അനുഭവ കഥ: ആ വെള്ളക്കുതിരയുടെ സാക്ഷ്യം | വർഗീസ് ജോസ്

കുറച്ച് നാളുകള്‍ മുമ്പ് ഞാന്‍ തിരക്കഥയെഴുതി, സംവിധാനം ചെയ്ത ‘ ദ വേഡ് ‘ എന്ന ചെറിയ ചലചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നേരിട്ടറിഞ്ഞ, ചിന്തിപ്പിക്കുന്ന ചില അനുഭവങ്ങള്‍.

ഏവരുടേയും മനസിലെ,കൃസ്തുവിന്റെ രൂപവുമായി സാമ്യമുള്ള മുഖ്യ കഥാപാത്രവും, നയനമനോഹരങ്ങളായ ലൊക്കേഷന്‍സും,ചിത്രീകരണവും ഒക്കെയായി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു സുവിശേഷ ചിത്രമായിരുന്നു ‘ ദ വേഡ് ‘ ഒപ്പം ആ ചിത്രം മൂന്നോട്ട് വച്ച ആത്മീയ ചിന്തകളും ആശയങ്ങളും വരെ പ്രേക്ഷകര്‍ അതേപടി സ്വീകരിച്ചു.
പലരും പ്രത്യേകം എടുത്ത് ചോദിച്ചത്, ചിത്രത്തില്‍ അവസാനഭാഗത്ത് ക്രിസ്തുവിനോടൊപ്പം നില്‍ക്കുന്ന വെള്ളക്കുതിരയെക്കുറിച്ചാണ്!
അതെ. വെള്ളക്കുതിര!
ജയത്തിന്റെ പ്രതീകമായ,കൃസ്തുവിന്റെ രാജത്വത്തിന്റെ പ്രതീകമായ വെള്ളക്കുതിര!
ചിലര്‍ ചോദിച്ചു, ‘കുതിരയെ എങ്ങിനെ കിട്ടി?’

“കുതിര മാത്രം ഗ്രാഫിക്സ് ആണോ?”

കുതിരയെ മലമുകളിലെ ലൊക്കേഷനിലേക്ക് കൊണ്ടെത്തിച്ച് ഷൂട്ട് ചെയ്ത് വളരെ പണിപ്പെട്ടു അല്ലേ?

ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ മറുപടി പറയാന്‍ എനിക്ക് തീരെ എളുപ്പമല്ല.

ഒരേയൊരു ഫ്രെയ്മില്‍ ഒന്ന് മിന്നിമായുന്ന ആ വെള്ളക്കുതിര’ എന്ന ആത്മീയാശയത്തെ പ്രേക്ഷകര്‍ ഇത്രകണ്ട് ശ്രദ്ധിച്ചുവല്ലോ എന്നതിലാണ് എനിക്ക് ഏറെ സന്തോഷം. ഒപ്പം പ്രേക്ഷകര്‍ ചിത്രം അവസാന രംഗം വരെ ശ്രദ്ധിച്ചു കണ്ടു എന്ന ബോധ്യവും!

ഇനി കാര്യത്തിലേക്ക് കടക്കാം…
ചിത്രീകരണദിവസം, നെല്ലിയാമ്പതിയിലെ മലമുകളില്‍ കൃസ്തുവും, ചിത്രത്തിലെ സ്ത്രീകഥാപാത്രവും ഒന്നിച്ചുള്ള സ്വപ്നരംഗം മനോഹരമായി ചിത്രീകരിച്ച് വന്നപ്പോഴേക്കും , ആ ലൊക്കേഷന്റെ പടിഞ്ഞാറേ ഭാഗത്തായി തലയുയര്‍ത്തി നിന്നിരുന്ന കൂറ്റന്‍ മലനിരകള്‍ക്കു പിന്നിലേക്ക് സൂര്യന്‍ മറഞ്ഞിരുന്നു.
വ്യക്തമായി പറഞ്ഞാല്‍, ആ ലൊക്കേഷനില്‍ മാത്രം ഒരു രണ്ട്മണിക്കൂര്‍ മുന്നേ, സൂര്യന്‍ അസ്തമിച്ചു. ഇനി വെളിച്ചം ലഭ്യമല്ല!
ഉയരം കൂടിയ ആ മലനിരകളാണ് തടസം!

കൃസ്തുവിന്റെ പ്രധാന ഡയലോഗുകള്‍ ക്ലോസ് അപ്പ്സ് ഒന്നും ചിത്രീകരിച്ചിട്ടില്ല!
നല്ല ടെന്‍ഷന്‍ തോന്നി എങ്കിലും, തീരെ പുറമേയ്ക്ക് കാണിച്ചില്ല.
ഇതിന്റെ ബാലന്‍സ് രംഗങ്ങള്‍ ചിത്രീകരിക്കുവാനായി ഇത്രദൂരം സഞ്ചരിച്ച്, ഇനിയും ഇവിടേക്ക് മലകയറി വരിക വളരെ ബുദ്ധിമുട്ടായ കാര്യമാണ്.
ആത്മീയവിഷയമല്ലേ , അത്കൊണ്ടുതന്നെ എല്ലാം ദൈവത്തിന് വിട്ടുകൊടുത്ത് ഞങ്ങള്‍ പലവഴി പിരിഞ്ഞു.
പിന്നീട് ഞാനും,ക്യാമറാമാന്‍ അനില്‍കുമാറും ഒന്നിച്ച് ദൃശ്യങ്ങള്‍ പരിശോധിച്ച്, പശ്ചാത്തലം മാച്ച് ചെയ്യാവുന്ന ഒരിടം കണ്ടെത്തി, ബാക്കി പാച്ച് ഷോട്ട്സ് അവിടെ എടുക്കാം എന്നുറച്ച് വീണ്ടും ലൊക്കേഷന്‍ തേടിയിറങ്ങി.
എന്റെ ജന്മനാടായ , എറണാകുളം ജില്ലയുടെ വടക്ക് പടിഞ്ഞാറേ അതിര് – ചരിത്രപ്രസിദ്ധമായ കൊടുങ്ങല്ലൂര്‍ അഴിമുഖത്തോട് ചേര്‍ന്ന, മുനമ്പം ബീച്ച് ല്‍ വന്ന് അന്വേഷണം അവസാനിച്ചു.
യേശു ആയി അഭിനയിക്കുന്ന ബിജു അച്ചനെ (ഫാ: ബിജു ജോസഫ്) മാത്രം ലൊക്കേഷനില്‍ വരുത്തി, കോസ്റ്റ്യൂം അണിയിച്ച്, ഞങ്ങള്‍ ലൊക്കേഷനിലേക്ക് നടന്നു….

വിശാലമായ ആ ബീച്ച് ലേക്ക് കടക്കുമ്പോള്‍ എന്റെ ദൃഷ്ടിയില്‍ ആദ്യം പതിഞ്ഞത് അവിടെ ഒരു മൂലയില്‍, പെട്ടെന്ന് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു വെള്ളക്കുതിരയായിരുന്നു!

മനസില്‍ ഒരാഗ്രഹം കര്‍ത്താവിനോടൊപ്പം ആ കുതിരയെ നിറുത്തി ഒരു ഫ്രെയിം ചുമ്മാ എടുത്തുവച്ചാലോ?
(തിരക്കഥയില്‍ അങ്ങിനെയൊരു ബിംബം ഇല്ല, എന്നാലും…)
കുതിരയെ ചോദിച്ചാല്‍, കുതിരക്കാര്‍ സമ്മതിക്കുമോ ?
മനസിലൊരു സംശയം തലപൊക്കി…
പലപ്പോഴും അങ്ങിനെയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് ആവശ്യപ്പെടുമ്പൊ വലിയ ഡിമാന്റ്സ് അവര്‍ വയ്ക്കും !

പെട്ടെന്ന് ഒരു ദൈവവചനം മനസിലേക്ക് ഓടിയെത്തി ബലംപകര്‍ന്നു

“ആരെങ്കിലും നിങ്ങളോട് ചോദിച്ചാല്‍, കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ടെന്ന് അവരോട് പറക”

സംവിധാന സഹായികളിലൊരാളും തദ്ധേശവാസിയുമായ വിനു റെയ്നോള്‍ഡ് ആണ്,  ആ കുതിരക്കാരോട് സംസാരിച്ചത് .
അവര്‍ നോക്കുമ്പൊ കൃസ്തുവല്ലേ കൂടെ നില്‍ക്കുന്നത്!
എതിര്‍ത്തു പറഞ്ഞില്ല, സമ്മതം …..

അടുത്ത പടി, കടലോരം എന്ന് തോന്നാത്ത വിധത്തില്‍ എവിടെ നിറുത്തി, ഫ്രെയിം കമ്പോസ് ചെയ്യും എന്നതായിരുന്നു!
പശ്ചാത്തലത്തില്‍, കടലോ, തെങ്ങോലകളോ , മണല്‍പ്പരപ്പോ ഒന്നും വരാതെ എവിടെ നിറുത്തും!?

അപ്പോഴാണ് കണ്ടത്
വിശാലമായ ആ മണല്‍പരപ്പിനും, കടലോരത്തിനും മദ്ധ്യേ  ഒരിടത്ത് നീളന്‍ പുല്‍നാമ്പുകള്‍ തലയാട്ടിനില്‍ക്കുന്ന ,ഇത്തിരിപ്പോന്ന ഒരു കൊച്ചുപുല്‍മേട് ! അതും സദാ  ഉപ്പ് കാറ്റും, തീവെയിലും മാത്രം കൂട്ടിനുള്ള ഒരു കടലോരത്ത്!!!
വ്യക്തമായിപ്പറഞ്ഞാല്‍, കൃസ്തുവിനേയും ,കുതിരയേയും നിറുത്തി, ഫ്രെയിം ഒരുക്കാനുള്ള അത്രയും ഭാഗം മാത്രം പരപ്പുള്ള പുല്‍മേട്! വിശ്വസിക്കാനാവാത്ത കാഴ്ച പോലെ തോന്നിപ്പോവും ആര്‍ക്കും. ആരോ ഒരുക്കി വച്ചതുപോലെ!

പച്ചയായ പുല്‍പ്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു , സ്വസ്തതയുള്ള ജലാശയത്തിനരികിലേക്ക് അവനെന്നെ നടത്തുന്നു!

എന്തിന് എന്നെ ഇത്രദൂരം അവന്‍ തിരികെ നടത്തി എന്നെനിക്ക് വ്യക്തമായി!

പുല്‍നാമ്പുകള്‍ക്കിടയില്‍ നിലത്തോട് ചേര്‍ന്ന് പരമാവധി താഴ്ന്ന് വണങ്ങിയാണ് ഞങ്ങള്‍ ആ ലോ ആംഗിള്‍ ഷോട്ട് കമ്പോസ് ചെയ്തത്. (അങ്ങിനെയാണ് അത് ഒരു മലമുകളിന്റെ ഫീല്‍ തരുന്ന ദൃശ്യമായിമാറിയത്)

ആ കുതിരയെ കൃസ്തുവിനോടൊപ്പം ഏതാണ്ട് ,ക്യാമറയ്ക്ക് അഭിമുഖമായി അല്പ്പം ചെരിച്ചാണ് നിറുത്തിയത്. കാരണം ,
വശങ്ങളില്‍ നിന്ന് നോക്കിയാല്‍ വലിയ അപാകതയാണ് ആ കുതിരയ്ക്ക്… നന്നേ പ്രായമുണ്ട് അതിന് , ശോഷിച്ച് , എല്ലുന്തി, നടപ്പില്‍ കോട്ടവും, വക്രതയുമുള്ള, അവശനായ ഒരു വയസ്സന്‍ കുതിര. അപാകത അറിയാതിരിക്കാനാണ് അത്ര ചെരിച്ച് നിറുത്തിയത് പോലും!

എല്ലാം ഭംഗിയായി….
ചിത്രം റിലീസായി… അഭിപ്രായങ്ങള്‍ അറിഞ്ഞു….സന്തോഷം…….

ഞാനെപ്പഴും ഓര്‍ക്കും , വെള്ള കുതിരയ്ക്ക് പകരം വേറെ ഏതെങ്കിലും വര്‍ണ്ണമുള്ള കുതിരയായിരുന്നു അവിടെ ഉണ്ടായിരുന്നെങ്കിലോ?
അര്‍ത്ഥം മാറാം, അങ്ങിനെയൊരു ഫ്രെയിം എന്ന ആശയം പോലും തോന്നില്ലായിരുന്നു!

കുറച്ചു നാളുകള്‍ക്ക് ശേഷം ഞാന്‍ കഴിഞ്ഞദിവസം അതേയിടത്ത് കൂടെ കടന്നുപോയാരുന്നു.

പക്ഷെ ആ കുതിരയെ അവിടെ കണ്ടില്ല…

മുന്‍പും, വല്ലകാലത്തും  അതുവഴി വന്നപ്പോഴൊന്നും അങ്ങിനെയൊരു കുതിരയെ ഞാനവിടെ കണ്ടിട്ടില്ലായിരുന്നു. അതും അപ്പോഴാണ് ഓര്‍മ്മവന്നത്!

ചിലരോട് സംസാരിച്ചപ്പോഴാണ് അറിഞ്ഞത്…

ഉത്തരേന്ത്യക്കാരായിരുന്നു ആ കുതിരയെ കൊണ്ടുനടന്നിരുന്നത്…
കുതിരയ്ക്ക് നന്നേ പ്രായമായി, അവശനിലയിലായിരുന്നു. ഒപ്പം കാലിലോ മറ്റോ മുറിവും ! ആ കുതിരയെക്കൊണ്ട് ഇനി അവര്‍ക്ക് ആവശ്യമില്ലായിരുന്നു…. അതിന്റെ ഭക്ഷണവും, ചികിത്സയും പരിചരണവും വരെ അവര്‍ക്കൊരു ബാദ്ധ്യതയായി മാറിയിരുന്നു!
ഞങ്ങളുടെ ചിത്രീകരണത്തിന് തൊട്ടടുത്ത ദിവസം അവര്‍ ആ കുതിരയെ, എവിടെയോ വഴിയോരത്ത് ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ചുവത്രെ!
നാട്ടുകാര്‍ ആരോ കണ്ടു, അവരെ കയ്യോടെ പിടികൂടി, അത് വിഷയമായി എന്ന് കേട്ടു.
സ്വാഭാവികമായും മൃഗസംരക്ഷണവകുപ്പോ അധികൃതരോ ഇടപെട്ടു, കുതിരയെ അവര്‍ സുരക്ഷിതസ്ഥാനത്തേക്ക് വീണ്ടെടുത്തു എന്നറിഞ്ഞു!

ഒന്നിനും കൊള്ളാത്തവന്‍ എന്ന് എല്ലാവരും എഴുതിത്തള്ളിയ സ്ഥാനത്തും അവന്‍ ദൈവത്തിന് വേണ്ടി തന്നാലായത് ചെയ്തു!
മനുഷ്യരുടെ ദൃഷ്ടിയില്‍ ഒരു ചെറിയ കാര്യം… വളരെ ചെറിയ കാര്യം!…..പക്ഷെ ആ നിമിഷം മുതല്‍ അവന്റെ ജീവിതം മാറി…
കഷ്ടതയും, അലച്ചിലും, കണ്ണീരും, നെടുവീര്‍പ്പും മാറി…
അവന്‍ സുരക്ഷിതസ്ഥാനങ്ങളിലേക്ക് കൈപിടിച്ചു നടത്തപ്പെട്ടിരിക്കുന്നു!
പച്ചയായ പുല്‍പ്പുറങ്ങളിലേക്ക്, സ്വച്ചമായ ജലാശയത്തിന്റെ സുരക്ഷിതത്തിലേക്ക് അവന്റെ വാര്‍ദ്ധക്യകാലം നയിക്കപ്പെട്ടിരിക്കുന്നു…
ഇനി സ്വസ്ഥതയുടെ ലോകമാണ്….
വിശ്രമത്തിന്റെ കാലം….

ഒരു മിണ്ടാപ്രാണിയുടെ കണ്ണീരിന് വരെ സ്വര്‍ഗ്ഗം വിടുതല്‍ നല്‍കിയിരിക്കുന്നു!

ഒരു കാര്യം കൂടെ പറഞ്ഞവസാനിപ്പിക്കട്ടെ.

ആ ഫ്രെയ്മില്‍ ആ കുതിരയുടെ വിശന്ന് എല്ലുന്തിയ ദയനീയരൂപം അപാകതയില്ലാതെ പകര്‍ത്താന്‍ പണിപ്പെടുമ്പോള്‍ ഞാന്‍ മൗനമായി ദൈവത്തോട് ചോദിച്ചു

“ഞാന്‍ ചോദിക്കാതെ തന്നെ നീ എനിക്കൊരു നല്ല ദൃശ്യം, അര്‍ത്ഥവത്തായ ഒരു ബിംബം സമ്മാനിച്ചു.
പക്ഷെ തന്നപ്പോള്‍ നിനക്ക്, ഊനമില്ലാത്ത ഒന്നിനെ തരാമായിരുന്നു”
പൂര്‍ണ്ണതയുള്ള, ആരോഗ്യവാനായ ഒരു കുതിരയെ സമ്മാനിക്കാന്‍ കഴിവുള്ള അങ്ങ്, ഈ
അവശരൂപത്തെ, എനിക്ക് മുന്നിലേക്ക് നടത്തിയതിലേ ഉള്ളൂ ഒരു ചെറിയ പരിഭവം”

അതിനുള്ള മറുപടി ഇന്ന് എനിക്ക് വ്യക്തമാണ്.

‘പൂര്‍ണ്ണതയുള്ളതിനെയല്ല എനിക്കാവശ്യം…ആര്‍ക്കും വേണ്ടാത്ത, എല്ലാവരാലും തിരസ്കരിക്കപ്പെട്ട, നടപ്പില്‍ കോട്ടവും, വക്രതയും ആരോപിക്കപ്പെട്ട, ഇനിയൊന്നിനും കൊള്ളില്ല എന്ന് വിധിയെഴുതി തിരസ്കരിക്കപ്പെട്ടതിനെയൊക്കെയാണ് എനിക്ക് വേണ്ടത്.അവരിലൂടെ എനിക്ക് വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കാം…
ഒന്ന് മനസിരുത്തി ചിന്തിച്ചാല്‍ നിനക്ക് നിന്നെത്തന്നെ കാണാം ആ വെളുത്ത കുതിരയില്‍…”

എല്ലാം വ്യക്തമായി വിളിച്ചുപറയുന്നു ആ കൊച്ചുവാക്യം!

അതെ, “കര്‍ത്താവിന് അതിനെ കൊണ്ട് ആവശ്യമുണ്ട്!”

– വർഗീസ് ജോസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.