ലേഖനം: ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ദൈവത്തിന്റെ മഹനീയമായ തോട്ടം | സിബി ബാബു

നമ്മുടെ ജീവിതത്തിൽ നമ്മൾ പലതരത്തിലുള്ള തോട്ടങ്ങൾ കണ്ടിട്ടുണ്ടാകും, നാല് ഭാഗവും കെട്ടി അടയ്ക്കപ്പെട്ട തോട്ടങ്ങൾ , നാല് ഭാഗവും കെട്ടി അടയ്ക്കപ്പെടാത്ത തോട്ടങ്ങൾ. എന്നാൽ നാല് ഭാഗവും കെട്ടി അടയ്‌ക്കപ്പെട്ട തോട്ടങ്ങൾ ആകും നമ്മൾ മിക്കവാറും കണ്ടിട്ടുണ്ടാകുക, തോട്ടത്തിന് അകത്തുള്ളത് സംരക്ഷിക്കപ്പെടുക എന്നുള്ളതാണ് ഇതിൻ്റെ ഉദ്ദേശം. എന്നാൽ ഏദൻ തോട്ടത്തിന് മതിൽ ഉള്ളതായിട്ടോ, വേലി ഉള്ളത്തായിട്ടോ ഒന്നും നമ്മൾ വേദപുസ്തകത്തിൽ കാണുന്നില്ല. എന്നാൽ ഞാൻ വിശ്വസിക്കുന്നത് aഏദൻ തോട്ടം ദൈവത്തിൻ്റെ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ദൈവത്തിൻ്റെ തോട്ടം ആയിരുന്നു എന്നതാണ്. ദൈവം ആയിരുന്നു ഏദൻതോട്ടത്തിൽ അവർക്ക് ചുറ്റും മതിലായി, സംരക്ഷണമായി നിന്നിരുന്നത്. (ഉല്പത്തി 2:8 അനന്തരം യഹോവയായ ദൈവം കിഴക്കു ഏദെനിൽ ഒരു തോട്ടം ഉണ്ടാക്കി, താൻ സൃഷ്ടിച്ച മനുഷ്യനെ അവിടെ ആക്കി.)

ദൈവത്താൽ കേന്ദ്രീകൃതമായ, ദൈവത്താൽ ഭരണം നടത്തപ്പെടുന്ന ദൈവത്തിൻ്റെ കെട്ടി അടയ്ക്കപ്പെട്ട തോട്ടം! ദൈവവും, മനുഷ്യനും മാത്രമായുള്ള ആഴമായ ബന്ധത്തിൻ്റെ ഉറവിടമായ ദൈവത്തിൻ്റെ മഹനീയമായ തോട്ടം! ദൈവത്തിൻ്റെ സർവ്വാധിപത്യത്തിൽ ഭരണം നടത്തപ്പെടുന്ന ദൈവത്തിൻ്റെ തോട്ടം! ഹാ ഒന്നു ചിന്തിച്ചു നോക്കിയാൽ എത്ര മനോഹരവും, എത്ര സന്തോഷകരവും ആയിട്ടുള്ള പരിപാവനം ആയ ദിവസങ്ങൾ, അവിടെ വേറെ ആർക്കും ഒരു സ്ഥാനവും ഇല്ല. വെയിൽ ആറുമ്പോൾ ദൈവത്തിൻ്റെ കാലൊച്ച കേൾക്കുന്ന മഹനീയമായ ഏദൻതോട്ടം! ദൈവം മനുഷ്യനുമായി നേരിട്ട് സംഭാഷിക്കുന്ന സുദിനങ്ങൾ . എന്നാൽ ഇവിടെ ചിന്തിക്കേണ്ട ഒരു വിഷയം ഈ ദൈവമനുഷ്യ ബന്ധത്തെ ആണ് സാത്താൻ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത്. ഏദൻ തോട്ടത്തിൽ ഈ ദൈവമനുഷ്യ ബന്ധത്തെ ആണ് സാത്താൻ, ദൈവം മിനെഞ്ഞെടുത്ത മനുഷ്യനാൽ തച്ചുടച്ചു കളഞ്ഞത്. അതിന് കാരണം ദൈവ കേന്ദ്രികൃത്യമായ ഏദൻ തോട്ടത്തിൽ ദൈവം പറഞ്ഞത് മനുഷ്യൻ അനുസരിച്ചില്ല എന്നുള്ളതാണ്.

ഇന്നും ദൈവമനുഷ്യ ബന്ധത്തെ തകർക്കുന്നത്തിൻ്റെ പ്രധാന കാരണം, ദൈവത്തെക്കാൾ ഉപരി ആയി സാത്താനെയൊ, മനുഷ്യനെയോ വിശ്വസിക്കുന്നു, അനുസരിക്കുന്നു എന്നുള്ളത് കൊണ്ടാണ്. നമുടെ ജീവിതത്തിൽ ഭരണം നടത്തുന്നത് ദൈവം ആണോ? നമ്മുടെ ജീവിതത്തിൽ ദൈവ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ? നമ്മുടെ ജീവിതത്തിൽ ദൈവത്തെ അനുസരിക്കാറുണ്ടോ? നമ്മുടെ ജീവിതത്തിൽ ദൈവവുമായി വ്യക്തി പരമായ ബന്ധം കാത്തു സൂക്ഷിക്കാറുണ്ടോ? “ഓർക്കുക ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം ദിനംതോറും കാത്തു സൂക്ഷിക്കുന്നതും, നമ്മുടെ ജീവിതത്തിൽ ഭരണം നടത്താൻ ദൈവത്തെ അനുവദിക്കുന്നതും, ദൈവ ശബ്ദം കേൾക്കാൻ കഴിയുന്നതും, ദൈവത്തെ സകലത്തിലും അനുസരിക്കുന്നതും ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ സമ്പത്ത്”. (2 കൊരിന്ത്യർ 11:3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു). അതെ പൗലോസ് ഇവിടെ പറയുന്നത് സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചു, അതായത് ക്രിസ്തുവിനോട് ഉള്ള ഏകാഗ്രത ആണ് ഇവിടെ സാത്താൻ തെറ്റിച്ചു കളഞ്ഞത്, ഇന്നും അവൻ അത് ചെയ്തു കൊണ്ടിരിക്കുന്നു, അനേകം ദൈവ മക്കളെ, ക്രിസ്തുവുമായിട്ടുള്ള ഏകഗ്രതയിൽ നിന്ന് തെറ്റിച്ചു കളയുന്നു.

(1 പത്രൊസ് 5:8 നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു.) നമ്മുടെ ജീവിതം ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട തോട്ടം എന്നതിലുപരി എന്തിനും ഏതിനും ഉപയോഗിക്കപ്പെടുന്ന ഒരു തുറന്ന തോട്ടം ആയി മാറിയിരിക്കുന്നു. പലതിലും നമുക്ക് വേർപെട്ട് ജീവിക്കാൻ കഴിയുന്നില്ല, ഈ ലോകവും, അതിൻ്റെ മോഹവും നമ്മുടെ ജീവിതത്തിൽ നമ്മെ ഭരിക്കുന്നു. 1 (യോഹന്നാൻ 2:17 ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.)

നമ്മുടെ ജീവിതവും, ലോകത്തിനും, ലോക മോഹത്തിനും, പാപത്തിനും, സാത്താനും ഇടം കൊടുക്കാതെ ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ഒരു തോട്ടം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവിടെ വേറെ ആർക്കും ഒരു സ്ഥാനവും ഇല്ല.

നമ്മുടെ സഭകളും, ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ഒരു തോട്ടം ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു, എന്നാൽ ഇന്ന് ഭൂരിഭാഗവും സഭകളും ദൈവ സാന്നിധ്യത്തിൽ നിന്ന് പുറത്ത് പോയിരിക്കുന്നു. സഭകൾ ഇന്ന് വിനോദങ്ങൾക്കും, ആർഭാടങ്ങൾക്കും ഉള്ള ഒരു ഇടമായി മാറിയിരിക്കുന്നു. ഒരു വ്യക്തി നമ്മുടെ സഭയിൽ വന്നാൽ അവൻ പാപബോധം കൊണ്ട് ദൈവത്താൽ പിടിക്കപ്പെടണം, ദൈവ സാന്നിധ്യമുള്ള സഭയിൽ അതു സംഭവിക്കും, അതിനു നമ്മുടെ സഭകൾ ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെടുന്ന ദൈവത്തിൻ്റെ തോട്ടം ആയി മാറേണ്ടതുണ്ട്. (ഉത്തമ ഗീതം 4:12 എന്റെ സഹോദരി, എന്റെ കാന്ത കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം, അടച്ചിരിക്കുന്ന ഒരു നീരുറവു, മുദ്രയിട്ടിരിക്കുന്ന ഒരു കിണറു.) അതെ കർത്താവിൻ്റെ സഭ, കാന്ത ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ഒരു തോട്ടം ആണ്.

മടങ്ങി വരിക, മടങ്ങി വരിക, കാലം അതിൻ്റെ യുഗാന്ത്യത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നു, കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തിരിക്കുന്നു, ക്രമപ്പെടേണ്ടിടത് ക്രമപ്പെടട്ടെ, വീണവർ എഴുന്നേൽക്കട്ടെ, ഉറങ്ങുന്നവർ ഉണരട്ടെ, ക്ഷീണിച്ചിരിക്കുന്നവർ പുതുബലം പ്രാപിയ്ക്കട്ടെ, ദൈവ സാന്നിധ്യത്താൽ നമ്മുടെ ജീവിതം കെട്ടി അടയ്ക്കപ്പെട്ട ദൈവത്തിൻ്റെ തോട്ടം ആയി മാറട്ടെ, നമ്മുടെ സഭകൾ ദൈവ സാന്നിധ്യത്താൽ കെട്ടി അടയ്ക്കപ്പെട്ട ദൈവത്തിൻ്റെ തോട്ടം ആയി മാറട്ടെ.

വെളിപ്പാടു22:11-13 അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാകട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു. ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു. മാറാനാഥ!

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading