ലേഖനം: മാതൃക ആവേണ്ടുന്ന ഓട്ടം | ഡോ. അജു സാമുവൽ തോമസ്‌

പ്രാചീന കാലം മുതൽ തന്നെ വളരെ അധികം പ്രാധാന്യം ലഭിച്ച ഒരു വിനോദം ആയിരുന്നു കായിക വിനോദം. വളരെ വിപുലമായ രീതിയിൽ കായിക വിനോദം മാറ്റപ്പെട്ടപ്പോൾ കായിക മത്സരം എന്ന നിലയിൽ അത് വളരുകയുണ്ടായി. വ്യവസ്ഥാപിതമായ നിലയിൽ കായിക മത്സരങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ സംഘടിക്കപ്പെടുകയും പിന്നീട് വന്ന വർഷങ്ങളിൽ ആ നിലകളിൽ തന്നെ അത് തുടർന്ന് പോരുകയും ചെയ്തു. കായിക മത്സരങ്ങളിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ച ഇനം ആയിരുന്നു ഓട്ടമത്സരം. വേദപുസ്തകത്തിലും ഇതുമായി ബന്ധപ്പെട്ട ആശയങ്ങൾ ചില ആത്മീക മർമ്മങ്ങൾ വെളിപ്പെടുത്തുവാൻ വേണ്ടി ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. കൊരിന്തിയ ലേഖനത്തിലും ഫിലിപ്പിയ ലേഖനത്തിലും എബ്രായ ലേഖനത്തിലും മറ്റു ചില ലേഖനങ്ങളിലും ഓട്ടക്കളവും ആ ഓട്ടക്കളത്തിൽ ഓടുന്നവരെ കുറിച്ചും പരാമർശിക്കുന്നത് മുഖാന്തരം എന്തുമാത്രം പ്രാധാന്യം ഈ കായിക വിനോദത്തിനു ഉണ്ടെന്നു മനസ്സിലാക്കാവുന്നതാണ്.

ക്രിസ്തീയ ജീവിതം ഒരു ഓട്ടക്കളം ആണ്. ക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിക്കുന്ന നിമിഷം മുതൽ ആരംഭിക്കുന്ന ഓട്ടം അവസാനിക്കുന്നത് മരണത്തോടോ കർത്താവിന്റെ രണ്ടാമത്തെ വരവോടോ കൂടിയാണ്. കായിക വിനോദം ആകുന്ന ഓട്ടമത്സരം അഞ്ചു മിനിറ്റ് കൊണ്ടോ പത്തു മിനിറ്റ് കൊണ്ടോ അവസാനിക്കുമെങ്കിൽ ക്രിസ്തീയ ഓട്ടം ഒരു ദീർഘദൂര ഓട്ടമാണ്. വർഷങ്ങൾ നീളുന്ന ഓട്ടം ആയതിനാൽ തന്നെ വളരെ പ്രാധാന്യത്തോടു തന്നെ ഈ ഓട്ടത്തെ ക്രിസ്തുഭക്തർ കാണേണ്ടതാണ്. പല നിലകളിൽ ഉള്ള ഉത്തരവാദിത്തങ്ങൾ ഓട്ടത്തിലായിരിക്കുന്ന ക്രിസ്തുഭക്തർക്കു ഉണ്ട്. ആ ഉത്തരവാദിത്തങ്ങൾ ഓരോ ക്രിസ്തുഭക്തനും വളരെ പ്രാധാന്യത്തോടു കൂടി നിറവേറ്റേണ്ടതുമാണ്. ഈ ഉത്തരവാദിത്തങ്ങൾ ആത്മീയ മർമ്മങ്ങളുടെ ഉറവിടമായ വചനത്തിൽ വ്യക്തമാക്കിയിട്ടുള്ളതിനാൽ അവയെ കുറിച്ച് ഉള്ള അവബോധം ഓരോ വ്യക്തിക്കും ഉണ്ടായിരിക്കണം.

ക്രിസ്തീയ ഓട്ടക്കളത്തിൽ ഓരോ നിമിഷവും ഓട്ടക്കാർ പ്രവേശിച്ചുക്കൊണ്ടിരിക്കുന്നു എന്നുള്ള യാഥാർഥ്യം വ്യത്യസ്തത ഉളവാക്കുന്നത് തന്നെയാണ്.മുൻപ് സൂചിപ്പിച്ചതു പോലെ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുന്ന ഓരോ വ്യക്തിയും ഈ ഓട്ടക്കളത്തിലേക്കു കടന്നുവരികയും ഓടിത്തുടങ്ങുകയും ചെയ്യുമ്പോൾ ഓരോ നിമിഷവും ഒന്നിലധികം പേർ ഈ ഓട്ടത്തോട് ചേരുന്നു. ഈ നിലയിൽ ഉള്ള ഓട്ടം ആണ് ക്രിസ്തീയ ഓട്ടം എന്നതിനാൽ ഓടുന്നവർ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ചില മുൻകരുതലുകൾ ഉണ്ട്. ഓട്ടത്തിന് നിയതമായ ചില നിയമങ്ങൾ ഉണ്ടെങ്കിലും മുൻപേ ഓടുന്ന ഒരു വ്യക്തിയാൽ പിൻപിൽ ഓടുന്നവർ സ്വാധീനിക്കപ്പെടാൻ ഉള്ള സാധ്യത നിലനിൽക്കുന്നു എന്ന വസ്തുത ക്രിസ്തുഭക്തന്മാർ മറന്നു പോവരുത്. ഇങ്ങനെ ഉള്ള സാഹചര്യം മുന്നിൽ കണ്ടു മുൻപേ ഓടുന്നവർ പിൻപിൽ ഓടുന്നവർക്കു മാതൃകകൾ ആകേണ്ടതാണ്. നമുക്ക് ശേഷം നമ്മുടെ തലമുറകൾ ഈ ഓട്ടക്കളത്തിൽ ഓടി തുടങ്ങിയിരിക്കുന്നു, അല്ലായെങ്കിൽ തുടങ്ങുവാൻ പോകുന്നു. വലിയൊരു സമൂഹം നമുക്ക് ശേഷം ഓട്ടത്തിൽ പങ്കു ചേർന്നിട്ടുണ്ട്.

നമ്മുടെ തലമുറകൾ ഓട്ടം ആരംഭിക്കുമ്പോൾ നോക്കുന്നത് നമ്മളിലേക്കാണ് എന്ന് തിരിച്ചറിയേണ്ടുന്ന കാലം അതിക്രമിച്ചിരിക്കുന്നു. നമ്മെ അനുകരിക്കുവാൻ നമ്മുടെ തലമുറകൾക്കു സ്വാഭാവികമായും ഒരു പ്രേരണ ഉണ്ടാവുമ്പോൾ അനുകരിക്കത്തക്കവണ്ണമുള്ള ഓട്ടം ആണോ നാം ഓടുന്നത് എന്ന് പരിശോധിക്കേണ്ടതാണ്. അപ്പോസ്തോലനായ പൗലോസ് തെസ്സലോനിക്യയിലുള്ള സഭയ്ക്ക് ലേഖനം എഴുതുമ്പോൾ ഇതുമായി ബന്ധപ്പെട്ടു പറഞ്ഞിരിക്കുന്നത് ഏറ്റം ശ്രദ്ധേയമാണ്. “ബഹുകഷ്ടം സഹിക്കേണ്ടിവന്നിട്ടും നിങ്ങൾ പരിശുദ്ധാത്മാവിന്റെ സന്തോഷത്തോടെ വചനം കൈക്കൊണ്ടു ഞങ്ങൾക്കും കർത്താവിന്നും അനുകാരികളായിത്തീർന്നു.”(1 തെസ്സ് 1 :6 ). കർത്താവിനും അപ്പോസ്തോലനും കൂട്ടുവേലക്കാരായ സില്വാനൊസിനും തിമൊഥെയൊസിനും തെസ്സലോനിക്യ വിശ്വാസികൾ അനുകാരികൾ ആയി തീർന്നതിന്റെ വിവരണം ആണ് ഈ വാക്യത്തിൽ കാണാൻ സാധിക്കുന്നത്. അപ്പോസ്തോലനെയും സഹശുശ്രൂഷകരെയും അനുകരിക്കത്തക്കവണ്ണമുള്ള ആത്മീയ സ്വഭാവഗുണങ്ങൾ അവർക്കു ഉണ്ടായിരുന്നു. നമ്മെയും അനുകരിക്കുവാൻ നമ്മുടെ തലമുറയും നമുക്ക് ശേഷം ഓട്ടം ഓടി തുടങ്ങിയവരും നോക്കുമ്പോൾ വളരെ പ്രാധാന്യത്തോടു കൂടി നമ്മുടെ ഓട്ടത്തെ നാം കാണേണ്ടതാണ്. പൗലോസ് അപ്പോസ്തോലൻ തീത്തോസിനു എഴുതിയ ലേഖനത്തിലും ഇതിനോട് ചേർന്ന ആശയം കാണാൻ സാധിക്കും. “വിരോധി നമ്മെക്കൊണ്ടു ഒരു തിന്മയും പറവാൻ വകയില്ലാതെ ലജ്ജിക്കേണ്ടതിന്നു സകലത്തിലും നിന്നെത്തന്നേ സൽപ്രവൃത്തികൾക്കു മാതൃകയാക്കി കാണിക്ക.”(തീത്തോസ് 2:7). മറ്റുള്ളവർക്ക് മാതൃക ആവേണ്ടുന്നതിന്റെ ആവശ്യകത വിളിച്ചോതുന്ന വാക്കുകൾ ആണ് പൗലോസ് തീത്തോസിനു എഴുതിയ വാക്യത്തിൽ കാണാൻ സാധിക്കുന്നത്.

അനേക നൂറ്റാണ്ടുകൾ കടന്നു ഈ നൂറ്റാണ്ടിൽ ക്രിസ്തീയ സഭ എത്തി നിൽക്കുമ്പോഴും വചനത്തിനു ഒരു മാറ്റവും ഉണ്ടാകുന്നില്ല. വചനപ്രമാണങ്ങൾക്കു നാൾക്കു നാൾ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വാസത്തിനു മാതൃക ആയി തീരേണ്ടുന്ന നാം പലപ്പോഴും ദൈവവചന വ്യവസ്ഥ പാലിക്കാതെ മുന്നോട്ടു പോകുന്ന രംഗം ആണ് കാണാൻ സാധിക്കുന്നത്. അനുകരിക്കപ്പെടേണ്ട വിശ്വാസത്തിന്റെ പ്രാധാന്യത്തെ കുറിച്ച് എബ്രായ ലേഖനകർത്താവ് ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നതും ഒരു വിശ്വാസിയുടെ ജീവിതത്തോട് ബന്ധപ്പെട്ടാണ്. “നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.”(എബ്രായൻ 13 :7 ). ഓരോ ക്രിസ്തുഭക്തനും ദൈവവചനം അറിയിക്കേണം എന്നാണ് നമുക്ക് വേണ്ടി മറുവില ആയിത്തീർന്ന നമ്മുടെ കർത്താവിന്റെ ആഗ്രഹം. അങ്ങനെ ഉള്ളവരുടെ വിശ്വാസം അനുകരിക്കാൻ പരിശുദ്ധാത്മാവ് ബുദ്ധി ഉപദേശിക്കുമ്പോൾ അനുകരണത്തിന്റെ പ്രസക്തി എന്തെന്ന് നാം തിരിച്ചറിയേണ്ടതാണ്. മാതൃകകൾ ആകേണ്ടതിന്റെ ആവശ്യകത മനസ്സിൽ രൂഢമൂലമാകേണ്ടതാണ്. നമ്മെ അനുകരിക്കുന്ന ഒരു വലിയ സമൂഹം നമുക്ക് ശേഷം ഓട്ടക്കളത്തിൽ ഓട്ടം ആരംഭിച്ചിട്ടുണ്ട്. അവർ അനുകരിക്കേണ്ടുന്ന വിശ്വാസം നമ്മുടെ വിശ്വാസം ആണ്. എന്നാൽ നമ്മുടെ വിശ്വാസം എങ്ങനെ ഉള്ളതാണ് എന്ന് സ്വയം ശോധന ചെയ്യേണ്ടുന്ന സമയം ആണ് ഇത് എന്ന് നാം ഓരോരുത്തരും തിരിച്ചറിയണം.

രക്ഷിക്കപ്പെട്ട നാളുകളിലെ ജീവിതമാണോ നാമാകുന്ന ക്രിസ്തുഭക്തർ നയിക്കുന്നത് എന്ന് ഒരുനിമിഷം ചിന്തിച്ചുനോക്കിയാൽ പല മാറ്റങ്ങളും നമ്മിൽ പലരിലും വന്നുപോയി എന്ന് മനസ്സിലാക്കാൻ കഴിയും. പ്രതിസന്ധികളും പ്രലോഭനങ്ങളും ഒരേ പോലെ ജീവിതത്തിൽ കടന്നു വരുമ്പോൾ വിശ്വാസ ജീവിതത്തിന്റെ ആരംഭനാളുകളിൽ മുറുകെ പിടിച്ച വിശ്വാസവും പ്രവർത്തിയും വളരെ അധികം കുറഞ്ഞു പോയിട്ടുണ്ട് എന്ന് സമ്മതിക്കേണ്ടി വരും. ക്രിസ്തീയ ഓട്ടം ആരംഭിച്ചപ്പോൾ ഉള്ള വേഗത ഇന്ന് ഉണ്ടോ എന്ന് നാം ചിന്തിക്കേണ്ടതാണ്. നമ്മിലേക്ക്‌ തന്നെ നാം നോക്കേണ്ടതാണ്. ക്രിസ്തീയ ഓട്ടം മാതൃക പൂർവം അല്ലായെങ്കിൽ മടങ്ങി വരുവാൻ ഉള്ള സമയം ആയിരിക്കുന്നു. വിശുദ്ധിയിലേക്ക് മടങ്ങി വന്നു മാതൃകകൾ ആയി തീരാം. വേർപാടിലേക്കു മടങ്ങി വന്നു അനേകർക്ക്‌ അനുകരിക്കത്തക്കവണ്ണം ജീവിതത്തെ പുതുക്കിപ്പണിയാം. അതിനു ദൈവകൃപ വളരെ അധികം ആവശ്യമാണ്. ആ ദൈവകൃപയ്ക്കു വേണ്ടി ചോദിക്കുന്നതിനും അത്യന്തം പരമായി തരുന്ന അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയിലേക്ക് കടന്നു വരാം. ഒരു നിമിഷം നമ്മെ ഒന്ന് ശോധന ചെയ്യാൻ ഏൽപ്പിക്കുമോ? ഒരു നിമിഷം നമ്മുടെ ഇപ്പോഴത്തെ ക്രിസ്തീയ ഓട്ടം എങ്ങനെ ഉള്ളത് എന്ന് സ്വയം വിലയിരുത്താമോ? വിശുദ്ധിയും വേർപാടും നമ്മുടെ ക്രിസ്തീയ ഓട്ടത്തിന്റെ മുഖമുദ്രകൾ ആയി തീരട്ടെ. ഗതിഭേദത്താൽ ഉണ്ടാവുന്ന വാട്ടവും തളർച്ചയും അതിജീവിച്ചു നമുക്ക് പിൻപു ഓടിത്തുടങ്ങിയവർക്കു നല്ല മാതൃകകൾ ആയി തീരാം.

– ഡോ. അജു സാമുവൽ തോമസ്‌, സലാല, ഒമാൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.