മുടി മുറിച്ചു നൽകി “പെന്തക്കോസ്റ്റൽ മലയാളീ വിമെൻ” മാതൃകയായി

എറണാകുളം: ചുരുങ്ങിയ കാലയളവിനുള്ളിൽ മലയാളി പെന്തകോസ്ത് സഹോദരിമാരുടെ  ഇടയിൽ ജനപ്രീതിയാർജിച്ച ഫേസ്ബുക് ഗ്രൂപ്പായ “പെന്തക്കോസ്റ്റൽ മലയാളീ വിമെൻ”, “Hair for Hope India” യുമായി ചേർന്ന് നടത്തിയ ഹെയർ ഡോനെഷൻ പ്രോഗ്രാം ആലുവ യു സി കോളേജിന് സമീപം സഹോദരി  എലിസബത്ത് ഈവ് ഡേവിഡ്ന്റെ ഭവനത്തിൽ വച്ച് നടത്തപ്പെട്ടു.

10 ഓളം പേർ ഈ പങ്കെടുത്ത പരിപാടിയിൽ, 6 പേർ തങ്ങളുടെ മുടി ദാനം ചെയ്തു. എലിസബത്ത് ഈവ് ഡേവിഡ് – ആലുവ, പ്രിൻസി ബെന്നി – ചാലക്കുടി, ഹന്നമോൾ – ചാലക്കുടി, ദീപ ഉല്ലാസ് – ചോറ്റാനിക്കര, ഷൈമോൾ ജോൺസൻ – ചോറ്റാനിക്കര, ബ്ലെസി പെന്നി – കൊട്ടാരക്കര, ലീന – പത്തനാപുരം എന്നിവരാണ് തങ്ങളുടെ മുടി ദാനം ചെയ്തവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ഇവർ ഈ പരിപാടിക്കായി ഒത്തുകൂടുകയായിരുന്നു.

അടയാർ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കായാണ് ഇവർ തങ്ങളുടെ മുടി ദാനം ചെയ്തു സമൂഹത്തിനു മാതൃകയായത്. എല്ലാവരും തന്നെ വളരെ സന്തോഷത്തോടെയാണ് ഈ ഉദ്യമത്തിൽ പങ്കുകൊണ്ടത്. “ജീവിതത്തിലെ വലിയ ഒരു ആഗ്രഹം ആയിരുന്നു ഹെയർ ഡോനെഷൻ എന്നത്” മുടി ദാനം ചെയ്തവരിൽ ഒരാളായ ഷൈമോൾ ക്രൈസ്തവ എഴുത്തുപുരയോട് പ്രതികരിച്ചു. ഈ പ്രോഗ്രാം ജീവിതത്തിൽ ഒരു വ്യത്യസ്ത അനുഭവവും സന്തോഷവും നേടി തന്നു എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. മുടി ദാനം ചെയ്തവരുടെ മുടി മുറിച്ചു കൊടുത്തു സഹായിച്ചത് സഹോദരിമാരായ സെറിന്റാ, സുജ ഡേവിഡ് തോമസ് എന്നിവരാണ്.

പെന്തക്കോസ്റ്റൽ സമൂഹത്തിൽ നിന്നും ഇങ്ങനെയൊരു ഉദ്യമം ആദ്യമായാണ് നടക്കുന്നതെന്നും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച പെന്തക്കോസ്റ്റൽ മലയാളീ വിമെൻ ഗ്രൂപ് അഡ്മിൻസ് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നതായും “Hair for Hope India” സ്ഥാപക പ്രസിഡന്റ് പ്രെമി മാത്യു അഭിപ്രായപ്പെട്ടു.

“പെന്തക്കോസ്റ്റൽ മലയാളീ വിമെൻ” ഫെയ്സ്ബുക് ഗ്രൂപ്പിന് ക്രൈസ്തവ എഴുത്തുപുരയുടെ അഭിനന്ദനങ്ങൾ!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.