ഭാവന: ബോസ്‌ പാസ്‌റ്ററേ, അങ്ങയ്‌ക്കാണ് ഇത്‌‌ വിധിച്ചത്‌‌!! | റോജി ഇലന്തൂർ

പുതിയ സഭയിൽ ചാർജ്ജ്‌ എടുത്ത്‌ അധികം ആകും മുൻപ്‌, ഗൾഫിലേക്ക്‌ ഒരു ഓഫറും കിട്ടി നമ്മുടെ ബോസ്‌ പാസ്റ്റർക്ക്‌! അതും സഭയിലെ വിരുതന്റെ വക വിസയും ടിക്കറ്റും!! അങ്ങനെ ബോസ്‌ പാസ്‌റ്റർ ദുബായ്‌ക്ക്‌ ഹൃസ്വകാല ശുശ്രൂഷക്കായി യാത്ര തിരിച്ചു.

ദുബായിൽ വന്ന ബോസ്‌ പാസ്‌റ്റർക്ക്‌ വേഗത്തിൽ കാര്യങ്ങളുടെ കിടപ്പുവശം മനസ്സിലായി. മാത്രമല്ല, പാവത്താന് കാര്യമായ മീറ്റിംഗ്‌ ഒന്നുംതന്നെ കിട്ടിയുമില്ല. മുറിയിൽ ഇരുന്ന് പ്രാർത്ഥനയോടെ പ്രാർത്ഥന! എന്നാൽ സഹമുറിയനായ യുവപാസ്‌റ്റർക്ക്‌ വിശ്രമമില്ലാത്ത പോലെ ശുശ്രൂഷയും!! ഇത്‌ കണ്ട്‌ ബോസ്‌ പാസ്‌റ്റർക്ക്‌ നെഞ്ചുവേദന വന്നില്ലെങ്കിലെ ഇനി അത്ഭുതമുള്ളു!!!

ബോസ്‌ പാസ്‌റ്റർ പോകുന്ന ദിവസത്തോടടുത്ത്‌ അടുപ്പിച്ച്‌ സഹമുറിയൻ പാസ്‌റ്ററിന്റെ മൊബൈലിൽ മീറ്റിംഗിനായി കോൾ റിംഗ്‌ ചെയ്തു.

“ഹലോ.. പ്രെയ്‌സ്‌ ദ്‌ ലോഡ്‌..പാസ്‌റ്റർ”

“പ്രെയ്സ്‌ ദ്‌ ലോഡ്‌.. അതെ, ഞാനാണ്..”

“പാസ്‌റ്ററെ, നാളെ രാവിലെ ഒരു പതിനൊന്ന് മണിക്ക്‌ ഒന്ന് വന്ന് നാട്ടിലേക്ക്‌ പ്രാർത്ഥിച്ച്‌ അയക്കണം”

“ഓകെ.. ഓകെ.. പക്ഷേ, ആ സമയത്ത് ‌ഒരു മീറ്റിംഗിനു ഞാൻ വാക്ക്‌ പറഞ്ഞുപോയി അച്ചായാ‌.. ഞാൻ എന്റെ സ്നേഹിതൻ പാസ്‌റ്ററെ അവിടേക്ക്‌ വിടാം കേട്ടോ.. പുള്ളിക്കാണെങ്കിൽ മീറ്റിംഗുമില്ല ഒന്നുമില്ല.. പ്രാർത്ഥിച്ചു വിടാൻ അദ്ദേഹത്തെ വിടാം.. ഓകെ.. എന്നാൽ പിന്നെ എല്ലാം പറഞ്ഞപോലെ” പരിഹാസച്ചുവയോടെ ഊറിച്ചിരിച്ചുകൊണ്ട്‌ യുവ പാസ്‌റ്റർ പറഞ്ഞു.

പിറ്റേന്നാൾ ബോസ്‌ പാസ്‌റ്റർ വേഗത്തിൽ ബർ-ദുബായിൽ എത്തേണ്ട ഭവനത്തിൽ‌ എത്തിചേർന്ന് പ്രാർത്ഥിച്ച്‌ ആ ഭവനത്തിലെ നായകൻ കൊടുത്ത ‘കവറും’ കീശയിൽ ഇട്ട്‌ മെട്രോ ട്രെയിനിൽ യാത്ര തിരിച്ചു. യാത്രാമധ്യേ ബോസ്‌ പാസ്‌റ്റർ കവർ പൊട്ടിച്ചതും പാസ്‌റ്റർ അന്തം വിട്ടു! അതിൽ അഞ്ച്‌ ലക്ഷം രൂപയുടെ ഒറ്റ ചെക്ക്‌!! ബോസ്‌ പാസ്‌റ്റർ ഫോണിൽ ഉടൻ തന്നെ കവർ കൊടുത്ത അച്ചായനെ ബന്ധപ്പെട്ടു.

“ഹലോ.. പ്രയ്‌സ്‌ ദ്‌ ലോഡ്‌.. അച്ചായാ.. എനിക്ക്‌ തന്ന ആ കവർ ഉണ്ടല്ലോ അതേ മാറി പോയതാണെന്ന്..” പറഞ്ഞ്‌ തീർക്കും മുൻപ്‌ അച്ചായൻ പറഞ്ഞുതുടങ്ങി,
“പാസ്‌റ്റർക്ക്‌ തന്നെ ഉള്ളതാ.. ഞങ്ങളുടെ അധ്വാനഫലത്തിന്റെ ഓഹരി.. ഞങ്ങളോട്‌ ദൈവം ഇന്നലെ ഇടപെട്ടതാ ദൈവദാസനെ.. മറ്റെ പാസ്‌റ്റർക്ക്‌ കൊടുക്കാൻ വച്ചിരുന്നതാ.. എന്നാൽ ബോസ്‌ പാസ്‌റ്ററെ, പാസ്‌റ്റർക്കാണ് ഇത്‌ വിധിച്ചത്‌!”

അത്‌ കേട്ടപ്പോൾ വാഗ്ദത്തം ചെയ്ത ദൈവം എത്ര വിശ്വസ്തൻ എന്നോർത്ത്‌ സന്തോഷാശ്രുക്കളോടെ ബോസ്‌ പാസ്‌റ്റർ മെട്രോ ട്രെയിനിൽ പിന്നെയും യാത്ര തുടർന്നു…

(സാരാംശം: ദൈവമുൻപാകെ നാം വിശ്വസ്തരെങ്കിൽ നിന്ദയുടെയും പരിഹാസത്തിന്റെയും മധ്യേ ദൈവത്തിന് പ്രവർത്തിപ്പാൻ അധികം സമയം ആവശ്യമില്ല.)

-Advertisement-

You might also like
Comments
Loading...