ലേഖനം: നാം യേശുവിന് ബോധിച്ചവർ! | റോജി ഇലന്തൂർ

നാം നിരവധി പ്രാവശ്യം കർത്താവിനോട്‌ ചോദിച്ചിട്ടുള്ള ഒരു ചോദ്യമാകാം ‘ദൈവമേ, നീ എന്തിന് എന്നെ തെരഞ്ഞെടുത്തു’ എന്നത്‌. ഒരിക്കലും ഉത്തരം കിട്ടാത്ത അനവധി നിരവധി ചോദ്യങ്ങൾ നമ്മുടെ ഹൃത്തിൽ ഇനിയും ബാക്കിയാകാം. എന്നാൽ വേദപുസ്തകം നാം പാരായണം ചെയ്യുമ്പോൾ തന്നെ, വേദപുസ്തകം നമ്മെയും പാരായണം ചെയ്കയാണ് എന്നത്‌ അവിസ്മരണീയമാണ്.

മർക്കൊസ്‌ എഴുതിയ സുവിശേഷം മൂന്നാം അധ്യായം പതിമൂന്നാം വാക്യം ഇങ്ങനെ പറയുന്നു, അവൻ ‘തനിക്ക്‌ ബോധിച്ചവരെ’ അടുക്കൽ വിളിച്ചു. അതെ, അവൻ തനിക്ക്‌ ബോധിച്ചവരെയാണ് അടുക്കൽ വിളിച്ചത്‌. എന്നാൽ എന്തുകൊണ്ട്‌ അവന് നമ്മെ ബോധിച്ചു എന്നോ വിളിച്ചു എന്നോ ഉള്ള ചോദ്യങ്ങൾക്ക്‌ ഇവിടെ പ്രസക്തിയില്ല. കാരണം നാം കാണാത്തത്‌ എന്തൊക്കെയോ അവൻ നമ്മിൽ കണ്ടു! അതത്രെ പിന്നത്തേതിൽ വാഗ്ദത്തമായും, വാഗ്ദത്തനിവൃത്തിയായും നമ്മിൽ വെളിപ്പെട്ട്‌ വരുന്നത്‌‌.

യേശുവിന്റെ ഗിരിപ്രഭാഷണവേളയിൽ സ്ത്രീകളും പുരുഷന്മാരും കുഞ്ഞുങ്ങളും അടക്കം ഏകദേശം ഇരുപതിനായിരത്തിൽ കുറയാത്ത ഒരു വലിയ ജനകൂട്ടം അവിടെ നിൽക്കുന്നു എന്ന് വേണം നാം അനുമാനിക്കാൻ. അതിൽ നിന്നും വെറും പന്ത്രണ്ട്‌ പേരെ മാത്രം പിതാവിന്റെ തിരുഹിതപ്രകാരം ദൗത്യനിർവ്വഹണത്തിനു വേണ്ടി യേശു നിയോഗിച്ചു. പാരിൽ പരന്റെ വേലയ്‌ക്കായി അധികം പേരെ വിളിച്ചുചേർക്കാൻ പരമോന്നതനു മനസ്സ്‌ വന്നില്ല എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല. അതെ, അവൻ ‘തനിക്ക്‌ ബോധിച്ചവരെ’ മാത്രം തന്റെ അടുക്കൽ വിളിച്ചു. അവർ അവന്റെ അരികേ അണഞ്ഞു. അവർക്ക്‌ മാത്രമെ ഫലകരമായി ഏത്‌ പ്രതിസന്ധിയിലും പിടിച്ചുനിന്ന് ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടാൻ കഴിയുകയുള്ളു, കഴിഞ്ഞിട്ടുമുള്ളു.

യേശു ‘തനിക്ക്‌ ബോധിച്ചവരെ’ അടുക്കൽ വിളിച്ചതിന്റെ ത്രിമാനമായ ഉദ്ദേശങ്ങൾ‌ ഈ വേദവചന പാരായണത്തിലൂടെ നമുക്ക്‌ ദർശിക്കാൻ സാധിക്കും.

ഒന്നാമതായും, അവൻ നമ്മെ വിളിച്ചിരിക്കുന്നത്‌ ‘തന്നോട്‌ കൂടെ ഇരിപ്പാനാണ്’. ഇന്ന് നമ്മിൽ പലർക്കും പല കാര്യാദികൾക്കും സമയം വേർതിരിപ്പാൻ ഉള്ളപ്പോൾ തന്നെ സമയം മാറ്റിവയ്‌ക്കാൻ ഇല്ലാത്തതും യേശുവിനോട്‌ കൂടെ ഇരിപ്പാനത്രെ. പ്രാർത്ഥനയ്‌ക്ക്‌ അല്ലാതെ മറ്റ്‌ എല്ലാ കാര്യങ്ങൾക്കും നമുക്ക്‌ ഇന്ന് സമയം ഉണ്ട്‌. തന്നോടുകൂടെ ഇരിക്കുന്നവരോട്‌ സംസാരിക്കുന്നവനത്രെ യേശു. വചനത്തിൽ കൂടി യേശു നമ്മോട്‌ സംസാരിപ്പാൻ ഇടയാകും. യേശു നമ്മോട്‌ സംസാരിക്കുന്നത്‌ ജനത്തോട്‌ നാം പരിശുദ്ധാത്മപ്രേരിതമായി ശബ്ദിക്കുന്നതത്രേ യഥാർത്ഥമായ ദൈവികശുശ്രൂഷ.

രണ്ടാമതായി, ദൈവം നമ്മെ വിളിച്ചിരിക്കുന്നതിന്റെ പരമോദ്ദേശം തന്നെ ‘അവന്റെ സദ്‌ഗുണങ്ങളെ’ ഘോഷിപ്പാനാണ്. സുവിശേഷസത്യങ്ങൾ കലർപ്പ്‌ ചേർക്കാതെ പ്രസംഗിക്കേണ്ടതിന് അയക്കേണ്ടതിനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്‌. നാം പ്രസംഗിക്കാനായി പോകുകയല്ല പ്രത്യുത പ്രസംഗിക്കുവാൻ അവനാൽ അയക്കപ്പെടുകയാണ്. അതിനെയാണ് നാം ‘നിയോഗം’ എന്ന് പേർ പറയുന്നത്‌‌. ആ ദൈവിക നിയോഗപ്രകാരം നാം ഒരു ദേശത്തേക്കോ ഒരു സഭയിലേക്കോ ഒരു രാജ്യത്തേക്കോ ശുശ്രൂഷിപ്പാനായി കടന്നു പോകുമ്പോൾ ‘ദൈവം അയച്ചിട്ട്‌ ഒരു മനുഷ്യൻ വന്നു’ എന്ന് പിന്നത്തേതിൽ കേൾക്കുവാൻ ഇടയാകുന്നു. അയക്കപ്പെടുന്നവൻ അത്രെ അപ്പൊസ്തലൻ.

മൂന്നാമതായി, ദൈവവചനശുശ്രൂഷ കേവലം കലയോ പ്രസംഗമോ അല്ല. പിന്നെയോ, അത്‌ ഒരു അധികാരകൈമാറ്റ ശുശ്രൂഷയാണ്. വചനപ്രഘോഷണ സമയത്ത്‌ തന്നെ ദൈവവചനത്തിന്റെ ജീവനും ചൈതന്യവും വെളിപ്പെടുകയും, ശ്രോതാവിൽ ദൈവികവിശ്വാസം അത്യത്ഭുതകരമാം വിധം വർദ്ധിക്കുകയും ദൈവവചനത്തിന്റെ അത്യന്തശക്തിയാൽ സാത്താന്യ ബന്ധനങ്ങൾ തകർക്കപ്പെടുകയും അധികാരികമായ ശുശ്രൂഷ വെളിപ്പെടുകയും ചെയ്യും. അതിനത്രെ സർവ്വശക്തൻ നമ്മെ വിളിച്ചു വേർതിരിച്ചിരിക്കുന്നത്‌.

വിളിക്കപ്പെട്ടവരായ പന്ത്രണ്ട്‌ ശിഷ്യന്മാർ പ്രശസ്തരോ പ്രഗത്ഭരോ പ്രത്യേകതകളോ ഉള്ളവരായിരുന്നില്ല, പ്രത്യുത യേശുവുമായി തുടർമാനം അവർക്ക്‌ ഉണ്ടായിരുന്ന അഭേദ്യബന്ധമാണ് അവരെ അപ്പൊസ്തലന്മാരാക്കി തീർത്തത്‌‌‌. അതുപോലെ നമുക്കും അവനുമായി നിരന്തര സമ്പർക്കം പുലർത്തി അവന് പ്രയോചനമുള്ള ക്രിസ്തുവിന്റെ പത്രങ്ങളായി വർത്തിക്കാം. അതെ, നാം യേശുവിന് ബോധിച്ചവർ!

– റോജി ഇലന്തൂർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.