മാരാമൺ കൺവൻഷന് അനുഗ്രഹീത സമാപ്തി
മാരാമൺ: നൂറ്റി ഇരുപത്തി മൂന്നാമത് മാരാമൺ കൺവൻഷന് സമാപിച്ചു. ആത്മീയ ചൈതന്യം നിറഞ്ഞൊഴുകിയ ദിനരാത്രങ്ങളായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി മാരാമൺ പന്തലിൽ. അനുഗ്രഹീത സന്ദേശങ്ങൾ, കാതിന് കുളിർമ നൽകുന്ന സംഗീത ശുശ്രൂക്ഷ, കണ്ണിന് കുളിർമ്മയേകുന്ന പന്തലും അനുബന്ധ സൗകര്യങ്ങളും, കൺവൻഷനു മോടി കൂട്ടി. ലക്ഷക്കണക്കിന് വിശ്വാസികളാണ് മണപ്പുറത്തേക്കു ഒഴുകിയെത്തിയത്. കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച യോഗത്തിൽ എടുത്തു പറയേണ്ട വസ്തുത ചരിത്രത്തിൽ ആദ്യമായി ഒരു ക്രൈസ്തവ സഭയുടെ പ്രധാന മീറ്റിങ്ങിൽ ഒരു ട്രാൻസ്ജെണ്ടർ പ്രസംഗിച്ചു എന്നതാണ്. മാർത്തോമാ സഭയുടെ ഈ നിലപാടിന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.
ഇന്നലെ നടന്ന സമാപന സമ്മേളനത്തിൽ ഡോ.ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശം നൽകി. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ ക്രൈസ്തവ സമൂഹത്തിനും പിഴവുകളുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ മനുഷ്യമുഖം കാണാൻ കഴിയണം. അപരനുവേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുന്നവർക്ക് ഇതു സാധ്യമാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടുത്തുന്ന പ്രവണത സമൂഹത്തിലുണ്ടാകുന്നു. ദീനാനുകന്പയും സഹോദര സ്നേഹവും പലപ്പോഴും നഷ്ടപ്പെടുത്തുന്നു. മൃതദേഹം സംസ്കരിക്കുന്നതിനു പോലും തടസം നിൽക്കുന്ന ദുഷ്പ്രവണതയ്ക്കെതിരെ പ്രതികരിച്ചേ മതിയാകൂ. ക്രൈസ്തവ ജനത ഒറ്റക്കെട്ടായി ഇത്തരം ദുഷ്പ്രവണതകൾക്കെതിരെ പ്രതികരിക്കേണ്ട കാലം അതിക്രമിച്ചതായും മെത്രാപ്പോലീത്ത പറഞ്ഞു.


- Advertisement -

Comments are closed.