കുമ്പനാട്ട് അത് സംഭവിക്കാതിരുന്നെങ്കിൽ !!

ക്രൈസ്തവ എഴുത്തുപുര സ്പെഷ്യൽ ഫീച്ചർ

തയ്യാറാക്കിയത്: ആഷേര്‍ മാത്യു ( ക്രൈസ്തവ എഴുത്തുപുര )

കുമ്പനാട് നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനം തന്നെ!!
കുമ്പനാട് സ്ത്രീവേഷം ധരിച്ച് ആൾമാറാട്ടം നടത്തി എന്നാരോപിച്ച് ഒരു യുവാവിനെ ‘കൈകാര്യം ചെയ്യുന്ന’ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽക്കൂടി ചില ദിവസങ്ങളായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്.
എന്നാൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാതിരുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്. കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാണ് ആ യുവാവിന് നേരിടേണ്ടി വന്നത്.

‘ദൈവമക്കൾ’ എന്ന് വിശേഷിക്കപ്പെടുന്ന ഒരു സമൂഹത്തിൽ നിന്ന് ഇപ്രകാരം നീചവും മനുഷ്യത്വ രഹിതവുമായ തരത്തിലുള്ള പ്രതികരണം ഒരിക്കലും സംഭവിക്കരുതായിരുന്നു. വളരെ മോശമായ വാക്കുകൾ കൊണ്ടുള്ള ആക്ഷേപം, വസ്ത്രാക്ഷേപം, കൈയ്യേറ്റം, വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കുക തുടങ്ങി ഗുരുതരമായ വീഴ്ചകൾക്കാണ് കുമ്പനാട് സാക്ഷ്യം വഹിച്ചത്.

യഥാർത്ഥത്തിൽ ആരോപണ വിധേയനായ വ്യക്തി ആൾമാറാട്ടം നടത്തിയിട്ടില്ല എന്നുള്ളതാണ് വസ്തുത. പല സാമൂഹ്യ-മനുഷ്യാവകാശ പ്രവർത്തകരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നത് അദ്ദേഹത്തിന്റെ അവകാശമാണ്, സ്വാതന്ത്ര്യമാണ്. ഓരോ വ്യക്തികളുടെയും മാനസികനില വ്യത്യസ്തമായിരിക്കുമല്ലോ. ഓരോ പൗരനും അതിനുള്ള സ്വാതന്ത്യവുമുണ്ട്.

ആരോപണ വിധേയനായ വ്യക്തിയെ കസ്റ്റഡിയിലെടുത്ത കൊയിപ്രം പോലീസ് പറയുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥ അപ്രകാരമായത് കൊണ്ട് അയാൾ അപ്രകാരം വസ്ത്രം ധരിച്ചു എന്നതിലുപരി യാതൊരു അസ്വാഭാവികതയും പ്രസ്തുത സംഭവിത്തിലില്ല എന്നാണ്. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇവിടെ അദ്ദേഹം മീശ വടിക്കുകയോ, മുടി സ്ത്രീകളെ പോലെ നീട്ടിക്കാണിക്കുകയോ മറ്റ് കൃത്രിമത്വങ്ങൾ വരുത്തുകയോ ഒന്നും ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ മാനസികാവസ്ഥയനുസരിച്ചുള്ള വസ്ത്രം ധരിക്കുക മാത്രമാണ് ചെയ്തത്.

പൂർണ്ണമായി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പെടുത്താൻ കഴിയുന്ന സംഭവമല്ലെങ്കിലും നിയമപ്രകാരമുള്ള പരിരക്ഷ ലഭിക്കുന്ന സംഭവം തന്നെയാണിത്. ഇദ്ദേഹം ക്രോസ് ഡ്രസ്സര്‍ ആകാനാണ് സാധ്യത. ഇന്ത്യന്‍ ഭരണഘടനാ അനുസരിച്ച് പുരുക്ഷന്മാര്‍ സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നതോ സ്ത്രീകള്‍ പുരുക്ഷന്മാരുടെ വസ്ത്രം ധരിക്കുന്നതോ കുറ്റകരമല്ല. അതൊക്കെ ഓരോ വ്യക്തിയുടെയും പൌര ബോധത്തെയും, സാമൂഹ്യ ബോധത്തെയും, മാനസീക ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും.

ലോകത്തിന്റെ മുമ്പില്‍ ട്രാന്‍സ് ജെന്‍ഡര്‍ സൗഹൃദദേശമാണ് കേരളം. രാജ്യത്തിന്റെ പൊതുബോധം ട്രാന്‍സ് ജെന്‍ഡറുകള്‍ക്ക് നികൃഷ്ടമായ ഒരിടം നല്‍കുമ്പോള്‍ കേരളം അതില്‍നിന്നു വേറിട്ടു നില്‍ക്കുന്നുവെന്നാണ് രാജ്യാന്തര മാധ്യമങ്ങളടക്കം പറയുന്നത്.
കേരളം പഴയ കേരളമല്ല ഇപ്പോള്‍. ‘ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി’ ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമായി മാറിയിരിക്കുന്നു, കേരളം.

ട്രാന്‍സ് ജെന്‍ഡറുകളെ ജോലിക്കെടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സര്‍ക്കാര്‍ സ്ഥാപനമാണ് കൊച്ചി മെട്രോ. തുല്യ നീതി, വ്യക്തി സ്വാതന്ത്ര്യം, മുഖ്യധാരയിലെ പങ്കാളിത്തം, തടസങ്ങളില്ലാത്ത വിദ്യാഭ്യാസം എന്നിങ്ങനെ  അക്കമിട്ടു നിരത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിലൂടെ കേരളം ഏറെ ശ്രദ്ധ നേടിയെങ്കിലും ട്രാന്‍സ്‌ ജെന്‍ഡറുകളോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ കാര്യമായ മാറ്റം വന്നിട്ടേയില്ല. മുകളില്‍നിന്ന് പ്രഖ്യാപിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ നയങ്ങള്‍ താഴേക്കിടയില്‍ എത്തിയിട്ടേയില്ല എന്നു സൂചിപ്പിക്കുന്നതാണ് ഈ സംഭവവും. ജനങ്ങള്‍ക്കിടയില്‍ കൃത്യമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായ ഇടപെടലുകളും നടക്കുന്നില്ലെന്നു വേണം കരുതാന്‍.

സമൂഹത്തിന് മാതൃകയാകേണ്ട , മനുഷ്യത്വവും, ആർദ്രതയും , സഹാനുഭൂതിയും, ക്ഷമയും സ്നേഹവുമൊക്കെ നിറഞ്ഞു നിൽക്കേണ്ട ഒരു ആത്മീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന യുവസമൂഹത്തിന്റെ അപക്വമായ സമീപനവും പ്രതികരണവും ഞെട്ടലുളവാക്കുന്നത് തന്നെയാണ്.

സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ ബോധവത്കരണം നമ്മുടെ സമൂഹത്തിന് ആവശ്യമായിരിക്കുന്നു.വിശേഷാല്‍ അശരണരുടെയും, നിരാലംബരുടെയും കണ്ണീരോപ്പാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ അനുയായികളില്‍. ഇത്തരം വിഷയങ്ങള്‍ കുറച്ചുകൂടി പക്വതയോടെയും സഹിഷ്ണതയോടെയും  കൈകാര്യം ചെയ്യാന്‍ നമ്മുടെ സമൂഹം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്നാണ് കുമ്പനാട് നടന്ന ഈ സംഭവം തെളിയിക്കുന്നത്.

കുമ്പനാട്ട് ഈ അനിഷ്ട സംഭവം നടക്കാതിരുന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു!.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.