാം നൂറ്റാണ്ടിൽ ഇത് സാധാരണ പ്രയോഗത്തിൽ ഇരുന്ന വാക്കായിരുന്നു. “കുറിയോസ്” എന്ന ഗ്രീക്ക് വാക്കിന്റെ മലയാള പരിഭാഷയാണെല്ലോ “കർത്താവ്”. അടിമത്തത്തിൽ കഴിയുന്ന അടിമകൾ തങ്ങളുടെ യജമാനന്മാരെ ബഹുമാനാർത്ഥം വിളിച്ചിരുന്ന വാക്കായിരുന്നു “കുറിയോസ്” അഥവാ “കർത്താവ്”. ഒരു അടിമയുടെ മേൽ, അവന്റെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യജമാനന് പൂർണ്ണ അധികാരമുണ്ടായിരുന്നു. അതേ അർത്ഥമാണ് ഇവിടെ യേശുവിനെ ഒരു വിശ്വാസി “കർത്താവ്” എന്ന് ഏറ്റുപറയുന്നതിലൂടെ അർത്ഥമാക്കുന്നത്.

നാം യേശുവിനെ “കർത്താവ്” എന്ന് വായ് കൊണ്ട് ഏറ്റുപറയുമ്പോൾ, യേശുവിനു നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പൂർണ്ണ അധികാരം ഉണ്ടെന്നു സമ്മതിച്ച്‌ സമർപ്പിക്കുകയാണ്. ഇത് മനസ്സിലാക്കി, കർത്താവിന്റെ പരസ്യ ശ്രുശൂഷാ വേളകളിൽ കൂടെ നടന്ന അപ്പോസ്തോലന്മാർക്ക് പ്രാപിക്കുവാൻ സാധിച്ചതിലും അധികം ആത്മീയ സത്യങ്ങൾ വിശ്വാസത്താൽ ദർശിച്ച പൗലോസ് പറയുന്നു. “ക്രിസ്തുയേശുവിനുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു”. നമ്മുടെ പ്രാണനെയും, ജീവനേയും, നിത്യനാശത്തിൽ നിന്ന് വീണ്ടെടുത്ത യേശുവിന് നമ്മുടെ ജീവന്റെമേൽ പരമാധികാരമുണ്ട്. നമ്മുടെ ജീവിതത്തിന് പുതിയ ദർശനവും, കാഴ്ചപ്പാടും തന്നതിനാൽ നമ്മുടെ എല്ലാ ഇച്ഛാശക്തിയുടെയുംമേൽ യേശുവിന് പൂർണ്ണ അവകാശമുണ്ട്. നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും യേശുക്രിസ്തുവിന് പൂർണ്ണ അധികാരമുണ്ട്.

നമ്മുടെമേൽ യേശുവിന് പൂർണ്ണ അധികാരമുണ്ടെങ്കിലും നാം സ്വമനസ്സാലെ അവന് കീഴ്പ്പെടാത്തിടത്തോളം യേശു നമ്മിൽ കർതൃത്വം നടത്തില്ല (വെളിപ്പാട് 3: 20). ഏതെങ്കിലും ഒരു സംഘടനയിലോ, പ്രാദേശിക സഭയിലോ അംഗത്വമെടുത്തന്നതിനാലോ, അവിടെ സജീവ പ്രവർത്തകനായതിനാലോ നാം യേശുവിന്റെ കർതൃത്വത്തിൽ ആണെന്ന് തെറ്റിദ്ധരിക്കരുത്.

“കർത്താവിന്റെ നാമം ഉച്ചരിക്കുന്നവർ എല്ലാം അനീതി വിട്ടകന്ന് കൊള്ളട്ടെ”. എന്ന് ദൈവവചനം നമ്മെ ഓർമിപ്പിച്ചുണർത്തുന്നു”.

(2 തിമൊഥെയൊസ്‌ 2: 19)”

“അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കിൽ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാൽ അറിയുന്നു”. (1 യോഹന്നാൻ 2: 3)

നമ്മുടെ കൂടെ ഉള്ളവർ എല്ലാം ഒരു പക്ഷെ “കർത്താവ്” എന്ന് പറഞ്ഞവരായിരിക്കാം. അവരെല്ലാം കർത്താവിന് വിധേയപ്പെട്ടവർ ആകേണമെന്നില്ല. “സംഘം കൂടിവരുന്നതുപോലെ അവർ നിന്റെ അടുക്കൽവന്നു എന്റെ ജനമായിട്ടു നിന്റെ മുൻപിൽ ഇരുന്നു നിന്റെ വചനങ്ങളെ കേൾക്കുന്നു; എന്നാൽ അവർ അവയെ ചെയ്യുന്നില്ല; വായ്കൊണ്ടു അവർ വളരെ സ്നേഹം കാണിക്കുന്നു; ഹൃദയമോ, ദുരാഗ്രഹത്തെ പിന്തുടരുന്നു”. (യേഹേസ്കേൽ 33: 31)

“ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ടു അകന്നിരിക്കുന്നു”. (മത്തായി 15: 8)

“എന്നോടു കർത്താവേ, കർത്താവേ എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രെ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നത്”. (മത്തായി 7: 21)

യേശു നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ ആരാണ് ? പരമാർത്ഥഹൃദയത്തോടെ “കർത്താവ്” എന്ന് യേശുവിനെ വിളിക്കുവാൻ കഴിയുമോ ? ഒരു പക്ഷെ നമുക്ക് വായ്കൊണ്ടു “കർത്താവ്” എന്ന് പറയുവാൻ പറ്റുമായിരിക്കും. എന്നാൽ ജീവിതത്തിന്റെ, ഇനിയും നമുക്ക് ഈ ലോകത്തിൽ ലഭിക്കുന്ന ആയുസ്സു മുഴുവൻ യേശുവിന് കീഴ്പ്പെട്ടു ജീവിക്കാൻ പറ്റുമോ ? നമ്മുടെ ജീവിതത്തിന്റെ രഹസ്യവും, പരസ്യവുമായ എല്ലായിടങ്ങളിലും യേശുവിന് കടന്നു വരുവാൻ പറ്റുമോ. യേശുവിന്റെ സാന്നിധ്യമില്ലാത്ത ഏതെങ്കിലും ഒരു ഭാഗം നമ്മിൽ അവശേഷിക്കുന്നുണ്ടോ ?.”നിത്യത” നഷ്ടപ്പെടുത്തുന്ന എല്ലാത്തിനോടും വിടപറഞ്, വചനത്തിൽ പൂർണ്ണമായി സമർപ്പിച്ച് ജീവിക്കുവാൻ അതിന് എന്ത് വിലനൽകാനും നാം കടപ്പെട്ടിരിക്കുന്നു. ഇത് അംഗീകരിക്കുവാൻ നമ്മുടെ മനസ് അനുവദിക്കുന്നുവോ ?. യേശുവിന് കടന്ന് വരുവാൻ സാധിക്കാത്ത ഒരു മേഖലയും നമ്മിൽ അവശേഷിക്കുന്നില്ലെങ്കിൽ നമ്മുടെ ജീവിതത്തിന്റെ “കർത്താവാണ്” യേശു. അതാണ് സ്വർഗ്ഗം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. യേശുവിനെ മാത്രം കാത്തിരിക്കുന്ന, അവനു വേണ്ടി എന്ത് വില നൽകാനും തയ്യാറുള്ള ഒരു ശേഷിപ്പ്.

ജോർജ്ജ് വെർവറിന്റെ ഒരു പ്രയോഗം ഇങ്ങനെയാണ്‌:

“ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ജീവനിലുള്ള ജീവിതമത്രെ ഇത്. നാം അവന്റെ മരണത്തോട് അനുരൂപരാകുന്നതുപോലെ അവന്റെ ഉയർത്തെഴുനേൽപ്പിന്റെ ജീവനോടും അനുരൂപരായിതീരുക എന്ന അനുഭവമത്രേ”.

ലോകത്തിന്റെ മുൻപിൽ യേശു കൈസ്തവ മതത്തിന്റെ നായകനാണ്. കുറച്ചുപേർക്കു യേശു നല്ല ഒരു ഗുരു ആണ്. എന്നാൽ ബൈബിൾ വെളിപ്പെടുത്തുന്ന യേശുവിനെ അറിയേണ്ടപോലെ അറിയാൻ കഴിയാതെപോയാൽ, ഒരു മനുഷന്റെ ജീവിതത്തിലെ ഏറ്റവും വലിയ, ഒരിക്കലും നികത്തുവാൻ പറ്റാത്ത ഒരു നഷ്ടമായിരിക്കും സംഭവിക്കുക.ഒട്ടു മിക്കവർക്കും , ഇതെല്ലം ഒരു പ്രോഗ്രാം ആയി തീരുകയാണ്. അവർ വരുന്നു. കേൾക്കുന്നു. മാർക്കിടുന്നു. ചിലപ്പോൾ നല്ല മാർക്കു ഇടും. കർത്താവു വരുന്നതും, അതിനായി ഒരുങ്ങേടതും എല്ലാം ഒരു കടം കഥ ആയി തീർന്നു…

യേശുവിനായി ജീവിക്കണമെങ്കിൽ, ആത്‌മാക്കളെ സമ്പാദിക്കണമെങ്കിൽ, സ്വർഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകണമെങ്കിൽ…… അതിനുള്ള ഒരേ ഒരു സന്ദർഭം, നാം ഈ ലോകത്തിൽ വസിക്കുമ്പോൾ മാത്രമാണ്. വീണ്ടും ഈ ലോകത്തിലേക്ക്‌ മടങ്ങിവന്ന് കഴിഞ്ഞുപോയ അവസരം വിനിയോഗിപ്പാൻ നമുക്ക്‌ സാധ്യമല്ല . ആയതിനാൽ ചെയ്യേണ്ടത് ഇന്നു തന്നെ ചെയ്യുക. നാളത്തെ ദിവസം നമ്മുടേതല്ല. ഒന്നു ചിന്തിക്കൂ.. നമ്മോടുതന്നേ ചോദിക്കൂ… യേശു വാസ്തവമായി നമ്മുടെ കർത്താവോ?.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.