അപ്പോസ്തലനായ പൗലോസിന്റെ ജീവിതം സിനിമയാകുന്നു

ന്യൂയോര്‍ക്ക്: വിശുദ്ധ പൗലോശ്ലീഹായുടെ ജീവിതത്തെ പ്രമേയമാക്കികൊണ്ട് പുതിയ ചലച്ചിത്രം ഒരുങ്ങുന്നു. “പോള്‍, അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റ്” എന്ന് പേരിട്ടിട്ടുള്ള ചരിത്ര സിനിമ സോണി പിക്ച്ചേഴ്സിനുവേണ്ടി ആന്‍ഡ്ര്യൂ ഹയാത്താണ് സംവിധാനം ചെയ്യുന്നത്. ഡേവിഡ് സെലോണ്‍ (സോള്‍ സര്‍ഫര്‍), ടി. ജെ. ബെര്‍ഡന്‍ (ഫുള്‍ ഓഫ് ഗ്രേസ്) എന്നിവരാണ് നിര്‍മ്മാതാക്കള്‍. പ്രധാന കഥാപാത്രമായ വിശുദ്ധ പൗലോസിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ജെയിംസ് ഫോക്നറാണ്.

2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി യേശുവിന്റെ വേഷം അഭിനയിച്ച ജിം കാവിസെല്‍ വിശുദ്ധ ലൂക്കാക്ക് ജീവന്‍ നല്‍കും. ഒലിവിയര്‍ വാല്ലി, ജോണ്‍ ലിഞ്ച് എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമത പീഡകനെന്ന നിലയില്‍ നിന്നും ക്രിസ്തുവിന്റെ ഏറ്റവും സ്വാധീനമുള്ള അനുയായി എന്ന നിലയിലേക്കുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിത പരിവര്‍ത്തനമായിരിക്കും സിനിമയുടെ മുഖ്യപ്രമേയം. തടവറയില്‍ കഴിയുന്ന വിശുദ്ധന്റെ അവസാന നാളുകളും റോമന്‍ ചക്രവര്‍ത്തിയായ നീറോയാല്‍ കൊല്ലപ്പെടുന്നതും സിനിമയില്‍ എടുത്തുകാണിക്കും.

പുതിയ നിയമത്തിന്റെ നല്ലൊരു ഭാഗം രചിക്കുകയും, 10,000 മൈലുകളോളം കാല്‍നടയായി സഞ്ചരിച്ച് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തയാളെന്ന നിലയിലാണ് വിശുദ്ധ പൗലോസിനെ പറ്റി ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തങ്ങളെ പ്രചോദിപ്പിച്ചതെന്ന് ചിത്രത്തിന്റെ എക്സിക്യുട്ടീവ്‌ വൈസ് പ്രസിഡന്റായ റിച്ച് പെലുസോ പറഞ്ഞു.

വിശുദ്ധന്റെ അന്ത്യനാളുകള്‍ കുറഞ്ഞുവരുന്തോറും തടവറയില്‍ കിടന്നുകൊണ്ട് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും, മതമര്‍ദ്ദനത്തിനെതിരെ ശക്തമായി നിലകൊള്ളുവാന്‍ തന്റെ അനുയായികള്‍ക്ക് ശക്തിപകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിശുദ്ധ പൗലോസിനെ ഈ സിനിമയിലൂടെ കാണാമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ട്ടിനെസായിരിക്കും തടവറയിലെ മുഖ്യന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
മാർച്ച് 23 ന് സിനിമ തീയറ്ററുകളിലെത്തും.

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.